Advertisment

ഈ തിരഞ്ഞെടുപ്പ് സുരക്ഷിതമാക്കാനുള്ള പത്തു കല്പനകൾ.. (ഇലക്ഷൻ) ചൂടിൽ ശ്രദ്ധിക്കേണ്ടത്.. - മുരളി തുമ്മാരുകുടി എഴുതുന്നു

author-image
admin
Updated On
New Update

കേരളത്തിൽ സ്ഥാനാർത്ഥി ലിസ്റ്റ് പൂർത്തിയായി. ഇനി പ്രചാരണ കാലമാണ്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം പറയുന്നതിന് മുൻപ് ഈ തിരഞ്ഞെടുപ്പ് സുരക്ഷിതമാക്കാനുള്ള പത്തു കല്പനകൾ പറയാം. അതാവുമ്പോൾ NOTA ഒഴിച്ച് എല്ലാവർക്കും ഗുണമുണ്ടാകുമല്ലോ.

Advertisment

തിരഞ്ഞെടുപ്പ് പ്രചാരണ കാലമായ അടുത്ത ഒരു മാസക്കാലം സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും മുഴുവൻ സമയം പ്രചാരണ രംഗത്തായിരിക്കും. മിക്കവാറും യാത്രയിൽ, പകൽ സമയത്ത് വീട് വീടാന്തരം കയറിയിറങ്ങുക, വൈകീട്ടായാൽ ജാഥകൾ, സമ്മേളനങ്ങൾ എന്നിങ്ങനെ പോകും ഇനിയുള്ള ദിനങ്ങൾ.

സ്ഥാനാർത്ഥികളല്ലാത്ത നേതാക്കളും കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെ പാഞ്ഞു നടക്കുകയായിരിക്കും. ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നൊക്കെ പത്രക്കാർ പറയും, വെറുതെയാണ്. ‘മനുഷ്യാ, നീ നിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് പാർലമെന്റിൽ സീറ്റ് നേടിയിട്ട് എന്ത് കാര്യം’ എന്ന് ഞങ്ങളുടെ പുസ്തകത്തിലുണ്ട്. അതുകൊണ്ട് അല്പം സുരക്ഷാചിന്ത ഉള്ളത് നല്ലതാണ്.

publive-image

1. ഇലക്ഷൻ കാലത്ത് അധികം ‘ചൂടാവാതെ’ നോക്കണം: കേരളത്തിലെ ചൂട് ഇപ്പോൾ സാധാരണയിലും കൂടുതലാണ്. കഴിഞ്ഞ മാസം ശരാശരിയിലും എട്ടു ഡിഗ്രി കൂടിയിരുന്നു. ചൂട് 35 ഡിഗ്രിയിൽ കൂടുതലാകുന്നത് സാധാരണമായിരിക്കുന്നു. പാലക്കാട്ട് 40 ന് മുകളിലും പോകാം. പുറത്തു ജോലി ചെയ്യുന്നവരോട് ഉച്ചക്ക് പന്ത്രണ്ടിനും വൈകീട്ട് മൂന്നിനും ഇടയിൽ വെയിലത്ത് ജോലി ചെയ്യരുതെന്ന നിർദ്ദേശം കണ്ടു.

നമ്മുടെ സ്ഥാനാർത്ഥികളും ഇക്കാര്യം ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ഉച്ചയായാൽ എവിടെയെങ്കിലും വിശ്രമിക്കുക. ആ സമയത്ത് പ്രവർത്തകരെ കാണുകയോ തന്ത്രങ്ങൾ മെനയുകയോ ആകാമല്ലോ. അല്പം ഉറങ്ങിയാലും കുഴപ്പമില്ല. (പാർലിമെന്റിൽ പോകുന്നതിന് മുൻപ് അല്പം പ്രാക്ടീസ് നല്ലതാണ്). രാവിലെ മുതൽ വൈകീട്ട് വരെ പൊരിവെയിലത്ത് പാഞ്ഞു നടക്കുന്നത് സൂര്യാഘാതം ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. സൂര്യാഘാതം ആളെക്കൊല്ലിയാണ്.

2. ജയിച്ചാലും തോറ്റാലും പ്രചാരണകാലത്ത് ‘വെള്ളം കുടിച്ചു’ പോകുന്നതിൽ തെറ്റില്ല: രാവിലെ മുതൽ വൈകീട്ട് വരെ വലിയവരെ കെട്ടിപ്പിടിച്ചും കുട്ടികളെ മുത്തിയും ഓടി നടക്കുന്പോൾ ഞങ്ങൾ സുരക്ഷക്കാർ എപ്പോഴും പറയുന്ന ‘ആവശ്യത്തിന് വെള്ളം കുടിക്കണം’ എന്ന കാര്യം സ്ഥാനാർത്ഥികൾ ശ്രദ്ധിക്കാറില്ല. സ്ഥാനാർത്ഥികളുടെ കൂടെയുള്ളവരെങ്കിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ചൂടുകാലത്ത് ഡീഹൈഡ്രേഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നമ്മുടെ സ്ഥാനാർത്ഥി ജയിച്ചാലും ആരോഗ്യത്തോടെ നിന്നാലേ നമ്മൾ പ്രവർത്തകർക്ക് എന്തെങ്കിലും പ്രയോജനമുള്ളൂ. സ്ഥാനാർത്ഥികളുടെ ആരോഗ്യം നോക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.

3. പച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത കാലമാണ്, സൂക്ഷിക്കണം: വെള്ളം ധാരാളം കുടിക്കണമെന്ന് പറഞ്ഞെങ്കിലും എവിടുന്ന് കിട്ടുന്ന വെള്ളവും കുടിക്കരുത്. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും, പരിസ്ഥിതിയെ അറിയാതെയുള്ള കഴിഞ്ഞ അന്പതു വർഷത്തെ വികസനം കാരണം കേരളത്തിലെ തൊണ്ണൂറു ശതമാനം കിണറുകളിലേയും വെള്ളത്തിൽ ഇ കോളി ഉണ്ട്. അതായത് മലം കൊണ്ടുള്ള മലിനീകരണം. പച്ചവെള്ളം നേരിട്ട് കുടിക്കാൻ പാടില്ല.

കടയിൽ കിട്ടുന്ന ജ്യൂസുകൾ, ലസ്സി, സംഭാരം എല്ലാം പൊതുവെ കുഴപ്പം പിടിച്ചതാണ്. പ്രത്യേകിച്ചും ഐസിട്ട് കിട്ടുന്നത്. എത്ര സ്നേഹത്തോടെ തന്നാലും കുടിക്കാതിരിക്കുന്നതാണ് ബുദ്ധി. വേണ്ട എന്ന് പറഞ്ഞാൽ ചിലപ്പോൾ ഒരു വോട്ട് പോയേക്കാം. വയറിളകി രണ്ടു ദിവസം കിടപ്പിലായാൽ വോട്ടെത്ര പോകും?

പറ്റുമെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം കൈയിൽ കരുതാൻ അനുയായികളോട് പറയുക. (ദാസേട്ടൻ ഒക്കെ അങ്ങനെ ആണെന്ന് സല്ലാപത്തിൽ പറഞ്ഞിട്ടുണ്ടല്ലോ). വെള്ളം ചൂടാക്കുന്പോൾ ചുക്കിന് പകരം കടുക്ക ഇട്ടാലും ഒരു ചുക്കും സംഭവിക്കില്ല എന്ന് യുവ ശാസ്ത്രജ്ഞനായ സുരേഷ് പിള്ള പറഞ്ഞിട്ടുണ്ട്. വെള്ളം കുടി സുരക്ഷിതമാകാൻ എപ്പോഴും കുപ്പിവെള്ളം വാങ്ങേണ്ട കാര്യമില്ല. കുപ്പിവെള്ളം സത്യത്തിൽ കൂടുതൽ സുരക്ഷിതം ഒന്നുമല്ല. അത് വാങ്ങിക്കുടിക്കുന്പോൾ നിങ്ങൾക്ക് മനസ്സമാധാനവും വെള്ളക്കമ്പനിക്ക് കൂടുതൽ പണവും കിട്ടുമെന്നേ ഉള്ളൂ.

4. പണി പാലുംവെള്ളത്തിലും കിട്ടാം: തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു റിസ്‌ക്കാണ് ആളുകളുടെ സൽക്കാരം. ആയിരക്കണക്കിന് ആളുകളെ ദിവസവും കാണുന്നു. അവർ പലപ്പോഴും ചായ കുടിക്കാൻ ക്ഷണിക്കുന്നു. വേണ്ട എന്ന് പറഞ്ഞു മുഷിപ്പിക്കാതിരിക്കാൻ സ്ഥാനാർത്ഥി ദിവസവും പത്തോ പതിനഞ്ചോ ചായ കുടിക്കുന്നു.

എന്നാൽ ഞാനൊരു സത്യം പറയട്ടെ. ഇന്ത്യക്കാരുടെ പാൽച്ചായ, ചായയോടും ആരോഗ്യത്തോടും ഒരേ സമയം ചെയ്യുന്ന അനീതിയാണ്. പാലും പഞ്ചസാരയും ഇട്ടുണ്ടാക്കുന്ന ദ്രാവകം ചായയുടെ സ്വാദിനെയും ഗുണത്തേയും ഇല്ലാതാക്കുന്നു. ചായസഞ്ചിക്ക് പകരം പഴയ സോക്സിൽ കൂടി പാലുംവെള്ളം ഒഴിച്ച് പഞ്ചസാര ഇട്ടിളക്കി കിട്ടുന്ന ദ്രാവകവും ഏതാണ്ട് അതുപോലെ തന്നെ ടേസ്റ്റി ആയിരിക്കും.

ദിവസം പത്തു ചായ കുടിക്കുന്നവർ ഒരു ദിവസം എത്ര മാത്രം പഞ്ചസാര അകത്തെത്തിക്കുന്നുണ്ടെന്ന് പരിശോധിച്ച് നോക്കണം. ഇക്കാര്യത്തിൽ കട്ടൻ ചായ ജീവാത്മാവും പരമാത്മാവും ആയ പാർട്ടിയെ അനുകരിക്കുന്നതാണ് നല്ലത്. (പഞ്ചസാര വേണ്ട).

5. ഇയാൾക്ക് മാത്രം ഇത്രമാത്രം മൂത്രം?: രാവിലെ തന്നെ അനുയായികളോടൊപ്പം വീടിന് പുറത്തിറങ്ങുന്ന സ്ഥാനാർത്ഥിക്ക് നിന്നു തിരിയാൻ സമയം കിട്ടില്ല. ഇടക്ക് പോയി ഒന്നു മൂത്രമൊഴിക്കണമെങ്കിൽ ചുറ്റും പുരുഷാരം തന്നെ. സ്ത്രീകളാണ് സ്ഥാനാർത്ഥികളെങ്കിൽ സ്ഥിതി പറയുകയും വേണ്ട.

സ്ഥാനാർത്ഥിയുടെ ചുറ്റുമുള്ളവർ, സ്ഥാനാർത്ഥികളും മനുഷ്യരാണെന്നും പ്രകൃതിയുടെ വിളി അവർക്കും ഉണ്ടാകുമെന്നും അറിഞ്ഞു വേണം പ്രവർത്തിക്കാൻ. മൂന്നോ നാലോ മണിക്കൂറിൽ വൃത്തിയായ ടോയ്‌ലറ്റ് ഉള്ള ഒരു ‘ടെക്നിക്കൽ സ്റ്റോപ്പ്’ എങ്ങനെയും യാത്രയുടെ പ്ലാനിലുണ്ടാക്കണം.

6. അഥവാ ബിരിയാണി കിട്ടിയാലോ?: ജനാധിപത്യത്തിൻറെ ഒരു പ്രത്യേകത എത്ര വന്പനും തിരഞ്ഞെടുപ്പായാൽ നാട്ടിലിറങ്ങും എന്നതാണ്. ചിലർ കിണറിലും ഇറങ്ങും, അത് കാര്യമാക്കേണ്ട. വലിയ നേതാക്കളെ തൊട്ടടുത്ത് കിട്ടിയാൽ സൽക്കരിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്, മലബാറിൽ പ്രത്യേകിച്ചും.

ഇലക്ഷൻ സമയത്ത് സ്ഥാനാർത്ഥിക്ക് ബിരിയാണി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓസിനു കിട്ടുന്നതാണെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് അമിത ഭക്ഷണം ഒഴിവാക്കുന്നത് തന്നെയാണ് ബുദ്ധി. അത് ബിരിയാണി തന്നെ ആകണമെന്നില്ല, നമ്മുടെ നാടൻ ഊണും ആരോഗ്യത്തിന് പണി തരുന്നതിൽ ഒട്ടും പുറകിലല്ല. പ്രത്യേകിച്ച് പായസം കൂടിയുണ്ടെങ്കിൽ. ഉച്ചക്ക് തൊണ്ടുള്ള പഴങ്ങൾ (നേന്ത്രപ്പഴം, ഓറഞ്ച്) കഴിക്കുന്നതാണ് ബുദ്ധി. ഒരു കാരണവശാലും സാലഡുകൾ കഴിക്കുകയും അരുത്.

പിന്നെ നാട്ടുകാരോട് ഒരു വാക്ക്. നമ്മുടെ സ്ഥാനാർത്ഥി വിജയിച്ച് എംപി ആയാൽ പിന്നെ അവരുടെ ചികിത്സാ ചിലവുകൾ മുഴുവൻ നമ്മുടെ നികുതിപ്പണം കൊണ്ടാണ്. ആയതിനാൽ നമ്മുടെ നേതാക്കളുടെ ആരോഗ്യം നമുക്ക് പ്രധാനമാണ്. സ്നേഹം കൊണ്ട് ബിരിയാണി കൊടുത്ത് നേതാവിന് കൊളസ്‌ട്രോൾ ഉണ്ടാക്കുന്നത്, കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെ തന്നെയാണ്.

7. അപ്പുക്കുട്ടാ, ഓവർ ആക്കരുത്: തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹത്തിൻറെ കാര്യത്തിൽ പോലീസ് കണ്ണടച്ചേക്കും, നേതാവ് നാളെ ജയിച്ചു മന്ത്രി ആയാൽ സല്യൂട്ട് അടയ്‌ക്കേണ്ടി വന്നാലോ എന്നുകരുതി. അദ്ദേഹത്തിൻറെ വാഹനം ഓടിക്കുന്നവരോ ചുറ്റുമുള്ളവരോ റോഡ് നിയമങ്ങൾ ലംഘിക്കരുത്.

ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുക, ബൈക്കിന് പുറകിൽ എഴുന്നേറ്റ് നിൽക്കുക, ബൈക്കിലും കാറിലും ഓവർ ലോഡ് ഉണ്ടാക്കുക, ബൈക്കിന്റെ പുറകിലിരുന്നും കാറിന്റെ ജനലിൽ കൂടി കൈയിട്ടും കൊടിയോ ബാനറോ പറത്തുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, സ്പീഡിൽ പോവുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യരുത്.

പോലീസിന്റെ നിയമങ്ങൾ മാത്രമേ നിങ്ങൾക്ക് മുന്നിൽ വളയൂ, പ്രകൃതി നിയമങ്ങൾ തിരഞ്ഞെടുപ്പ് കാലത്തും ബാധകമാണ്. ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ നിന്നും തലകുത്തി വീണാൽ സ്ഥാനാർത്ഥിയുടെ വിജയാഘോഷം ആശുപത്രിയിൽ കിടന്ന് ടി വിയിൽ കാണേണ്ടി വരും, അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം. ഇല്ലെങ്കിൽ ജയിച്ചതിന് ശേഷം നേതാവിന്റെ ആദ്യ പരിപാടി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മരിച്ച പ്രവർത്തകന്റെ ഭവനസന്ദർശനം ആയിരിക്കും. അതെന്തായാലും വേണ്ട...

8. ധീരന്മാർ ഒരു വട്ടം മരിക്കുന്നു, മണ്ടന്മാർ നേരത്തേയും: കേരളത്തിൽ വഴിയിലൂടെ ജാഥ നടത്തുന്നതും, വഴിയരികിൽ സമ്മേളനം നടത്തുന്നതും, ലക്കും ലഗാനും ഇല്ലാതെ വണ്ടി ഓടിക്കുന്നതും നാട്ടുനടപ്പാണ്. രാഷ്ട്രീയ പ്രവർത്തനവുമായി റോഡിലിറങ്ങിയാൽ ഇത്തരം അപകട സാധ്യത മുന്നിൽ കാണണം. മണ്ടന്മാർ എല്ലാ പാർട്ടികളിലും ഉണ്ടല്ലോ. അവർ റോഡിൽ കയറി മുദ്രാവാക്യം വിളിക്കട്ടെ, നിങ്ങൾ സുരക്ഷിതമായി അരികു ചേർന്ന് പോയാൽ മതി. തിരഞ്ഞെടുപ്പ് യുദ്ധത്തിൽ മരിക്കുന്നവർക്ക് വീര സ്വർഗ്ഗം ഒന്നും കിട്ടില്ല.

9. കാമറയും വെള്ളത്തിലേക്ക് ചാടട്ടെ: കേരളത്തിൽ മഴക്കാലത്തും വേനൽക്കാലത്തും വള്ളത്തിൽ എത്തേണ്ട സ്ഥലങ്ങളുണ്ട്. സ്ഥാനാർത്ഥി പോകുന്പോൾ കൂടെ പോകാൻ ആളുകൾ ഏറെ ഉണ്ടാകും. തട്ടേക്കാട്ടിലും കുട്ടനാട്ടിലും അഞ്ചു പേർ കയറേണ്ട വള്ളത്തിൽ പത്തു പേർ കയറിയാൽ അത് മുങ്ങും. വള്ളത്തിന്റെ ഒരു രീതിയാണത്, ആർക്കിമിഡീസ് അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. നമ്മൾ ഇനി അവരോടൊന്നും വാദിക്കാൻ നിൽക്കണ്ട. ചുരുക്കിപ്പറഞ്ഞാൽ കാമറയും കാമറാമാനും സ്ഥാനാർത്ഥിയുടെ വള്ളത്തിൽ കയറാതിരിക്കുന്നതാണ് ബുദ്ധി. അടുത്ത വള്ളത്തിൽ കയറാമല്ലോ.

10. കൂകിപ്പായും തീവണ്ടി: കേരളത്തിൽ അങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓടി നടക്കേണ്ട നേതാക്കളുണ്ട്. അത്രയും ഓടാൻ അവർ മറഡോണയുടെ സുഹൃത്തുക്കൾ ഒന്നുമല്ലല്ലോ. അവരുടെ യാത്ര കാറിലോ ഹെലികോപ്റ്ററിലോ ട്രെയിനിലോ ആക്കുന്നതാണ് ഉചിതം.

ഹെലികോപ്റ്ററിൽ ധാരാളം കയറിയിട്ടുള്ള ഒരാളാണെന്നതിനാൽ ഒരു കാര്യം ഞാൻ ആദ്യമേ പറയാം. ഈ ഹെലികോപ്റ്റർ യാത്രക്ക് ഒടുക്കത്തെ ഗ്ലാമറാണ്. അതിലേക്ക് കയറുന്പോഴും ഇറങ്ങുന്പോഴും നമുക്കൊരു ഗമയൊക്കെ തോന്നും. ഈ വിഷയത്തിലെ അറിവും രാഷ്ട്രീയക്കാരോടുള്ള സ്നേഹവും വെച്ച് പറയാം, തിരഞ്ഞെടുപ്പ് കാലത്തെ ഹെലികോപ്റ്റർ കന്പനികൾ എവിടെ നിന്ന് വരുന്നു എന്ന് നമുക്ക് അറിവൊന്നുമില്ല. അവരുടെ സുരക്ഷാ റെക്കോർഡും നമുക്കറിയില്ല. അധികം ഗ്ലാമറിന് പോകാതിരിക്കുന്നതാണ് ബുദ്ധി.

പിന്നെ കാറിന്റെ കാര്യം. ദീർഘദൂര യാത്രക്ക് ട്രെയിൻ ഉപയോഗിക്കൂ. എന്നിട്ട് ഓരോ പ്രദേശത്തും ചെല്ലുന്പോൾ പ്രവർത്തകരോട് അവിടെ കാറ് റെഡിയാക്കാൻ പറഞ്ഞാൽ മതിയല്ലോ. ഒരു കാരണവശാലും രാത്രി പത്തു മണിക്ക് ശേഷം ജാഥ കഴിഞ്ഞ് തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കോ, പാലക്കാട് നിന്നു കണ്ണൂർക്കോ കാറിൽ പോകരുത്. ഇലക്ഷൻ ജനാധിപത്യത്തിലെ ഉത്സവമാണ്, അത് ഒഴിവാക്കരുത്. എന്നാൽ രാത്രിയാത്ര ഒഴിവാക്കണം. വിലാപയാത്ര ഒഴിവാക്കാൻ അത് സഹായിക്കും.

എൻറെ എല്ലാ സ്ഥാനാർത്ഥി സുഹൃത്തുക്കളും, നേതാക്കളും, പ്രവർത്തകരും ഈ തിരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കും എന്ന വിശ്വാസത്തോടെ,

Advertisment