Advertisment

കുട്ടനാട്ടിലൂടെ കുടിവെള്ളം ഒഴുകുമോ ? നിയോജക മണ്ഡലത്തിലെ 13 പഞ്ചായത്തുകളിലെയും ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയം മറന്ന് മുന്നോട്ട് വരണം ! - (കുട്ടനാട് പരമ്പര - നാലാം ഭാഗം)

New Update

ല്ലായ്മയിലും വല്ലായ്മയിലും ദുരിതത്തിലുമെല്ലാം ആണ്ടോടാണ്ട് വരുന്ന സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും കേരളപ്പിറവിയും ജനങ്ങൾ സർക്കാരിനൊപ്പം ആഘോഷിക്കാറുണ്ട്. ഓണവും വിഷുവും റംസാനും ബക്രീദും ഈസ്റ്ററും ക്രിസ്തുമസും തുടങ്ങി വേറെയും.

Advertisment

"വന്നുവോണം കഴിഞ്ഞു വിഷുവെന്നും

വന്നില്ലല്ലോ തിരുവാതിരയെന്നും" ഉള്ള പൂന്താന ഗീതികളെപ്പോലെ മലയാളികൾ എന്നും ആഘോഷത്തിനായി നാളെണ്ണി കഴിയുകയാണ്. വന്ന് വന്ന് ആഘോഷിക്കാൻ എല്ലാ ദിവസവും എന്തെങ്കിലുമൊക്കെയായി വന്നും ചേരും. ഇതിനിടയിൽ നാട്ടിൽ നടക്കുന്ന നടക്കേണ്ട വികസന പദ്ധതികൾ ശ്രദ്ധിക്കാൻ ആർക്കാ നേരം ?

publive-image

കടലാസിലെ പദ്ധതികൾ

2013 ൽ തുടങ്ങിയ നീരേറ്റുപുറം ജലവിതരണ പദ്ധതിക്കായി അനുവദിച്ചത് 70 കോടി രൂപയായിരുന്നുവല്ലോ. ഈ തുകയിൽ എത്ര ചിലവായി, ഏതൊക്കെ രീതിയിൽ ചിലവായി എന്ന് ജനങ്ങൾ ചോദിച്ചാൽ ആരാണ് മറുപടി പറയുക.

1969 ൽ ആദ്യ കുട്ടനാട് കുടിവെള്ള പദ്ധതിയുടെ തുകയെ സംബന്ധിച്ച് ഇനി ഒരന്വേഷണവും സാധ്യമല്ലാതായി.

നീരേറ്റുപുറത്തെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് കുട്ടനാടിന്റെ വടക്കൻ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുളള പൈപ്പിടീൽ ഇനിയും തീർന്നിട്ടില്ല. ഇവിടെയും വില്ലൻ പൊതുമരാമത്ത് വകുപ്പ് തന്നെ.

പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന ഓവർ ഹെഡ് ടാങ്കുകളിൽ നിന്നും ഉൾപ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള പൈപ്പുകൾ അമ്പത് ശതമാനത്തിൽ താഴെ മാത്രമാണ് ഇട്ടിട്ടുള്ളതും.

ടാങ്കുകൾ സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുത്ത് കൊടുക്കാത്ത രണ്ടു പഞ്ചായത്തുകളും കുട്ടനാട്ടിലുണ്ട്. കൈനകരിയും പുളിങ്കുന്നും പഞ്ചായത്തുകൾ സ്ഥലം അക്വയർ ചെയ്യാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

പദ്ധതി കാലഹരണപ്പെട്ടു പോകാതിരിക്കാൻ സജീവമായ ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതിന് ജനപ്രതിനിധികൾ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു.

publive-image

കുട്ടനാട് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം

കുട്ടനാട് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 289.54 കോടി രൂപയാണ് കിഫ്‌ബി വഴി അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ പദ്ധതിയുടെ നടത്തിപ്പിനായി ഒരു തലത്തിലുമുള്ള അവലോകന യോഗം പോലും ചേർന്നിട്ടില്ല എന്നറിയുന്നു.

13 പഞ്ചായത്തുകളിലും നീലംപേരൂരും തകഴിയും ഉൾപ്പെടെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും 13 ഓവർഹെഡ് ടാങ്കുകളും നിർമ്മിക്കും.

30 ദശലക്ഷം ലിറ്റർ പ്രതിദിനം ശുദ്ധീകരിക്കുന്നതിനായി നീരേറ്റുപുറത്ത് തന്നെ ട്രീറ്റ്‌മെന്റ് പ്ലാന്റും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഈ സമഗ്ര കുടിവെള്ള പദ്ധതി ഏതാണ്ട് 900 കി. മീ.വരുന്ന വിതരണ ശൃ൦ഖല ആവശ്യമാണെന്നും പദ്ധതിയിൽ പറയുന്നു.

ഈ പദ്ധതി കടലാസിൽ തന്നെ ഉറങ്ങാതെ വിജയകരമായി നടപ്പിലാക്കാൻ അടിയന്തിരമായി ചെയ്യേണ്ടത് 'കുട്ടനാട് ഡിവിഷൻ' നടപ്പിലാക്കുക എന്നതാണ്. ഇശ്ചാശക്തിയും 'ജനസേവകരു'മായ ഉദ്യോഗസ്ഥരെ ഡിവിഷന്റെ തലപ്പത്ത് എത്തിച്ചു ചുമതല നൽകണം.

അതോടൊപ്പം തന്നെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന എല്ലാ കരാറുകാർക്കും കുടിശിഖ തീർത്ത്‌ അവരെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.

ഒരു വർഷമായി പൈസ ലഭിക്കാത്ത കരാറുകാർ ബുദ്ധിമുട്ടിലാണ്. ഇങ്ങനെ പോയാൽ മുന്നോട്ടുള്ള പണികൾ ചെയ്യാൻ ആളുകൾ തയാറാവില്ല.കുടിവെള്ള പദ്ധതിക്കായി സർക്കാർ അനുവദിച്ച പണം കരാറുകാർക്ക് കൈമാറാൻ താമസിക്കുന്നത് നീതീകരിക്കാനാവുമോ ? സോഷ്യൽ ഓഡിറ്റ് വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടാൽ അവരെ കുറ്റം പറയാനാവില്ല.

publive-image

പൊതുമരാമത്ത് വകുപ്പ് എന്ന അനങ്ങാപ്പാറ

എത്ര പഴി കേട്ടാലും നന്നാവാത്ത ഒരു വകുപ്പായാണ് പൊതുമരാമത്തിനെ ജനങ്ങൾ കാണുന്നത്. റോഡ് ടാക്സ് എന്ന ഇനത്തിൽ റോഡിലിറങ്ങുന്ന ഒരു വാഹനത്തിൽ നിന്നും 15 വർഷത്തെ നികുതി മുൻ‌കൂർ വാങ്ങുന്ന ഈ വകുപ്പിന് നേരാംവണ്ണം ഒരു ജോലി പോലും ഏറ്റെടുത്ത് നടത്താൻ കഴിയുന്നില്ല എന്നത് പരിതാപകരമാണെന്ന് ജനം.

നല്ല ഡ്രെയിനേജുകളോ നടപ്പാതകളോ പോലും നിർമ്മിക്കാൻ ശ്രദ്ധിക്കുന്നില്ലെന്നു മാത്രമല്ല, അത് നിർമ്മിക്കാൻ ആരെയെങ്കിലും ഏൽപ്പിച്ചാൽ അവർ ചെയ്യുന്ന ജോലി കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുമെന്ന് ഉറപ്പ് വരുത്തുവാൻ പോലും തയാറല്ല.

അശാസ്ത്രീയമായ റോഡ് നിർമ്മാണം, പാലത്തിന്റെ അപ്രോച്ച് റോഡും പാലവും തമ്മിലുള്ള പൊരുത്തക്കേട്, ഗട്ടർ നികത്തുമ്പോഴുള്ള ഉയര വ്യത്യാസം, അനാവശ്യമായതും അപകടകരവുമായ ഹംപുകൾ, ചില റോഡുകൾക്ക് കുറുകെ വെള്ളം ഒഴുകുന്നതിനുള്ള വെട്ടിത്താപ്പുകൾ, ടൈലുകൾ പാകുമ്പോൾ ടാർ റോഡുമായുള്ള ഉയര വ്യത്യാസം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കുറ്റങ്ങളും കുറവുകളും കൊണ്ട് ഈ വകുപ്പ് ജനത്തെയും ജനപ്രതിനിധികളെയും വെല്ലുവിളിച്ച് മുന്നോട്ട് പോവുകയാണ്.

അടുത്തിടെ എറണാകുളത്ത് കലൂരിൽ കുഴിയിൽ വീണ ബൈക്ക് യാത്രികൻ മരിച്ചത് വലിയ വാർത്തയായിരുന്നു. എണ്ണിയാലൊടുങ്ങാത്ത റോഡ് അപകടങ്ങൾക്ക് കാരണം ഈ വകുപ്പിന്റെ നിഷ്‌ക്രിയത്വം തന്നെയാണ്.

റോഡിന്റെ ഉപരിതലം വാഹന ഗതാഗതത്തിനും അടിഭാഗവും വശങ്ങളും മറ്റ് സർവീസുകൾക്കും ഉള്ള യൂട്ടിലിറ്റി കോറിഡോറുമാണ്. മറ്റ് വകുപ്പുകൾക്ക് വേണ്ട യൂട്ടിലിറ്റി കോറിഡോറുകൾ നിർമ്മിക്കുന്നതിൽ ഈ വകുപ്പ് പിന്നിലാണ്.

വെള്ളം ഒഴുകുന്ന ഓടകൾ, പൈപ്പ് ലൈനുകൾ, ടെലിഫോൺ - ഇലക്ട്രിക്കൽ തുടങ്ങിയവയ്ക്ക് ഈ യൂട്ടിലിറ്റി കോറിഡോറുകൾ അത്യാവശ്യമാണ്. റോഡ് നിർമ്മാണ സമയത്ത് യൂട്ടിലിറ്റി ഡക്റ്റുകൾ നിർമ്മിച്ചാൽ റോഡ് പിന്നീട് കുത്തിപ്പൊളിക്കേണ്ടതായി വരികയില്ല. കുടിവെള്ള പൈപ്പുകൾ പൊട്ടി റോഡ് തകരുകയും ഇല്ല.

കിഫ്‌ബി വഴി കുട്ടനാട് മേഖലയിലെ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതിന് മുമ്പെങ്കിലും ജല അതോറിറ്റിയും പൊതുമരാമത്തു വകുപ്പും തമ്മിൽ ഏകോപനം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. അതിനുശേഷം മാത്രമേ ഈ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

ധനകാര്യ മന്ത്രിയുടെ പ്രത്യേക താല്പര്യാർത്ഥം കിഫ്‌ബി വഴി അനുവദിച്ച 290 കോടി രൂപയുടെ ഈ പദ്ധതി പിഴവ് കൂടാതെയും സമയബന്ധിതമായും നടപ്പാക്കിയാൽ മുക്കാൽ നൂറ്റാണ്ടായി കുടിവെള്ളം കിട്ടാതെ വലയുന്ന കുട്ടനാട്ടുകാർക്ക് ഇതിൽപ്പരം സേവനം കൊടുക്കാനില്ല.

പൊതുമരാമത്ത് മന്ത്രിയും ഈ കാര്യത്തിൽ അദ്ദേഹത്തിൻറെ കീഴിലുള്ള വകുപ്പിന് കർശന നിർദ്ദേശം നൽകേണ്ടിയിരിക്കുന്നു.

ഇവിടെ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിന് നേരെ ജനങ്ങൾ മുഖം തിരിച്ചാണ് ഇപ്പോൾ നിൽക്കുന്നത്. നാളിതുവരെ കുടിവെള്ളത്തിന്റെ പേരിൽ കോരിച്ചൊരിഞ്ഞ വാഗ്ദാനങ്ങൾ പെരുമഴയായി കുത്തിയൊലിച്ച് പോകുന്നതിൽ അതൃപ്തിയുള്ളവരാണ് പലരും. അത് കാണാതെ പോകരുത്.

 

........................................................................................................

 

 

Advertisment