Advertisment

തസ്മിദ - കോളേജ് അഡ്മിഷൻ നേടുന്ന ആദ്യത്തെ റോഹിൻഗ്യൻ അഭയാർത്ഥി പെൺകുട്ടി !

New Update

ഭാരതത്തിൽ ഏകദേശം 40000 റോഹിൻഗ്യൻ അഭയാർത്ഥികൾ താമസമുണ്ട്. അവരെല്ലാം വിവിധ സ്ഥലങ്ങളിലായി United Nations High Commissioner for Refugees ( UNHCR ) ന്റെ സംരക്ഷണയിലാണ് കഴിയുന്നത്. ഡൽഹിയിലെ യമുനാനദിക്കരയിലുള്ള കാഞ്ചൻ കുൻജിൽ ഏകദേശം 55 റോഹിൻഗ്യൻ കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്..21 കാരിയായ തസ്മിദ അവരിലൊരാളാണ്.

Advertisment

publive-image

തസ്മിദ, ഇന്ന് മുഴുവൻ റോഹിൻഗ്യൻ കമ്യ്യൂണിറ്റിക്കും മാർഗ്ഗദീപമാണ്. 40000 വരുന്ന ഇന്ത്യയിലെ റോഹിൻ ഗ്യൻ സമൂഹത്തിൽനിന്ന് കോളേജ് അഡ്മിഷൻ കരസ്ഥമാക്കുന്ന ഏക പെൺകുട്ടിയാണ് അവൾ. മറ്റൊരു കാര്യം, ഈ വലിയ സമൂഹത്തിൽ നിന്ന് സ്‌കൂളുകളിൽ അഡ്മിഷൻ നേടിയവരാകട്ടെ കേവലം 40 പേർ മാത്രം.

തസ്മിദ ക്ക് ആറു സഹോദരന്മാരാണുള്ളത്. പെണ്ണായി തസ്മിദ മാത്രം. അച്ഛനുമമ്മയും കാഞ്ചൻ കുൻജിൽ ചെറിയ കടനടത്തുകയാണ്. പ്ലാസ്റ്റിക്കും തകരവും കാർഡ്‌ബോഡുകളും കൊണ്ട് നിർമ്മിച്ച ഒരു കുടിലിലാണ് ഇവരുടെ താമസം.

തസ്മിദയുടെ ഏഴാമത്തെ വയസ്സിലാണ് കുടുംബം മ്യാൻമാർ വിട്ട് ബംഗ്ലാദേശിൽ എത്തുന്നത്.അന്നവൾ മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. പിതാവ് മ്യാൻമറിലെ രാഖയൻ സംസ്ഥാനതലസ്ഥാനമായ സിറ്റ്‌വേയിൽ ഹോട്ടൽ നടത്തിവരികയായിരുന്നു.ഇതുകൂടാതെ അദ്ദേഹത്തിന് നിരവധി ട്രക്കുകളുമുണ്ടായിരുന്നു. ബിസ്സിനസ്സ് നല്ല രീതിയിൽ നടക്കുന്ന സമയത്താണ് മ്യാൻമാർ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. മോചനത്തിനായി ധാരാളം പണം നൽകേണ്ടിവന്നു.

publive-image

പിന്നീട് ഇതൊരു തുടർക്കഥയായി.പലതവണ അദ്ദേഹത്തെ ലോക്കപ്പിലടച്ചു പീഡിപ്പിച്ചു. ഒടുവിൽ നിവർത്തിയില്ലാതെ എല്ലാ സമ്പാദ്യങ്ങളും ഇട്ടെറിഞ് കുടുംബത്തോടൊപ്പം അദ്ദേഹം അവിടെനിന്നു പാലായനം ചെയ്തു അഭ്യാർത്ഥിയായി ബംഗ്ളാദേശിലെ ത്തപ്പെട്ടു.

രോഹിൻഗ്യകൾ ബ്രിട്ടീഷ് കൊളോണിയൽ കാലത്തെത്തിയ ബംഗാളിൽനിന്നുള്ള അനധികൃത കുടിയേ റ്റക്കാരാണെന്നും ഇവർ മ്യാൻമാറിന്റെ ദേശീയജനതയല്ലെന്നുമാണ് മ്യാൻമാർ സർക്കാരിന്റെ അന്നുമിന്നുമുള്ള അവകാശവാദം. ഇപ്പോൾ 11 ലക്ഷം രോഹിൻഗ്യകൾ ബംഗ്ളാദേശിൽ അഭയാർഥികളായി കഴിയുകയാണ്. ജനസംഖ്യാപരമായി വളരെ ബുദ്ധിമുട്ടു നേരിടുന്ന ബംഗ്ളാദേശിന്‌ ഈ അഭയാർത്ഥികൾ മറ്റൊരു ബാദ്ധ്യതയാ ണെന്നാണ് പ്രധാനമന്ത്രി ഷേഖ് ഹസീന ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയിൽ പറഞ്ഞത്..

ഇനി തസ്മിദയിലേക്കു വരാം. പഠിക്കണം പഠിച്ചു വലുതായി ഒരു ഡോക്ടറാകണം എന്ന മോഹം എപ്പോഴും മനസ്സിൽ സൂക്ഷിച്ചിരുന്ന അവളുടെ പഠനത്തിന് മൂന്നാം ക്ലാസ്സിൽ നിന്ന് 12 -)൦ ക്ലാസ്സുവരെയെത്താൻ 14 വർഷം വേണ്ടിവന്നു. ബംഗ്ളാദേശിലെ കോക്സ് ബസാറിൽ അഭയാർത്ഥിയായിരിക്കവേ ആറാം ക്ലാസ്സ് വരെ അവിടെ ബംഗ്ളാ സ്‌കൂളിൽ പഠിച്ചു.ബർമീസ് മീഡിയത്തിൽ പഠിച്ച അവൾക്കു ബംഗ്ലാ പഠിക്കാൻ വലിയ പ്രയാസമായിരുന്നു.

publive-image

മ്യാൻമാറിൽനിന്നുള്ള കൂടുതൽ അഭയാർഥിപ്രവാഹവും കോക്സ് കോളനിയിൽ അടയ്ക്കടിയുണ്ടായ സംഘർഷങ്ങളും മൂലം തസ്മിദയും കുടുംബവും 2012 ൽ ബംഗ്ളാദേശ് വിടുകയായിരുന്നു. അവിടെനിന്നു പശ്ചിമ ബംഗാളിലെ മാൽഡ വരെ ബസിലും പിന്നീട് ട്രെയിനിലുമായി അവർ ഡൽഹിയിലെ UNHCR ഓഫിസിനുമുന്നിലുള്ള ടെന്റുകളിലൊന്നിൽ അഭയാർഥികളായി.

പക്ഷേ പഠനം തുടരാൻ തസ്മിദക്കായില്ല. കയ്യിൽ രേഖകളൊന്നുമില്ലാത്തതും ഉയർന്ന ഫീസുമായിരുന്നു തടസ്സങ്ങൾ.അവിടെയും സഹായത്തിന് UNHCR എത്തി.National Institute of Open School ൽ നിന്ന് 2016 ൽ അവൾ നല്ല മാർക്കോടെ 10 -)൦ ക്ലാസ്സ് പാസ്സായി. ശരണാർത്ഥി എന്ന കാരണത്താൽ സർക്കാർ സ്‌കൂളുകളിൽ തുടർപഠനത്തിന്‌ അവസരം നിഷേധിക്കപ്പെട്ടപ്പോൾ ഓഖ്‌ല യിലെ ചാരിറ്റബിൾ സ്‌കൂളായ ജാമിയ സെക്കണ്ടറി സ്‌കൂൾ അവൾക്കായി വാതിൽ തുറക്കുകയായിരുന്നു. അവിടെനിന്നാണ് ഈ വർഷം 12 -)൦ ക്ലാസ്സ് പാസ്സായത്.

publive-image

തസ്മിദയ്ക്കു ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിക് കോളേജിൽ വിദേശ വിദ്യാർഥിവിഭാഗത്തിലാണ് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ സയൻസും ഇംഗ്ലീഷുമാണ് പഠനവിഷയങ്ങളായി എടുത്തിരിക്കു ന്നതും. ഇതിൽ ഡിഗ്രി കരസ്ഥമാക്കിയശേഷം പിന്നീട് നിയമബിരുദവും നേടാനാണ് അടുത്ത പദ്ധതി.

എന്നാൽ ഇവിടെ കോളേജ് ഫീസാണ് വലിയ കടമ്പ. 3600 ഡോളറാണ് വാർഷികഫീസായി നൽകേണ്ടത്.ഫീസ് നൽകാൻ കുടുംബം അശക്തരായതിനാൽ സാമൂഹ്യസംഘടനകളുടെ സഹായത്തോടെ തസ്മിദയുടെ പഠനാവശ്യത്തിനായി ഇപ്പോൾ ഓൺലൈൻ ഫണ്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ 1.25 ലക്ഷം രൂപ സമാഹരിക്കാനായിട്ടുണ്ട്.

മ്യാൻമാർ കുട്ടികളെ സ്‌കൂളുകളിലയാക്കാനുള്ള കാമ്പയിൻ കഴിഞ്ഞവർഷം മുതൽ തുടർച്ചയായി (Rohingya Literacy Programme) മൂത്തസഹോദരനായ അബ്ദുള്ളയ്ക്കൊപ്പം തസ്മിദ നടത്തിവരുന്നുമുണ്ട്.

publive-image

നിയമബിരുദം നേടിയശേഷം അടിച്ചമർത്തപ്പെട്ട റോഹിൻഗ്യൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി മ്യാൻമാറിൽ പോയി നിയമപോരാട്ടo നടത്താനാണ് തസ്മിദ ലക്ഷ്യമിടുന്നത്.

"മ്യാൻമാർ എന്റെ ജന്മഭൂമിയാണ്. ആ മണ്ണ് ഞങ്ങൾക്കുകൂടി അവകാശപ്പെട്ടതാണ്. മാതൃഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഏതറ്റം വരെയും ഞാൻ പോകും. ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം മണ്ണിലേക്ക് മടങ്ങണം. ശരണാർത്ഥികളായി മറ്റൊരു രാജ്യത്ത് കഴിയാൻ ആരാണാഗ്രഹിക്കുക ?" തസ്മിദയുടെ ദൃഢമായ വാക്കുകളിൽ വലിയ ആത്മവിശ്വാസം പ്രതിഫലിച്ചിരുന്നു.

Advertisment