Advertisment

പിരിച്ചോളൂ പക്ഷെ പൊരിക്കല്ലേ

author-image
admin
Updated On
New Update

- ഏകലവ്യന്‍

Advertisment

പിരിച്ചോളൂ പക്ഷെ പൊരിച്ചടിയ്ക്കല്ലേ . ഇത് പുതിയ ഒരു സമവാക്യം ഒന്നും ആണെന്ന് ആരും തെറ്റിദ്ധരിയ്ക്കല്ലേ. ഇതൊരു ആജീവനാന്ത തൊഴിലുറപ്പു പദ്ധതിയാണ്.മലയാളികൾ നാട് വിട്ടു നാടുമാറുമ്പോൾ കൊണ്ട് നടക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗം. വിവിധ രാഷ്ട്രീയ,പ്രാർത്ഥനാ ആലയങ്ങൾ, ക്ലബുകൾ എന്നിവയുടെ കീഴിൽ പ്രവർത്തിച്ചുള്ള പരിചയ സമ്പത്തും ആയി വിദേശത്തു കുടിയേറുന്ന പ്രവാസി മലയാളിയുടെ ഒരു തൊഴിൽ ആണ് "പിരിയ്ക്കലും പൊരിയ്ക്കലും".

publive-image

ഏകദേശം രണ്ടു പതിറ്റാണ്ടു കാലത്തെ പ്രവാസ വാസത്തിലും,6 വർഷത്തോളം ഉള്ള അന്യ സംസ്ഥാന വാസത്തിലും ഒക്കെയായി കേരളത്തിന് വേണ്ടി പിരിച്ചു പൊരിച്ചടിച്ച നിരവധി കൂട്ടായ്മകളെ കണ്ടും കേട്ടും സാംസ്കാരിക പെരുമയിൽ തലകുനിയ്ക്കേണ്ടി വന്നിട്ടുണ്ട്. അംഗവൈകല്യവും, തീവ്ര അസുഖങ്ങളും, അനാഥത്വവും, മുതൽ മരണവും,മരണാന്തര ക്രിയയും,പുനരധിവാസവും വരെ.

പ്രകൃതി ക്ഷോഭങ്ങൾ .പട്ടിണി,ദാരിദ്രം എല്ലാം അറുതി വരുത്തുവാൻ പിരിച്ച മലയാളികളുടെ ഒരു നീണ്ട നിര നമുക്ക് സമൂഹത്തിൽ കണ്ണോടിച്ചാൽ കാണാം.ഈ നീണ്ട കാഷായ കുറിപ്പടി പോലത്തെ ലിസ്റ്റ് പിരിച്ചു പൊരിച്ചടിച്ചവരുടെ സാമൂഹിക പ്രവർത്തന ലക്‌ഷ്യം മാത്രമാണ്. ഇവർ സമൂഹത്തിൽ കാരുണ്യ പ്രവർത്തനം ചെയ്യുന്നവരുടെ ഇടയിൽ ഏകദേശം 10 ശതമാനം പോലും വരില്ല എങ്കിലും,ഒരു സാമൂഹിക വിപത്തു തന്നെ ആണ്.

കഴിഞ്ഞ അഞ്ചുവർഷത്തെ മാത്രം കണക്കു കാനഡയിൽ എടുത്താൽ പിരിച്ചവർ ആണോ പൊരിച്ചവർ ആണോ കൂടുതൽ. പൊരിച്ചവർ തന്നെ. എട്ടും, പന്ത്രണ്ടും മണിക്കൂർ കഷ്ടപ്പെട്ട് വാഹന വായ്പ, ഗൃഹവായ്പ, കുട്ടികളുടെ യൂണിവേഴ്സിറ്റി അടക്കം ഉള്ള പഠനം, റിട്ടയർമെന്റ് പ്ലാനുകൾ,വിദ്യാഭ്യാസ പ്ലാനുകൾ, മറ്റു ദൈനം ദിന ചെലവുകൾ നടത്തി കൊണ്ട് പോകുവാൻ ബുദ്ധിമുട്ടുന്ന മലയാളികൾക്കിടയിൽ ആണ് ഈ പിരിയ്ക്കൽ തൊഴിലുറപ്പു പദ്ധതി നടക്കുന്നത്. അന്യന്റെ അന്നത്തിൽ കൈയ്യിട്ടു വാരുന്ന തൊഴിലുറപ്പു പദ്ധതിയിൽ സ്ഥലത്തെ പല പ്രധാന പയ്യന്മാരും പങ്കാളികളും ആണ്.

നമുക്കു പഴയ ഒരു ഓണക്കാലം തന്നെ എടുക്കാം..ഓണം സദ്യ മുഴുവൻ സ്ഥലത്തെ പ്രധാന ബിസിനസ്സ് കാരൻ സ്പോൺസർ ചെയ്യുന്നു, പകിട്ടാർന്ന ഓണത്തിന് ഹാൾ മറ്റൊരു പ്രധാനിയുടെ വക.കലാപരിപാടികൾ സ്വയം സേവകർ ആയ കുറെ കലാഹൃദയം ഉള്ള മലയാളികളും,മറ്റു ചെലവുകൾക്കായി ചെറിയ തുകയുടെ നാലോ അഞ്ചോ കുട്ടി കച്ചവടക്കാർ. ഇതിന്നെല്ലാം പുറമെ ഒരില ഓണസദ്യക്കു $ 10 മുതൽ $ 15 വരെ പ്രായ നിരക്കിൽ.

അപ്പൊ ആകെ മൊത്തം 400 പേർ സംബന്ധിച്ച ഓണത്തിന് ചെലവ് വട്ടപ്പൂജ്യം വരവ് ഏകദേശം $ 5000. ഈ വരവ് തുകയാണ് ഈ പൊരിയ്ക്കന്മാർ കേരളത്തിൽ സഹായ ദാനമായി നൽകും എന്ന് പരസ്യപ്പെടുത്തിയ ഏകദേശ തുക. പക്ഷെ ഈ ഓണത്തിന് സംബന്ധിച്ച എത്ര സംഘാടകർക്കും,സഹൃദയർക്കും, സ്പോണ്സർമാർക്കും ഈ തുകയിൽ എത്ര എവിടെ എങ്ങിനെ ആർക്കു, എപ്പോൾ ദാനം ആയി നൽകി എന്ന് അറിയാം.ആരും അന്യോഷിച്ചില്ല. അല്ലെങ്കിൽ അറിയിച്ചില്ല.വീണ്ടും രണ്ടു വര്ഷം കഴിഞ്ഞപ്പോൾ അതെ പിരിയന്മാർ വീണ്ടും ഓണവും ആയി ഇറങ്ങി.ഓണം "കൊഴുപ്പിച്ചു".

ഇത് ഓണക്കഥ എങ്കിൽ കിഡ്‌നി, ഹൃദയും, മരണം, യാത്രടിക്കറ്റ്, അപകടം എന്നിങ്ങനെ പിരിച്ചത് വേറെ. ഇതിൽ മുഴുവനായും തുക (ഗോഫൻഡ് കംമീഷൻ കിഴിച്ചു) കിട്ടിയവർ വിരളം മാത്രം.

ഇന്നിപ്പോൾ കേരളത്തിൽ പ്രളയ അതിജീവന കാലവും,വിദേശത്തു മലയാളിയ്ക്ക് പ്രളയ പിരിവു കാലവും ആണ്.കൂട്ടം ആയി,ഒറ്റയ്ക്കും കഴിഞ്ഞ ആഗസ്റ് മുതൽ പിരിവു പൊടിപൊടിയ്ക്കുന്നു. വരവ് ചെലവ് കണക്കുകൾ പൊതുയോഗം കൂടി അണാ പൈസ വിടാതെ വായിച്ചു അവതരിപ്പിയ്ക്കുന്ന ചുരുക്കം ചില മലയാളി കൂട്ടായ്മകൾ (ഒന്നോ,രണ്ടോ ) ഒഴികെ എല്ലാം തട്ടി മുട്ടി കണക്കു വായിച്ചു കമ്മറ്റി പിരിഞ്ഞു പ്രവർത്തനം വിലയിരുത്തി കേരളത്തിന്റെ കണ്ണുനീരിൽ കള്ളു വീഴ്ത്തി കടന്നു പോയി.

പ്രളയകാലത്തു തുടക്കം മുതൽ ഒടുക്കം വരെ മുഖ്യമന്ത്രിയുടെ ഫണ്ട് ശേഖരണത്തെ മാത്രം പ്രോത്സാഹിപ്പിച്ചും,നാട്ടിൽ തത്സമയം സഹായങ്ങൾ ചെയ്തും മാതൃക ആയ ഒരേ ഒരു സംഘടനയും ടൊറന്റോ ജിടിഎ യിൽ ഉണ്ടെന്നും, അവരുടെ കണക്കുകൾ,ബഡ്ജറ്റുകൾ,എന്നിവ ലിഖിതം ആണെന്നതും പ്രശംസനീയവും ആണെന്നതും,എടുത്തു പറയേണ്ടതും ആണ്.

ഇത് വായിക്കുന്ന സാംസ്കാരിക,സാമൂഹിക നായകന്മാർക്ക് അത് ഏതാണ് എന്ന് വ്യക്തമായും അറിവുള്ളതും ആണ്.ആ സംഘടനയുടെ അംഗസംഖ്യ ദിനം പ്രതി വർധിക്കുന്നതും നമുക്ക് കാണുവാൻ കഴിയും.

കേരളത്തിൽ പൊതു പരിപാടി നടത്തി പ്രളയ ഫണ്ട് പിരിച്ച കൂട്ടായ്മകളുടെ കൂട്ടായ്മകളും ഉണ്ട്. പിരിച്ച പണം നാട്ടിൽ എങ്ങിനെ വിനിയോഗിച്ചു എന്ന് പരസ്യ പ്രസ്താവന ഇല്ല.കണക്കു വായിപ്പും ഇതുവരെ ഇല്ല. അത് കഴിഞ്ഞു വീണ്ടും പ്രളയ പിരിവു പടിവാതുക്കൾ എത്തി നിൽക്കുന്നു.

നിങ്ങൾ സംഭാവനകൾ നൽകിയവർക്ക് ആരുടെ പേരിൽ നൽകിയോ അവരോടു പിരിച്ച തുക എങ്ങിനെ വിനിയോഗിച്ചു എന്ന് തുറന്നു ചോദിയ്ക്കുവാനുള്ള അവകാശം ഉണ്ട്. അതുപോലെ തന്നെ സോഷ്യൽ മീഡിയ, വാട്സ്ആപ്,പത്രങ്ങൾ റേഡിയോ,ടിവി എന്നിവ വഴി പരസ്യം നൽകി പിരിവ് നടത്തിയവർക്ക് ഇതേ മീഡിയകളിലൂടെ പിരിച്ച തുകയുടെയും, വരവ് ചെലവുകളുടെയും,വിനിയോഗിച്ച രീതിയുടെയും, മാർഗ്ഗങ്ങളും, കണക്കുകളും അറിയുക്കുവാനുള്ള ഉത്തരവാദിത്വം നിയമപരമായി ഉണ്ട് താനും.

അത് കൊണ്ട് ഇനി മുതൽ നിങ്ങൾ ഓരോ കാരുണ്യവാനും, കാരുണ്യവതികളും സംഭാവനകൾ നൽകുന്നതിന് മുൻപും പിൻപും നിജസ്ഥിതികൾ മനസ്സിലാക്കാൻ ശ്രമിയ്ക്കുക.അമ്പലങ്ങൾ,പള്ളികൾ, മസ്ജിദുകൾ വഴി നടക്കുന്ന കാണിയ്ക്ക, അഭിഷേക പിരിവുകൾ ദൈവത്തിന്റെ പേരിൽ ആയതിനാൽ നമുക്ക് വെറുതെ വിടാം.

പക്ഷെ ഒരു പണിയ്ക്കും പോകാതെ,വീട്ടിൽ കുത്തി ഇരുന്നു നാട് കാരുടെ കുശുമ്പ് പറയുന്ന നേതാക്കളുടെ സർക്കാർ ആനുകൂല്യത്തിൽ ജീവിയ്ക്കുന്നവരുടെ ,പണിയെടുക്കുന്നവന്റെ ടാക്സിൽ നിന്നും കോട്ടും, കുപ്പായയാവും, മേൽ മുണ്ടും, ഖാദറും, കാവിയും, ഗാന്ധിത്തൊപ്പിയും വച്ച് നടത്തുന്ന പിരിയ്ക്കലും പൊരിച്ചു തീറ്റയും അവസാനിപ്പിയ്ക്കേണ്ടിയിരിക്കുന്നു.

അടുത്തയിടെ നടന്ന ഒരു വാർഷിക പൊതുയോഗത്തിൽ തലയിൽ ആൾതാമസം ഉള്ള ചില മണ്ടൻ മെമ്പര്മാരെ ചായയും,കടിയും,കള്ളും വാങ്ങുവാൻ വിട്ടു കണക്കു പാസ്സാക്കലും ,പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നതും ഇവിടെ ടോറന്റോവിൽ തന്നെ.

പണ്ട് ഹെയ്തി പുനരാധിവാസത്തിന്റെ ഭാഗം ആയി ഇലക്ട്രിക് പോസ്റ്റും,വിളക്കും,സ്ഥാപിക്കുന്നതിന് കാനഡ സർക്കാരും, പ്രമുഖ രാഷ്ട്രീയ പാർട്ടിയും നൽകിയ തുക വിഴുങ്ങിയ വില്ലന്മാരും ഉണ്ടെന്നുള്ളതും നമ്മൾ മലയാളികളുടെ അഭിമാനത്തിന്റെ ഭാഗം ആണ്. കാരുണ്യ പിരിവുകൾ സംഘടനയുടെ മൂലധനം വർദ്ധിപ്പിയ്ക്കുന്നതിനുള്ള ഒരു ഉപാധി മാത്രമായി കാണുന്നവരും ഉണ്ട്.

അവസരങ്ങൾ എങ്ങിനെ എപ്പോൾ വിനിയോഗിയ്ക്കണം എന്ന് വളരെ ബുദ്ധിപരമായി അറിയാവുന്ന ഇവർക്ക് ഇപ്പോൾ സ്വന്തമായി ഒരു ചെറിയ കൂട്ടായ്മയും,വാട്സാപ്പ് ഗ്രൂപ്പും ഒക്കെ ഉണ്ട്.അവർ സംഭാവനകൾ സ്വീകരിയ്ക്കുന്നതിനു മുൻപായി നടത്തുന്ന കർട്ടൻ പൊക്കൽ പരിപാടിയിൽ സന്നദ്ധരായി മുന്നോട്ടു വന്നു 1000 ഡോളർ, 5000 ഡോളർ എന്നൊക്കെ സംഭാവനകൾ സ്വയം പ്രഘ്യപിയ്ക്കും, ഇതിൽ മയങ്ങി കഷ്ടപ്പാടും ബുദ്ധിമുട്ടും കണ്ടു വളർന്ന പാവം കോട്ടിടാത്ത മലയാളികൾ 100 മുതൽ താഴേക്കുള്ള തുകകൾ നൽകി കടന്നു പോകും.

മാഞ്ചിയം, തെക്ക്, ആട്, കുരങ്ങു, കഴുത കച്ചവടങ്ങളിൽ കുടുങ്ങിയിട്ടും പഠിയ്ക്കാത്ത മലയാളിയുടെ ഈ സാംസ്കാരിക,സാമൂഹിക ബുദ്ധി വളർച്ചയെ ചൂഷണം ചെയ്യുന്ന മലയാളി നായകന്മാരെ ഏത് ശിക്ഷയ്ക്കു വിധേയം ആക്കണം എന്ന് ഇനി പൊതു ജനമേ നിങ്ങൾ പറയൂ... എന്നാൽ ഇനി നമുക്ക് പൊരിയ്ക്കാനും ,പൊളിച്ചടുക്കാനും ഉള്ള സമയം ആണ്.

മലയാളത്തിന്റെ സാംസ്കാരികതയിൽ സ്വയം നിയമിതരായ ഈ "പിരിയന്മാരെ" സ്വയം തിരിച്ചറിയുക. യഥാർത്ഥ ആവശ്യങ്ങൾ കണ്ടറിഞ്ഞു മാത്രം നിങ്ങൾ സംഭാവനകൾ നൽകൂ, ഇത് നിങ്ങളുടെ വിയർപ്പിന്റെ അംശം ആണ്,നിങ്ങളുടെ കുട്ടികളുടെ അന്നത്തിന്റെ ഭാഗവും.

Advertisment