Advertisment

ചുവന്ന വാനിലുദിച്ച കറുത്ത നക്ഷത്രങ്ങൾ ! 'നീതിക്കുവേണ്ടിയുള്ള വഴിയിൽ ഞങ്ങൾ കൽത്തുറുങ്കുകളെ ഭയക്കുന്നില്ല' - ഭരണനേതൃത്വത്തിനെതിരേ മക്കൾ നഷ്ടപ്പെട്ട ടിയാനന്മെൻ അമ്മമാർ

New Update

ചൈനീസ് ഭരണകൂടം കണ്ടു, കാലങ്ങളായി ആ അമ്മമാരുടെ കണ്ണുകളിൽ കത്തുന്ന കനൽജ്വാലകളുടെ തീഷ്ണഭാവം. വിലക്കുകളും പ്രതിരോധങ്ങളും വകവയ്ക്കാതെ ആ വൃദ്ധമാതാക്കൾ ഇക്കഴിഞ്ഞ മാർച്ചുമാസം ടിയാനൻമെൻ സ്‌ക്വയർ ലക്ഷ്യമാക്കി നീങ്ങി. ഒപ്പം ആയിരങ്ങളടങ്ങുന്ന ആബാലവൃദ്ധവും. നിയമപാലകർ അവരെ ലക്ഷ്യത്തിലെത്തുംമുമ്പേ തടഞ്ഞു.

Advertisment

publive-image

<മക്കൾ നഷ്ടപ്പെട്ട, ഇപ്പോൾ ജിച്ചിരിക്കുന്ന അമ്മമാർ>

നീതിനിഷേധിക്കപ്പെട്ട സമൂഹത്തിന്റെ യാചനകൾ നിർദ്ദയം തള്ളപ്പെട്ടു. ഒടുവിൽ പോലീസ് മേധാവിക്ക് നിവേദനം നൽകി അവർ ശാന്തരായി പിരിഞ്ഞകന്നു.

1989 ജൂൺ 4. ചൈനയിലെ ടിയാനൻമെൻ സ്‌ക്വയർ ഒരു മനുഷ്യക്കൂട്ടക്കുരുതിക്ക്‌ നിശബ്ദം സാക്ഷ്യം വഹിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായി പ്രദർശനം നടത്തിയ ജനാധിപത്യവാദികളായ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പട്ടാളം അഴിച്ചുവിട്ട സംഹാരരീതി ലോകമനസ്സാക്ഷിയെപ്പോലും ഞെട്ടിച്ചുകള ഞ്ഞു.

പ്രതിഷേധക്കാർക്കരികിലേക്കിരച്ചെത്തിയ നൂറുകണക്കിന് പട്ടാളടാങ്കുകളും വാഹനങ്ങളും യുദ്ധസമാനമായ അന്തരീക്ഷമാണ് അവിടെയൊരുക്കിയത്. പിരിഞ്ഞുപോകാൻ പ്രതിഷേധക്കാർക്ക് ഒരു മണിക്കൂർ സമയം നൽകിയ പട്ടാളം 5 മിനിറ്റു കഴിഞ്ഞപ്പോൾ മുതൽ വെടിവയ്പ്പും ആക്രമണവും ആരംഭിക്കുകയായിരുന്നു.

publive-image

<അന്ന് ടിയാനന്മെൻ സ്ക്വയറിൽ ചീറിപ്പാഞ്ഞുവന്ന ടാങ്കറിനുമുന്നിൽ നിന്ന് പ്രതിഷേധിച്ച യുവാവ്. ഈ ചിത്രം ലോകമെമ്പാടും ഇപ്പോഴും വിഖ്യാതമാണ്.>

യുദ്ധ ടാങ്കുകൾ യുവാക്കൾക്കിടയിലേക്കു പാഞ്ഞുകയറി അവരെ ചതച്ചരച്ചു. നാലുഭാഗത്തുനിന്നും വളഞ്ഞുനിന്ന പട്ടാളം മെഷീൻ ഗണ്ണുകളിൽ നിന്നും തോക്കുകളിൽ നിന്നും വിദ്യാർത്ഥികൾക്കുനേരെ തുരുതുരെ വെടിയുണ്ടകൾ പായിച്ചു. പരിക്കേറ്റു നിലത്തുവീണ പലരെയും പട്ടാളം തോക്കിന്റെ ബയണറ്റുകൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

രണ്ടുദിവസം അവിടെ ബ്ളാക്ക് ഔട്ട് ആയിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. പട്ടാളം നടത്തിയ ആ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടത് പതിനായിരക്കണക്കിനാൾക്കാരായിരുന്നു . എന്നാൽ ചെനീസ് സർക്കാർ കണക്കുപ്രകാരം മരണം 250 മാത്രമാണത്രേ. ഇന്നുവരെ മരണപ്പെട്ടവരുടെ വ്യക്തമായ കണക്കുകളോ വിവരങ്ങളോ പുറത്തുവിടാൻ ചൈന തയ്യറായിട്ടില്ല.

അന്നുമുതൽ ഉറങ്ങാത്ത വഴിക്കണ്ണുകളുമായി മക്കളുടെ വരവുംകാത്ത് കഴിയുന്ന ആയിരക്കണക്കിനമ്മമാർ ചൈനയിലുണ്ട്. അവരുടെ മൃതദേഹം പോലും ഇന്നുവരെ അവർക്കു കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.

publive-image

മരിച്ചവരുടെ കുടുംബത്തോട് സർക്കാർ എന്നും ശത്രുതയോടെയാണ് പെരുമാറിയിട്ടുള്ളത്. അവർ ഇന്നും പലവിധ ഭീഷണികൾക്കും,വിലക്കുകൾക്കും ,പീഡനങ്ങൾക്കും ശക്തമായ നിരീക്ഷണങ്ങൾക്കും നടുവിലാണ് കഴിയുന്നത്.

ഇന്ന് ടിയാനന്മെൻ കൂട്ടക്കുരുതിക്ക് 30 വർഷം തികഞ്ഞു. ഹോങ്കോങ്ങിൽ വലിയ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുകയുണ്ടായി. ചൈനയിൽ രഹസ്യമായി ജനാധിപത്യവാദികളുടെ യോഗങ്ങൾ നടന്ന വിവരം വിദേശവാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ടിയാനന്മെൻ സ്‌ക്വയറിൽ പ്രതിഷേധിക്കാനോ ചർച്ചകൾ സംഘടിപ്പിക്കാനോ വിലക്കുകളുണ്ട്. ഇന്റർനെറ്റി ലും മറ്റു സമൂഹ മാദ്ധ്യമങ്ങളിലും ഈ സംഭവം ചർച്ചചെയ്യാനും പാടില്ലാത്തതാകുന്നു. വിലക്കുകൾ ലംഘിച്ചാൽ ജാമ്യം ലഭിക്കാത്ത ജയിൽവാസമാകും ഫലം.

publive-image

ചൈന തങ്ങളുടെ ചരിത്രത്തിൽനിന്നുതന്നെ ടിയാനൻമെൻ സ്‌ക്വയർ സംഭവം എന്ന കറുത്ത പാട് തുടച്ചുമാ റ്റാനുള്ള തീവ്രശ്രമത്തിലാണ്. പക്ഷേ ..... അമ്പതുകളിൽ മാവോയുടെ നേതൃത്വത്തിൽ ചൈനയിലെങ്ങും മുഴങ്ങിയ മുദ്രാവാക്യം ഇപ്പോൾ ഭരണനേതൃത്വത്തിനെതിരേ ഈ അമ്മമാർ മുഴക്കുകയാണ്.

"നീതിക്കുവേണ്ടിയുള്ള വഴിയിൽ ഞങ്ങൾ കൽത്തുറുങ്കുകളെ ഭയക്കുന്നില്ല." മാവോയുടെ ഈ സൂക്തമാണ് ഈ അമ്മമാർ ഇപ്പോൾ ഉരുവിടുന്നത്. സർക്കാർ അത് മുഖവിലയ്‌ക്കെടുക്കുന്നില്ല എങ്കിൽപ്പോലും.

കഴിഞ്ഞ 30 വർഷമായി നീതിക്കുവേണ്ടി പോരാടുന്ന ടിയാനൻമെൻ സ്‌ക്വയറിൽ മരിച്ച കുട്ടികളുടെ അമ്മമാർ എല്ലാ വിലക്കുകളും ലംഘിച് 1995 ൽ " Tiananmen Mothers" എന്ന സംഘടനക്ക് രൂപം നൽകി.

publive-image

ഇന്ന് ഈ അമ്മമാരുടെ സമൂഹത്തിൽ 127 പേരുണ്ട്. 55 അമ്മമാർ മരിച്ചുപോയി. ഇവർക്ക് പിന്തുണയുമായി വലിയൊരു ജനസമൂഹം തന്നെയുണ്ട്. രഹസ്യമായാണ് ഇവർ ഒത്തുചേരുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങ ളുടെയും സൈന്യത്തിന്റെയും കണ്ണുവെട്ടിച്ചുള്ള അവരുടെ പ്രവർത്തനം ജനാധിപത്യത്തിനുവേണ്ടിയുള്ള മുറവിളിയാണ്.

മണ്മറഞ്ഞ മക്കൾ ബാക്കിവച്ചുപോയ സ്വപ്നം ഇന്നല്ലെങ്കിൽ നാളെ ചൈനയിൽ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ ദിവസങ്ങൾ തള്ളിനീക്കുന്നത്.

( ഒന്നാം ചിത്രം. മക്കൾ നഷ്ടപ്പെട്ട, ഇപ്പോൾ ജിച്ചിരിക്കുന്ന അമ്മമാർ. രണ്ടാമത്തെ ചിത്രം. അന്ന് ടിയാനന്മെൻ സ്ക്വയറിൽ ചീറിപ്പാഞ്ഞുവന്ന ടാങ്കറിനുമുന്നിൽ നിന്ന് പ്രതിഷേധിച്ച യുവാവ്. ഈ ചിത്രം ലോകമെമ്പാടും ഇപ്പോഴും വിഖ്യാതമാണ്.)

Advertisment