സ്വർണക്കൂമ്പാരത്തിനുമുകളിൽ ഒരു ഗ്രാമം. പുറത്തെടുത്താൽ രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറപ്പെടാം. പക്ഷേ ജനങ്ങൾ സർക്കാർ നിർദ്ദേശം തള്ളിക്കളഞ്ഞു !

പ്രകാശ് നായര്‍ മേലില
Saturday, April 20, 2019

680 ടൺ നിക്ഷേപമുള്ള സ്വർണ്ണഖനിക്കു മുകളിലാണ് 19000 ജനസംഖ്യയുള്ള ഒരു ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള സ്വർണ്ണ നിക്ഷേപത്തിന്റെ മൂല്യം 35 ബില്യൺ ഡോളർ അഥവാ 2.43 ലക്ഷം കോടി രൂപയാണ്. ഖനനം നടത്താനായി ജനങ്ങൾക്ക് പുനരധിവാസ പാക്കേജും ആകർഷകമായ ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചെങ്കിലും ജനങ്ങൾ അവയെല്ലാം അപ്പാടെ തള്ളിക്കളഞ്ഞു.

കാരണം ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിപ്രശ്നങ്ങളും മലിനീകരണവും തങ്ങളുടെ ഭാവിതലമുറയുടെ ജീവിതം ദുഷ്കരമാക്കുമെന്നാണ് അവരുടെ ഉറച്ച വിശ്വാസം.

കൊളംബിയയിലെ ബഗോട്ട ഏരിയയിലുള്ള ചെറിയൊരു ഗ്രമമാണ് കാജാമാർക്ക (Cajamarca). 19000 ജനസംഖ്യയുള്ള ഈ ഗ്രാമത്തിന്റെ അടിയിലായാണ് സ്വർണ്ണനിക്ഷേപം ഒളിഞ്ഞുകിടക്കുന്നത്. ഗ്രാമീണരെ മുഴുവൻ ഒഴിപ്പിച്ചെങ്കിൽ മാത്രമേ സ്വർണ്ണഖനനം നടത്താൻ കഴിയുകയുള്ളു.

സർക്കാർ ഖനനത്തിനുള്ള ഒരുക്കങ്ങളും പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ കമ്പനിയായ ആംഗ്ലോഗോൾഡിനു ഖനാനുമതിയും നൽകിയപ്പോഴാണ് ഗ്രാമവാസികളുടെ ശക്തമായ പ്രതിഷേധം ഉയരുന്നത്.

ഒടുവിൽ ഖനനത്തിനായി സർക്കാർ നടത്തിയ ജനഹിതപരിശോധനയിൽ കേവലം 79 പേരൊഴികെ ബാക്കി എല്ലാവരും എതിർത്ത് വോട്ടു ചെയ്തതോടെ സ്വർണ്ണഖനനം സമീപഭാവിയിലൊന്നും ഇവിടെ നടക്കില്ലെന്നുറപ്പായി.

രാജ്യത്തിന്റെ കെട്ടുറപ്പിനും പുരോഗമനത്തിനുമുതകുന്ന തെക്കേ അമേരിക്കയിലെ ഈ വലിയ സ്വർണ്ണ നിക്ഷേപത്തിനെതിരേ പിന്തിരിപ്പൻ ശക്തികൾ അരയും തലയും മുറുക്കി രംഗത്തുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് ഹിതപരിശോധന പരാജയപ്പെടാൻ കാരണമെന്ന് കൊളംബിയ സർക്കാർ അവകാശപ്പെടുന്നു.

എന്നാൽ സമ്പത്തിലുപരി ഭാവിതലമുറയുടെ ആരോഗ്യവും പാരിസ്ഥിതി ആഘാതങ്ങളുമാണ് തങ്ങൾ വിലയിരുത്തിയതെന്നും പ്രകൃതിയെ നശിപ്പിക്കുന്ന ഒരു ഖനനവും തങ്ങൾ അനുവദിക്കില്ലെന്നുമാണ് ഭൂരിഭാഗം ഗ്രാമീണരും അഭിപ്രായപ്പെടുന്നത്.

×