പാക്കിസ്ഥാന് ജാക്‌പോട്ട്: കടലിൽ വൻ എണ്ണനിക്ഷേപം, ജനങ്ങളൊന്നാകെ പ്രാർത്ഥിക്കണമെന്ന് ഇമ്രാൻ ഖാൻ

പ്രകാശ് നായര്‍ മേലില
Tuesday, March 26, 2019

സാമ്പത്തികമായി തകർന്നുതരിപ്പണമായ പാക്കിസ്ഥാന് മനം കുളിർക്കുന്ന വാർത്തയാണ് വന്നുകൊണ്ടി രിക്കുന്നത്. അറബിക്കടലിൽ കറാച്ചിയിൽ നിന്ന് 230 കിലോമീറ്ററകലെ നടക്കുന്ന ഖനനത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ – പ്രകൃതിവാതക നിക്ഷേപം ഉണ്ടെന്നുള്ള സൂചനകൾ ലഭിച്ചിരിക്കുന്നത്.9 ട്രില്യൺ ക്യൂബിക് ഗ്യാസ് -എണ്ണ നിക്ഷേപമാണ് ഇവിടെയുള്ളതെന്ന് അനുമാനിക്കുന്നു.

” എല്ലാ പാക്കിസ്ഥാനിയും പ്രാർത്ഥിക്കണം. മൂന്നാഴ്ചക്കുള്ളിൽ സന്തോഷകരമായ വാർത്ത നിങ്ങളുടെ കാതുകളിൽ എത്തിയിരിക്കും. നമ്മൾ എണ്ണ -പ്രകൃതിവാതക സമ്പന്ന രാജ്യമാകാൻ പോകുന്നു. അല്ലാഹു അനുഗ്രഹിച്ചാൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി നമ്മൾ മാറപ്പെടും.

വിദേശത്തുനിന്നുള്ള എണ്ണയിറക്കുമതി നമുക്കിനി ആവശ്യമില്ലെന്നു മാത്രമല്ല, ഇൻഷാ അള്ളാ നമുക്കിവ വൻതോതിൽ കയറ്റുമതി ചെയ്യാനും കഴിയുന്നതാണ്. മൂന്നാഴ്ച കൂടി കാത്തിരിക്കുക. കൂടുതൽ സന്തോഷകരമായ വാർത്തയ്ക്കായി . ” പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ടു പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ ജനുവരി 14 മുതൽ ബഹുരാഷ്ട്രകമ്പനിയായ Exxon Mobil ന്റെ നേതൃത്വത്തിൽ പാക്കിസ്ഥാന്റെ അറബിക്കടലിൽ നടക്കുന്ന എണ്ണ പര്യവേക്ഷണം ഇപ്പോൾ അതിന്റെ അവസാനഘട്ടത്തിലാണ്. ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകൾ വളരെ ആശാവഹമാണ്. വൻ എണ്ണ നിക്ഷേപം ഇവിടെ ഒളിഞ്ഞുകിടക്കുന്നു. ഖനനം നടക്കുന്ന സ്ഥലത്തിന് Kekra-1 എന്നാണു പേരിട്ടിരിക്കുന്നത്.

×