Advertisment

പ്രവാസികളെ, ഇന്ന് ഈ മണ്ണിൽക്കാണുന്ന ഐശ്വര്യവും സമൃദ്ധിയുമെല്ലാം നിങ്ങളുടെ സംഭാവനയാണ്. പ്രവാസികൾ വൈറസ് ബാധിതരാണെന്ന ചില സംസ്കാരശൂന്യരുടെ ജൽപ്പനങ്ങൾ തലമറന്നുള്ള എണ്ണതേയ്ക്കലാണ്, ശുദ്ധമായ അസംബന്ധമാണ്, നന്ദികേടാണ്. എങ്കിലും നമ്മൾ ഈ കാലവും അതിജീവിക്കും. ഉറപ്പായും നമ്മൾ വിജയിച്ചിരിക്കും. ധൈര്യമായിരിക്കുക, ഞങ്ങളും ഒപ്പമുണ്ട്

New Update

പ്രവാസി മലയാളികളോടാണ് !

Advertisment

ധൈര്യം കൈവിടരുത്. നിങ്ങളുടെ കുടുംബാംഗങ്ങൾ ഇവിടെ കേരളത്തിൽ നിങ്ങൾക്ക് വേണ്ടിയുള്ള മുഴുവൻ സമയ പ്രാർത്ഥനയിലാണ്. ഈ വിഷമഘട്ടവും വേഗം കടന്നുപോകും.

മുഴുവൻ രാജ്യങ്ങളും അവരുടെ ആരോഗ്യമേഖലയും ഭരണ സംവിധാനവുമെല്ലാം കോവിഡ് 19 എന്ന മഹാവിപത്തിനെ പ്രതിരോധിക്കാനുള്ള പരമാവധി ശ്രമങ്ങളാണ് നടത്തുന്നത്. അതുകൊണ്ട് കഴിവതും എല്ലാവരും അവരവരുടെ താമസ സ്ഥലങ്ങളിൽ വീടിനുള്ളിൽത്തന്നെ കഴിയുക.

publive-image

പലർക്കും ജോലി നഷ്ടമായി, പലരുടെയും കയ്യിൽ പണമില്ല. വീടണയാൻ വെമ്പൽ പൂണ്ടിരിക്കുന്ന നിരവധിയാളുകളുടെ ഹൃദയ നൊമ്പരങ്ങൾ കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്. എത്ര ശ്രമിച്ചാലും ആഗ്രഹിച്ചാലും നാടെത്താനാകാത്ത ഇപ്പോഴത്തെ അവസ്ഥ വിവരിക്കേണ്ടതില്ലല്ലോ ?

കേരളത്തിലെ പട്ടിണിമാറ്റിയത് പ്രവാസികളാണ്. പ്രത്യേകിച്ചും ഗൾഫ് മലയാളികൾ. ഇന്ന് ഈ മണ്ണിൽക്കാണുന്ന ഐശ്വര്യവും സമൃദ്ധിയുമെല്ലാം നിങ്ങളുടെ സംഭാവനയാണ്. കേരളം സാമ്പത്തിക രംഗത്ത് ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സംസ്ഥാനമായി മാറിയത് നിങ്ങളുടെ വിയർപ്പിന്റെ മാത്രം ഫലമാണ്.

പ്രവാസികൾ വൈറസ് ബാധിതരാണെന്ന ചില സംസ്കാര ശൂന്യരുടെ ജൽപ്പനങ്ങൾ തലമറന്നുള്ള എണ്ണതേയ്ക്കലാണ്. ശുദ്ധമായ അസംബന്ധമാണ്, നന്ദികേടാണ്.

യൂറോപ്യൻ രാജ്യങ്ങളിലും , അമേരിക്കയിലുമൊക്കെ കയ്യിൽ കാശുണ്ടായിട്ടും ആഹാരസാധനങ്ങൾ ലഭിക്കാതെ അടച്ചിടപ്പെട്ട വീടുകൾക്കുള്ളിൽ കഴിയുന്ന അനേകം മലയാളികളുടെ വൈഷമ്യങ്ങൾ നേരിട്ടറിയാം. ഇന്ന് കുഞ്ഞുങ്ങൾക്ക് മതിയായ ഭക്ഷണം നൽകാൻ പോലുമവർക്കാകുന്നില്ല.

ചുറ്റും ആളുകൾ മരിച്ചുവീഴുമ്പോൾ മക്കളെയും ചേർത്തുപിടിച്ചു കഴിഞ്ഞ 25 ദിവസമായി വീടുകൾക്കുള്ളിൽ കഴിയുന്ന മലയാളി കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷം വിവരിക്കാനാകില്ല. ആശ്വാസ വാക്കുകളൊക്കെ ആലങ്കാരികമായി മാറിയേക്കാം.

ഓരോ നിമിഷവും വീടെത്താനുള്ള വെമ്പലിലാണവർ. അവിടെയുള്ള മലയാളികളുടെ കൂട്ടായ്മകളാണ് അവർക്കിപ്പോൾ ഏക ആശ്രയം.

വൈറസ് പിടിപെട്ടാൽപ്പോലും ആശുപത്രികളിലേക്ക് ചെല്ലേണ്ടതില്ല എന്നാണ് അധികൃതരുടെ നിലപാട്. ശ്വാസതടസ്സമുണ്ടായാൽ മാത്രം ബന്ധപ്പെടാനാണ് അറിയിക്കുന്നത്. അവരെ കുറ്റപ്പെടുത്താനാകില്ല. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഐ സി യു, വെന്റിലേറ്റർ ഒക്കെ അപര്യാപ്തവുമാകുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളും വല്ലാത്ത വിഷമഘട്ടമാണ് തരണം ചെയ്യുന്നത്. തൊഴിൽ നഷ്ടമായി കയ്യിൽ പണമില്ലാതെ വീടുകൾക്കുള്ളിൽ കഴിയുന്ന പലരെയും അറിയാം. കേരളം നല്കുന്നതുപോലുള്ള റേഷനോ സാമ്പത്തിക സഹായങ്ങളോ അവർക്കൊന്നും ലഭിക്കുന്നുമില്ല. ഏതുവിധേനയും നാടെത്തണമെന്ന പ്രാർത്ഥനയിലാണ് അവരെല്ലാം.

ഒരോ പ്രവാസിയും നാട്ടിലെത്താൻ വെമ്പുന്നുണ്ടാകും. കാരണം സ്വന്തം നാടും വീടും പോലെ സുരക്ഷിതമായ മറ്റൊരിടവും ലോകത്തില്ല. പ്രവാസികളെ സംബന്ധിച്ചിടത്തോളം കുടുംബാംഗങ്ങളുടെ സ്നേഹവും സാമീപ്യവും ഏറെ ആഗ്രഹിക്കുന്ന നാളുകളാണിത്.

വൈറസ് വ്യാപനം പൂർണ്ണമായും ഇല്ലാതാക്കാനായുള്ള ശ്രമങ്ങൾക്ക് നമ്മുടെ പിന്തുണയുണ്ടാകണം. കഷ്ടപ്പാടും ബുദ്ധിമുട്ടും സഹിക്കുകയല്ലാതെ മറ്റൊരു പോംവഴിയും നമുക്ക് മുന്നിലില്ല. നമ്മൾ ഈ കാലവും അതിജീവിക്കും.ഉറപ്പായും നമ്മൾ വിജയിച്ചിരിക്കും.

പ്രവാസികളായ നിങ്ങൾക്കായി കേരളമൊന്നാകെ കാത്തിരിക്കുകയാണ്. ആ നാളുകൾ വേഗമെത്താൻ നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം. കോവിഡ് -19 എന്ന രാക്ഷസ വൈറസിനെ ഭൂമുഖത്തുനിന്നും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങളിൽ നാമൊന്നായ് അണിചേരുന്നു.

കൊറോണയ്ക്കെതിരേ ഭീതിയല്ല കൃത്യമായ മുൻകരുതലാണ് നാം സ്വീകരിക്കേണ്ടത്. എല്ലാ പ്രിയപ്പെട്ടവർക്കും നന്മകൾ മാത്രം നേരുന്നു. ധൈര്യമായിരിക്കുക, ഞങ്ങളും ഒപ്പമുണ്ട്.

Advertisment