ഡൽഹി സർക്കാരിന് ഇതൊക്കെ എങ്ങനെ കഴിയുന്നു ? മറ്റുള്ളവർക്ക്‌ എന്തുകൊണ്ട് കഴിയുന്നില്ല ?

പ്രകാശ് നായര്‍ മേലില
Friday, February 8, 2019

മൂന്നു മാസങ്ങൾക്കു മുൻപ് വിവിധവകുപ്പുകളുടെ 40 ൽ പ്പരം സർക്കാർ സേവനങ്ങൾ വീട്ടുവാതിൽപ്പടി യിലെത്തിച്ചു ജനശ്രദ്ധനേടിയ അരവിന്ദ് കെജ്‌രിവാൾ സർക്കാർ ഇപ്പോഴിതാ കർഷകരുടെ ദീർഘനാളത്തെ ആവശ്യമായിരുന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് ഡൽഹിയിൽ നടപ്പാക്കി ചരിത്രം കുറിച്ചിരിക്കുന്നു.

കടക്കെണിയിലായ കർഷകർ ആത്മഹത്യചെയ്യുന്നത് ഇന്ത്യയിൽ ഇന്നും ഒരു തുടർക്കഥയാണ്.. അവരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളി അവരെ രക്ഷിക്കാൻ ചില സർക്കാരുകൾ ശ്രമിക്കുന്നുണ്ടെങ്കിലും അത് ശാശ്വതമായ ഒരു പരിഹാരമാർഗ്ഗമേ അല്ല എന്നതാണ് വാസ്തവം. കര്ഷകന് അവന്റെ കാർഷികവിളകൾക്ക് ന്യായമായ താങ്ങുവില ലഭ്യമാക്കുക എന്നതാണ് കർഷകരെ സംരക്ഷിക്കാനുള്ള ഏകമാർഗം.

ഇതുമായി ബന്ധപ്പെട്ടു സ്വാമിനാഥൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ഇന്നും പല സർക്കാരുകളും കണ്ടതാ യിപ്പോലും ഭാവിക്കുന്നില്ല. കർഷകന് ചിലവാകുന്ന തുകയുടെ 50 % തുക കൂടുതലായുള്ള താങ്ങുവില വിളകൾക്ക് നൽകിയാൽ മാത്രമേ കൃഷി മുന്നോട്ടു കൊണ്ടുപോകാനും കർഷകന് മതിയായ സംരക്ഷണം നൽകാനും അതുവഴി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും കഴിയുകയുള്ളു എന്നാണു സ്വാമിനാഥൻ റിപ്പോർട്ടിൽ പറയുന്നത്.

വളരെ വിപ്ലവകരമായ തീരുമാനത്തോടെ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് ഡൽഹി സർക്കാർ നടപ്പാക്കിയിരിക്കുന്നു. ഡൽഹിയിലെ കർഷകരിൽ നിന്ന് അവരുടെ ഉൽപ്പാദനമൂല്യത്തിന്റെ 50 % വില കൂടുതൽ നൽകി നെല്ലും ഗോതമ്പുമുൾപ്പെടെയുള്ള കാർഷികവിളകൾ സർക്കാർ വാങ്ങാൻ തീരുമാനിച്ച തിൽ ഡൽഹിയിലെ കർഷകർ അതീവ സന്തോഷത്തിലാണ്…

ഗോതമ്പ് ക്വിന്റലിന് 2616 രൂപയ്ക്കും , നെല്ല് ക്വിന്റലിന് 2667 രൂപ വിലയ്ക്കുമാണ് ഇനിമുതൽ ഡൽഹി സർക്കാർ കർഷകരിൽ നിന്നു വാങ്ങുക.

ഡൽഹിയിൽ ഒരു ഹെക്റ്റർ സ്ഥലത്ത് നെൽകൃഷിചെയ്യാനുള്ള ചിലവ് ജോലിക്കാരൊഴിച് 67,328 രൂപ വരുമെന്നാണ് കണക്ക്. ജോലിക്കാർക്ക് കൂലിയായി 15602 രൂപ ചിലവാകും. ഈ തുകകളുടെ കൂടെ വിളവെടുക്കുന്ന 6 മാസത്തേക്ക് 8 % പലിശകൂടി ചേർത്ത് ആകെ 86,247 രൂപ യാണ് മൊത്തം ചെലവായി കണക്കാക്കുന്നത്. ഡൽഹിയിൽ ഒരു ഹെക്റ്ററിൽ ലഭിക്കുന്ന നെല്ലിന്റെ ശരാശരി കണക്ക് 48.5 ക്വിന്റലാണ്. അപ്പോൾ ഒരു ക്വിന്റലിന് വരുന്ന നെല്ലിന്റെ ആകെ ഉൽപ്പാദനച്ചെലവ് 1778 രൂപയാണ്.

ഡൽഹി സർക്കാർ ഒരു ക്വിന്റൽ നെല്ല് കർഷകരിൽ നിന്ന് വാങ്ങുക അവരുടെ ഉൽപ്പാദനച്ചെലവായ 1778 രൂപയ്‌ക്കൊപ്പം 50 % കൂട്ടി 2667 രൂപ വില നല്കിയായിരിക്കും. കേന്ദ്രസർക്കാർ കര്ഷകനിൽ നിന്ന് വാങ്ങുന്ന ഒരു ക്വിന്റൽ നെല്ലിന് നിശ്ചയിച്ചിരിക്കുന്ന താങ്ങുവില 1750 രൂപയാണ്.

അതുപോലെ ഡൽഹിയിൽ ഒരു ഹെക്ടറിൽ ഗോതമ്പ് കൃഷിക്ക് 60418 രൂപയും ജോലിക്കൂലി 14152 രൂപയുമാണ് ചെലവ്. ഇതോടൊപ്പം 6 മാസത്തേക്ക് 8 % പലിശയും കൂട്ടി മൊത്തം ഉൽപ്പാദനച്ചെലവ് 78501 രൂപ വരും. ഒരേക്കറിൽ ശരാശരി 45 ക്വിന്റൽ ഗോതമ്പുൽപ്പാദിപ്പിക്കുമെന്നാണ് കണക്ക്. അതുപ്രകാരം ഒരു ക്വിന്റലിന് വില 1744 രൂപയാണ്.

ഗോതമ്പിന് അതിന്റെ വിലയായ 1744 രൂപയിൽ നിന്ന് 50 % കൂട്ടി 2616 രൂപാ ക്വിന്റലിന് എന്ന നിരക്കിലാകും ഡൽഹി സർക്കാർ വാങ്ങുക.കേന്ദ്രസർക്കാർ കര്ഷകനിൽ നിന്ന് വാങ്ങുന്ന ഒരു ക്വിന്റൽ ഗോതമ്പിനു നിശ്ചയിച്ചിരിക്കുന്ന താങ്ങുവില 1840 രൂപയാണെന്നോർക്കണം.

കടക്കെണിമൂലം പതിനായിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് 2004 ലാണ് കാർഷികമേഖലയിലെ പ്രശ്നങ്ങൾ പഠിച്ചു വിലയിരുത്തി പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനായി പ്രൊഫസർ എം.എസ് സ്വാമിനാഥൻ അദ്ധ്യക്ഷനായ കമ്മിറ്റിക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്. കമ്മിറ്റി കാർഷികമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സസൂക്ഷ്മം അവലോകനം ചെയ്തശേഷം അവരുടെ ഫൈനൽ റിപ്പോർട്ട് 2006 നവംബർ മാസം സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.

റിപ്പോർട്ട് സമർപ്പിച്ചശേഷവും നൂറുകണക്കിന് കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്.പക്ഷേ ആ റിപ്പോർട്ട് നടപ്പാക്കാൻ ഇതുവരെ കേന്ദ്രത്തിലെ UPA ,NDA സർക്കാരുകൾ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം.കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നത് കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമേ അല്ല.

ഭാരതത്തിന്റെ നട്ടെല്ലാണ് കാർഷികമേഖല.മുടക്കുന്ന തുകയ്ക്ക് മാന്യമായ ലാഭം കിട്ടിയാൽ കൃഷിയോട് ആരും വിമുഖത കാട്ടുകയില്ല. വില ഇൻഷുറൻസ്, കുറഞ്ഞ പലിശയ്ക്ക് ലോൺ ,കർഷകന് ആരോഗ്യ ഇൻഷുറൻസ്, വീടു വയ്ക്കാനും കൃഷിസ്ഥലം വാങ്ങാനുമുള്ള കുറഞ്ഞ പലിശയുള്ള ദീര്ഘകാല വായ്‌പകൾ ഇതൊക്കെയായിരുന്നു കാർഷികമേഖലയെ സംരക്ഷിച്ചുനിർത്താനുള്ള സ്വാമിനാഥൻ കമ്മിറ്റിയുടെ ശുപാർശകൾ.

×