Advertisment

'ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുവേണം ഈ മേഖലയിലേയ്ക്ക് വരാൻ. മനുഷ്യപ്പറ്റില്ലാതെ പെരുമാറിയാൽ ജനം എതിരാകും. ആ ദേഷ്യം മനുഷ്യരുടെ മനസ്സിൽ കിടക്കാം. നമ്മൾ തന്നെയാണ് ഡോക്ടറാകുന്നതും ഡോക്ടറെ തല്ലുന്നവരാകുന്നതും. വ്യത്യസ്തതമായത് സാഹചര്യങ്ങൾ മാത്രമാണ്'

author-image
admin
Updated On
New Update

- ഡോ: എസ്. എസ്. ലാൽ

Advertisment

ആരാണ് ഡോക്ടറാകേണ്ടത്?

കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഉണ്ടായിരുന്നപ്പോൾ ഏറ്റവും അടുത്ത ഒരു മലയാളി സുഹൃത്തിൻറെ വീട് സന്ദർശിച്ചു. അദ്ദേഹത്തിൻറെ മകളുടെ മെഡിക്കൽ അഡ്മിഷൻറെ കാര്യത്തിൽ അവർക്ക് എൻറെ ഉപദേശം വേണമായിരുന്നു.

മകൾ വളരെ മിടുക്കിയാണ്. അച്ഛനും അമ്മയും ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയർന്ന യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുമാണ്. കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയിൽ മകൾക്ക് ഭേദപ്പെട്ട റാങ്ക് കിട്ടിയെങ്കിലും മെഡിക്കൽ അഡ്മിഷന് അത് തികഞ്ഞില്ല. സംവരണം ഇല്ലാത്ത കുട്ടിയായതിനാൽ മെരിറ്റിൽ തന്നെ അഡ്മിഷൻ നേടണം. സ്വകാര്യ മെഡിക്കൽ കോളേജിൽ പണം കൊടുത്ത് ചേരാൻ കുട്ടിയോ മാതാപിതാക്കളോ ആഗ്രഹിക്കുന്നില്ല. അങ്ങനെയാണ് കഴിഞ്ഞ വർഷം സുഹൃത്ത് എന്നെ ബന്ധപ്പെട്ടത്.

publive-image

വീണ്ടും പ്രവേശന പരീക്ഷ എഴുതണമെന്ന് അവൾ ആഗ്രഹിച്ചു. അക്കാര്യമാണ് അവർക്ക് എന്നോട് ചർച്ച ചെയ്യേണ്ടിയിരുന്നത്. മകൾക്ക് ആഗ്രഹമുള്ള സ്ഥിതിയ്ക്ക് രണ്ടാം തവണയും പ്രവേശന പരീക്ഷ എഴുതാൻ അവളെ അനുവദിക്കണമെന്ന് ഞാൻ ഉപദേശിച്ചു. എന്നാൽ മെഡിസിൻ അഡ്മിഷൻറെ പുറകേ നടന്ന് മകൾ സമയം കളയുന്നതിൽ അച്ഛനും അമ്മയ്ക്കും വലിയ താല്പര്യവുമില്ല. അങ്ങനെ അവൾ ബി.എസ്.സി. ക്കു ചേർന്നുകൊണ്ട് പ്രവേശന പരീക്ഷയ്ക്കുള്ള പഠനവും തുടർന്നു.

ഇത്തവണ പ്രവേശന പരീക്ഷയിൽ നല്ല റാങ്കുണ്ടെങ്കിലും കുട്ടിയ്ക്ക് ഡൽഹിയിലോ കേരളത്തിലോ ഉള്ള മെഡിക്കൽ കോളേജുകളിൽ മാത്രമേ അഡ്മിഷൻ ലഭിക്കൂ. ഈ രണ്ടിടത്തുമാണ് ഏറ്റവും കൂടുതൽ മാർക്ക് വേണ്ടത്. അതിനാൽ സർക്കാർ മെഡിക്കൽ കോളേജിൽ കിട്ടുമെന്ന് ഉറപ്പില്ല. ഞാൻ കുട്ടിയുമായും സംസാരിച്ചു. മെഡിസിനിൽ വലിയ താൽപ്പര്യമാണവൾക്ക്. ഒരു നല്ല ഡോക്ടറാകാൻ വേണ്ട ചില ഗുണഗണങ്ങളും അവളിൽ കണ്ടു. എന്നാൽ കാശ് കൊടുത്ത് അഡ്മിഷൻ വാങ്ങാൻ അവർക്കാർക്കും ഇപ്പോഴും താൽപര്യമില്ല. നല്ല കാര്യം.

ഒരിക്കൽക്കൂടി പ്രവേശന പരീക്ഷ എഴുതിക്കൂടേ എന്ന് ഞാൻ ചോദിച്ചപ്പോൾ അവരെല്ലാം പരസ്പരം കണ്ണുകളിൽ നോക്കി. മകളുടെ നിലപാട് അതാണ്. ഇപ്പോൾ കിട്ടിയില്ലെങ്കിൽ അടുത്ത വർഷം വീണ്ടും പ്രവേശന പരീക്ഷ എഴുതുക. അച്ഛനും അമ്മയ്ക്കും അതിൽ തീരെ താല്പര്യമില്ല. കാരണം, ഇപ്പോൾ പഠിക്കുന്ന ബി.എസ്.സി. യെ അത് ബാധിക്കും. പിന്നെ, 'പെൺകുട്ടിയല്ലേ, ഇങ്ങനെ പഠിച്ചോണ്ടിരുന്നാൽ സമയത്തിന് കെട്ടിക്കാനൊക്കെ കഴിയുമോ' എന്ന പേടിയും ഒരു പക്ഷേ അവർക്ക് കാണും.

ഞാൻ മകൾക്ക് ധൈര്യം കൊടുത്തു. 'വീണ്ടും പ്രവേശന പരീക്ഷ എഴുതാൻ അങ്കിൾ സപ്പോർട്ട്' എന്നു പറഞ്ഞു. അവൾക്കും സന്തോഷമായി. ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. അവളുടെ ആഗ്രഹം സാധിക്കാൻ അവളെ അനുവദിക്കണമെന്ന് സുഹൃത്തിനോടും ഭാര്യയോടും ഞാൻ വീണ്ടും പറഞ്ഞു.

ഞാൻ അവരോടു പറഞ്ഞ ചില കാര്യങ്ങൾ ഇതാണ്. മെഡിസിന് പഠിക്കാൻ ആഗ്രഹമുള്ളവരാണ് അതിനു പോകേണ്ടത്. അതിൽ പ്രായമൊന്നും നോക്കരുത്. അവൾ നല്ല മാർക്കും നേടുന്നുണ്ട്. ഒരു മാർക്കിന്റെ വ്യത്യാസത്തിലൊക്കെ അഡ്മിഷൻ നഷ്ടപ്പെടുന്നവർ എങ്ങനെയാണ് മോശക്കാരാകുന്നത്. പരീക്ഷയുടെ ദിവസം തന്നെ എന്തെല്ലാം കാര്യങ്ങൾ ഒരാളെ സ്വാധീനിക്കും. അല്പം മാർക്ക് കുറയാൻ വലിയ കാര്യമെന്തെങ്കിലും വേണോ?

മാർക്ക് നേടുന്നത് ഒരു പ്രധാന ഘടകമാണെങ്കിലും ഈ മാർക്ക് മാത്രമല്ല കാര്യം. താല്പര്യവും നിശ്ചയദാർഢ്യവും മനോഭാവവും സഹജീവിയായ മനുഷ്യനോടുള്ള അനുതാപവും ഒക്കെയാണ് ഒരു നല്ല ഡോക്ടറാകാൻ വേണ്ടത്. അതെല്ലാം ഉണ്ടെന്ന് വിശ്വാസമുണ്ടെങ്കിൽ ഇത്തവണ കിട്ടിയില്ലെങ്കിൽ അടുത്ത തവണയും പരീക്ഷയെഴുതാൻ അവളെ അനുവദിക്കണം.

അമേരിക്കയിലെ കാര്യവും ഞാൻ അവരോടു പറഞ്ഞു. നാലുവർഷത്തെ ഡിഗ്രി കഴിഞ്ഞാലേ ഇവിടെ മെഡിക്കൽ അഡ്മിഷൻ നേടാൻ കഴിയൂ. മെഡിക്കൽ പഠനത്തിനായി താല്പര്യവും മനോഭാവവും ഉള്ളയാളാണെന്ന് അതിനകം തെളിയിച്ചിരിക്കുകയും വേണം. പിന്നെ നാലു വർഷം മെഡിക്കൽ പഠനം, അതിനുശേഷം മൂന്നു വർഷം റസിഡൻസി. പിന്നെ സ്പെഷ്യലൈസേഷനായുള്ള ഫെലോഷിപ്പുകൾ.... ഇതെല്ലാം കഴിഞ്ഞ് സ്വതന്ത്ര ഡോക്ടറാകുന്പോൾ വയസ്സ് മുപ്പതെങ്കിലും കഴിയും. അപ്പോഴേക്കും നല്ല പഠനവും അറിവും പക്വതയുമുള്ള ഒരു ഡോക്ടറായി മാറും. പൊതുവായ കാര്യമാണ് പറയുന്നത്. അപവാദങ്ങൾ അപൂർവമായി എവിടെയും ഉണ്ടാകാം.

എൻറെ മെഡിക്കൽ പഠന കാര്യവും ഞാൻ പറഞ്ഞു. അക്കാലത്ത് ആകെയുള്ള കുറച്ച് മെഡിക്കൽ സീറ്റിൽ അറുപതു ശതമാനവും ബി.എസ്.സി. ക്കാർക്കായിരുന്നു. ഞാൻ ബി.എസ്.സി. കഴിഞ്ഞപ്പോൾ അതു മാറി പൊതു പ്രവേശന പരീക്ഷ എഴുതേണ്ടി വന്നു. എന്നാലും ബി.എസ്.സി.ക്കു പോയതിൽ ഞാൻ ഖേദിക്കുന്നില്ല. കെമിസ്ട്രിയും മറ്റു വിഷയങ്ങളും നന്നായി പഠിച്ചു. പഠിച്ച യൂണിവേഴ്സിറ്റി കോളേജിൽ ചെയർമാനാകാൻ കഴിഞ്ഞു എന്നത് എനിക്ക് അഭിമാനത്തിന് വകയും നൽകി. സത്യത്തിൽ അവിടത്തെ പരിശീലനമാണ് ആഭ്യന്തര യുദ്ധം നടന്ന രാജ്യത്ത് ലോകാരോഗ്യ സംഘടനയുടെ ജോലി സ്വീകരിക്കാൻ എന്നെ പ്രാപ്തനാക്കിയത്.

മെഡിക്കൽ ബിരുദം എടുക്കുന്നത് ഒരു വലിയ അദ്ധ്വാനമാണ്. മെഡിസിന് അഡ്മിഷൻ കിട്ടാൻ പഴയതുപോലെ വലിയ ബുദ്ധിമുട്ടില്ല എങ്കിലും. കൂടുതൽ മെഡിക്കൽ കോളേജുകളും സീറ്റുകളും നാട്ടിൽ ഉണ്ട്. പ്രവേശന പരീക്ഷയിൽ അല്പം മാർക്ക് കുറഞ്ഞവർക്ക് സ്വകാര്യമെഡിക്കൽ കോളേജുകളും. കൂടാതെ വിദേശ മെഡിക്കൽ കോളേജുകളും.

മെഡിസിൻ അഡ്മിഷൻ എളുപ്പമായെങ്കിലും ഡോക്ടർ ആകുകയെന്നത് അത്ര എളുപ്പമുള്ള പണിയല്ല. ഒരു നല്ല ഡോക്ടർ ആകുകയെന്നത് തീരെ എളുപ്പമുള്ള കാര്യമല്ല. എം.ബി.ബി.എസ്., എം.ഡി. എന്നീ കോഴ്‌സുകളിലെ പഠനം ജീവിതത്തിന്റെ നല്ല സമയം മുഴുവനും അപഹരിക്കും. ഡോക്ടറായിക്കഴിഞ്ഞാൽ ഒരാളുടെ സമയം അയാളുടേത് മാത്രമല്ല. പ്രത്യേകിച്ച്, സർക്കാർ മെഡിക്കൽ കോളേജിൽ ഏതാണ്ട് സൗജന്യമായി പഠിച്ചിറങ്ങുന്നവർക്ക് നാടിനോട് വലിയ ഉത്തരവാദിത്തമുണ്ട്. നാട്ടുകാർക്ക് ഒരുപാട് തിരികെ കൊടുക്കാനുണ്ട്. അതിനു സന്നദ്ധതയുള്ളവർ മാത്രമാണ് ഡോക്ടറാകേണ്ടത്.

പട്ടാളത്തിൽ ചേരുന്നതു പോലെയാണിത്. ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുവേണം ഈ മേഖലയിലേയ്ക്ക് വരാൻ. തിരികെപ്പോക്ക് സാദ്ധ്യമല്ല. പുറം തിരിഞ്ഞു നിന്നാൽ ശത്രുതയുണ്ടാകും. മനുഷ്യപ്പറ്റില്ലാതെ പെരുമാറിയാൽ ജനം എതിരാകും. ആ ദേഷ്യം മനുഷ്യരുടെ മനസ്സിൽ കിടക്കാം. അപ്പോൾ പറ്റിയില്ലെങ്കിൽ തരത്തിന് കിട്ടുന്ന ഡോക്ടറോട് അവർ പ്രതികാരം ചെയ്തെന്നു വരും. നമ്മളെല്ലാം തന്നെയാണ് ഈ മനുഷ്യർ. നമ്മൾ തന്നെയാണ് ഡോക്ടറാകുന്നതും ഡോക്ടറെ തല്ലുന്നവരാകുന്നതും. വ്യത്യസ്തതമായത് സാഹചര്യങ്ങൾ മാത്രമാണ്.

നല്ല ഡോക്ടറാകാനുള്ള പരിശീലനമാണ് നാട്ടിലെ നല്ല മെഡിക്കൽ കോളേജുകളിൽ മിക്കവാറും കിട്ടുന്നത്. രോഗവും ദുഖവും ഉള്ളവരുടെ ആശ്രയമാകാനാണ് പരിശീലിപ്പിക്കുന്നത്. പുസ്തകങ്ങളും അതാണ് പഠിപ്പിക്കുന്നത്.

എത്രയോ വർഷങ്ങളായി നാട്ടിൽ പ്രാക്ടീസ് ചെയ്യാത്ത എൻറെ ശീലങ്ങളിൽ പോലും ഈ പഠനത്തിൻറെ സ്വാധീനം തുടരുന്നു. രാത്രിയിലുൾപ്പെടെ ഒരിക്കലും സെൽ ഫോൺ ഓഫ് ചെയ്തു വയ്ക്കാത്ത എൻറെയുൾപ്പെടെ പല ഡോക്ടർമാരുടെയും ശീലം പോലും ഇതിൻറെ ഭാഗമാണ്. കുടുംബാംഗങ്ങൾ പോലും ക്രമേണ ഈ ശീലം സഹിക്കുന്നവരായി മാറും.

ഈ ലേഖനം എഴുതുന്നതിനിടയിലും കാനഡയിലെ ഒരു മലയാളി ഫേസ്‌ബുക്ക് സുഹൃത്ത് രണ്ടു പ്രാവശ്യം എന്നെ ഫോണിൽ വിളിച്ചു. അദ്ദേഹത്തിൻറെ അടുത്ത ബന്ധുവിൻറെ വീട്ടിലെ ഒരത്യാവശ്യ പ്രശ്നത്തിൽ അഭിപ്രായം ചോദിക്കാൻ. എമർജൻസി ആംബുലൻസ് ഒക്കെ വീട്ടിൽ എത്തിയിട്ടും അവർക്ക് അടുപ്പമുള്ള ഒരു ഡോക്ടറോട് സംസാരിക്കണം. രാത്രി പന്ത്രണ്ടു മണിക്കാണ് ഫോണുകൾ. ഞാൻ ഉറങ്ങിയിരുന്നില്ല എന്നത് മറ്റൊരു കാര്യം. ഇതാണ് മനുഷ്യരുടെ ശീലം. അമേരിക്കയിൽ നിൽക്കുന്ന ഞാൻ ഇന്നത്തെ ദിവസം മാത്രം ഇടപെട്ട മൂന്നാമത്തെയോ നാലാമത്തെയോ കേസാണിത്.

എന്നേക്കാൾ കൂടുതൽ മിടുക്കുള്ള, ഇപ്പോഴും നാട്ടിൽ പ്രാക്ടീസ് ചെയ്യുന്ന, പ്രഗത്ഭ ഡോക്ടർമാരിൽ നിന്ന് ജനം ഇതിലും വളരെക്കൂടുതൽ പ്രതീക്ഷിക്കും. അതിന് വഴങ്ങാൻ കഴിയില്ല എന്നുള്ളവർ തീരുമാനം എടുക്കേണ്ടത് മെഡിസിന് ചേരുന്നതിന് മുന്പായിരുന്നു. നാട്ടിൽ ആരെയും സർക്കാരോ ജനങ്ങളോ നിർബന്ധിച്ചു പിടിച്ചു ഡോക്ടറാക്കുന്നുമില്ല. ഈ തിരിച്ചറിവുള്ളവരാണ് നാട്ടിലെ നല്ല ഡോക്ടർമാർ. അവരാണ് ഇന്നും ഭൂരിഭാഗം.

ജീവിതത്തിൽ ഡോക്ടർ ആയവരും ആക്കപ്പെട്ടവരും ആയിപ്പോയവരും ഉണ്ട്. പരിശീലനത്തിലെ ഏറ്റക്കുറച്ചിലുകളും മനോഭാവത്തിലെ വ്യത്യാസങ്ങളും ജീവിത സാഹചര്യങ്ങളും ഒക്കെ ഡോക്ടർമാരുടെ പെരുമാറ്റത്തിലും ശീലത്തിലും സ്വാധീനം ചെലുത്തും. തുടക്കം വ്യത്യസ്തമാകാമെങ്കിലും നല്ലൊരു ശതമാനം ഡോക്ടർമാരും പിൽക്കാലത്ത് അവരവരുടെ ഉത്തരവാദിത്തം നന്നായി നിറവേറ്റുന്നവരാണ്. കാരണം, ഇപ്പോഴും ഡോക്ടർ സമൂഹത്തെ പ്രധാനമായും നിയന്ത്രിക്കുന്നതും സ്വാധീനിക്കുന്നതും നല്ല ഡോക്ടർമാർ തന്നെയാണ്. ഇവിടെയും അപവാദങ്ങളെ നമുക്ക് മാറ്റി നിർത്താം.

ഇന്ന്‌ നമ്മൾ ആചരിക്കുന്ന ഡോക്ടേഴ്സ് ദിനം എല്ലാ മനുഷ്യരുടേതുമാണ്. കാരണം ഡോക്ടർമാരും ആശുപത്രികളും ചികിത്സയും ഒക്കെ മനുഷ്യർക്ക്‌ വേണ്ടിയാണ്. മനുഷ്യരും രോഗങ്ങളുമില്ലെങ്കിൽ ഡോക്ടർമാരുമില്ല. ആശുപത്രികളും മറ്റു സംവിധാനങ്ങളും ജനനന്മയ്ക്കാണ്. അതിനിടെ ഡോക്ടർമാർക്ക് കൂടി ജോലിയും ജീവിത മാർഗവും കിട്ടുന്നു എന്ന് മാത്രം. മനുഷ്യരാണ് ഡോക്ടർമാരാകുന്നത്.

രോഗവുമായി കട്ടിലിൽ കിടക്കുന്പോൾ ഈ ഡോക്ടറും രോഗിയാണ്. ഡോക്ടർമാർ മനുഷ്യരായതിനാൽ മനുഷ്യൻറെ നന്മകളും ദൗർബല്യങ്ങളും അവരിൽ കാണും. നന്മകളെ വർദ്ധിപ്പിക്കാനും ദൗർബല്യങ്ങളെ ചെറുതാക്കാനും ഡോക്ടേഴ്സ് ദിനവും സഹായിക്കട്ടെ. എല്ലാ മനുഷ്യർക്കും ഡോക്ടേഴ്സ് ദിനാശംസകൾ.

Advertisment