ഈ ഗ്രാമത്തിൽ ആരും കാലിൽ ചെരുപ്പ് ധരിക്കാറില്ല. പുറത്തുനിന്നു വരുന്നവരും ചെരുപ്പഴിച്ചുവച്ചേ ഗ്രാമത്തില്‍ പ്രവേശിക്കൂ. 70 വർഷമായി തുടരുന്ന ആചാരം

പ്രകാശ് നായര്‍ മേലില
Monday, March 25, 2019

ഗ്രാമവാസികൾ മാത്രമല്ല. സന്ദർശകരും ഗ്രാമത്തിൽ പ്രവേശിക്കുന്നത് ചെരുപ്പിടാതെയാണ്. കഴിഞ്ഞ 70 വർഷമായി തുടരുന്ന ഈ ആചാരം ഇന്നും അണുകിട തെറ്റിക്കാതെ പിന്തുടരുകയാണ് പുതുതലമുറയും.

തമിഴ് നാട്ടിലെ മധുരക്കടുത്തുള്ള ‘ആൻഡമാൻ’ (Andaman ) ഗ്രാമത്തിലാണ് അപൂർവ്വമായ ഈ ദൃശ്യം നമുക്ക് കാണാൻ കഴിയുന്നത്. 135 കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടെ പരസ്പ്പര സ്നേഹത്തിന്റെയും സാഹോദര്യ ത്തിന്റെയും സഹകരണത്തിന്റെയും അപൂർവ്വ മാതൃകകൂടി നമുക്ക് കാണാവുന്നതാണ്.

ഗ്രാമാതിർത്തിവരെ എല്ലാവരും തങ്ങളുടെ ചെരുപ്പുകൾ ഊരി കയ്യിൽപ്പിടിച്ചാണ് യാത്ര ചെയ്യുന്നത്. മടങ്ങിവരുമ്പോഴും ഗ്രാമാതിർത്തിയിൽവച്ചു് ചെരുപ്പുകൾ അഴിച്ചു കയ്യിൽപ്പിടിച്ചാണ് വീട്ടിലേക്കു പോകുന്നത്. ആബാലവൃദ്ധം ഇത് യാന്ത്രികമായി അനുസരിക്കുമ്പോലെയാണ് തോന്നുക. ആരും ചെരുപ്പഴിക്കാൻ അവരെ നിര്ബന്ധിക്കാറില്ല. എല്ലാവരും സ്വതവേ അത് ചെയ്യുന്നു.

70 വര്ഷം മുൻപ് ഗ്രാമാതിർത്തിയിലുള്ള വേപ്പു മരത്തിനരുകിൽ ഗ്രാമദേവതയായ ‘മുത്തിയാലമ്മ’ യുടെ (ഭദ്രകാളി) വിഗ്രഹം പ്രതിഷ്ഠിക്കവേ അവിടെ ചെരുപ്പഴിക്കാതെ പ്രവേശിച്ച ഒരു യുവാവ് തെന്നിവീഴുകയും വർഷങ്ങളോളം അയാൾ രോഗബാധിതനായി കിടക്കുകയും ചെയ്‌തിരുന്നത്രെ. ഇത് ദേവീകോപം മൂലമാണെന്ന് ഏവരും വിധിയെഴുതി.

അതോടെ ഗ്രാമീണർ ഒന്നടങ്കമുള്ള ആൻഡമാൻ ഗ്രാമം മുത്തിയാ ലമ്മയുടെ പുണ്യഭൂമിയാണെന്ന വിശ്വസത്തെ മുറുകെപ്പിടിച്ചുകൊണ്ട് തങ്ങളുടെ ചെരുപ്പുകൾ അഴിച്ചുവയ്ക്കുകയായിരുന്നു. ഇന്നും അത് തുടരുന്നു. ഗ്രാമത്തിലെത്തുന്നവരെയും അവർ ഇക്കാര്യം പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയാണ് പതിവ്.അന്ധവിശ്വാസമെന്നു പലർക്കും തോന്നാമെങ്കിലും തങ്ങളുടെ വിശ്വാസം വളരെ വിലപ്പെട്ടതായി അവർ കരുതുന്നു. വിമർശനങ്ങൾക്ക് അവർ ചെവികൊടുക്കുന്നില്ല.

ആൻഡമാൻ ഗ്രാമവാസികൾ അധികവും കൃഷിക്കാരും തൊഴിലാളികളുമാണ്. ഇവർക്ക് വലിപ്പച്ചെറുപ്പമില്ല. എല്ലാവരും തുല്യരായാണ് ജീവിക്കുന്നത്. ഇവിടെ ഗ്രാമവാസികൾ ആരെങ്കിലും മരണപ്പെട്ടാൽ ഓരോ കുടുംബവും 20 രൂപാ വീതം തുല്യമായി പങ്കിട്ടാണ് കർമ്മങ്ങൾ നടത്തുന്നത്. കൃഷിചെയ്യാൻ ആളില്ലാത്ത കുടുംബങ്ങൾക്ക് എല്ലാവരും ചേർന്ന് കൃഷിചെയ്തു കൊടുക്കുകയും അതിന്റെ പ്രതിഫലം ഗ്രാമത്തിലെ ഉത്സവത്തിനായി നീക്കിവയ്ക്കുകയും ചെയ്യുന്നു.

ഗ്രാമത്തിലെ ഉത്സവത്തിന് അയൽഗ്രാമക്കാർക്ക് എല്ലാവർഷവും വിരുന്നൊരുക്കി ആതിഥ്യമരുളാനും ഇവർ മറക്കാറില്ല.വളരെ വേറിട്ട തീർത്തും നിഷ്‌ക്കളങ്കരായ ഒരുപറ്റം പച്ചമനുഷ്യരുടെ കർമ്മഭൂമിയാണ് തമിഴ് നാട്ടിലെ ആൻഡമാൻ ഗ്രാമം.

×