മയിലുകളുടെ കളിത്തോഴൻ.. മയിലുകൾക്കായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച പന്നു ബെഹ്‌റ

പ്രകാശ് നായര്‍ മേലില
Friday, June 7, 2019

യിലുകൾക്കായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ചു. നല്ലൊരു സർക്കാർ ജോലി ലഭിച്ചതും ഉപേക്ഷിച്ചു. പ്രത്യേക വരുമാനമൊന്നുമില്ലാതിരുന്നിട്ടും മയിലുകളെ ഊട്ടിയുറക്കി.. അവയ്‌ക്കൊപ്പം ജീവിച്ചു. ഒടുവിൽ സർക്കാർ കനിഞ്ഞു. മയിലുകൾക്കൊപ്പം കഴിയാനായി സ്ഥിരജോലിയും നൽകി.


[പന്നു ബെഹ്‌റ]

1999 ൽ ഒറീസ്സയിൽ വീശിയടിച്ച സൂപ്പർ സൈക്ളോണിനുശേഷം കട്ടക്കിനുസമീപമുള്ള ഫയറിംഗ് റേഞ്ചിനടുത്ത ഗ്രാമത്തിലെ ‘പന്നു ബെഹ്‌റ’യുടെ വീട്ടുമുറ്റത്ത് വഴിതെറ്റിവന്ന മൂന്നു മയിലുകളാണ് ആ കുടുംബത്തിന്റെ ജീവിതം തന്നെ ഗതിമാറ്റിയത്. കൊടുംകാറ്റിൽ പെട്ട് സാരമായ പരിക്കുപറ്റിയ ഒരാൺമയിലും രണ്ടു പെൺമയിലുകളുമായിരുന്നു അവ.

പന്നു അവയുടെ മുറിവുകളിൽ മരുന്നുവച്ചുകെട്ടി അവയ്ക്കു ആഹാരവും നൽകി പിറ്റേദിവസം മൂന്നു മയിലുകളെയും വനത്തിൽ കൊണ്ടുപോയി വിട്ടു. അത്ഭുതമെന്നു പറയട്ടെ പന്നു ബെഹ്‌റ വീട്ടിലെത്തിയതിനുപിറകേ മയിലുകൾ മൂന്നും തിരികെയെത്തി. പിന്നീടവ വനത്തിലേക്ക് മടങ്ങിയില്ലെന്നു മാത്രമല്ല ഒന്നിനുപിറകെ ഒന്നായി വനത്തിൽനിന്നും മറ്റുള്ള മയിലുകളും വരാൻ തുടങ്ങി. അങ്ങനെ അവയുടെ എണ്ണം 60 ആയി. പന്നു അവയെ സംരക്ഷിക്കാൻ തന്നെ തീരുമാനിച്ചു.

മയിലുകൾക്കു ധാന്യവും വെള്ളവും ഒരു ദിവസം 500 രൂപവരെ ചെലവുവരുമായിരുന്നു. ദിവസം രണ്ടുനേരം ഇവയ്ക്കു കൃത്യമായി ആഹാരം നൽകുന്നുണ്ട്. ചില വ്യക്തികളും സംഘങ്ങളും പന്നുവിനെ ഇതിൽ സഹായിച്ചിരുന്നു. ഇതിനിടെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ലഭിച്ച ജോലി അദ്ദേഹം വേണ്ടെന്നുവച്ചു. കാരണം മയിലുകളെ വിട്ടു കട്ടക്കിൽ പോയി ജോലിചെയ്യണമെന്നതുതന്നെ.

ഒരിക്കൽ സൈക്കിൾ സഞ്ചാരികളുടെ ഒരു ഗ്രൂപ്പ് ഈ ഗ്രാമം വഴി കടന്നുപോകവേ പന്നുവിനേയും അദ്ദേഹത്തിൻറെ മയിലുകളെയും അവർ കാണാനിടയായി. കുന്നിൻതാഴ്വാരത്തിലുള്ള പ്രദേശത്തിന് പീകോക്ക് വാലി എന്നും പന്നു ബെഹ്‌റയ്‌ക്കു Peacock Man എന്നും അവർ പേരുനല്കി. ഇപ്പോഴാ പേരിലാണ് ഗ്രാമവും പന്നുവും അറിയപ്പെടുന്നത്. മഹാനദിയുടെ തീരത്തുള്ള നാരാജ്‌ ഗ്രാമം അങ്ങനെ പ്രസിദ്ധമായി.

വിവരം ഒറീസ്സ സർക്കാരിന്റെ കാതുകളിലുമെത്തി. മയിലുകളെ പോറ്റാനായി മാസം 2500 രൂപ പന്നുവിന് ഗ്രാൻഡ് അനുവദിച്ചെങ്കിലും ആ തുക ഒന്നിനും തികയുമായിരുന്നില്ല. ഒടുവിൽ സർക്കാർ അദ്ദേഹത്തിനു ഫോറെസ്റ് ഗാർഡായി നിയമനം നൽകി. മയിലുകളെ സംരക്ഷിക്കുകയും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയുമായിരുന്നു അദ്ദേഹത്തിൻറെ ജോലി…


[കൊച്ചുമകൻ കാനുചരൺ ബെഹ്‌റ. ഒപ്പം പീക്ക്‌വാലിയിലെ മയിലുകളും]

2013 സെപറ്റംബറിൽ പന്നു ബെഹ്‌റ റിട്ടയറായി. എങ്കിലും സർക്കാർ അദ്ദേഹത്തിൻറെ മയിലുകളോടുള്ള വാത്സല്യം കണക്കിലെടുത്തു ജോലി നീട്ടിക്കൊടുക്കുകയായിരുന്നു. പക്ഷേ ആസ്തമാ രോഗിയായ അദ്ദേഹത്തിന് അധികനാൾ ജോലിചെയ്യാനായില്ല. മരിക്കും മുൻപ് അദ്ദേഹം തന്റെ കൊച്ചുമകൻ കാനുചരൺ ബെഹ്‌റയെ മയിലുകളുടെ സംരക്ഷണച്ചുമതല ഏൽപ്പിക്കുകയായിരുന്നു. ഇന്ന് പീക്ക് വാലിയിൽ 117 മയിലുകളുണ്ട്. പന്നു വച്ചുപിടിപ്പിച്ച മരങ്ങൾക്കിടയിലാണ് അവയുടെ വിഹാരം.

2017 ൽ പന്നു ബെഹ്‌റ മരിച്ചശേഷം അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം മയിലുകളുടെ സംരക്ഷകനായി കൊച്ചുമകൻ കാനുചരൺ ബെഹ്‌റ മാറപ്പെട്ടു. ബി.കോം ബിരുദധാരിയായ കാനുചരണിനും സർക്കാർ ഫോറെസ്റ്റ് ഗാർഡായി ജോലി നൽകി ഒപ്പം മയിലുകളുടെ സംരക്ഷണത്തിനായി ആവശ്യാനുസരണം പ്രത്യേകം ഫണ്ട് മാസാമാസം അനുവദിക്കുകയും ചെയ്യുന്നുണ്ട്.

×