ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിനു ചെലവുവന്നത് 700 രൂപ ! 2019 ലേത് ലോകത്തെ ഏറ്റവും ചെലവുകൂടിയ തെരഞ്ഞെടുപ്പ്

പ്രകാശ് നായര്‍ മേലില
Saturday, June 8, 2019

കദേശം 60000 കോടി രൂപയാണ് ആകെ ചെലവായത്. അതായത് ഓരോ ലോക്‌സഭാ മണ്ഡലത്തിലും ചെലവായ തുകയുടെ ഏകദേശ കണക്ക് 100 കോടി രൂപയിലും അധികമാണ്. സെന്റർ ഫോർ മീഡിയ സ്റ്റഡീസ് (CMS) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമുള്ളതാണ് ഈ കണക്കുകൾ. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷിയാണ് റിപ്പാർട്ടിന്റെ ഇൻഡക്‌സ് തയ്യാറാക്കിയിരിക്കുന്നത്.

2014 ൽ കേവലം 35,547 കോടി രൂപയായിരുന്നു തെരഞ്ഞെടുപ്പിന് ചെലവായതെങ്കിൽ ഇത്തവണ അത് ഇരട്ടിയോളമായി. ഖുറേഷിയുടെ അഭിപ്രായത്തിൽ രാഷ്ട്രീയത്തിൽ പണത്തിന്റെ ആധിപത്യവും ക്രിമിനൽവൽക്കരണവും കൂടിവരുന്നതിനാൽ ഇപ്പോൾ നടന്നതിലും മെച്ചമായ രീതിയിൽ സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിപൂർവ്വവുമായ ഒരു തെരഞ്ഞെടുപ്പ് ഭാവിയിൽ നടക്കാനിടയില്ലെന്നാണ്.

ചില സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥികൾ നിശ്ചയിച്ച തുകയേക്കാൾ അധികം ചെലവിടുകയുണ്ടായി. സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് അനധികൃതമായി പണം വിതരണം നടത്തിയതിന്റെയും ഏകദേശ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

1996 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2500 കോടി രൂപയാണ് ചെലവുവന്നതെങ്കിൽ 2009 ൽ അത് 10000 കോടി രൂപയായി. 2016 ലെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും അമേരിക്കൻ കോൺഗ്രസ് തെരഞ്ഞെടുപ്പിലുമായി ചെലവുവന്നത് 650 കോടി ഡോളർ (46,211 കോടി രൂപ) ആയിരുന്നു. ആ റിക്കാർഡും ഇപ്പോൾ ഭാരതത്തിൽ തകർക്കപ്പെട്ടിരിക്കുന്നു.

അതായത് ലോകത്തുനടന്ന ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പിനാണ് 2019 ൽ നമ്മൾ സാക്ഷ്യം വഹിച്ചത്.

×