Advertisment

പ്രീതി ബാങ്കുകൾ.. ബന്ധങ്ങളാണ് ഈ ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്നത്..

author-image
admin
Updated On
New Update

- സി അബ്രഹാം 

Advertisment

റിഞ്ഞും അറിയാതെയും നാമോരോരുത്തരും നിക്ഷേപകരായിട്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ബാങ്കിങ് സംവിധാനണ് വിഷയം. ബന്ധങ്ങളാണ് ഈ ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്നത്. നിക്ഷേപകന്റെ അന്തസ്സും സ്ഥാനാവലിപ്പവുമനുസരിച്ചു ശരിയായ കണക്കുകൂട്ടലുകളിലൂടെ നിക്ഷേപിക്കുന്നവർ ഷെയർ മാർക്കറ്റിലെ നിക്ഷേപത്തേക്കാൾ പതിന്മടങ്ങു ലാഭം കൊയ്യുന്നു.

തുടക്കക്കാരുടെ അറിവിലേക്കായി, ഫേസ്ബുക്കിൽ എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്നവരുടെ കാര്യം തന്നെയെടുക്കാം. പോസ്റ്റ് ചെയ്യുന്നവർ ആഗ്രഹിക്കുന്നത് തങ്ങളുടെ സൃഷ്ടി എന്തായിരുന്നാലും ഏറ്റവും കുടുതലാളു കൾ അതിനെ ഇഷ്ടപ്പെടുന്നു എന്നത് തന്നെ. ആ ഇഷ്ടം ഒരു ക്ലിക്കിലൂടെ തെളിഞ്ഞു നമ്മുടെ പോസ്റ്റിനു എണ്ണിയാലൊടുങ്ങാത്ത ലൈക്ക് കിട്ടുമ്പോൾ നമ്മൾ രോമാഞ്ചം കൊള്ളുന്നു.

സാധാരണയായി നമ്മുടെ സുഹൃദ്‌വലയത്തിലുള്ള എല്ലാവരും നമ്മുടെ പോസ്റ്റിനു ഒരു ലൈക്ക് അങ്ങ് വച്ച് കാച്ചും. പലപ്പോഴും എന്താണെന്നുപോലും വായിക്കാതെ തന്നെ. (ഏറ്റവും വേണ്ടപ്പെട്ടവരുടെ മരണ വാർത്ത പോസ്റ്റ് ചെയ്യുമ്പോൾ പോലും ലൈക്ക് അടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ ധാരാളം) ഇതിനു കാരണം ഒന്നു മാത്രം, നമുക്ക് ലൈക്ക് അടിക്കുന്നവർ നമ്മളിൽ നിന്നും അത് തിരിച്ചും പ്രതീക്ഷിക്കുന്നു.

publive-image

ഒന്ന് രണ്ടു തവണ ആരുടെയെങ്കിലും പോസ്റ്റുകൾ അവഗണിച്ചു പോയാൽ, നിലവാരമില്ലാത്തതുകൊണ്ട് ലൈക്കാതെ പോയാൽ നമ്മുടെ പോസ്റ്റുകൾ എത്ര നന്നായാലും ചിലപ്പോൾ തിരിച്ചൊരു അഭിനന്ദനം പിന്നെ പ്രതീക്ഷിക്കേണ്ടതില്ല.

വിദ്യാർത്ഥികളെയാണ് പ്രീതി ബാങ്കിന്റെ ഈ പ്രത്യേക പ്രോഡക്ട് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. ലൈക്ക് കളുടെ എണ്ണം കുട്ടനായി അറിവ് പങ്കു വയ്ക്കുന്നതും വളർത്തുന്നതുമായ വിഷയങ്ങൾ പോരാതെ വരുമ്പോൾ അല്ലെങ്കിൽ അതിനു പ്രാപ്തരല്ലാത്തവർ സ്വന്തം നഗ്നത വരെ പങ്കു വച്ച് സുഹൃദ് വലയം വിപുലീകരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ പല സ്കൂളുകളിലും ഈ പ്രവണതയുടെ അതിപ്രസരം നിയന്ത്രിക്കാനാവാതെ സെൽഫോണുകൾ തന്നെ നിരോധിക്കേണ്ടി വന്നു

ഒരു കണ്ണിറുക്കിലുടെ വൈറലായി,ലൈക്ക്‌ ന്റെ കൂമ്പാരത്തിൽ, താൽക്കാലിക പ്രശസ്തിയിലേക്കുയർന്ന അഭിനേത്രിയെ ഭാവിയുടെ വാഗ്ദാനമെന്ന് പലരും പ്രവചിച്ചിരുന്നു. പക്ഷെ ആ കണ്ണിറുക്കു മാത്രമല്ല അഭിനയകലയെന്നു മനസ്സിലാക്കുവാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. അതുപോലെയാണ് കൊച്ചു കുട്ടികളുടെ പ്രകടനങ്ങളെ അമിത പ്രാധാന്യം കൊടുത്തു് അവർ അതുല്യ പ്രതിഭകളാണെന്ന തോന്നൽ സൃഷ്ടിക്കുന്നവരും ചെയ്യുന്നത്.

തങ്ങളുടെ പ്രീതിബാങ്കിന്റെ പിൻബലത്തിൽ ലക്ഷങ്ങൾ ലൈക്ക് കിട്ടിയതുകൊണ്ടു മാത്രം ആരും പ്രതിഭകളാവുന്നില്ല. ശ്രേഷ്ഠനായ ഗുരുവിന്റെ ശിക്ഷണത്തിൽ കഠിനാധ്വാനവും ഏകാഗ്രതയും കൊണ്ട് മാത്രം കൈ വരിക്കാവുന്ന സ്ഥാനങ്ങൾ ലൈക്ക് കളിലൂടെ നേടിയെന്ന തോന്നൽ കൊച്ചു പ്രതിഭകളിൽ അമിത ആത്മവിശ്വാസവും അഹങ്കാരവും വളർത്തും. ചെറിയ തോൽവികൾ പോലും ഉൾക്കൊള്ളാൻ അവർക്കാവില്ല.

എഴുത്തുകാരുടെ ഇടയിലും പ്രീതി ബാങ്കിലെ നിക്ഷേപങ്ങൾ നിഗുഢമെങ്കിലും സാധാരണമാണ്. ഒരു മാതിരി പേരെടുത്ത ഒരെഴുത്തുകാരൻ എഴുത്തുകാരായ തന്റെ സ്തുതിപാഠകരുടെ സൃഷ്ടികൾക്കു ഉന്നത നിലവാരത്തിലുള്ള അവതരികകളെഴുതി പേരുണ്ടാക്കി കൊടുക്കുവാൻ ശ്രമിക്കുമ്പോൾ ലക്‌ഷ്യമിടുന്നത് അവരിൽ നിന്നും തനിക്കു തിരിച്ചു കിട്ടാൻ പോകുന്ന അധീനത്വവും പുകഴ്ത്തലും തന്നെ.

അങ്ങനെ തന്റെ സൃഷ്ഠികളും കൂടുതൽ കൂടുതൽ വിറ്റഴിക്കപ്പെടുവാൻ അവസരമൊരുങ്ങുന്നു, പല എഴുത്തുകാരും രാഷ്ട്രരെയാക്കാരുടെ സ്തുതിപാഠകരാവുന്നതിന്റെയും കാരണം മറ്റൊന്നല്ല. ഈ ബാങ്കുകളുടെ ലാഭവിഹിതമായാണ് പലപ്പോഴും അവാർഡുകളും അംഗീകാരങ്ങളും സാഹിത്യകാരന്മാരെ തേടിയെത്തുന്നത്.

പുറമെ വൈരികളെന്നു ഭവിക്കുമെങ്കിലും രാഷ്ട്രീയ പാർട്ടികളും, എന്തിനധികം പരസ്പരം തല്ലി ചാകാൻ തയാറായി നിൽക്കുന്ന ഗുണ്ടാ സംഘങ്ങൾ വരെ പ്രീതി ബാങ്കുകൾ നിലനിർത്തുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ എല്ലാം മറന്ന് പരസ്പരം സഹായത്തിനെത്തുന്നു.

സാധാരണ നിലയിൽ പരസ്പര സഹകരണത്തിലും വ്യക്തിബന്ധ്ങ്ങളുടെ കൂട്ടായ്മയിലും ആധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ ഈ സംവിധാനം കൊണ്ട് സാധ്യമാണെങ്കിലും പലപ്പോഴും വ്യക്തിത്വമില്ലാത്ത നിക്ഷേപകർ ഈ ബാങ്കിങ് സംവിധാനത്തെ ദുരുപയോഗപ്പെടുത്താറുണ്ട്. ഏതെങ്കിലുമൊരു നിക്ഷേപകന്റെ അന്യായമായ നിലപാടുകളെ സ്വന്ത൦ ലാഭത്തിനുവേണ്ടി പിന്താങ്ങി കൂടെ നിൽക്കുമ്പോൾ സ്വന്തം വ്യക്തിത്വം തന്നെയാണ് അവർ ചവിറ്റു കൊട്ടയിൽ എറിയുന്നത്

ലാഭേച്ഛ കൂടാതെ പ്രവർത്തിക്കാൻ, നിലവാരമുള്ള നിക്ഷേപകർ മാത്രമുള്ള പ്രീതി ബാങ്കുകൾ സമൂഹത്തിന് എന്നും ഒരു മുതൽക്കൂട്ടായിരിക്കും.

Advertisment