Advertisment

ഇന്റർനെറ്റിന്റെ അകത്തേക്കുള്ള യാത്രപോലെ സുഗമമല്ല പരിക്കുകൾ കൂടാതെ പുറത്തേക്ക് തിരിച്ചിറങ്ങുന്നത്. ജോലി കളയുന്ന സമൂഹ മാധ്യമങ്ങൾ - മുരളി തുമ്മാരുകുടി എഴുതുന്നു

author-image
admin
New Update

- നീരജ ജാനകി, മുരളി തുമ്മാരുകുടി

Advertisment

publive-image

ലിങ്ക്ഡ് ഇൻ എന്ന സമൂഹ മാധ്യമം നന്നായി ഉപയോഗിച്ചാൽ നമ്മളെ തേടി ജോലികൾ ഇങ്ങോട്ടു വരുന്ന സാഹചര്യം ഞങ്ങൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നല്ലോ. ഇന്ന് അതിന് നേരെ വിപരീതമായ സാഹചര്യം നോക്കാം.

സമൂഹ മാധ്യമങ്ങൾ വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ അത് എങ്ങനെയാണ് നിങ്ങളുടെ ജോലി കിട്ടാനുള്ള സാധ്യതയേയും, കിട്ടിയ ജോലിയേയും ബാധിക്കുക എന്ന് നോക്കാം. തൊഴിൽ രംഗത്തുള്ളവരും തൊഴിൽ രംഗത്തേക്ക് വരാൻ തയ്യാറെടുക്കുന്നവരും ഇക്കാര്യം ശ്രദ്ധിച്ച് വായിക്കണം.

സമൂഹമാധ്യമം തൊഴിലിനെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും നാടകീയമായ ഉദാഹരണം, ന്യൂ യോർക്കിൽ ഒരു സ്ഥാപനത്തിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായിരുന്ന ജസ്റ്റിൻ സാക്കോയുടേതാണ്. സമൂഹ മാധ്യമത്തിൽ താരമൊന്നുമല്ലാത്ത, ട്വിറ്ററിൽ വെറും 170 ഫോളവേഴ്സ് മാത്രമുള്ള ഒരാൾ. അനവസരത്തിൽ നടത്തിയ ഒറ്റ ട്വീറ്റിൽ അവരുടെ തൊഴിൽ മാത്രമല്ല, ജീവിതം തന്നെ മാറിമറിഞ്ഞു.

2013 ൽ അവർ ദക്ഷിണാഫ്രിക്കയിൽ അവധിക്കാലം ചിലവഴിക്കാൻ പോവുകയായിരുന്നു. ന്യൂ യോർക്കിൽ നിന്നും ലണ്ടൻ വഴി കേപ് ടൌൺ എന്നതാണ് റൂട്ട്. അന്നൊന്നും വിമാനത്തിൽ വൈഫൈ ആയിട്ടില്ലാത്തതിനാൽ വിമാനത്തിൽ കയറുന്നതിന് മുൻപും, ലണ്ടനിൽ വിമാനം ഇറങ്ങിക്കഴിഞ്ഞും, വിമാനയാത്രയിൽ നേരിട്ട ചെറിയ അസൗകര്യങ്ങളെ കുറിച്ച് അവർ ട്വീറ്റ് ചെയ്തു.

അത് ആരും തന്നെ ഗൗനിച്ചില്ല. എന്നാൽ ലണ്ടനിൽ നിന്നും കേപ്പ് ടൗണിലേക്ക് വിമാനം കയറുന്നതിന് മുൻപ് അവർ ഒരു ട്വീറ്റ് കൂടി ചെയ്തു. ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തു, അടുത്ത പതിനൊന്ന് മണിക്കൂർ ജസ്റ്റിൻ സാക്കോ വിമാനത്തിലായിരുന്നു.

ആ സമയം താഴെ സമൂഹമാധ്യമത്തിന്റെ ലോകത്ത് ജസ്റ്റിൻ സാക്കോയുടെ ട്വീറ്റ് പെട്ടെന്ന് വൈറൽ ആയി. അതിലെ വംശീയത ആളുകളെ നന്നായി ചൊടിപ്പിച്ചു.

തുടർന്ന് പ്രതികരണങ്ങളുമായി ജസ്റ്റിന്റെ സ്ഥാപനത്തിനു താഴെ ആളുകൾ പൊങ്കാലയുമായി എത്തി. ജസ്റ്റിൻ അവിടെ ജോലി ചെയ്യുന്നിടത്തോളം കാലം ആ സ്ഥാപനവുമായി ബിസിനസ് ചെയ്യില്ല എന്ന് പറഞ്ഞ് ആളുകൾ ട്വീറ്റ് ചെയ്തു തുടങ്ങി.

സമൂഹമാധ്യമത്തിന്റെ ലോകത്ത് ഇത് സംഭവിക്കുമ്പോൾ ഒന്നും അറിയാതെ ജസ്റ്റിൻ വിമാനത്തിലാണ്. സ്ഥാപനത്തിന്റെ പേര് ചീത്തയാകുന്നു, ബിസിനസ്സ് നഷ്ടപ്പെടുന്നു എന്ന് കണ്ടതോടെ സ്ഥാപനം ഒരു ട്വീറ്റുമായി വന്നു,

‘This is an outrageous, offensive comment. Employee in question currently unreachable on an intl flight.’

അതോടെ കാര്യങ്ങളുടെ ഗതി മാറി. താഴെ നടക്കുന്ന സംഭവങ്ങളൊന്നും ജസ്റ്റിൻ അറിഞ്ഞിട്ടില്ലെന്ന് ആളുകൾക്ക് മനസ്സിലായി. അങ്ങനെയാണെങ്കിൽ അവർ വിമാനമിറങ്ങുമ്പോൾ, പെട്ടെന്ന് സമൂഹമാധ്യമത്തിൽ താൻ വെറുപ്പിന്റെ കേന്ദ്രമായത് അറിയുമ്പോൾ എങ്ങനെയായിരിക്കും മുഖം എന്നൊക്കെയായി സമൂഹമാധ്യമത്തിന്റെ ചിന്തയും ചർച്ചയും. അങ്ങനെ ജസ്റ്റിൻ വിമാനമിറങ്ങിയോ (#HasJustineLandedYet) എന്ന ഹാഷ് ടാഗ് വൈറൽ ആയി.

ഇതും ജസ്റ്റിൻ അറിയുന്നില്ല. എവിടെ നിന്നും എങ്ങോട്ടാണ് ജസ്റ്റിൻ യാത്ര ചെയ്യുന്നത് എന്നൊക്കെ അപ്പോഴേക്കും സമൂഹ മാധ്യമങ്ങൾ കണ്ടെത്തിക്കഴിഞ്ഞിരുന്നു. കേപ്പ് ടൗണിൽ അവർ വിമാനമിറങ്ങുന്നതും കാത്ത് ആളുകളുണ്ടായിരുന്നു. അവരുടെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.

കേപ്പ് ടൗണിൽ വിമാനമിറങ്ങിയതോടെ ജസ്റ്റിന് കാര്യങ്ങൾ മനസ്സിലായി. അവരുടെ ട്വിറ്റർ ഫീഡിലും ഫോണിലും ആയിരക്കണക്കിന് മെസ്സേജുകളാണ് എത്തിയത്. പേടിച്ച അവർ ഉടൻ തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും പതിനായിരക്കണക്കിന് റീട്വീറ്റും കമന്റുമായി അവർ ട്വിറ്റർ ലോകത്ത് മായ്‌ക്കാനാവാത്തത്ര പടർന്നു പോയിരുന്നു.

ദക്ഷിണാഫ്രിക്കയിൽ താമസിക്കാൻ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെ ജോലിക്കാർ അവരെ അവിടെ താമസിപ്പിച്ചാൽ തങ്ങൾ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ അവധിയും കാൻസൽ ചെയ്ത് ജസ്റ്റിൻ തിരിച്ചെത്തിയെങ്കിലും അവരുടെ തൊഴിൽ തിരിച്ചു കിട്ടിയില്ല.

ഒരു ട്വീറ്റ് !!, അതും വെറും170 ഫോളോവേഴ്സ് മാത്രമുള്ള ഒരാളിൽ നിന്നും. ഇതൊക്കെയാണ് സമൂഹമാധ്യമത്തിന്റെ ലോകം.

ഉള്ള തൊഴിൽ പോകുന്നതിൽ മാത്രമല്ല തൊഴിൽ കിട്ടാതിരിക്കുന്നതിലും സമൂഹമാധ്യമത്തിന് പങ്കുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ടെക്സസിൽ ഒരു സംഭവമുണ്ടായി.

എമിലി ക്ളോ എന്ന പെൺകുട്ടി ഒരു സ്ഥാപനത്തിൽ ജോലിക്ക് അപേക്ഷിച്ചു. അവരാകട്ടെ എമിലിയുടെ സമൂഹ മാധ്യമപേജുകൾ പരിശോധിച്ചു, അതിൽ എമിലി സ്വിമ്മിങ്ങ് പൂളിൽ ബിക്കിനി ഇട്ടു നിൽക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു.

അവർ എമിലിക്ക് ജോലി നൽകിയില്ലെന്ന് മാത്രമല്ല, ഇത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് പ്രൊഫഷണൽ അല്ല എന്ന് കൂടി പോസ്റ്റ് ചെയ്തു.

‘PSA (because I know some of you applicants are looking at this): do not share your social media with a potential employer if this is the kind of content on it. I am looking for a professional marketer--not a bikini model.’

ഇത്തവണ പൊങ്കാല കിട്ടിയത് കമ്പനിക്കാണ്. ആയിരക്കണക്കിന് ആളുകൾ ഈ നടപടിയിൽ പ്രതിഷേധിച്ച് പോസ്റ്റുകൾ ഇടാൻ തുടങ്ങിയതോടെ അവർ അക്കൗണ്ടുകളും വെബ്‌സൈറ്റും പ്രൈവറ്റ് ആക്കി കണ്ടം വഴി ഓടി. എമിലിക്ക് ജോലി കിട്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഈ രണ്ടു സംഭവങ്ങളിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. ട്വിറ്റർ, ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ടിക്-ടോക് തുടങ്ങി ധാരാളം ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നാം നമ്മുടെ ചിന്തകളും കഴിവുകളും പ്രകടമാക്കാറുമുണ്ട്.

മറ്റുള്ളവരുടെ പോസ്റ്റുകളിൽ അഭിപ്രായ പ്രകടനം നടത്താറുമുണ്ട്. ഇതെല്ലാം വളരെ വ്യക്തിപരമായ കാര്യമാണ് എന്നായിരിക്കും നിങ്ങളുടെ ചിന്ത. എന്നാൽ ഒന്നുറപ്പിച്ചോളൂ, നിങ്ങളുടെ സമൂഹ മാധ്യമ ചിന്തകളും ഷെയറുകളുമെല്ലാം നിങ്ങളുടെ എംപ്ലോയറും ഫ്യൂച്ചർ എംപ്ലോയറും ശ്രദ്ധിക്കുന്നുണ്ട്. ഇനിയുള്ള കാലത്ത് അത് കൂടി വരും.

എന്താണ്, എപ്പോഴാണ് നിങ്ങൾക്ക് പണിയായി വരാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല. നിങ്ങളുടെ പേജ് പ്രൈവറ്റ് ആണെന്നതോ, നിങ്ങൾ മലയാളത്തിലാണ് എഴുതുന്നതെന്നതോ, നിങ്ങൾക്ക് പത്തു ഫോളോവേഴ്സ് പോലും ഇല്ല എന്നതോ ഒന്നും ഇവിടെ വിഷയമല്ല.

സാധാരണഗതിയിൽ സമൂഹമാധ്യമങ്ങളിലെ എന്തൊക്കെ കാര്യങ്ങളാണ് തൊഴിലിന് പ്രശ്നമാകാറുള്ളത്?

1. രാഷ്ട്രീയം: കക്ഷിരാഷ്ട്രീയ ചായ്‌വുള്ളവർ മുതൽ, വിവിധ പൊളിറ്റിക്കൽ ഐഡിയയോളജികളെ അനുകൂലിക്കുന്നവർ വരെ സമൂഹമാധ്യമങ്ങളിലുണ്ട്. ഇത് സ്വാഭാവികമായും വ്യക്തികളുടെ പ്രൊഫൈലിൽ പ്രതിഫലിക്കാം.

തികച്ചും വ്യക്തിപരമായ കാര്യമാണ് ഇതെങ്കിലും തീവ്ര രാഷ്ട്രീയധ്രുവീകരണം പ്രതിഫലിപ്പിക്കുന്ന പ്രൊഫൈലുകൾ നിങ്ങൾക്ക് വിനയായി മാറാം. തീവ്രമായ അഭിപ്രായപ്രകടനങ്ങളും ഒഴിവാക്കേണ്ടതാണ്.

2. ഭാഷ: അഭിപ്രായപ്രകടനം എന്ന പേരിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്നതും അപകടമാണ്. തമാശക്കാണെങ്കിൽപ്പോലും മറ്റുള്ളവരെ തെറിവിളിക്കുന്ന കമന്റുകളും പോസ്റ്റുകളും നിങ്ങളുടെ തൊഴിൽ ജീവിതത്തെ സാരമായി ബാധിക്കാം.

വിദേശത്തുള്ള തൊഴിൽദാതാക്കൾ മലയാളത്തിലുള്ള നിങ്ങളുടെ പോസ്റ്റുകൾ വായിച്ച് എങ്ങനെ അർത്ഥം മനസിലാക്കും എന്ന് ചിന്തിക്കേണ്ട. ഭാഷ പരിഭാഷപ്പെടുത്തൽ നിർമിത ബുദ്ധിയുടെ കാലത്ത് ഒരു പ്രശ്നമേയല്ല എന്ന് മനസിലാക്കുക. മാത്രമല്ല, നിർമ്മിത ബുദ്ധി തർജ്ജമ ചെയ്യുന്പോൾ നിങ്ങൾ വിചാരിക്കാത്ത അർത്ഥം പോലും അതിനുണ്ടാകും, ശ്രദ്ധിക്കുക.

3. സെക്സിസ്റ്റ് മനോഭാവങ്ങൾ: വികസിത സമൂഹത്തിൽ വളരെ തരംതാണതെന്നു കരുതുന്ന ഒന്നാണ് ലിംഗവിവേചനം. ഇത് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുള്ള കാര്യവുമാണ്. നമ്മുടെ നാട്ടിലെ പല പ്രയോഗങ്ങളും, തമാശ എന്ന് നമ്മൾ ഉദ്ദേശിക്കുന്നതും മറ്റൊരിടത്ത് അസ്വീകാര്യമാകാം.

4. ഹോമോഫോബിയ: സ്വവർഗാനുരാഗികളോടുള്ള മോശം മനോഭാവമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. അവരോടുള്ള അനിഷ്ടം അല്ലെങ്കിൽ മുൻവിധി സോഷ്യൽ മീഡിയയിൽ പ്രകടമാക്കുന്നതിലൂടെ നിങ്ങൾ ഹോമോഫോബിക് (Homophobic) ആയ വ്യക്തിയാണെന്നാണ് തെളിയിക്കപ്പെടുന്നത്. ഇത് നിങ്ങളെക്കുറിച്ചുള്ള എംപ്ലോയറുടെ കാഴ്ചപ്പാടിൽ ഇടിവ് വരുത്താം.

5. മതം: മതങ്ങളെക്കുറിച്ചുള്ള തീവ്രമായ അഭിപ്രായപ്രകടനം പ്രശ്നത്തിലേക്ക് നയിക്കാം. വിശ്വാസികൾ പൊതുവെ അവരുടെ മതമാണ് ശരിയെന്ന് കരുതുന്നു, ചിലർ അത് മാത്രമാണ് ശരിയെന്നും.

മത വിശ്വാസമില്ലാത്തവർ അതൊന്നും ശരിയല്ല എന്ന് കരുതുമ്പോൾ ഇതൊക്കെ വ്യക്തിസ്വാതന്ത്ര്യം എന്നാണ് കേരളത്തിൽ പൊതുവെ നമ്മൾ ചിന്തിക്കുന്നത്. എന്നാൽ ലോകത്തിലെ എല്ലായിടത്തും അങ്ങനെ ആയിക്കൊള്ളണമെന്നില്ല.

കേരളത്തിൽ തന്നെ പുറത്തു പറഞ്ഞില്ലെങ്കിലും മതം പ്രധാനമായി കരുതുന്ന എംപ്ലോയർമാർ ഉണ്ട്, മതത്തെ പിണക്കേണ്ട എന്ന് കരുതുന്നവരും. നമ്മുടെ മത വിശ്വാസങ്ങളും മറ്റു മതങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും സ്വകാര്യമായി വെക്കുന്നതാണ് തൊഴിൽ രംഗത്തെ സുരക്ഷിതത്വത്തിന് നല്ലത്.

5. വംശീയത: സ്വന്തം വംശം ശ്രേഷ്ഠമാണെന്ന് വിശ്വസിക്കുകയും, അതിനെ അടിസ്ഥാനമാക്കി മറ്റൊരു വംശത്തിൽപ്പെട്ട ആളുകളോട് മുൻവിധിയോടെയും വിവേചനത്തോടെയും പെരുമാറുന്നതാണ് വംശീയത (Racism) അഥവാ മറ്റു വർഗ/വർണങ്ങളിൽപ്പെട്ടവരോടുള്ള വിരോധം. രണ്ടും വളരെ നികൃഷ്ടമായാണ് ആധുനികലോകം കാണുന്നത്.

പലപ്പോഴും പല രാജ്യങ്ങളിലും ദേശങ്ങളിലുമുള്ളവരെ മോശമായി ചിത്രീകരിക്കുന്ന അഭിപ്രായങ്ങളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. അങ്ങനെയൊന്ന് നിങ്ങൾ ഷെയർ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഭാവി എംപ്ലോയർ അത് ശ്രദ്ധിക്കും.

നിങ്ങൾ തീരെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഇല്ലാത്ത, വംശീയ മനോഭാവമുള്ള വ്യക്തിയാണെന്നാണല്ലോ ഇവിടെ തെളിയിക്കപ്പെടുന്നത്.

6. അന്താരാഷ്ട്ര രാഷ്ട്രീയം: അന്താരാഷ്ട്ര പൊളിറ്റിക്‌സിൽ (ഇന്ത്യ - പാക്കിസ്ഥാൻ, അമേരിക്ക - ചൈന, ഇറാൻ - സൗദി അറേബ്യ, ഇസ്രായേൽ - പാലസ്റ്റീൻ എന്നിങ്ങനെ) നിങ്ങൾക്ക് വ്യക്തവും ശക്തവുമായ അഭിപ്രായങ്ങൾ ഉണ്ടായി എന്ന് വരാം.

ജനാധിപത്യ കേരളത്തിലെ ശീതളച്ഛായയിൽ ഇരുന്ന് നിങ്ങൾ അതൊക്കെ സമൂഹമാധ്യമത്തിൽ ഉറക്കെ പറഞ്ഞു ശീലിച്ചിട്ടും, അതിന് ധാരാളം ലൈക്കും ഷെയറും കിട്ടിയിട്ടുമുണ്ടാകും.

പക്ഷെ അന്താരാഷ്ട്രമായി തൊഴിൽ അന്വേഷിക്കുകയാണെങ്കിലോ അന്താരാഷ്ട്ര തൊഴിൽ ചെയ്യുകയാണെങ്കിലോ ഇതൊക്കെ എപ്പോൾ വേണമെങ്കിലും നിങ്ങളെ തിരിഞ്ഞുകൊത്താം. അഭിപ്രായങ്ങൾ ഉണ്ടായിരിക്കുമ്പോഴും അവ പ്രകടിപ്പിക്കുന്നതിൽ മിതത്വം പാലിക്കുന്നതാണ് ബുദ്ധി.

7. രാജാക്കന്മാരെപ്പറ്റി പറയുമ്പോൾ: ജനാധിപത്യമായ സാഹചര്യത്തിൽ വളർന്നത് കൊണ്ട് ഭരണാധികാരികളെ വിമർശിക്കുക എന്നത് നമുക്ക് അസ്വാഭാവികമായി തോന്നുന്ന ഒന്നല്ല. പക്ഷെ ലോകത്തെ അനവധി രാജ്യങ്ങളിൽ അവിടുത്തെ ഭരണാധികാരികളെ വിമർശിക്കുന്നത് നിയമപരമായിത്തന്നെ കുറ്റമാണ്.

ഉദാഹരണത്തിന് തായ്‌ലൻഡിലെ രാജാവ്, രാജ്ഞി, കിരീടാവകാശി എന്നിവരെ വിമർശിക്കുന്നത് മൂന്നു മുതൽ പതിനഞ്ചു വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

മറ്റു രാജ്യങ്ങളിലിരുന്ന് അവരെ സമൂഹമാധ്യമത്തിൽ വിമർശിച്ചവരെ തായ്‌ലൻഡിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. തൊഴിൽ അന്വേഷിക്കുന്നവരും തൊഴിൽ ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

8 ഷെയർ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം: സ്വന്തമായി അഭിപ്രായം പറയാത്തവർ പോലും ചിലപ്പോൾ മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ, കാർട്ടൂണുകൾ, ന്യൂസ് പേപ്പർ ആർട്ടിക്കിളുകൾ എന്നിവ ഷെയർ ചെയ്യാറുണ്ട്.

നിങ്ങൾ എന്തെങ്കിലും ഷെയർ ചെയ്താൽ അതിലെ അഭിപ്രയങ്ങളുമായി നിങ്ങൾ യോജിക്കുന്നു എന്ന് തന്നെയാണ് സമൂഹമാധ്യമത്തിലെ തത്വം. ‘ആസ് റിസീവ്ഡ്’ എന്നൊക്കെ പറഞ്ഞ് ചിലർ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാകാൻ നോക്കും, കാര്യമില്ല.

9. നിങ്ങൾ ഇഷ്ടപ്പെടുന്നതെന്തോ അതാണ് നിങ്ങൾ: അഭിപ്രായം പറയാത്തവരും പോസ്റ്റുകൾ ഷെയർ ചെയ്യാത്തവരും ആണെങ്കിലും മറ്റുള്ളവരുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുക സ്വാഭാവികമാണ്.

പലപ്പോഴും മുഴുവൻ വായിച്ചിട്ടോ മുഴുവൻ കാര്യങ്ങൾ ഗ്രഹിച്ചിട്ടോ അംഗീകരിച്ചിട്ടോ ആകണമെന്നില്ല നിങ്ങൾ ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത്. പക്ഷെ നിങ്ങളുടെ ലൈക്കുകൾ നിങ്ങളുടെ വ്യക്തിത്വത്തെ നിർവ്വചിക്കുന്നു എന്നതാണ് സമൂഹമാധ്യമങ്ങളിലെ ശാസ്ത്രം. ആയതിനാൽ ലൈക്ക് ചെയ്യുന്നതും സൂക്ഷിച്ചു വേണം.

10. വാട്ട്സ്ആപ്പ് സ്വകാര്യമല്ല: പൊതുവേദികളിൽ പറയാൻ മടിക്കുന്ന പലതും നമ്മൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പറയുമല്ലോ. അത് സ്വകാര്യമാണെന്നാണ് ധാരണ. പക്ഷെ അങ്ങനെയല്ല. മുൻപ് പറഞ്ഞ തരത്തിലുള്ള കുഴപ്പമുണ്ടാക്കാവുന്ന അഭിപ്രായങ്ങൾ നിങ്ങൾ അവിടെ പറയുകയോ, ഷെയർ ചെയ്യുകയോ, മോശമായ ഭഷ ഉപയോഗിക്കുകയോ ചെയ്താൽ എപ്പോൾ വേണമെങ്കിലും അതിന്റെ സ്ക്രീൻഷോട്ട് പുറത്ത് വരാം, പണി കിട്ടുകയും ചെയ്യാം.

11. സുരക്ഷിത സ്ഥലങ്ങൾ ഇല്ല: ഈ കൊറോണക്കാലം നമ്മളെ ഒരു പാഠം പഠിപ്പിക്കുന്നുണ്ടെങ്കിൽ ഈ ലോകം മുഴുവൻ പരസ്പരബന്ധിതമാണെന്നതാണ്. സമൂഹമാധ്യമങ്ങളുടെ ലോകവും അതുപോലെ തന്നെയാണ്.

നമ്മൾ ലോകത്തിൽ സുരക്ഷിതമെന്ന് കരുതുന്ന എവിടെയെങ്കിലും ഇരുന്ന് അവിടുത്തെ സംവിധാനത്തിൽ പൊളിറ്റിക്കലി കറക്റ്റ് എന്ന് ചിന്തിക്കുന്ന ഒരു അഭിപ്രായപ്രകടനം നടത്തിയാൽ അതെങ്ങനെ എവിടെ വെച്ചാണ് പാരയായി വരുന്നതെന്ന് പറയാൻ പറ്റില്ല.

അതുകൊണ്ട് തന്നെ അന്താരാഷ്ട്ര യാത്രയോ തൊഴിലോ ആഗ്രഹിക്കുന്നവർ സോഷ്യൽ മീഡിയയിൽ വിഷയം തിരഞ്ഞെടുക്കുന്നതിലും ഭാഷയിലും ഏറെ ശ്രദ്ധിക്കണം.

12. ഒളിച്ചിരിക്കാനാവില്ല: സ്വന്തം അഭിപ്രായ പ്രകടനത്തിന് ഫേക്ക് ഐഡി ഉപയോഗിക്കുന്നവരും, സ്വന്തം പ്രാദേശിക ഭാഷയിൽ പറഞ്ഞാൽ മറ്റുളളവർ അറിയില്ല എന്ന് ചിന്തിക്കുന്നവരും, പോസ്റ്റ് പ്രൈവറ്റ് ആയതിനാൽ കുഴപ്പമില്ല എന്ന് വിചാരിക്കുന്നവരും, പോസ്റ്റ് ഡിലീറ്റ് ചെയ്താൽ പ്രശ്നം തീരും എന്നും കരുതുന്നവരും ഉണ്ട്. ഇതൊന്നും ശരിയല്ല.

സമൂഹമാധ്യമങ്ങളിൽ നിങ്ങൾ എഴുതുന്നതെന്തും കല്ലിൽ കൊത്തിവെച്ചതുപോലെ ഡിജിറ്റൽ ഫുട് പ്രിന്റ് ആയി അവിടെത്തന്നെ ഉണ്ടാകും. എപ്പോൾ വേണമെങ്കിലും ഇത് നിങ്ങളെ തിരിഞ്ഞുകൊത്തുകയും ചെയ്യും. ജാഗ്രതൈ !

13. അധികം ഡീസന്റ് ആയാലും കുഴപ്പം തന്നെ: നിങ്ങൾ എന്ത് എഴുതുന്നു എന്നത് മാത്രമല്ല, എപ്പോൾ എഴുതുന്നു, എത്രമാത്രം എഴുതുന്നു (ലൈക്, കമന്റ്, പോസ്റ്റ്, ഷെയർ) എന്നതെല്ലാം നിങ്ങളുടെ എംപ്ലോയർ ശ്രദ്ധിച്ചേക്കാം.

അപ്പോൾ നിങ്ങൾ മുൻപ് പറഞ്ഞ കുഴപ്പങ്ങൾ ഒന്നുമില്ലാത്ത അഭിപ്രായങ്ങൾ പറയുന്ന ആളാണെങ്കിലും ഓഫീസ് സമയത്ത് കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ചിലവാക്കുന്ന ആളാണെന്ന് കണ്ടാലും പണി പാളിയേക്കാം, ശ്രദ്ധിക്കുക.

14. നിർമ്മിത ബുദ്ധി നിങ്ങളെ അന്വേഷിക്കുമ്പോൾ: ഇനിയുള്ള കാലത്ത് ഓരോ തൊഴിലാളികളുടേയും തൊഴിൽ അന്വേഷകരുടെയും ഇവാലുവേഷനും പ്രൊഫൈലിങ്ങും നടത്തുന്നത് മനുഷ്യരല്ല, നിർമ്മിത ബുദ്ധി ആയിരിക്കും.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഓടിച്ചൊന്നു നോക്കുകയല്ല - നിങ്ങൾ ജോയിൻ ചെയ്ത അന്നുമുതൽ ഇന്നുവരെയുള്ള സകല പോസ്റ്റും ലൈക്കും ഷെയറും പരിശോധിച്ച്, നിങ്ങൾ എത്ര സമയം അവിടെ ചിലവാക്കുന്നു, നിങ്ങളുടെ കൂട്ടുകാർ ആരൊക്കെയാണ് എന്നതെല്ലാം അപഗ്രഥനം ചെയ്തിട്ടാണ് നിങ്ങളുടെ പ്രൊഫൈലിങ് നടത്താൻ പോകുന്നത്.

തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങളിലും ഇത്തരം പ്രൊഫൈലിങ് വരും, ഇതിന് മാത്രമായി പുതിയ സ്ഥാപനങ്ങൾ ഉണ്ടാകും. നിങ്ങൾ സ്വകാര്യമെന്ന് വിശ്വസിച്ചിരുന്ന സമൂഹമാധ്യമങ്ങളിലെ ഡേറ്റ, നിങ്ങൾ ഡിലീറ്റ് ചെയ്തത് ഉൾപ്പെടെ ഇത്തരം സ്ഥാപനങ്ങൾക്ക് സമൂഹമാധ്യമ കന്പനികൾ മറിച്ചു വിൽക്കും.

നിർമ്മിത ബുദ്ധി എന്തൊക്കെ മാനദണ്ഡങ്ങളാലാണ് നമ്മളെ നല്ലതായി പ്രൊഫൈൽ ചെയ്യുന്നതെന്ന് നമുക്ക് മുൻകൂട്ടി പ്രവചിക്കാനാകില്ല. ഉദാഹരണത്തിന് സമൂഹമാധ്യമങ്ങളിൽ കൂടുതൽ സെൽഫി ഷെയർ ചെയ്യുന്നവർ ബുദ്ധി കുറഞ്ഞവരാണെന്ന ഒരു തത്വം വികസിച്ചു വരുന്നുണ്ട് (എന്നെയൊക്കെ കണ്ടിട്ടാകണം).

ഇത് സത്യമാകണമെന്നില്ല, പക്ഷെ ദശലക്ഷക്കണക്കിന് തൊഴിൽ അന്വേഷകരിൽ നിന്നും കുറച്ചു പേരെ തിരഞ്ഞെടുക്കേണ്ടി വരുന്പോൾ ആളുകളെ ഒഴിവാക്കാൻ ഇതുപോലെ എന്തെങ്കിലും ചില തത്വങ്ങൾ വേണ്ടിവന്നേക്കാം, അത് നമുക്ക് പാരയായി തീരുകയും ചെയ്യാം.

15. എന്നാൽ പിന്നെ ഇതങ്ങു വേണ്ടെന്നു വെച്ചാലോ?: ഈ സമൂഹമാധ്യമങ്ങൾ ഇത്ര കുഴപ്പമുണ്ടാക്കുന്ന ഒന്നാണെങ്കിൽ തൊഴിൽ അന്വേഷിക്കുന്ന കാലത്ത് ഇതങ്ങ് വേണ്ടെന്ന് വെക്കുന്നതാണോ ബുദ്ധി? തീർച്ചയായും അല്ല.

നിങ്ങൾ ഒരു ഇന്റർവ്യൂവിന് ചെല്ലുമ്പോൾ നിങ്ങൾക്ക് ഒരു സമൂഹമാധ്യമങ്ങളിലും അക്കൗണ്ട് ഇല്ല എന്ന് പറഞ്ഞാൽ നിങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്നും, സ്വന്തമായി അഭിപ്രയങ്ങളില്ലാത്ത വിഡ്ഢി ആണെന്നുമാണ് തൊഴിൽ ദാതാക്കൾ കരുതുക. അതുകൊണ്ട് സമൂഹ മാധ്യമത്തിൽ (ലിങ്ക്ഡ് ഇൻ മാത്രമല്ല) അക്കൗണ്ടുകൾ തീർച്ചയായും വേണം.

നിങ്ങൾ ഇന്ന് തീർച്ചയായും ചെയ്യേണ്ട ഒരു കാര്യം ഉണ്ട്. നിങ്ങളുടെ പേര് ഗൂഗിൾ സെർച്ച് ചെയ്യുക, ഇംഗ്ളീഷിലും മലയാളത്തിലും. എന്താണ് ആദ്യത്തെ രണ്ടു പേജുകളിൽ വരുന്നതെന്ന് നോക്കുക. നിങ്ങളെ ഇനിയുള്ള കാലത്ത് ജോലിക്ക് ഇന്റർവ്യൂ ചെയ്യാൻ സാധ്യതയുള്ള ആരും ഇതാണ് ചെയ്യാൻ പോകുന്നത്.

ഈ പേജുകളിൽ, അല്ലെങ്കിൽ അവ പുറത്തുകൊണ്ടുവരുന്ന ചിത്രങ്ങളിൽ എന്തെങ്കിലും കുഴപ്പസാധ്യതകൾ ഉണ്ടെങ്കിൽ അല്പം പേടിച്ചു തുടങ്ങുന്നത് നല്ലതാണ്. കാരണം ഇന്റർനെറ്റിന്റെ അകത്തേക്കുള്ള യാത്രപോലെ സുഗമമല്ല, പരിക്കുകൾ കൂടാതെ പുറത്തേക്ക് തിരിച്ചിറങ്ങുന്നത്.

അപ്പോൾ പറഞ്ഞു വന്നത് ഇതാണ്. സമൂഹ മാധ്യമത്തിൽ പ്രൈവറ്റ്, പ്രൊഫഷണൽ എന്നിങ്ങനെ രണ്ടു വിഭാഗം ഇല്ല. എവിടെയും പ്രൊഫഷണൽ ആയി പെരുമാറുന്നതാണ് ബുദ്ധി.

ഇതിന്റെ അർത്ഥം സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് സമൂഹമാധ്യമത്തിൽ പെരുമാറണം എന്നല്ല, മറിച്ച് സ്വന്തം വ്യക്തിത്വം സമൂഹമാധ്യമങ്ങൾ വഴി മറ്റുള്ളവർ കാണുമെന്നും അതിനെ പ്രൊഫഷണലായ ഒരു ബയോഡാറ്റ കൊണ്ട് മാത്രം മറച്ചുപിടിക്കാൻ പറ്റില്ല എന്നുമാണ്.

Advertisment