Advertisment

മനസ്സിനെ വിമലീകരിക്കുന്ന നോമ്പെന്ന അനുഷ്ഠാനം

author-image
admin
New Update

- ശറഫുദ്ദീൻ അൻവരി

(തുപ്പനാട് മഹല്ല് ഖാസി)

Advertisment

publive-image

പ്രപഞ്ച നാഥന്റെ കാരുണ്യപ്രവാഹം ഏറ്റുവാങ്ങി ആത്മീയ വിശുദ്ധി കൈവരിക്കുന്ന റമദാൻ മാസം മൂന്നിൽ രണ്ടു ഭാഗവും പിന്നിട്ടിരിക്കുന്നു. ഇനിയുള്ള എണ്ണപ്പെട്ട നാളുകൾ വിശ്വാസികൾക്ക് ഏറെ ശ്രേഷ്ഠവും അറ്റമില്ലാത്ത അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന ലൈലത്തുൽ ഖദ്‌റിന്റെ ദിനരാത്രവുമാണ് മുന്നിലുള്ളത്.

ഇനി ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഈ തിരിച്ചറിവാണ് വ്രതത്തിന്റെ മാറ്റ് കൂട്ടുന്നത്. പുണ്യങ്ങൾക്ക് പ്രതിഫലങ്ങൾ വാരിച്ചൊരിഞ്ഞ് നൽകുന്ന അവസരത്തിൽ അവ നേടിയെടുക്കാൻ വിമുഖത കാട്ടുകയും ഒടുവിൽ ഖേദിക്കുകയും ചെയ്യാനിടവരരുത്.

കാരുണ്യമാണ് അല്ലാഹു. വ്രതം അനുഷ്ഠിക്കുന്നവനും ഞാനും തമ്മിൽ നേരിട്ടുള്ള ഇടപാടാണ് നോമ്പെന്ന് അല്ലാഹു ആവർത്തിച്ചു പറയുന്നുണ്ട്. നോമ്പുകാരനും അല്ലാഹുവും തമ്മിൽ ദൂരങ്ങൾ ഇല്ല. അതുകൊണ്ടു തന്നെ നോമ്പ് എന്ന മഹത്തായ അനുഷ്ഠാനത്തിൽ പ്രകടനപരതയില്ല, യാതൊരു കലർപ്പുമില്ല.

റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികള്‍ കൂടുതലായി സ്രഷ്ടാവിലേക്കടുക്കുന്നു. സര്‍വവും അല്ലാഹുവിനു സമര്‍പ്പിക്കാനുള്ള മനോഭാവമാണ് വ്രതാനുഷ്ഠാനത്തിലൂടെ നേടാനാകുക. റമദാനിന്റെ പരിപൂര്‍ണമായ ചൈതന്യം കരസ്ഥമാക്കാന്‍ വിശ്വാസിക്കു സാധിക്കുന്നതും വിശപ്പ് അറിഞ്ഞു കൊണ്ടു തന്നെ.

നോമ്പിന്റെ പൊതുഗുണമായി വിശപ്പിനെ വിശേഷിപ്പിക്കാം. വിശപ്പിന്റെ വിളി ഉയര്‍ത്തുന്ന ചില സാമൂഹ്യപാഠങ്ങളുണ്ട്. നോവും നൊമ്പരവും ദൈന്യതയുമുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ വിശപ്പടക്കാൻ വകയില്ലാതെ കത്തിയാളുന്ന വയറുമായി ദിനരാത്രങ്ങള്‍ തള്ളി നീക്കുന്ന ജീവിതങ്ങളെക്കുറിച്ചുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലുകളാണത്.

സാധുസംരക്ഷണത്തിന്റെ പ്രായോഗികത മനസ്സിലാക്കി കൊടുക്കുന്ന ധർമവിപ്ലവമാണ് നോമ്പ് നിര്‍വഹിക്കുന്നത്. കേവലം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചുള്ള പട്ടിണിയല്ല നോമ്പ്.

തെറ്റുകളില്‍ നിന്നും പൂര്‍ണ്ണമായ വിടുതിയില്‍ തന്റെ ശരീരവും മനസ്സും ശുദ്ധമായിരിക്കണമെന്ന നിർബന്ധമാണ്നോമ്പ്. അഥവാ നാവ്, കണ്ണ്, കാത് അടക്കമുള്ളവയാലുള്ള തെറ്റുകളിൽ നിന്നും ഏഷണി, പരദൂഷണം എന്നിവയിൽ നിന്നും നോമ്പുകാർ വിട്ടുനിൽക്കണം.

ദുഷ് ചിന്തകള്‍ ഉപേക്ഷിച്ച് സൽപ്രവര്‍ത്തികള്‍ മാത്രം ചിന്തിച്ചു പുണ്യ കര്‍മ്മങ്ങളുടെ ഭാഗമായി മാറണം. രോഗികള്‍ക്ക് നോമ്പ് ഒഴിവാക്കുവാനും ഓരോ ദിവസത്തെയും നോമ്പിന് പകരമായി ഓരോ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുവാനുമുള്ള ഇളവ് അല്ലാഹു നല്‍കിയിട്ടുണ്ട്. അവരുടെ നോമ്പിന് പകരം അത് മതിയായതാണ്.

ഭക്ഷണം പാകം ചെയ്തുകൊണ്ട് സാധുക്കളായ ആളുകള്‍ക്ക്ഭക്ഷണം എത്തിച്ചു കൊടുക്കണം. പ്രായാധിക്യം കൊണ്ടോ രോഗം കൊണ്ടോ സ്വബോധത്തിലല്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന് നോമ്പ് നിര്‍ബന്ധമില്ല.

വ്രതത്തിന്റെ കാരുണ്യവും മാനുഷികതയും സഹജീവികൾക്ക് പകരണം.പുണ്യ പ്രവൃത്തികളിലൂടെ മനസ്സ് വിമലീകരിക്കണം. കൊറോണ മഹാമാരി ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഇത്തവണ നാം നോമ്പനുഷ്ഠിക്കുന്നത്.

ഈ ലോക്ക്ഡൗൺ കാലംവിശുദ്ധ റമദാനിനെ പൂർണ്ണമായും സ്വാധീനിച്ചിരിക്കുന്നു. ലോകം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ നാം നിരന്തരമായി പ്രാർത്ഥിക്കണം.

ബന്ധപ്പെട്ട അധികാരികൾ പള്ളികൾ തുറക്കുന്നതിന് അനുവാദം നൽകുന്നത് വരെ തറാവീഹ് നമസ്കാരം, ഖുർആൻ പാരായണം, തുടങ്ങിയ കാര്യങ്ങൾ വീട്ടിൽ വച്ച് നഷ്ടപ്പെട്ടു പോകാത്ത വിധം നിർവഹിക്കുക. മുഴുവൻ മനുഷ്യ മക്കൾക്കും സമാധാനവും സന്തോഷവും നിർഭയത്വവും ഉണ്ടായി തീരാൻ നമുക്ക് നാഥനോട് പ്രാർഥിക്കാം !

Advertisment