Advertisment

പൈശാചികതയുടെ പ്രതീകമായ ചിത്രം !! തലയിലൂടെ ചോരവാർന്ന് തറയിൽ തലകുനിച്ചിരുന്ന് ചുറ്റും കൂടിനിൽക്കുന്നവരുടെ മർദ്ദനമേറ്റുവാങ്ങുന്ന നിസ്സഹായനായ യുവാവ് !

New Update

വെളുത്ത പൈജാമയും കുർത്തയും ധരിച്ചു തലയിലൂടെ ചോരവാർന്ന് തറയിൽ തലകുനിച്ചിരുന്ന് ചുറ്റും കൂടിനിൽക്കുന്നവരുടെ മർദ്ദനമേറ്റുവാങ്ങുന്ന ഒരു യുവാവിന്റെ നിസ്സഹായാവസ്ഥ വിളിച്ചോതുന്ന ഈ ഹൃദയ ഭേദകമായ ഈ ദൃശ്യം നെഞ്ചിടിപ്പോടെയാണ് ലോകം കണ്ടത്.

Advertisment

publive-image

ഡൽഹിയിൽ നടന്ന കലാപത്തിലെ ക്രൂരതയുടെ പര്യായമായി മാറിയ റായിട്ടർ ഫോട്ടോഗ്രാഫർ പകർത്തിയ ഈ ചിത്രം ലോക മദ്ധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്നു.

കാലമെത്ര കടന്നുപോയാലും ഈ ദൃശ്യം ജനമനസ്സുകളിൽ നിന്നൊരിക്കലും മായുന്നതല്ല . ഡൽഹി കലാപത്തിന്റെ പ്രതീകമായി ഈ ചിത്രം എക്കാലവും മാനവരാശിക്കുമുന്നിൽ ഒരു ചോദ്യചിഹ്നമായി നിലനിൽക്കുകതന്നെ ചെയ്യും.

മുഹമ്മദ് ജുബൈർ എന്ന 37 കാരനായിരുന്നു ആ ഹതഭാഗ്യൻ. വീട്ടിൽ തന്റെ വരവും കാത്തിരിക്കുന്ന മൂന്നു മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമായി പലഹാരപ്പൊതികളുമായി വരുന്ന വഴിയിലാണ് അദ്ദേഹം അക്ര മികളുടെ മുന്നിലകപ്പെട്ടത്.

മുഹമ്മദ് ജുബൈറിന്റെ ജീവിതകഥ വളരെ ദയനീയമാണ്. മൂന്നു മക്കളും ( രണ്ടു പെണ്ണും ഒരാണും ) ഭാര്യയു മടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അദ്ദേഹം. മക്കളെല്ലാം അഞ്ചുവയസ്സിൽത്താഴെയുള്ളവർ. എയർ കൂളറുകൾ റിപ്പയർ ചെയ്യുന്ന ജോലിയാണ് മുഹമ്മദ് ജുബൈറിന്.

സീസണിലുള്ള വരുമാനം മാത്രം. മാസം ശരാശരി 15000 രൂപയോളം വരുമാനമുണ്ടാകും. ഉത്തർപ്രദേശ് സ്വദേശിയായ അദ്ദേഹം 9 - )o ക്ലാസ്സ് വരെ മാത്രമേ പഠിച്ചിട്ടുള്ളു.

publive-image

കഴിഞ്ഞ 19 വർഷമായി ഡൽഹിയിലെ ചാന്ദ്ബാഗിലാണ് താമസം. രണ്ടു മുറികളുള്ള കൊച്ചൊരു വീട്.

ചെറിയവരുമാനത്തിൽനിന്ന് സന്തുഷ്ടമായ കുടുംബജീവിതം നയിച്ചുവന്ന മുഹമ്മദ് ജുബൈർ പൗരത്വനി യമത്തിനെതിരേയുള്ള സമരത്തിനോ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ ഇന്നുവരെ പോയിട്ടില്ല. എല്ലാ മതസ്ഥർക്കും സുപരിചിതനായിരുന്നു അദ്ദേഹം. കാരണം തൊഴിൽ അത്തരത്തിലുള്ളതാണ്.

തന്നെ ആക്രമിച്ചവരെ ആരെയും അദ്ദേഹത്തിനറിയില്ല. ആശുപത്രിയിലെത്തിച്ചവരെയും ഓർമ്മയില്ല. അക്രമിച്ചവർക്കിടയിൽ തന്റെ ജീവൻ രക്ഷിക്കാനും ചിലർ ശ്രമിച്ചതദ്ദേഹമോർക്കുന്നു.

അവരതു ചെയ്തില്ലായിരുന്നെങ്കിൽ താനിന്ന് ഈ ഭൂമിയിലുണ്ടാകുമായിരുന്നില്ല എന്നദ്ദേഹം പറയുന്നു. താൻ ആക്രമിക്കപ്പെടുമ്പോൾ പോലീസുകാർ അല്പമകലെ കാഴ്ചക്കാരായി നിൽപ്പുണ്ടായിരുന്നു. അവർ രക്ഷക്കെത്തുമെന്ന് ഉറപ്പായും പ്രതീക്ഷിച്ചിരുന്നു.

അന്നത്തെ ആ ദുർദിനത്തിലെ ഓർമ്മകൾ മുഹമ്മദ് ജുബൈർ ഒന്നൊന്നായി ഓർത്തെടുക്കുകയാണ്.

ഫെബ്രുവരി 24, തിങ്കളാഴ്ച കസാബ് പൂരിലെ ഈദ് ഗാഹിൽ നടന്ന സമൂഹ വാർഷികപ്രാർത്ഥനയിൽ പങ്കെടു ത്തശേഷം കുട്ടികൾക്കായി മിട്ടായിയും ഹൽവയും ഓറഞ്ചും തൈരുവടയും വാങ്ങി ഉച്ചയ്ക്ക് 12.30 ന് ചാന്ദ് ബാഗിനുള്ള ബസിൽ അദ്ദേഹം വീട്ടിലേക്കു തിരിച്ചു.

ചാന്ദ് ബാഗിൽ കലാപം പൊട്ടിപ്പുറപ്പെട്ടതറിഞ്ഞ് അതിനുമുമ്പുള്ള ഭജൻപുര മാർക്കറ്റിൽ ബസ്സിറങ്ങി അവിടെ നിന്നും അണ്ടർ പാസ്സ് വഴി വീട്ടിലേക്കു നടക്കവേ ഒരു കൂട്ടർ വഴിതടയുകയും അവിടെ കല്ലേറുനടക്കുന്നതിനാൽ എതിർദിശയിലേക്ക് പോകാൻ നിർദ്ദേശിക്കുകയുമായിരുന്നു. അവർ ആയുധധാരികളല്ലായിരുന്നതിനാൽ അവരെ വിശ്വസിച്ചു.

publive-image

എന്നാൽ അതൊരു ചതിയായിരുന്നു. തലയിൽ തൊപ്പിധരിച്ചു നിസ്ക്കാരം കഴിഞ്ഞുള്ള വരവായതിനാൽ ആളെത്തിരിച്ചറിയാൻ അവർക്കു വിഷമമുണ്ടായില്ല.

എതിർദിശയിലേക്ക് നീങ്ങിയതും അക്രമികൾ ഒന്നൊന്നായി ചാടിവീണു. വടിയും റാഡുകളും കൊണ്ട് കൊടിയ മർദ്ദനമായി. ചവിട്ടും തൊഴിയും ഇടതടവില്ലാതെ തുടർന്നു. കൊല്ലരുതെന്ന് കൈതൊഴുതു കേണപേക്ഷിച്ചു.

ഇതിനിടെ ' ഇനി തല്ലരുത്,അയാൾ പോയ്ക്കോട്ടെ ' എന്നൊരാൾ അവരെ തടഞ്ഞുകൊണ്ട് പറയുന്നത് കേൾക്കാമായിരുന്നു. പക്ഷേ അതൊരൊറ്റപ്പെട്ട ശബ്ദമായിരുന്നു. എങ്കിലും അതിനുശേഷം മർദ്ദനത്തിനയവുവന്നു.

വൈകിട്ട് 3 മാണി നേരമായിക്കാണും. തലയിൽ നിന്നും ചോര വാർന്നൊലിക്കുന്നതറിയാമായിരുന്നു. ശരീരമാസകലം അസഹനീയമായ വേദന. കൈകാലുകൾക്ക് ചലനശേഷി നിലച്ച പ്രതീതി. ബോധം മറയുന്നതുപോലെ തോന്നി.

മർദ്ദനത്തിന് ശമനമുണ്ടായെങ്കിലും മരണം ആസന്നമാണെന്നുറച്ചു. മനസ്സിൽ കൽമ ചൊല്ലിയത് ചുണ്ടുകളിലൂടെ നേർത്തശബ്ദത്തിൽ പുറത്തുവരുന്നുണ്ടായിരുന്നു. മൂന്നോ നാലോപേർ ചേർന്ന് എന്നെ എടുത്തുകൊണ്ടുപോകുന്ന അവ്യക്തമായ ഓർമ്മയുണ്ട്.

അവരാണ് ആംബുലൻസിൽ കിടത്തിയതും എന്നറിഞ്ഞു. ആ മുഖങ്ങൾ വ്യക്തമായില്ല. പിന്നെ നടന്നതൊന്നും ഓർമ്മയില്ല.

സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയതും അവിടെ നിന്നും ഗുരു തേജ് ബഹാദൂർ (GTB) ആശുപത്രി യിലെത്തിച്ചതും ഓർമ്മയിലില്ല. വൈകിട്ട് 6 മണിക്ക് ഓർമ്മ വീണ്ടെടുത്തപ്പോൾ GTB ആശുപത്രിയിലെ സ്ട്രക്ച്ചറിലാണ്.

കൂടെ ആരെങ്കിലുമുണ്ടോയെന്ന് നേഴ്സ് ചോദിച്ചപ്പോൾ ചുറ്റും പരാതി ആരെയും കണ്ടില്ല. തലയിലും കാലിലും ഷോൾഡറിലുമെല്ലാം പരുക്കുകൾ. അടുത്തുള്ളവരെക്കൊണ്ട് ബന്ധുക്കൾക്ക് ഫോൺ ചെയ്യിച്ചു.

publive-image

മർദ്ദനമേൽക്കുന്ന തന്റെ ചിത്രം ദൂരെനിന്ന് റായിട്ടർ ക്യമറാമാൻ പകർത്തിയത് ഇതിനിടയിൽ സോഷ്യൽ മീഡിയയിലും ചാനലുകളിലും വൈറലായിക്കഴിഞ്ഞിരുന്നു. ബന്ധുക്കളും വീട്ടുകാരും വിരമറിഞ്ഞു. ഭാര്യയേയും കുട്ടികളെയും കുടുംബാംഗങ്ങളെയും അവർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

കേട്ടറിഞ്ഞുവന്ന ബന്ധുക്കളിൽനിന്ന് മക്കളും ഭാര്യയും സുരക്ഷിതരാണെന്നറിഞ്ഞപ്പോൾ വേദനയും വിഷമവുമെല്ലാം മാറി. ആരോട് നന്ദി പറയണമെന്നറിയാതെ വിതുമ്പി.

എനിക്ക് ധാരാളം ഹിന്ദുക്കൾ സുഹൃത്തുക്കളായുണ്ട്. അവർ വിളിക്കുന്നുണ്ട്. കാണാൻ വരുന്നുണ്ട്. എന്റെ ഈവസ്ഥയിൽ അവരും ദുഖിതരാണ്. ഞങ്ങൾ താമസിക്കുന്നത് അത്തരം ഒരു സ്ഥലത്താണ്. ഒരുതരത്തിലുള്ള ഉരസലുകളും തമ്മിൽ ഒരിക്കലുമുണ്ടായിട്ടില്ല. അത്ര സൗഹാർദ്ദമായാണ് ജീവിച്ചിരുന്നത്. ആക്രമണം നടത്തിയതെല്ലാം സംഘടിതമായി പുറത്തുനിന്നും വന്നവരാണ്.

എന്നെ ആക്രമിച്ചത് ഹിന്ദുക്കളാണെന്ന് ഞാനൊരിക്കലും വിശ്വസിക്കില്ല. കാരണം ഒരു ഹിന്ദുവിന് ഒരിക്കലും നിർദോഷിയും നിസ്സഹായനുമായ ഒരു വ്യക്തിയെ ഇത്ര മനുഷ്യത്വരഹിതമായി ആക്രമിക്കാൻ കഴിയില്ല എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്...... ഈറനണിഞ്ഞ ആ കണ്ണുകളിലെ ദൈന്യത അദ്ദേഹത്തിന്റെ മാനസികനില വ്യക്തമാക്കുന്നതായിരുന്നു.

publive-image

ഇതുവരെയും മുഹമ്മദ് ജുബൈർ FIR ഫയൽ ചെയ്തിട്ടില്ല. ആർക്കെതിരെയാണ് പരാതിനൽകുക? ആരോടാണ് പൊരുതുക? ഇനി അതിജീവനത്തിനുള്ള വഴിയാണ് ആദ്യമായി നോക്കാനുള്ളത്.

കുടുംബം പോറ്റാൻ അതല്ലാതെ വേറെ വഴിയില്ല. ഭാര്യയേയും കുഞ്ഞുങ്ങളെയും ഇപ്പോൾ ജന്മനാടായ ഉത്തർപ്രദേശിലേക്കയച്ചിരിക്കുകയാണ്. സർക്കാർ പ്രതിനിധികളോ നേതാക്കളോ ഇതുവരെ അദ്ദേഹത്തെ തിരക്കിവന്നിട്ടില്ല.

മുഹമ്മദ് ജുബൈറിന്റെ മുഖത്തെ ഭീതിയും അങ്കലാപ്പും ഇനിയും വിട്ടുമാറിയിട്ടില്ല. GTB ആശുപത്രിയി ൽനിന്നും രണ്ടുദിവസം മുൻപ് ഡിസ്ചാർജ് ചെയ്യപ്പെട്ട അദ്ദേഹമിപ്പോൾ ഇന്ദ്രപുരിയിലെ ഒരു ബന്ധുവീട്ടിലാണ് കഴിയുന്നത്.

വിദ്വേഷത്തിന്റെ വിഷവിത്തുകൾ സമൂഹത്തിൽ വാരിവിതറുന്നവർ ഓർക്കാതെപോകുന്ന ഒരു സത്യമുണ്ട്.

ഇതിന്റെയൊക്കെ പരിണതഫലങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെടുക കുടുംബം പോറ്റാനായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ രാപ്പകൽ ചോരനീരാക്കി പണിയെടുക്കുന്ന ഇതുപോലുള്ള സാധുക്കളായിരിക്കും എന്നത്. അതേത് തത്വശാസ്ത്രത്തിന്റെയോ വിശ്വാസപ്രമാണത്തിന്റെയോ അടിസ്ഥാനത്തിലായാലും ശരി.

(ദൈനിക് ഭാസ്‌ക്കർ ലേഖകൻ രാഹുൽ കോട്ടിയാൽ, ബിബിസി ലേഖകൻ ദേബലിൻ റോയ് എന്നിവരുടെ ലേഖനങ്ങളും ചിത്രങ്ങളും ആധാരമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയത്)

Advertisment