ബഡ്ജറ്റ് ഒരു ബാലന്‍സ്ഷീറ്റ് മാത്രമല്ല- രാഷ്ട്രനിര്‍മ്മാണപ്രക്രിയയിലെ ഒരു ദര്‍ശനരേഖകൂടിയാണ്. രണ്ടാം മോദി മന്ത്രിസഭയുടെ ഒന്നാം ബഡ്ജറ്റിനെക്കുറിച്ചുള്ള ഒരിന്ത്യന്‍ പൗരന്റെ ഉല്‍കണ്ഠകള്‍

എസ് പി നമ്പൂതിരി
Wednesday, July 10, 2019

‘ഈ രാജ്യത്ത് ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ പ്രേമപരവശനായ ഒരു കാമുകന്‍ കാമുകിക്കു നല്‍കുന്ന വാഗ്ദാനങ്ങള്‍ പോലെയാണ്. യാഥാര്‍ത്ഥ്യബോധം പലപ്പോഴും കുറവായിരിക്കും. പക്ഷെ, അപ്പോഴത്തെ മാനസികാവസ്ഥയില്‍ അവയെല്ലാം ആത്മാര്‍ത്ഥമാണെന്നതിലും സംശയമില്ല.’

പാര്‍ലമെന്ററി ഭരണസമ്പ്രദായത്തിന്റെ ഈറ്റില്ലമെന്നു പലരും വിശേഷിപ്പിക്കാറുള്ള ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആന്‍ഡ്രൂ റോബര്‍ട്ട് സാലിസ്‌ബെറി എന്ന ഒരു ജനപ്രതിനിധി പ്രകടിപ്പിച്ച അഭിപ്രായമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അദ്ദേഹം ഈ അഭിപ്രായം അവതരിപ്പിക്കുമ്പോള്‍ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിലാണ്. പിന്നീട് ഏതാണ്ട് ഒന്നരശതാബ്ദത്തിനുശേഷമാണ് ഇന്ത്യക്ക് ഒരു പാര്‍ലമെന്ററി ഭരണക്രമമുണ്ടാവുന്നത്.

ഇപ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം രണ്ടുവര്‍ഷം മുമ്പുതന്നെ സപ്തതി പൂര്‍ത്തിയാക്കിയിരിക്കുന്നു. രണ്ടാം മോദി മന്ത്രിസഭയുടെ ഒന്നാം ബഡ്ജറ്റ് ആണ് നിര്‍മ്മലാസീതാരാമന്‍ ലോകസഭയിലവതരിപ്പിച്ചിരിക്കുന്നത്.

നാനാത്വത്തിലെ ഏകത്വമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശകതത്വം മറക്കാന്‍ ശ്രമിക്കുന്നതും എല്ലാ നാനാത്വങ്ങളും ഏകത്വത്തില്‍ ലയിച്ചുകൊള്ളണമെന്ന് വാശി പിടിക്കുന്നതുമായ അധികാരകേന്ദ്രീകരണപ്രവണതയാണ് ഈ ബഡ്ജറ്റിനേയും സര്‍ക്കാരിനേയും നയിക്കുന്നത്.

He who rules Aryavartha rules India (ആര്യാവര്‍ത്തം ഭരിക്കുന്നവനിന്ത്യ ഭരിക്കും)
ഇന്ത്യാചരിത്രത്തെ കൂലങ്കഷപഠനങ്ങള്‍ക്ക് വിധേയമാക്കിയ ചരിത്രപണ്ഡിതന്മാരെല്ലാം യോജിച്ചെത്തിച്ചേരുന്ന ഒരു നിഗമനമാണിത്. ചരിത്രാതീത കാലത്തെ ഇതിഹാസപുരാണങ്ങളിലും ഈ ഉത്തരേന്ത്യന്‍ മേധാവിത്വം നമുക്കനുഭവപ്പെടും.

ത്രിമൂര്‍ത്തികളായാലും ദശാവതാരങ്ങളായാലും എല്ലാം ഉത്തരേന്ത്യന്‍ പശ്ചാത്തലമുള്ള ദൈവങ്ങള്‍. ദ്രാവിഡദൈവങ്ങളില്ല. ഉണ്ടെങ്കില്‍ത്തന്നെ അവര്‍ക്കംഗീകാരവുമില്ല. വിന്ധ്യഹിമാലയങ്ങള്‍ക്കിടയിലുള്ള സിന്ധുഗംഗാസമതലമാണല്ലോ വിശ്വവിശ്രുതമായ ഭാരതീയസംസ്‌കാരത്തിന്റെ ഈറ്റില്ലം. സിന്ധുഗംഗാസമതലങ്ങളില്‍ പൂത്തുലഞ്ഞ് വളര്‍ന്നുവികസിച്ചതാണ് വേദവേദാന്തങ്ങളും ഇതിഹാസപുരാണങ്ങളുമെല്ലാം. ആ നിലക്കത് സ്വാഭാവികവുമാണ്.

ഈ നദീതടസംസ്‌കാരം പോലെയോ അതിലുമേറെയോ ചരിത്രമവകാശപ്പെടുന്ന ഒരു ദ്രാവിഡസംസ്‌കാരവും ഇന്ത്യയിലുണ്ടായിരുന്നു. പില്‍ക്കാലത്ത് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഒരു മഹാരാജ്യം ആകൃതിപ്പെട്ടുവന്നപ്പോള്‍ നേതൃത്വം ആര്യാവര്‍ത്തത്തിനായിത്തീര്‍ന്നു. നേതൃത്വത്തിലേക്കുയര്‍ന്ന ഔത്തരാഹന്മാര്‍ ദ്രാവിഡരുള്‍പ്പെടെയുള്ള പ്രാദേശികസംസ്‌കാരങ്ങളെ യഥാര്‍ഹം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല.

സാമന്തരാജ്യങ്ങളെയെന്നപോലെയാണവര്‍ ഇതരസംസ്‌കാരങ്ങളെ കൈകാര്യം ചെയ്തത്. നമ്മുടെ ദേശീയപ്രസ്ഥാനവും അതിനു നേതൃത്വം കൊടുത്ത മഹാരഥന്മാരും ഈ അസന്തുലിതാവസ്ഥയും അസമത്വവും അവസാനിപ്പിക്കണമെന്ന ചിന്തയിലായിരുന്നു. അങ്ങിനെയാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സംസ്ഥാനതാല്പര്യസംരക്ഷണാര്‍ത്ഥം ഫെഡറലിസം സ്ഥാനം പിടിക്കുന്നത്.

കേന്ദ്രഗവര്‍മെണ്ടിനുവേണ്ടി ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ ബഡ്ജറ്റവതരിപ്പിച്ചുകൊണ്ട് നടത്തിയ സുദീര്‍ഘപ്രസംഗം കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ ഫെഡറലിസം വീണ്ടും അപകടത്തില്‍ പെട്ടിരിക്കുന്നു എന്നാണെനിക്ക് തോന്നിയത്. ബഡ്ജറ്റ് വിലയിരുത്താനുള്ള അര്‍ത്ഥശാസ്ത്രപാണ്ഡിത്യമൊന്നുമെനിക്കില്ല. കേരളത്തിലെ ഒരു സാധാരണപൗരനെന്നനിലക്കുള്ള എന്റെ പ്രതികരണമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. വിശദീകരിക്കട്ടെ.

ഒന്ന്: കേരളം നാണ്യവിളകളുടെ നാടാണ്. കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങള്‍ മോഹിച്ചാണ് സാമ്രാജ്യത്വശക്തികളിന്ത്യയിലേക്ക് വന്നതുതന്നെ. കയറ്റുമതിയിലൂടെ ഇന്ത്യ നേടിക്കൊണ്ടിരിക്കുന്ന വിദേശനാണ്യശേഖരത്തില്‍ കേരളത്തിന്റെ പങ്ക് ചെറുതല്ല. പക്ഷെ, കൃഷിയും കര്‍ഷകനും ഇതുവരെയുണ്ടായിട്ടില്ലാത്ത തകര്‍ച്ചയെ നേരിടുന്നു.

കിലോഗ്രാമിന് ഇരുനൂറ്റി നാല്പതു രൂപക്കുമുകളില്‍ വിലയുണ്ടായിരുന്ന റബറിനിന്ന് തൊണ്ണൂറുരൂപയില്‍ താഴെയാണ് വില. വില കുറഞ്ഞാലും ഉല്പാദനച്ചിലവ് കുറയുന്നില്ല; കൂടുകയേ ഉള്ളു. റബര്‍പാലിനുവേണ്ടി ചിരട്ടയെടുത്തുനില്‍ക്കുന്ന റബര്‍മരം പോലെ റബര്‍ കര്‍ഷകനും സര്‍ക്കാര്‍ ദാക്ഷിണ്യത്തിനുവേണ്ടി ചിരട്ടയെടുത്തുനില്‍ക്കുന്ന അവസ്ഥയാണ്. ഇത് റബര്‍കൃഷിയുടെ മാത്രം കഥയല്ല.

കാര്‍ഷികമേഖലയാകെ പ്രതിസന്ധിയിലാണ്. അതേസമയം റബര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ടയര്‍ പോലുള്ള സാധനങ്ങള്‍ക്ക് വില കുറയുന്നുമില്ല. ടയര്‍ വ്യവസായികള്‍ക്ക് സ്വാഭാവികറബറും കൃത്രിമറബറുമൊക്കെ ഇഷ്ടംപോലെ ഇറക്കുമതി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി കൊടുക്കുന്നുമുണ്ട്. ആസിയാന്‍ കരാറില്‍ ഇന്ത്യ ഒപ്പിട്ടതാണ് ഈ പ്രതിസന്ധികള്‍ക്കെല്ലാം കാരണമെന്ന് ഡോ. തോമസ് ഐസക്കിനേപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം പ്രതിസന്ധികള്‍ മറികടക്കാനുള്ള പോംവഴികള്‍ ആസിയാന്‍ കരാറിലുണ്ടെന്നും അതുപയോഗപ്പെടുത്താത്തതാണ് പ്രശ്‌നമെന്നും വാദിക്കുന്നവരമുണ്ട്. സിന്ധുനദീതടസംസ്‌കാരത്തിന്റെ കാലം മുതല്‍ ഇന്ത്യ ഒരു കാര്‍ഷികരാജ്യമാണ്. ഈ ബഡ്ജറ്റിന്റെ അണിയറശില്പികളും അതംഗീകരിക്കുന്നു-പോരാ അതിലഭിമാനിക്കുകയും ചെയ്യുന്നു. ഈ ബഡ്ജറ്റ് പ്രസംഗം മുഴുവന്‍ കേട്ടുകഴിയുമ്പോള്‍ ഏതൊരു മലയാളിയും സംശയിച്ചുപോകും: ‘കേരളമിപ്പോളും ഇന്ത്യയില്‍ത്തന്നെയാണോ? ഇന്ത്യയില്‍ത്തന്നെയാണെങ്കില്‍ നാമിപ്പോള്‍ ആദ്യം പറഞ്ഞ സാമന്തപദവിയിലാണ്.’

രണ്ട്: ഉള്‍നാടന്‍ ഗതാഗതം നാവികയാത്രാസൗകര്യങ്ങള്‍ ആയുര്‍വേദം, ടൂറിസം, പ്രകൃതിസൗന്ദര്യം മുതലായ കേരളത്തിന്റെ സാദ്ധ്യതകളുടെ നേര്‍ക്ക് ഈ ബജറ്റ് കണ്ണടക്കുന്നു-കേരളം നേരിടുന്ന പ്രധാന വികസനപ്രശ്‌നങ്ങളിലെല്ലാം മൗനം ദീക്ഷിക്കുന്നു. അത്യപൂര്‍വ്വവും അതീവഭയാനകവുമായ ഒരു പ്രളയദുരന്തത്തെയാണ് കേരളത്തിനു നേരിടേണ്ടിവന്നത്. ഇക്കാര്യത്തില്‍ ഒരു കേന്ദ്ര ഗവര്‍മെന്റ് സംസ്ഥാനത്തിന് അര്‍ഹമായ സഹായസഹകരണങ്ങള്‍ നല്‍കിയില്ല. തന്നെയല്ല,

ഇക്കാര്യത്തില്‍ വിദേശത്തുനിന്ന് ലഭിക്കാവുന്ന സാമ്പത്തികസഹായങ്ങള്‍ക്ക് തടയിടുകയും ചെയ്തു.മൂന്ന്: അധികാരവികേന്ദ്രീകരണം ഇന്നേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ശുക്രനീതിയും മനുസ്മൃതിയും മുതല്‍ ഗാന്ധിജിയുടെ ഗ്രാമസ്വരാജും ജനകീയാസൂത്രണവും പഞ്ചായത്തീരാജ് സംവിധാനവും വരെ വിവിധ ഘട്ടങ്ങളിലായി വളര്‍ന്നു വികസിച്ച ഒരു ഭരണമാതൃകയാണ് അധികാരവികേന്ദ്രീകരണം.

ഈ ബഡ്ജറ്റും ബഡ്ജറ്റവതരിപ്പിച്ച ഗവര്‍മെണ്ടും അധികാരകേന്ദ്രീകരണത്തിന്റെ ഭാവരൂപങ്ങളും നിറവും ഗന്ധവുമാണ് വെളിവാക്കുന്നത്. ഇന്ത്യയുടെ യശസ്തംഭങ്ങളായ പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്നു. ശതകോടീശ്വരന്മാരുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നു. അതിനായി പൊതുമേഖലാബാങ്കുകളെ സഹായിക്കുന്നു.

ശതകോടീശ്വരന്മാരില്‍ കാരുണ്യവര്‍ഷം ചൊരിയുമ്പോള്‍ ജനകോടികള്‍ കൂടുതല്‍ കൂടുതല്‍ ദുരിതങ്ങള്‍ സഹിക്കാന്‍ നിര്‍ബന്ധിതരാവുന്നു. സ്വിസ് ബാങ്കുകളിലും മറ്റുമായി നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ ഇന്ത്യയിലെത്തിക്കുമെന്നും ഓരോ ഇന്ത്യന്‍ കുടുംബത്തിനും അതിന്റെ ആനുപാതികപ്രയോജനം ലഭിക്കുമെന്നും വാഗ്ദാനം ചെയ്തവരുടെ ബഡ്ജറ്റില്‍ അതേക്കുറിച്ചൊരു പരാമര്‍ശം പോലുമില്ല.

ബഡ്ജറ്റ് തിരഞ്ഞെടുപ്പ് പ്രകടനപത്രികപോലെയായിത്തീരുന്നു. ബഡ്ജറ്റ്പ്രസംഗം മൈതാനപ്രസംഗത്തിന്റെ നിലവാരത്തിലേക്ക് തരം താഴുന്നു. സര്‍വ്വാധികാരങ്ങളും ആര്യാവര്‍ത്തത്തിലേക്ക് കേന്ദ്രീകരിക്കാനുള്ള നിഗൂഢശ്രമങ്ങള്‍ ഈ ബഡ്ജറ്റിനുപിന്നിലും ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു രാജ്യത്തിന്റെ ആയവ്യയഗണനപത്രികയും നാളെയേക്കുറിച്ചുള്ള സ്വപ്നങ്ങളുടെ വര്‍ണ്ണശബളമായ ചിത്രങ്ങളുമാണ് ബഡ്ജറ്റെങ്കില്‍ ഈ ബഡ്ജറ്റിന് വലിയ പോരായ്മകളൊന്നുമില്ല. മറിച്ച് ഭൂതകാലത്തെക്കുറിച്ച് വര്‍ത്തമാനകാലത്തിന്റെ സത്യസന്ധമായ വിലയിരുത്തലും ഇന്നത്തെ ചുറ്റുപാടില്‍ രാജ്യത്തെ സാമൂഹ്യപ്രതിബദ്ധതയോടെ മുന്നോട്ടു നയിക്കുന്നതിനുള്ള ധനവിനിയോഗ പദ്ധതിയുമാണ് ബഡ്ജറ്റെങ്കില്‍ ഇതിനു പോരായ്മകളേറെയുണ്ട്.

ശതകോടീശ്വരന്മാരെ സഹസ്രകോടീശ്വരന്മാരാക്കാന്‍ സഹായിക്കുന്നതിലൂടെ രാജ്യം രക്ഷപ്പെട്ടുകൊള്ളുമെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ജനകോടികളുടെ ജീവിതനിലവാരമുയര്‍ത്തുന്നതിലൂടെ മാത്രമേ നാടിന് ഐശ്വര്യം കൈവരികയുള്ളു. ഏതൊരു നിയമനിര്‍മ്മാണവേളയിലും അതിന്ത്യയിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ എങ്ങനെ ബാധിക്കുമെന്ന ചിന്ത ഭരണാധികാരികള്‍ക്കുണ്ടാവണം എന്ന മഹാത്മജിയുടെ നിര്‍ദ്ദേശം എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും.

ബഡ്ജറ്റവതരണത്തിനാവശ്യമായ രേഖകളുള്‍ക്കൊള്ളുന്ന തോല്‍പ്പെട്ടിയുമായാണ് ധനമന്ത്രി ലോകസഭയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ത്യയുടെ ആദ്യധനമന്ത്രിയായിരുന്ന ശ്രീ. ഷണ്‍മുഖം ഷെട്ടിയുടെ കാലം മുതലുള്ള ഒരു സമ്പ്രദായമാണത്. ഇത്തവണ തോല്‍പ്പെട്ടിക്കു പകരം ഒരു പട്ടു സഞ്ചിയുമായിട്ടാണ് ധനമന്ത്രി ശ്രീമതി. നിര്‍മ്മലാസീതാരാമന്‍ സഭയിലെത്തിയത്.

പല മാധ്യമങ്ങളും ഈ മാറ്റത്തെ പ്രശംസിക്കാനുമിടയായി. ഗോവധനിരോധനം പ്രധാനമുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്ന ഒരു സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ പ്രതീകമാണ് ഈ മാറ്റമെന്ന്വേണമെങ്കില്‍ പറയാം. ഇതിനൊരു മറുവശമുണ്ട്. മൃഗബലിയും മറ്റും പുണ്യമായി കരുതിയിരുന്ന യജ്ഞസംസ്‌കാരത്തിന്റെ വക്താക്കളാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്.

മനുഷ്യസ്ത്രീയെ ജീവനോടെ ചുട്ടുകൊല്ലുന്ന പ്രാകൃതമായ സതിയെന്നൊരു ദുരാചാരം ഇന്ത്യയിലുണ്ടായിരുന്നു. അതിനെതിരെ സമരം നയിച്ചത് രാജാറാം മോഹന്റായ് എന്ന വിപ്‌ളവകാരിയാണ്.

കേരളത്തിലാണെങ്കില്‍ നമ്പൂതിരി കന്യകമാരെ വൃദ്ധവിവാഹത്തിന്റെ നരകാഗ്‌നിയിലേക്ക് വലിച്ചെറിയുന്ന ഒരനാചാരമുണ്ടായിരുന്നു. അതിനെതിരെ വിജയകരമായ സമരം നയിച്ചത് ഇ.എം,എസ്സിനേയും വിടിയേയും പോലുള്ള വിപ്‌ളവകാരികളാണ്. അവിടെയൊന്നും യജ്ഞസംസ്‌കാരത്തിന്റെ വക്താക്കളെ കണ്ടില്ലെന്നുമാത്രമല്ല അവരൊക്കെ മറു പക്ഷത്തായിരുന്നുതാനും. അവരെല്ലാം സാമ്രാജ്യത്വശക്തികളുടെ വിനീതദാസന്മാരുമായിരുന്നു.

കൃഷിയുടെ കാര്യംതന്നെ നോക്കാം. ഇന്ത്യ ഒരു കാര്‍ഷികരാജ്യമാണല്ലോ. വേദകാലഘട്ടം മുതല്‍ തന്നെ അതാണു സ്ഥിതി. സിന്ധു-ഗംഗാസമതലങ്ങളില്‍ ആകൃതിപ്പെട്ടു വന്ന കാര്‍ഷികസംഗ്കാരത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ് ഋഗ്വേദം പോലും. വേദകാലമഹിമയെക്കുറിച്ച് അഭിമാനംകൊള്ളുന്നവരുടെ ബഡ്ജറ്റില്‍ കൃഷിയെ സംരക്ഷിക്കുന്ന ഒരു പരിപാടിയുമില്ല. കര്‍ഷകനിന്ന് ആത്മഹത്യയാണ് അവസാനാശ്രയമെന്ന നിലയിലെത്തി നില്‍ക്കുന്നു.

വ്യാപാരവല്‍ക്കരണം സ്വകാര്യവല്‍ക്കരണം ആഗോളവല്‍ക്കരണം-എന്നീ കരണത്രയത്തിന്റെ വക്താക്കളാണ് ഇന്നിന്ത്യ ഭരിക്കുന്നത്. കര്‍ഷകരേയും കൃഷിയേയും വ്യവസായഭീമന്മാരുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഒരു സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അത് ഈ ബഡ്ജറ്റിലും വ്യക്തമാകുന്നുണ്ട്. കര്‍ഷകന്റെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുകയെന്നത് ഇന്നും ഒരു സ്വപ്നം മാത്രമായി തുടരുന്നു.

ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഫയലിലുറങ്ങുകയാണ്. വന്‍കിടവ്യവസായികളെ സഹായിക്കുന്ന ഇറക്കുമതി നയമാണ് കാര്‍ഷികോല്പന്ന വിലയിടിവിനു മറ്റൊരു പ്രധാനകാരണം. മുഴുവനിന്ത്യക്കാരെയും ജീവിതദുരിതത്തിലാഴ്ത്തുന്ന അഭൂതപൂര്‍വ്വമായ ഇന്ധനവിലവര്‍ദ്ധനയാണ് ഇപ്പോഴേറെ ചര്‍ച്ചചെയ്യപ്പെടുന്ന ബഡ്ജറ്റിന്റെ സവിശേഷത.

വായ്പ തിരിച്ചടയ്ക്കാത്ത വ്യവസായഭീമന്മാരുടെ വഞ്ചനകൊണ്ട് വീര്‍പ്പുമുട്ടുന്ന പൊതുമേഖലാ ബാങ്കുകളെ സഹായിക്കാനാണ് സര്‍ക്കാരീ തുകയിലേറെയും വിനിയോഗിക്കുന്നത്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്ന ഹതഭാഗ്യരായ കര്‍ഷകരുടെ വായ്പ ഇളവു ചെയ്യാനൊരു പരിപാടിയുമില്ല. ഇന്ത്യയിന്നൊരു സ്വതന്ത്രരാജ്യമാണ്. കോളനിയല്ല.

പക്ഷെ, പുതിയൊരു സാമ്രാജ്യമേഖലയുടെ കരിമേഘങ്ങള്‍ നമ്മുടെ ആകാശചക്രവാളങ്ങളിലുരുണ്ടുകൂടി വരുന്നു. നമുക്കതിനെ വ്യാപാരവല്‍ക്കരണമെന്നോ ആഗോളവല്‍ക്കരണമെന്നോ സ്വകാര്യവല്‍ക്കരണമെന്നോ ഗാട്ടു കരാറെന്നോ ഉള്ള സുന്ദരസംജ്ഞകളാല്‍ വിശേഷിപ്പിക്കാം. ഈ സൗന്ദര്യസങ്കല്പങ്ങളോട് ഈ ബഡ്ജറ്റ് നീതി പുലര്‍ത്തിയിട്ടുണ്ടെന്നും സമ്മതിക്കാം.

അതിനുവേണ്ടി മഹാത്യാഗങ്ങളിലൂടെ നാം പടുത്തുയര്‍ത്തിയ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയാണ്- വിത്തെടുത്ത് കുത്തി തിന്നുന്നതുപോലെ. വിമാനത്താവളവും വ്യവസായവും തീവണ്ടിയും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരോഗ്യരക്ഷാസംവിധാനവും ഒന്നും സര്‍ക്കാരിനു വേണ്ട. അതൊക്കെ സ്വകാര്യമേഖല കാര്യക്ഷമമായി നടത്തിക്കൊള്ളും. പിന്നെ, സര്‍ക്കാരിന്റെ പണിയെന്താണ്? നികുതി പിരിക്കുക-ശമ്പളം കൊടുക്കുക-

ക്രമസമാധാനം പോലുള്ള ചില്ലറക്കാര്യങ്ങളും.
പണ്ടൊരു രാജാവ് മന്ത്രിയോടു ചോദിച്ചുവത്രെ:
രാജാവ്: ‘എന്തിനാണീ നികുതി പിരിക്കുന്നത്?’
മന്ത്രി: ‘ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍’
രാജാവ്: ‘എന്തിനാണവര്‍ക്ക് ശമ്പളം കൊടുക്കുന്നത്?’
മന്ത്രി: ‘നികുതി പിരിക്കുന്നതിന്’

സമസ്തമേഖലകളിലും സ്വകാര്യവല്‍ക്കരണം നടപ്പാക്കി സര്‍ക്കാര്‍ ഭരണനിര്‍വ്വഹണമെന്ന ഒരു ചെറിയ വൃത്തത്തിലേക്ക് ഒതുങ്ങുകയാണ്. ആധുനികയുഗത്തിലെ രാജാവായ പൗരന്‍ അന്നു രാജാവുചോദിച്ച ചോദ്യം വീണ്ടും ചോദിക്കേണ്ട അവസ്ഥയിലാണ് നാമിന്നെത്തി നില്‍ക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ പൗരന്റെ ചോദ്യമിങ്ങനെ ആയിരിക്കും:

‘അതീവപ്രധാനമായ ജീവിതഭാഗമായിത്തീര്‍ന്നിരിക്കുന്ന ഇന്ധനവിലയില്‍ എന്തിനാണ് പുതിയ നികുതി ചുമത്തിയിരിക്കുന്നത്? ജനജീവിതം കൂടുതല്‍കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്ന ഒരു നികുതിഭാരമല്ലേയിത്? ഇപ്പോഴത്തെ ഇന്ധനവിലയുടെ പകുതിയോളം പലതരം നികുതികളാണ്. യഥാര്‍ത്ഥ വിലയല്ല നാം കൊടുത്തുകൊണ്ടിരിക്കുന്നത്.’

അവരുടെ മറുപടിയിങ്ങനെയാവാം:

‘പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുവാന്‍ വേണ്ടിയാണീ പുതിയനികുതി.’
‘പൊതുമേഖലാ ബാങ്കുകള്‍ക്കിപ്പോഴെന്താണൊരു ശക്തിക്ഷയം?’

മറുപടി: ‘വ്യവസായരാക്ഷസന്മാര്‍ വായ്പയെന്ന പേരില്‍ കൈവശപ്പെടുത്തിയ സഹസ്ര കോടികള്‍ തിരിച്ചടക്കുന്നില്ല. പലരും നാടു വിട്ടിരിക്കുന്നു. ബാങ്കുകളുടെ നിലനില്‍പ്പുതന്നെ അപകടാവസ്ഥയിലാണ്. ഈ ബാങ്കുകളെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ചുമതലയല്ലേ?
വീണ്ടുമൊരു ചോദ്യം: ‘ഇങ്ങനെ നഷ്ടത്തില്‍ പെട്ടുഴലുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും സര്‍ക്കാര്‍ ഖജനാവിനെ പുഷ്ടിപ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണല്ലോ’.നഷ്ടത്തില്‍ ആയവയുടെ ഓഹരി എന്തുകൊണ്ട് സ്വകാര്യമേഖല വാങ്ങിക്കൂട്ടുന്നു? ഇത് സര്‍ക്കാരിന് ലാഭത്തില്‍ നടത്തിക്കൂടേ?

മറുപടി: വ്യാപാരവും വ്യവസായവുമൊന്നും സര്‍ക്കാരിന്റെ ജോലിയല്ല. അത് ലാഭകരമായി നടത്താന്‍ പ്രാപ്തിയുള്ളവര്‍ക്ക് വിട്ടുകൊടുക്കും. അതിന് ന്യായമായ നികുതികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യും അത്രതന്നെ.’

സ്വതന്ത്രഭാരതം ഒരു നവരാഷ്ട്രം പടുത്തുയര്‍ത്തുന്നതിന്റെ ഭാഗമായി ത്യാഗമേറെ സഹിച്ച് പടുത്തുയര്‍ത്തിയതാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. സമസ്ത മേഖലകളിലും ഇന്ത്യ സ്വയം പര്യാപ്തമാവണമെന്നതായിരുന്നു നവഭാരതശില്പികളുടെ കാഴ്ചപ്പാട്. അത്തരം സ്ഥാപനങ്ങളാണ് ഇപ്പോള്‍ വിറ്റുതുലച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തിന്റെ കേളികൊട്ടും തിരപ്പുറപ്പാടും ഈ ബഡ്ജറ്റിലുടനീളം നമുക്ക് കാണുകയും കേള്‍ക്കുകയും ചെയ്യാം.

തോല്‍പ്പെട്ടിക്കു പകരം ചെമ്പട്ടില്‍ പൊതിഞ്ഞതുകൊണ്ടൊന്നും ഈ നയവ്യതിയാനം മറച്ചുവയ്ക്കാനാവില്ല. ഐതിഹാസികസമരങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും സ്വാശ്രയത്വവും തിരിച്ചടികള്‍ നേരിടുകയാണ്-ഭയപ്പെടേണ്ടയവസ്ഥ. സ്വകാര്യമേഖലക്കും അവരുടെ രക്ഷകര്‍ത്താക്കളായ മൂലധനശക്തികള്‍ക്കും നാമൊരു പണയപ്പണ്ടമായി മാറുകയാണോ? രാഷ്ട്രനിര്‍മ്മാണപ്രകിയയിലെ ഒരു ദര്‍ശനരേഖയാണ് ബഡ്ജറ്റെങ്കില്‍ ഈ ബഡ്ജറ്റൊരു പണയാധാരമാണ്. നമ്മുടെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും പണയം വച്ചാണ് നാമിനി ജീവിക്കാന്‍ പോകുന്നത്.

എന്തിന്നു ഭാരതധരേ കരയുന്നൂ പാര-
തന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ

എന്ന മഹാകവിവചസ്സില്‍ നമുക്ക് സാന്ത്വനം കണ്ടെത്താനാവില്ല. ഈ പണയാധാരത്തിന് ഒഴിമുറിയാധാരം തന്നെ നടത്തിയെടുക്കണം ബാധ്യതകള്‍ നിഴല്‍ വീഴ്ത്താത്ത ഒരാധാരത്തനിമ നമുക്കുണ്ടാവണം. മൃദുലസുന്ദരമായ മാഞ്ചെസ്റ്റര്‍ മന്മലിനെ പരുക്കന്‍ ഖദര്‍ കൊണ്ട് തോല്പിച്ച ചൈതന്യം നാം വീണ്ടെടുക്കണം.

ആ ചൈതന്യമീ ബഡ്ജറ്റിലില്ല. വിദേശമൂലധനത്തിന്റെ സ്വതന്ത്ര വിഹാരം ക്ഷണിച്ചുകൊണ്ട് സമസ്തമേഖലകളും വാതില്‍ തുറന്ന് കാത്തിരിക്കുകയാണ്. ചെറുകിടവ്യാപാര മേഖലയില്‍ പോലും നേരിട്ടുള്ള വിദേശമൂലധനം (എഫ്.ഡി.ഐ) സ്വാഗതം ചെയ്യപ്പെടുന്നു. നമ്മുടെ ഈ യാത്ര എങ്ങോട്ടാണ്? ആശങ്ക തോന്നുന്നു.

നമ്മള്‍ കൊതിക്കും സ്വാതന്ത്ര്യം
സ്വാശ്രയത്വം സുരക്ഷകള്‍
പണയപ്പണ്ടമായ് മാറും
സ്ഥിതിയെന്തഭിശപ്തമാം

ചാന്ദ്രയാത്ര കൊതിക്കുന്നോ-
രിന്ത്യന്‍ പൗരന്റെ സിദ്ധികള്‍
സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാ-
നടരാടേണ്ടവസ്ഥയില്‍

×