Advertisment

രോഗം: വഴികൾ അടയുമ്പോൾ... രോഗിയെ മരിക്കാൻ വിടണോ അതോ മരുന്ന് വാങ്ങി കടംകേറി കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കണോ എന്നതാണ് പലപ്പോഴും മനുഷ്യരുടെ മുന്നിലുള്ള ചോദ്യം ..

author-image
admin
Updated On
New Update

- ഡോ: എസ്.എസ്. ലാൽ

Advertisment

ന്ന് കാലത്ത് കൊച്ചിയിൽ നിന്നും അടുത്ത ഒരു സുഹൃത്തിന്റെ ഫോൺ വന്നു. അദ്ദേഹത്തിന്റെ ബന്ധു ആശുപത്രിയിലാണ്. ഒരു കൈക്കുഞ്ഞുള്ള ചെറുപ്പക്കാരിയായ രോഗിക്ക് കാൻസർ സ്ഥിരീകരിച്ചിരിക്കുന്നു. ഉദോഗസ്ഥയല്ല. വരുമാനത്തിനായി ഭർത്താവിന്റെ ചെറിയ ബിസിനസ് മാത്രം. ഒരു വലിയ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ട് രണ്ടാഴ്ചയായി. ഇതിനകം കടം വാങ്ങിയ നാലരലക്ഷം രൂപ ചെലവായിക്കഴിഞ്ഞു. മനുഷ്യ സ്നേഹത്തിനും നന്മയ്ക്കും പേരുകേട്ട പ്രസ്ഥാനത്തിന്റെ വകയാണ് ആശുപത്രി !

അപ്രതീക്ഷിതമായി വലിയ രോഗങ്ങൾ വന്നാൽ നമ്മൾ ആരും ആടിപ്പോകും. അമ്പരപ്പിനിടയിൽ രോഗിയോ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ തങ്ങൾക്ക് പരിചയമുള്ള ഡോക്ടർമാരെ ബന്ധപ്പെടുന്നത് സാധാരണമാണ്. എനിക്കു വന്ന ഫോണും ആ ഗണത്തിൽപ്പെടും. ചികിത്സിക്കുന്ന ഡോക്ടറോട് നമ്മുടെ പരിചയക്കാരൻ ഡോക്ടറെക്കൊണ്ട് ഫോണിലെങ്കിലും ഒന്ന് വിളിപ്പിക്കുകയാണ് ഉദ്ദേശ്യം. ഇത് രോഗിക്കും ബന്ധുക്കൾക്കും വലിയ ആശ്വാസമാണ്.

publive-image

യഥാർത്ഥത്തിൽ ഇത്തരം ബാഹ്യ ഇടപെടലുകളുടെ ആവശ്യമുണ്ടോ, ഈ ഫോൺ വിളി കൊണ്ട് ചികിത്സയിൽ എന്തെങ്കിലും മെച്ചമുണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. എനിക്കാവശ്യം വരുന്പോൾ ഞാനും, എനിക്കറിയാവുന്ന രാഷ്ട്രീയക്കാരും ഡോക്ടർമാരും പുരോഹിതരും ഇതുപോലെ പരിചയക്കാരായ ഡോക്ടർമാരെ ആശുപത്രിയുമായി ബന്ധപ്പെട്ട ശുപാർശകൾക്ക് ബന്ധപ്പെട്ടാറുണ്ട്.

സഹജീവികളുടെ ദുഃഖത്തിൽ അനുതാപമുള്ളവരും മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് ആഗഹമുള്ളവരുമെല്ലാം ഈ ഇടപെടലുകൾക്ക് മുൻകൈ എടുത്തു പോകും.

ചികിത്സാ സംവിധാനത്തിൽ ആരും ഇടപെടാതെ തന്നെ കൃതമായി കാര്യങ്ങൾ നടക്കുന്ന നിരവധി വികസിത രാജ്യങ്ങളുണ്ട്. സ്വിറ്റ്സർലണ്ടിൽ ജീവിച്ചപ്പോഴും ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്പോഴും അനുഭവം ഇതാണ്. എന്നാൽ നമ്മുടേതുപോലുള്ള നാടുകളിൽ സ്ഥിതി വ്യത്യസ്തമാണ്.

പാമ്പ് കടിയേറ്റ് ധാരാളം മനുഷ്യർ മരിച്ചു പോകുന്ന രാജ്യത്ത് ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്. കടിയേറ്റവന് സമയത്തിന് പ്രതിമരുന്ന് കിട്ടാത്തതു മൂലമാണ് അത്തരം മരണങ്ങളുണ്ടാകുന്നത്. വാഹനങ്ങളും ആംബുലൻസുകളും എത്തിപ്പെടാത്ത പ്രദേശങ്ങളിൽ ജീവിക്കുന്ന ദരിദ്ര മനുഷ്യർക്ക് അടുത്തുള്ള ആശുപത്രിയിലെത്താൻ ഇരുപതും മുപ്പതും കിലോമീറ്റർ താണ്ടേണ്ടി വരും.

അതേ നാട്ടിലെ വി.ഐ.പി.ക്ക് അസുഖം വന്നാൽ വിമാനത്തിൽ അയൽരാജ്യത്തേക്ക് കൊണ്ടു പോകും. ഇത്തരം വ്യത്യാസങ്ങൾ നമ്മുടെ നാടുകളിൽ സർവ്വസാധാരണം. പെട്ടെന്നൊന്നും പരിഹരിക്കാൻ പറ്റാത്തത്ര വലുതാണ് ആ വിഷയം. പല ദരിദ്ര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ നമ്മുടെ കാര്യം ഭേദമാണ് എന്നതു മാത്രമാണ് ആശ്വാസം.

പൊതുവേ കേരളത്തിലെ സർക്കാരാശുപത്രികളിൽ വലിയ തിരക്കാണ്. സ്വകാര്യാശുപത്രികളിലെ പ്രഗത്ഭ ഡോക്ടർമാർക്കും തിരക്കുണ്ട്. മിക്കപ്പോഴും തങ്ങളെക്കൊണ്ട് താങ്ങാനാവുന്നതിലധികം ഭാരമാണ് നല്ല ഡോക്ടർമാർക്കുള്ളത്. അതുകൊണ്ട് രോഗി ആഗഹിക്കുന്ന തരത്തിൽ സമയം ചെലവഴിക്കാനും ആശ്വാസം നൽകുന്ന വർത്തമാനം പറയാനും എല്ലാ ഡോക്ടർമാർക്കും എപ്പോഴും കഴിഞ്ഞെന്നു വരില്ല.

വലിയ ചികിത്സകൾ ചെയ്യുന്ന ഡോക്ടർമാർക്കുമുണ്ട് കുടുംബവും ജീവിതവും. അവരും മനുഷ്യരാണ്. ഡോക്ടർക്ക് കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്ന തൊഴിലാണ് ചികിത്സ. ഓരോ രോഗിയും ഡോക്ടറുടെ ഭാവിയും ആയുസ്സും കൂടി നിർണ്ണയിക്കുന്നവരാണ്. രോഗി മരിച്ചാൽ ഡോക്ടറെ തല്ലുന്ന രീതി ഇപ്പോൾ ഒരു സംഭവമല്ലാതായി മാറിയിട്ടുണ്ട്.

ചികിത്സാ സംവിധാനങ്ങളിൽ പതിയെ ആണെങ്കിലും ഗുണപരമായ മാറ്റങ്ങൾ വരുന്നുണ്ട് എന്നത് യാഥാർത്ഥ്യവും ആശ്വാസവുമാണ്. കേരളത്തിലെ സർക്കാരാശുപത്രികൾ പൊതുവായി ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. സ്വകാര്യാശുപത്രികളിലുമുണ്ട് നല്ല ഡോക്ടർമാർ ധാരാളം. രോഗികൾക്ക് പല സർക്കാർ ധനസഹായങ്ങളും ഇൻഷുറൻസും കിട്ടുന്നുണ്ടെന്നും കേൾക്കുന്നു.

നല്ല മാറ്റങ്ങളോർത്ത് സമാധാനിക്കുമ്പോഴും ഇനിയും കാര്യമായി പുരോഗമിക്കാത്ത മേഖലകളും ഒരുപാടുണ്ട്. ചികിത്സയിലെ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാത്തതും, രോഗിയെ കാര്യങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതും, ചികിത്സാ ചെലവ് നിയന്ത്രിക്കാൻ കഴിയാത്തതുമാണ് ചില പ്രധാന പ്രശ്നങ്ങൾ.

ഒരേ രോഗം വ്യത്യസ്ത ഡോക്ടർമാർ സ്വന്തം ഇഷ്ടത്തിനും ഭാവനയ്ക്കും അനുസരിച്ചു ചികിത്സിക്കുന്ന രീതി നാട്ടിൽ ഇപ്പോഴുമുണ്ട്. അന്തർദേശീയ വേദികളിൽ ഇക്കാര്യം പറയുന്പോൾ ഇന്ത്യക്കാർക്ക് തല കുനിച്ചിരിക്കേണ്ട അവസ്ഥയുണ്ട്. 1991-ൽ ഇന്ത്യക്കാരനായ ഡോ. മുകുന്ദ് ഉപ്ലേക്കർ നടത്തിയ ഒരു പഠനം ലോകത്തെയാകമാനം ഞെട്ടിച്ചു.

ബോംബേയിലെ നൂറ് ഡോക്ടർമാരോട് ക്ഷയരോഗ ചികിത്സയ്ക്കുള്ള മരുന്നു കുറിക്കാൻ പറഞ്ഞപ്പോൾ വ്യത്യസ്തമായ എൺപത് ഇനം കുറിപ്പടികൾ ലഭിച്ചു. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ഗവണ്മെന്റിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് കുറിപ്പടി എഴുതിയവർ വിരലിലെണ്ണാവുന്നവർ മാത്രം.

ഇരുപത് വർഷത്തിന് ശേഷം പഠനം ആവർത്തിച്ചപ്പോഴും മുംബെയിലെ സ്ഥിതി പഴയത് തന്നെ. ഒരു നിയന്ത്രണവുമില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ വിറ്റഴിയുന്ന മുംബൈയിൽ മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗത്തിന്റെ പേടിപ്പിക്കുന്ന വ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാണ്. മുംബൈയ്ക്കും രാജ്യത്തിനും വലിയ നാണക്കേടും.

ഡോക്ടർമാരെ കൂടാതെ വൈദ്യനും ഹോമിയോ ഡോക്ടറും സിദ്ധനും വ്യാജവൈദ്യനുമെല്ലാം ഇടം കയ്യും വലം കയ്യും കൊണ്ട് രോഗികൾക്ക് ആന്റിബയോട്ടിക് കുറിക്കുന്നു. അടുത്തിടെ സർക്കാരും, ലോകാരോഗ്യ സംഘടനയും, ഞാനുൾപ്പെടെയുള്ളവർ പ്രവർത്തിച്ച ചില പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകൾ മുംബൈയിൽ ചെറിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എങ്കിലും സംഗതികൾ എളുപ്പമല്ല. വെറുതേ എഴുതുകയല്ല, അനുഭവത്തിൽ നിന്ന് പറയുകയാണ് എന്ന് സൂചിപ്പിക്കാനാണ് ഈ ഉദാഹരണം പറഞ്ഞത്.

ഇനി, രോഗികളെ ചികിത്സാ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിനെപ്പറ്റി. തുടക്കത്തിൽ സൂചിപ്പിച്ച ചെറുപ്പക്കാരിക്ക് കാൻസർ കണ്ടുപിടിച്ചതിന്റെ കടലാസുകൾ എനിക്ക് വാട്സാപ്പിൽ കിട്ടി. ചോദിച്ചിട്ട് കോപ്പി കിട്ടാത്തതിനാൽ അവർ ഫോട്ടോയെടുത്ത് അയച്ചതാണ്.

ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയക്ക് കാൻസർ വ്യാപനം ഉണ്ടോ എന്നറിയാൻ രോഗിയാട് പെറ്റ് സ്കാൻ എടുക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. ഇനി കടം വാങ്ങാൻ അവർക്ക് വഴികളില്ല. അതുമല്ല പ്രശ്നം. കാൻസർ രോഗത്തിന്റെ അവസ്ഥയെക്കുറിച്ചോ ജീവിച്ചിരിക്കാൻ സാദ്ധ്യതയുള്ള കാലയളവിനെപ്പറ്റിയോ അവരോട് ആരും പറഞ്ഞു കൊടുത്തിട്ടില്ല. ധനസഹായ സാദ്ധ്യതകളെപ്പറ്റിയും ആരും സംസാരിച്ചില്ല.

എന്റെ ഒരു സുഹൃത്തിന്റെ ജീവിതപങ്കാളിക്ക് ഇതുപോലെ ചികിത്സ നടത്തി ഒടുവിൽ വീടും വിറ്റ് വാടകവീട്ടിലായി താമസം. മരിക്കുന്നതിന് രണ്ടു മാസം മുമ്പ് ലക്ഷക്കണക്കിന് രൂപ വിലയുള്ള ഒരു പുതിയ മരുന്ന് കൂടി അവരിൽ പ്രയോഗിച്ചു. അത് വാങ്ങാനാണ് അവർ വീട് വിറ്റത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഡോക്ടർ എന്നോട് പറഞ്ഞത്, വില അവർക്ക് താങ്ങാൻ കഴിയുമെന്ന് ഊഹിച്ചു എന്നാണ്.

ഭാര്യയും ഭർത്താവും വലിയ ഡിഗ്രികൾ ഉള്ളവരായതിനാൽ ധനികരായിരിക്കും എന്ന് ധരിച്ചു പോയെന്ന് ഡോക്ടർ ക്ഷമാപണമായി പറഞ്ഞു. ചാരിറ്റിയെപ്പറ്റി പറയുന്ന ആശുപത്രിയിലാണ് ഇത് നടന്നത്. ഡോക്ടറുടെ സദുദ്ദേശം തീർച്ചയായും മനസിലാക്കാം. ജീവിതം ആറു മാസം നീട്ടിയെടുക്കാൻ ഒരു ഡോക്ടർ ശ്രമിച്ചാൽ കുറ്റപ്പെടുത്താനാകില്ല.

എന്നാൽ അത് രോഗിയുടെ കുടുംബത്തെക്കൂടി ഇല്ലാതാക്കുന്ന കടബാദ്ധ്യത ഉണ്ടാക്കുമോയെന്ന കാര്യം ഡോക്ടർ ചോദിച്ചറിഞ്ഞിരിക്കണം. അതിന് സമയം കണ്ടെത്തിയേ പറ്റൂ. കൂടുതൽ നാൾ ജീവിച്ചിരിക്കാൻ സാദ്ധ്യതയില്ലെങ്കിൽ ഇനിയും കടങ്ങൾ വാങ്ങി മുടിയാതെ രോഗിയെ മരണത്തിന് വിടുകയല്ലേ നല്ലത് എന്ന് എന്നോട് ചോദിച്ചിട്ടുള്ള ബന്ധുക്കളുണ്ട്. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നവർ..!

എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയങ്ങളല്ല ഞാനിവിടെ പറയുന്നത്. പൊതുജനങ്ങളും ആശുപത്രികളും സർക്കാരുമൊക്കെ പരസ്പരം പഴിചാരി രക്ഷപെടാൻ പറ്റുന്ന വിഷയവുമല്ല. നല്ല തുടക്കങ്ങൾ പലയിടത്തും ഉണ്ടെന്നറിയാം. ആ നല്ല മാതൃകകളെ വ്യാപിപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾ വേണം. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ആരോഗ്യ രംഗത്തെ തലപ്പത്തിരിക്കുന്നവർ സമയം ചെലവഴിക്കേണ്ടത്.

രോഗിയെ മരിക്കാൻ വിടണോ അതോ മരുന്ന് വാങ്ങി കടംകേറി കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കണോ എന്നതാണ് പലപ്പോഴും മനുഷ്യരുടെ മുന്നിലുള്ള ചോദ്യം, പ്രത്യേകിച്ച് ദരിദ്രരുടെ.

Advertisment