Advertisment

രത്‌ലാമിലും സൂര്യന്‍ പടിഞ്ഞാറാണ് അസ്തമിക്കുന്നത് ! രത്‌ലാമിലെ കല്യാണം ..

author-image
admin
New Update

- അഡ്വ. എസ് അശോകന്‍

Advertisment

നിഖിലും പൂജയും തമ്മിലുള്ള വിവാഹം മധ്യ പ്രദേശിലെ രത്‌ലാമില്‍ വെച്ചായിരുന്നു. ഇരിങ്ങാലക്കുടക്കാരനായ പ്രേംരാജിന്റേയും കോഴിക്കോടുകാരി രഞ്ജിനിയുടേയും മകനാണ് നിഖില്‍. രത്‌ലാമിലെ ഡോക്ടര്‍ ദമ്പതിമാരായ ഹരീഷ് ഭട്ടിന്റേയും നളിനി ഭട്ടിന്റേയും മകളാണ് ഡോക്ടര്‍ പൂജ.

മുംബൈയില്‍ ജോലി ചെയ്യുന്ന നിഖിലും പൂജയും പ്രണയ ബദ്ധരായത് ജാതിയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചാണ്. തീയ സമൂദായാംഗമായ നിഖിലിന്റേയും ബ്രാഹ്മണ സമൂദായക്കാരിയായ പൂജയുടേയും വീട്ടുകാര്‍ കൂടി പച്ചക്കൊടി കാണിച്ചതോടെ ഇരുവരുടേയും വിവാഹത്തിന് വഴിയൊരുങ്ങി.

publive-image

അങ്ങിനെയാണ് അടുത്ത ബന്ധുവായ നിഖിലിനോടൊപ്പം തികച്ചും അപരിചിതമായ രത്‌ലാമിലേക്കുള്ള യാത്ര തീരുമാനിച്ചത്.

മുംബൈയില്‍ നിന്നും രാത്രി പത്ത് മണിക്കുള്ള ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലിലായിരുന്നു രത്‌ലാമിലേക്കുള്ള യാത്ര. ബ്രീട്ടീഷ് ഭരണകാലത്ത് പാക്കിസ്ഥാനിലെ പെഷവാറിലാണ് ഫ്രോണ്ടിയര്‍ മെയില്‍ യാത്ര അവസാനിപ്പിച്ചിരുന്നത്.

വിഭജനത്തോടെ അമൃതസറില്‍ യാത്ര അവസാനിപ്പിച്ച് ഫ്രോണ്ടിയര്‍ മെയില്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയില്‍ ആയി മാറിയത് ചരിത്രം. രത്‌ലാമിലേക്കുള്ള യാത്രയില്‍ എണ്‍പതുകള്‍ പിന്നിടുന്ന രണ്ട് വല്യമ്മമാരും ഞങ്ങളോടൊപ്പം ഉണ്ട്. നടപ്പ് ദുസ്സഹമാണെങ്കിലും ഇരുവരും പേരക്കിടാവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ്.

മുംബൈ - ഡല്‍ഹി റൂട്ടില്‍ മുംബൈയില്‍ നിന്നും സുമാര്‍ അറുന്നൂറ്റി മുപ്പത്തി നാലുകിലോമീറ്റര്‍ ദൂരെയാണ് രത്‌ലാം. രാവേറെ വൈകി യാത്ര തിരിച്ചതിനാല്‍ ഇരുട്ട് കീറിമുറിച്ചായിരുന്നു യാത്രയുടെ ഭൂരിഭാഗവും. പുലര്‍കാലത്ത് വെള്ളി വീശാന്‍ തുടങ്ങിയപ്പോഴേക്കും മധ്യപ്രദേശിലെ വിജനമായ ഉള്‍നാടന്‍ പ്രദേശങ്ങള്‍ ഓടി മറഞ്ഞു തുടങ്ങി.

നീണ്ടു പരന്നു കിടക്കുന്ന വിജനമായ കുറ്റിക്കാടുകള്‍ താണ്ടി ട്രെയിന്‍ രത്‌ലാമില്‍ എത്തിയപ്പോള്‍ സമയം രാവിലെ ആറ് അമ്പത്.വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വരനേയും സംഘത്തേയും സ്വീകരിക്കുവാന്‍ വധുവിന്റെ ബന്ധുക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

നടന്നിറങ്ങാന്‍ ബുദ്ധിമുട്ടുള്ള വല്യമ്മമാരെ വധുവിന്റെ ബന്ധുക്കള്‍ എടുത്താണ് ട്രെയിനില്‍ നിന്നും ഇറക്കി വീല്‍ ചെയറുകളില്‍ ഇരുത്തിയത്. അപ്രതീക്ഷതമായ സ്വീകരണം കണ്ട് പകച്ച് നില്‍ക്കെ സുഖുമനായ ദീര്‍ഘകായന്‍ എന്റെ കഴുത്തില്‍ പൂമാലയിട്ടുകൊണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലുമായി പറഞ്ഞു.

'അയാം പൂജാസ് അങ്കിള്‍ ആപ് ആയിയെ'.(ഞാന്‍ പുജയുടെ അമ്മാവനാണ് അങ്ങ് വന്നാലും). ആകാര സൗകുമാര്യത്തേക്കാള്‍ ഭംഗിയുള്ള വാക്കുകള്‍. വധുവിന്റെ സംഘം നയിച്ച വാഹന വ്യൂഹം സിറ്റിയിലെ അമൃത സാഗര്‍ പാലസ്ഹോട്ടലില്‍ എത്തി.

വൃത്തിയും വെടിപ്പുമുള്ള അതിവിശാലമായ ശീതീകരിച്ച മുറികള്‍.ഹോട്ടലിലെ വിസ്തൃതമായ ഡൈനിംഗ് ഹാളില്‍ ആണ് പ്രഭാത ഭക്ഷണംഒരുക്കിയിരുന്നത്. ഇഡ്‌ലിയും, പൊറോട്ടയും, പ്രത്യേകതരം ഉപ്പുമാവുംഒക്കെ അടങ്ങുന്ന വിഭവങ്ങള്‍.

വിവിധ തരം ധാന്യങ്ങള്‍ പൊടിച്ച് ചേര്‍ത്ത ഒട്ടും മയം ഇല്ലാത്ത മാവുകൊണ്ട് ഉണ്ടാക്കിയ ഇഡ്‌ലിയും കഷണങ്ങള്‍ ഒന്നും ചേര്‍ക്കാത്ത നീണ്ട സാമ്പാറും കഴിച്ചപ്പോള്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന പൂപോലുള്ള ഇഡ്‌ലിയുടെ കാര്യം ഓര്‍ത്തു. അല്‍പ്പം മയം കുറഞ്ഞാല്‍ അമ്മയോടു വഴക്കിടുന്നതും!

മനസ്സ് മന്ത്രിച്ചു. ഇതു കേരളമല്ല. രത്‌ലാമാണ്. പൂമാലയിട്ട് സ്വീകരിച്ച ആള്‍ ആരെന്ന് പിന്നീടാണ് മനസ്സിലായത്. സ്വന്തമായി ആയൂര്‍വേദ മെഡിക്കല്‍ കോളേജും, ഹോമിയോ മെഡിക്കല്‍ കോളേജും, നേഴ്‌സിംഗ് കോളേജും, മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും ഒക്കെ നടത്തുന്നഡോക്ടര്‍ രജേഷ് ശര്‍മ്മ. ഹിന്ദിയിലും, ഇംഗ്ലീഷിലും മനോഹരമായി സംസാരിക്കുകയും, പാടുകയും, അനായാസം നൃത്തം ചെയ്യുകയും ചെയ്യുന്ന സര്‍വ്വകലാ വല്ലഭന്‍.

അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടര്‍ സ്മിതയും ഒന്നിലും പിറകിലല്ല! എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് അവരുടെ വിനയവും, മാന്യതയും, എളിമയുമാണ്.പ്രത്യേകിച്ചും പ്രായം കൂടിയവരോടുള്ള ബഹുമാനവും, ആദരവും.

രത്‌ലാമില്‍ ബാര്‍ബാദ്- സൈലാന റോഡിലുള്ള അമൃത് ഗാര്‍ഡന്‍സ്റിസോര്‍ട്ടില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍. വിസ്തൃതമായ ഇന്‍ഡോര്‍/ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയങ്ങളും വിവാഹ പാര്‍ട്ടിക്കു താമസിക്കുവാനുള്ള മുറികളും എല്ലാം അടങ്ങുന്നതാണ് അമൃത ഗാര്‍ഡന്‍സ്.

റിസോര്‍ട്ടിന്റെ വരാന്തയില്‍ ഇസ്തിരിയിടാനും, ഷൂ പോളിഷ് ചെയ്യാനും, ഷേവ് ചെയ്യാനുമൊക്കെ റെഡിയായി നില്‍ക്കുന്നവരെ കണ്ട് അമ്പരന്നപ്പോള്‍ വധുവിന്റെ ബന്ധുക്കള്‍ അറിയിച്ചു. ഇസ്തിരിയിടാനും, ഷേവ് ചെയ്യാനും, ഷൂ പോളിഷ് ചെയ്യാനും ഒക്കെഏര്‍പ്പൊടാക്കിയിട്ടുണ്ട്.

ആദ്യ ദിവസം രാത്രിയിലായിരുന്നു വധുവരന്‍മാരെ മഞ്ഞളും, മൈലാഞ്ചിയും അണിയിക്കുന്ന ചടങ്ങ്. വധൂവരന്‍മാരുടെ മുഖത്തും കൈകളിലുമൊക്കെ അടുത്ത ബന്ധുക്കള്‍ മഞ്ഞള്‍ അണിയിച്ച ശേഷമാണ് മൈലാഞ്ചി ഇടുന്ന ചടങ്ങ് തുടങ്ങിയത്.

ചാരുതയോടെ മൈലാഞ്ചിയിടുന്നതില്‍ വൈദഗ്ധ്യം നേടിയവരാണ് മൈലാഞ്ചി അണിയിക്കുന്നത്. വധൂവരന്‍മാരുടെ ബന്ധുക്കളുടെ കൈകളിലും മൈലാഞ്ചി അണിയിക്കാന്‍ തിരക്കു കൂട്ടുന്നതു കൗതുക കാഴ്ച്ച ആയിരുന്നു.

മൈലാഞ്ചിയിടീല്‍ പുരോഗമിക്കുന്നതിനിടയില്‍ ചടങ്ങു കൊഴുപ്പിക്കാനെത്തിയ ഗായിക ബന്ധുക്കളുടേയും, അതിഥികളുടേയും, വരന്റേയും, വധുവിന്റേയും പേരുകള്‍ ചേര്‍ത്ത് ഗസല്‍ ശൈലിയില്‍ പാട്ടു പാടുന്നതും അതിനൊത്ത് എല്ലാവരും നൃത്തചുവടുകള്‍ വയ്ക്കുന്നതും രാവേറെ ചെല്ലുന്നതു വരെ നീണ്ടു.

ചടങ്ങുകള്‍ തീര്‍ന്ന ശേഷംഭക്ഷണം. വിവിധ തരം വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം വിളമ്പുന്ന സദ്യവട്ടം. വധൂവരന്‍മാര്‍ക്കും അതിഥികള്‍ക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വസ്ത്രങ്ങളും മറ്റും നല്‍കി ആദരിക്കുന്നതായിരുന്നു രണ്ടാം ദിവസത്തെ ആദ്യ ചടങ്ങ്.വധുവിന്റെ മുത്തശിയും ഡോക്ടര്‍ ആണ്.

ഡോക്ടര്‍ മുത്തശിയാണ് എല്ലാവരേയും ആദരിച്ചത്. സമ്മാനങ്ങളും മറ്റും വിതരണം ചെയ്യുവാനായി ഡോക്ടര്‍ രാജേഷ്ശര്‍മ്മ അമ്മയെ ക്ഷണിച്ചു കൊണ്ട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു.

'അമ്മയാണ് എല്ലാം. എല്ലാ ഐശ്വര്യങ്ങളും അമ്മയുടെ അനുഗ്രഹമാണ്. വൈകുന്നേരം ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ നടന്ന സംഗീത വിരുന്ന് ഒരുപുത്തന്‍ അനുഭവം ആയി മാറി. മനോഹരമായി ഒരുക്കിയ വേദിയില്‍ കണ്ണഞ്ചിപ്പിക്കുന്ന വേഷഭൂഷാദികളോടെ വധൂവരന്‍മാര്‍ ഇരുന്നു.

വേദിയോടു ചേര്‍ന്നൊരുക്കിയ നൃത്തമണ്ഡപത്തില്‍ ആദ്യ പടിയായി വധൂവരന്‍മാരുടെ ബന്ധുക്കള്‍ ഒത്തൊരുമിച്ച്നൃത്ത ചുവടുകള്‍ വെച്ച് ബന്ധവും സൗഹൃദവും ഉറപ്പിച്ചു. വധുവിന്റെ അമ്മാവന്‍ ഡോക്ടര്‍രാജേഷ് ശര്‍മ്മയുടേയും അമ്മായി ഡോക്ടര്‍ സ്മിതയുടേയും നൃത്തം ആരേയും വിസ്മയിപ്പിക്കുന്നതായിരുന്നു.

വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന ഡോക്ടര്‍രാജേഷ് സുന്ദരമായ ഗാനവും ആലപിച്ചു. വധൂവരന്‍മാര്‍ ഒറ്റക്കും ഒരുമിച്ചും നൃത്തചുവടുകള്‍ വച്ച് അരങ്ങ് കൊഴുപ്പിച്ചപ്പോള്‍ അത്താഴ വിരുന്നു തുടങ്ങി കഴിഞ്ഞിരുന്നു.

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ അത്യാകര്‍ഷകമായി ഒരുക്കിയ കൗണ്ടറുകളില്‍വെജിറ്റേറിയന്‍ വിഭവങ്ങളുടെ നീണ്ട നിര. സംഗീത വിരുന്നിന്കൊടിയിറങ്ങിയപ്പോള്‍ പാതിരാവടുത്തു. മൂന്നാമത്തെ ദിവസമായിരുന്നു ബാരാത്ത് എന്നറിയപ്പെടുന്ന വരന്റെ സ്വീകരണാഘോഷവും, താലി ചാര്‍ത്തും.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയബന്ധുക്കളെ തലപ്പാവ് അണിയിച്ചാണ് സ്വീകരിച്ചത്. വധുവിന്റെ ബന്ധുക്കള്‍ക്കും വരന്റെ ബന്ധുക്കള്‍ക്കും വ്യത്യസ്ഥ നിറത്തിലുള്ള തലപ്പാവുകള്‍. തലപ്പാവുകള്‍ അണിഞ്ഞപുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പ്രത്യേക ചന്തം തന്നെ.അലങ്കരിച്ച കുതിരപ്പുറത്ത് രാജകുമാരനെ പോലെ അണിഞ്ഞൊരുങ്ങിയ വരന്‍ ബന്ധു ജനങ്ങളോടൊപ്പം നഗരി ചുറ്റി വിവാഹ മണ്ഡപത്തില്‍ എത്തുന്ന ചടങ്ങാണ്ബാരാത്ത്. വരന്റെ പാര്‍ട്ടിയില്‍പ്പെട്ടവരെല്ലാം പാട്ടിനൊത്ത് നൃത്തം ചവുട്ടി വരനെ അനുഗമിക്കണമെന്നാണ് കീഴ് വഴക്കം.

നൃത്തം ചെയ്ത് ശീലമില്ലാത്ത മലയാളികളായ വരന്റെ ബന്ധുക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ പെടാപ്പാട് പെട്ടുപോയി.വിവാഹ മണ്ഡപത്തിനടുത്തെത്തിയ വരനേയും ബന്ധുക്കളേയും ആരതി ഉഴിഞ്ഞും മുത്തുമാലകള്‍ ചാര്‍ത്തിയും വധുവിന്റെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ച്വിവാഹ മണ്ഡപത്തിലേക്ക് ആനയിച്ച് മണ്ഡപത്തില്‍ സജ്ജീകരിച്ച കസേരകളില്‍ ഒന്നില്‍ വരനെ ഇരുത്തി തുടര്‍ന്ന് പരമ്പരാഗത രീതിയില്‍ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ വധുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് വിവാഹ മണ്ഡപത്തിലേക്ക് ആനയിച്ച് മണ്ഡപത്തിലെ മറ്റൊരു കസേരയില്‍ ഇരുത്തി.

publive-image

വരന്റെ സഹോദര സ്ഥാനത്തുള്ള ബന്ധു വിവാഹമണ്ഡപത്തിലെത്തി വധുവിന് പാദ ശുശ്രുഷ നടത്തിയതോടെയാണ് വിവാഹചടങ്ങുകള്‍ ആരംഭിച്ചത്.

വരനും വധുവും പരസ്പരം വിവാഹമാലകള്‍ അണിയിച്ചശേഷം വിവാഹ മണ്ഡപത്തില്‍ നിന്നും ഇറങ്ങി ആഡിറ്റോറിയത്തില്‍ തന്നെ പ്രത്യേകം തയ്യാറാക്കിയിരുന്ന പൂജാ സ്ഥാനത്തെത്തി ഗണപതി പൂജ നടത്തി വലതു കൈവെള്ളയില്‍മൈലാഞ്ചി കുഴമ്പ് തേച്ചു പിടിപ്പിച്ച് കൈപ്പത്തികള്‍ ചേര്‍ത്തു വച്ച് വസ്ത്രം കൊണ്ട്ബന്ധിപ്പിച്ചു.

പരസ്പരം ബന്ധിപ്പിക്കപ്പെട്ട കൈകളുമായി വധുവരന്‍മാര്‍ വിവാഹമണ്ഡപത്തില്‍ തിരിച്ചെത്തി കസേരകളില്‍ ഇരുന്നു. തുടര്‍ന്ന് വധൂവരന്‍മാരുടെമാതാപിതാക്കള്‍ പൂജാരി ചൊല്ലുന്ന മന്ത്രങ്ങള്‍ ഏറ്റു ചൊല്ലി നീണ്ട കൈപിടിയുള്ളസ്പൂണ്‍ കൊണ്ട് നെയ്യ് അഗ്നികുണ്ഠത്തില്‍ സമര്‍പ്പിച്ചു.

വധൂവരന്‍മാരുടെ കൈയ്യിലെ കെട്ടഴിച്ച്മൈലാഞ്ചി കുഴമ്പ് തുടച്ചു മാറ്റിയ ശേഷം പരമ്പരാഗത രീതിയില്‍ താലികെട്ട്.ആരുടെ കൈവെള്ളയിലാണ് കൂടുതല്‍ നിറം പിടിച്ചതെന്ന് കണ്ടെത്തി പൂജാരി ജോത്സ്യപ്രവചനം കൂടി നടത്തിയതോടെ ഉദ്ദേശം മൂന്ന് മണിക്കൂര്‍ നീണ്ട വിവാഹ ചടങ്ങുകള്‍ക്ക്പരിസമാപ്തിയായി.

വിവാഹ ദിവസം രാത്രിയിലായിരുന്നു വിവാഹ സല്‍ക്കാരം. സംഗീതവിരുന്ന് നടന്ന അതേ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍. സല്‍ക്കാരംകൊഴുപ്പിക്കുവാനായി പ്രൊഫഷണല്‍ ഗായകര്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജില്‍നിന്ന് ഗാനങ്ങള്‍ ആലപിച്ചു കൊണ്ടിരുന്നു. വേദിയും നൃത്ത മണ്ഡപവും ഭക്ഷണകൗണ്ടറുകളും എല്ലാം അതീവ ചാരുതയോടെ പുനര്‍ നിര്‍മ്മിച്ചിരുന്നു.

എണ്ണമറ്റകൗണ്ടറുകളില്‍ വിവിധ തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍. ഇന്‍ഡ്യനും, ചൈനീസും അടക്കം.എല്ലാം സസ്യഭക്ഷണം. മാംസാഹാരം പാടെ നിഷിദ്ധം. സല്‍ക്കാരവും ഗാനമേളയും എല്ലാം അവസാനിപ്പിച്ചപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞു.മൂന്ന് ദിവസത്തെ സല്‍ക്കാരങ്ങളും പാതിരാത്രി വരെ നീണ്ടു നീണ്ടു പോയി എങ്കിലും ചടങ്ങില്‍ പങ്കെടുത്തവര്‍ ആരും ഒരു തുള്ളി മദ്യം പോലും കഴിച്ചിരുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

വിവാഹത്തില്‍ പങ്കെടുത്തവരില്‍മദ്യപിക്കാത്തവര്‍ തീര്‍ത്തും വിരളമായിരുക്കുമെന്നുറപ്പാണ്. പക്ഷെ ചടങ്ങുകള്‍തീരുന്നതു വരെ മദ്യപിക്കരുതെന്ന് അവര്‍ക്കെല്ലാം നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

വിവാഹ സല്‍ക്കാരങ്ങളിലും മറ്റ് ആഘോഷങ്ങളിലുമെല്ലാം മദ്യത്തിനുള്ള സ്ഥാനം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന നാടായി നമ്മുടെ കൊച്ചു കേരളം മാറിയിരിക്കുന്നു. രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ പിന്നെ എന്തു കല്യാണം എന്താഘോഷംഎന്നായിരിക്കുന്നു സ്ഥിതി. മരണ വീട്ടില്‍ പോലും മദ്യമാണ് സൂപ്പര്‍ താരം എന്നതാണ് അതിശയം.

കേരളീയര്‍ സായിപ്പിനെ അന്ധമായി അനുകരിക്കുകയാണ്. ഏതു കാര്യത്തിലും സായിപ്പിന് ഒരു ഡിസിപ്ലിനുണ്ട്. മദ്യപാനത്തിന്റെ കാര്യത്തിലും അങ്ങിനെ തന്നെയാണ്. എപ്പോഴാകാം, എവിടെയാകാം, എത്രയാകാം എന്ന കാര്യത്തിലൊക്കെ സായിപ്പിന് അതിര്‍ വരമ്പുകള്‍ ഉണ്ട്. മലയാളികള്‍ക്കില്ലാതെ പോയതും ആ അച്ചടക്കമാണ്.

രണ്ടാം ദിവസത്തെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മലയാളിയായ ബന്ധു എന്നോട് പറഞ്ഞു 'ഭക്ഷണത്തിന് മുമ്പ് രണ്ട് പെഗ്ഗ് കഴിക്കണമെന്നത്നിര്‍ബന്ധമാണ്. നമ്മുക്കൊന്നു കൂടിയാലോ?'.

ക്ഷണം നിരസിക്കാന്‍ രണ്ടു വട്ടംആലോചിക്കേണ്ടി വന്നില്ല. രാത്രിയിലെ വിരുന്നു സല്‍ക്കാരമൊക്കെ കഴിഞ്ഞ് അതിഥികള്‍ എല്ലാം പിരിഞ്ഞ ശേഷം വധൂവരന്‍മാരുടെ അടുത്ത ബന്ധുക്കള്‍ സ്വകാര്യമായി ഒത്തു കൂടി. എല്ലാവരും ബിയര്‍ മാത്രം കഴിച്ചപ്പോള്‍ ഹോട്ട് ഡ്രിംഗ് ആവശ്യപ്പെട്ടത് മലയാളിയായ ബന്ധു മാത്രം !.

കേരളത്തിനു വെളിയില്‍ മലയാളികള്‍ക്ക് മറ്റൊരു മുഖം എന്നാണ് പറച്ചില്‍. രത്‌ലാമില്‍ ചെന്നാലും മദ്യത്തിന്റെ കാര്യത്തില്‍ മലയാളി മാറില്ല. സ്വര്‍ണത്തില്‍ കുളിച്ചു നില്‍ക്കുന്ന കല്ല്യാണ പെണ്ണുങ്ങളെ കണ്ടു കണ്ട് കണ്ണ് മഞ്ഞളിച്ചവര്‍ക്ക് രത്‌ലാമിലെ കല്ല്യാണം വേറിട്ട ഒരനുഭവമായിരുന്നു.

വധുവിന്റെ വസ്ത്രങ്ങള്‍ വര്‍ണ്ണ ശബളാഭമാണെങ്കിലും മെയ്യാഭരണങ്ങള്‍ നന്നേ കുറവ്. ഒരേ ഒരു മാലമാത്രമാണ് വധു അണിഞ്ഞിരുന്നത്. താലി ചാര്‍ത്തിന് ശേഷം അടുത്ത ബന്ധുക്കള്‍ സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി നല്‍കിയെങ്കിലും വധു അതൊന്നും അണിഞ്ഞില്ല.

കേരളത്തിലാണെങ്കില്‍ എന്താ സ്ഥിതി?. ഉള്ളവനും ഇല്ലാത്തവനും ഒരു പോലേയാണ്. ഉള്ളവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് മൂടും ഇല്ലാത്തവര്‍ വരവ് മാലകള്‍കൊണ്ടെങ്കിലും മൂടും.

publive-image

മഞ്ഞ ലോഹത്തില്‍ കുളിച്ചു നില്‍ക്കുന്ന കല്ല്യാണ പെണ്ണിനെ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയില്ല. മലയാളിക്ക് സ്വര്‍ണ്ണത്തിനോടും, മദ്യത്തിനോടും ഭ്രാന്തമായ അഭിനിവേശമാണ്.

മധ്യപ്രദേശിലെ എല്ലാ വിവാഹങ്ങളും ഇതുപോലെയാണെന്നോ കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും മദ്യത്തിലും സ്വര്‍ണത്തിലും കുളിച്ചാണെന്നോ ഒന്നും ആര്‍ക്കും പറയാനാവില്ല. ഈ വ്യത്യസ്ഥത കാണാതെ പോകരുതെന്നു മാത്രം!.

മലയാളികള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. ലോകത്തുള്ള മറ്റാരേക്കാളും മിടുക്കരും കേമന്‍മാരുമാണെന്ന അഹങ്കാരം. കേരളത്തിന്റെ അതിര്‍ത്തി കടന്ന് മറ്റുള്ളവരെ കാണുകയും അവരുമായി ഇടപെടുകയും ചെയ്യുന്നതു വരെ മാത്രം അല്‍പ്പായുസ്സുള്ള അഹങ്കാരം !.

ഒരുപാടു മേഖലകളില്‍ മധ്യപ്രദേശിനേക്കാള്‍ എത്രയോ മുന്നിലാണ് കേരളം. എന്നാലും അവരില്‍ നിന്നു പഠിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ ബാക്കിയാണ് !. രത്‌ലാമില്‍ നിന്നും കേരളത്തിലേക്കു മടങ്ങുമ്പോള്‍ ഞാനറിയാതെ എന്നോടു തന്നെ ചോദിച്ചു. രത്‌ലാമില്‍ സൂര്യന്‍ പടിഞ്ഞാറു തന്നെയല്ലെ അസ്തമിക്കുന്നത് ?.

(ലേഖകന്‍ മുന്‍ ഇടുക്കി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും നിലവില്‍ യു ഡി എഫ് ഇടുക്കി ജില്ലാചെയര്‍മാനും, കെ പി സി സി നിര്‍വ്വാഹക സമിതി അംഗവുമാണ് )

Advertisment