Advertisment

സമ്പന്നതയിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഒരു രാജ്യം വീണതു പടുകുഴിയിൽ...! ജനങ്ങൾ ആഹാരത്തിനും കുടിവെള്ളത്തിനുമായി നെട്ടോട്ടമോടുന്നു..!! ഇന്ത്യയോടും സഹായമഭ്യര്‍ഥിച്ചു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വെനിസ്വേല

Advertisment

ദീർഘവീക്ഷണമില്ലാത്ത നേതാക്കളുടെ തലതിരിഞ്ഞ വികസനങ്ങളും അധികാരക്കൊതിയും രാജ്യത്തുടലെടുത്ത ആഭ്യന്തരപ്രശ്നങ്ങളും പിന്തിരിപ്പൻ വിദേശകാര്യനയതന്ത്രബന്ധങ്ങളും മൂലം ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുണ്ടായിരുന്ന ആ രാജ്യം ഇന്ന് കടുത്ത അരക്ഷിതാവസ്ഥയിലാണ്..

publive-image

മാസങ്ങളായി ജനങ്ങൾ തെരുവിലാണ്. രാജ്യത്ത് തൊഴിലില്ല, പണമില്ല, ആഹാരമില്ല. പണം നൽകിയാലും ആഹാരസാധനങ്ങൾ കിട്ടാനില്ല. പണത്തിനോ ചവറു വിലപോലുമില്ല. ജനങ്ങൾ കൊള്ളയടിക്കുമെന്ന ഭയം മൂലം വൻകിട ഹോട്ടലുകളും കടകളും പലതും പൂട്ടിക്കഴിഞ്ഞു. രൂക്ഷമായ തൊഴിലില്ലായ്മ, പട്ടിണി, പലായനം. തകര്‍ന്നടിഞ്ഞ ക്രമസമാധാനം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, പ്രക്ഷോഭത്തിന്റെ പേരില്‍ ക്രൂരമായ അതിക്രമം, സൈന്യവും പോലീസും പിന്തിരിഞ്ഞോടുന്നു. അക്ഷരാര്‍ഥത്തില്‍ തികഞ്ഞ അരാജകത്വം.

publive-image

അമേരിക്കയുടെ ഉപരോധം മൂലം എണ്ണവ്യാപാരവും നിലച്ചിരിക്കുന്നു. തന്മൂലം കുഞ്ഞുങ്ങൾക്കുള്ള പാലും, മരുന്നുകളും വരെ എങ്ങും ലഭ്യമല്ല. രാജ്യം പൂർണ്ണമായും പാപ്പരായിരിക്കുന്നു.

വെനിസ്വേല പ്രസിഡണ്ട് നിക്കോളാസ് മഡുറോ ( Nicolas Maduro ) ഇപ്പോൾ ഇന്ത്യയോട് സഹായമഭ്യർത്ഥിച്ചിരിക്കുകയാണ്. ആവശ്യം പോലെ എണ്ണ തരാം. പകരം ആഹാരസാധങ്ങളും മരുന്നും നൽകിയാൽ മതി.

publive-image

ഇന്ത്യയെസംബന്ധിച്ചിടത്തോളം ഇത് ബമ്പർ ലോട്ടറിയടിച്ചതുപോലെയാണ്. എണ്ണ ഇറക്കുമതി ചെയ്യാൻ ഡോളറിൽ ഗൾഫ് രാജ്യങ്ങൾക്ക് പണം നൽകേണ്ടിവരുന്നതുമൂലം നമ്മുടെ ഖജനാവിലെ വിദേശനാണയ കരുതൽ നിക്ഷേപം ഗണ്യമായി കുറയുകയാണ്. ഇപ്പോൾ ഇറാനിൽ നിന്ന് നിയന്ത്രണവിധേയമായി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനുപകരം മരുന്നും മറ്റു സാധനങ്ങളുമാണ് നമ്മൾ നൽകുന്നത്.

എന്നാൽ വെനിസ്വേലയുടെ ഓഫറിനുമുന്നിൽ അമേരിക്കയുടെ കണ്ണുരുട്ടലിൽ ഇന്ത്യ പകച്ചുനിൽക്കുകയാണ്. അതോടെ നിക്കോളാസ് മഡുറോയുടെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരിക്കുന്നു.

publive-image

1999 മുതൽ 2013 വരെ വെനിസ്വേല ഭരിച്ച ഹ്യുഗോ ഷാവേസ് ആ രാജ്യത്തെ സമ്പന്നമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്. കുതിച്ചുയർന്ന എണ്ണവിലയിൽ കരുത്തുറ്റ ശക്തിയായി ആ രാജ്യം മാറപ്പെട്ടു. പണം പാവപ്പെട്ടവരിലേക്ക് ഒഴുകി.തൊഴിലില്ലായ്മാ നിരക്ക് പകുതിയായി കുറഞ്ഞു. പ്രതിശീര്‍ഷ വരുമാനം ഇരട്ടിയായി. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങള്‍ മെച്ചപ്പെട്ടു. രാജ്യം സമ്പന്നതിയിലേക്കു കുതിച്ചു.

publive-image

എന്നാൽ അദ്ദേഹത്തിൻറെ പിൻഗാമിയായി വന്നെത്തിയ നിക്കോളാസ് മഡുറോ 2014 ലെ എണ്ണവിലയിടിവിനുമുന്നിൽ അടിപതറി വീണു. ധനവരവ് കുറഞ്ഞു. സാമ്പത്തികനയങ്ങളൊന്നും വിലപ്പോയില്ല. രാജ്യം അരാജകത്വത്തിലേക്ക് അനുദിനം കൂപ്പുകുത്തി. അവസരം കാത്തിരുന്ന അമേരിക്കൻ സാമ്രാജ്യത്വശക്തികൾ ആഞ്ഞടിച്ചു.. വെനിസ്വേല ലോകത്ത് പൂർണ്ണമായും ഒറ്റപ്പെട്ടു. അടുത്ത സുഹൃദ്‌രാജ്യമായിരുന്ന ക്യൂബ പോലും അമേരിക്കയുമായി ഇന്ന് കൈകോർത്തിരിക്കുന്നു.

publive-image

വെനിസ്വേലയുടെ കാര്യത്തിൽ കുറേക്കൂടി വിശദമായിപ്പറഞ്ഞാൽ പ്രത്യയശാസ്ത്ര പരീക്ഷണങ്ങൾ വ്യക്തികളെ ആശ്രയിച്ചാകുമ്പോൾ സംഭവിക്കുന്ന അധഃപതനം എന്നുതന്നെ പറയാം.

ഇപ്പോൾ അവിടെ സ്ഥിതി ഗുരുതരമാണ്. ഒരാഴ്ചയായി രാജ്യത്ത് വൈദ്യുതിയില്ല.തന്മൂലം അതിരൂക്ഷമായ കുടിവെള്ളക്ഷാമം ജനങ്ങൾ നേരിടുകയാണ്.ജനങ്ങൾ കൂട്ടത്തോടെ വെള്ളത്തിനായി തെരുവിലലയുന്ന കാഴ്ചയാണ്. ഓടകളിലെ മലിനജലം വരെ കുടിക്കാൻ അവർ നിർബന്ധിതരാകുന്നു.

publive-image

അമേരിക്ക നടത്തിയ ഇലക്ട്രോ മാഗ്‌നറ്റ് സൈബർ ആക്രമണം മൂലമാണ് രാജ്യത്ത് വൈദ്യുതിതടസ്സം ഉണ്ടായിരിക്കുന്നതെന്നാണ് വെനിസ്വേല പ്രസിഡണ്ട് നിക്കോളാസ് മഡുറോ ആരോപിക്കുന്നത്.

ദുരിതം ഒന്നിനുപിറകേ ഒന്നായി രാജ്യത്തെ വേട്ടയാടുകയാണ്. ഏതായാലും ആസന്നഭാവിയിലൊന്നും വെനിസ്വേലയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് അയവുവരുമെന്നു തോന്നുന്നില്ല.

publive-image

publive-image

Advertisment