Advertisment

നമ്പൂതിരിയെ മനുഷ്യനാക്കുകയോ, മനുഷ്യനെ നമ്പൂതിരിയാക്കുകയോ വേണ്ടത്‌ ? മുക്കാല്‍ നൂറ്റാണ്ടു മുമ്പ്‌ ഇ.എം. എസ്സ്‌ ഉയര്‍ത്തിയ ചോദ്യം ഇന്നു വീണ്ടും ചര്‍ച്ച ചെയ്യേണ്ടിവന്നിരിക്കുന്നു

author-image
എസ് പി നമ്പൂതിരി
Updated On
New Update

'വിപ്‌ളവങ്ങളുടെ മുട്ടയില്‍ നിന്ന്‌ വിരിഞ്ഞുയര്‍ന്ന്‌ പറക്കുന്ന ചിത്രശലഭങ്ങളാണ്‌ നാഗരികതകള്‍' - വിക്ടര്‍ ഹ്യൂഗോ

Advertisment

ധുനികവിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികവികാസത്തിന്റെയും ഭാഗമായി ജനങ്ങള്‍ക്കിടയില്‍ ഭൗതികവും മതേതരവുമായ ഒരു ലോകവീക്ഷണത്തിന്‌ പ്രചാരം വര്‍ദ്ധിക്കുകയും മതങ്ങള്‍ക്കുണ്ടായിരുന്ന സാര്‍വ്വത്രികാംഗീകാരവും അപ്രമാദിത്വവും കുറഞ്ഞുവരികയും ചെയ്‌തു.

ആദര്‍ശതലത്തില്‍ എല്ലാ മതങ്ങളും പ്രശംസനീയമാംവിധം ശ്രേഷ്‌ഠമാണെന്നതില്‍ സംശയമില്ല. പില്‍ക്കാലത്താണ്‌ അപചയമെല്ലാം സംഭവിക്കുന്നത്‌. രാഷ്ട്രീയാധികാരവും മതമേധാവിത്വവും തമ്മിലുള്ള വേഴ്‌ചയിലാണ്‌ അധ:പതനാരംഭം. ഈ അവിശുദ്ധ ബന്ധത്തില്‍നിന്നുല്‍ഭവിക്കുന്ന രാഷ്ട്രീയശക്തികളെ ജാരസന്തതിയെന്നാണ്‌ പണ്ഡിറ്റ്‌ നെഹ്രു വിശേഷിപ്പിച്ചിട്ടുള്ളത്‌.

പണ്ഡിറ്റ്‌ നെഹ്രുവിന്റെ കേരളത്തിലെ അനുയായികള്‍ പണ്ഡിറ്റ്‌ നെഹ്രുവിന്റെ ചിന്താഗതി ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ശബരിമലപ്രശ്‌നം ഇത്രയും സങ്കീര്‍ണ്ണമാവുമായിരുന്നില്ല- മതമൗലികവാദികള്‍ കൂടുതല്‍ ഒറ്റപ്പെട്ടുപോകുമായിരുന്നു. വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും ചിന്താപരമായ നവീകരണത്തിനും വേണ്ടി വാദിച്ച മനുഷ്യവര്‍ഗ്ഗപ്രതിബദ്ധതയുടെ പ്രകാശനമായിരുന്നു നവോത്ഥാനം.

മാനവരാശിയുടെ പുരോഗമനോന്മുഖമായ മഹാപ്രയാണത്തില്‍ എവിടെയൊക്കെ പ്രതിസന്ധികളും പ്രത്യാഘാതങ്ങളും ഉണ്ടായിട്ടുണ്ടോ, അവിടെയൊക്കെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ നാമ്പെടുത്തിട്ടുണ്ട്‌. ഓരോ നവോത്ഥാനവും ഒരു വിപ്‌ളവമാണ്‌. വിക്ടര്‍ ഹ്യൂഗോ പറയുമ്പോലെ അതില്‍നിന്നാണ്‌ നാഗരികതയുടെ ചിത്രശലഭങ്ങള്‍ പറന്നുയരുന്നത്‌.

നവോത്ഥാനപ്രസ്ഥാനം യൂറോപ്യന്‍ ലിബറലിസത്തിന്റെ ഒരു ഉപോല്‍പ്പന്നമാണെന്ന പ്രചാരണം ശക്തമാണ്‌. പാശ്‌ചാത്യമേധാവിത്വം ഉറപ്പിച്ചു നിര്‍ത്തുന്നതിനുള്ള സാമ്രാജ്യത്വശക്തികളുടെ ബോധവല്‍ക്കരണശ്രമങ്ങളുടെ ഭാഗമാണിതെല്ലാം. എന്റെ ഒരനുഭവം അനുസ്‌മരിക്കട്ടെ.യൂറോപ്യന്‍ പര്യടനവേളയില്‍ ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ ഫ്‌ളോറന്‍സില്‍പോയി. അവിടെ പ്രധാനമായും നവോത്ഥാനമ്യൂസിയമായിരുന്നു ശ്രദ്ധേയമായിത്തോന്നിയത്‌.

ലോകനവോത്ഥാനത്തിന്റെ ഈറ്റില്ലം ഫ്‌ളോറന്‍സാണെന്നാണ്‌ ആ മ്യൂസിയം ഡയറക്ടര്‍ ഞങ്ങളോടു പറഞ്ഞത്‌. ദാന്തേ മുതലായ മുഴുവന്‍ യൂറോപ്യന്‍ നവോത്ഥാനനായകരുടേയും സംഭാവനകള്‍ ആധുനികശാസ്‌ത്രസാങ്കേതികസിദ്ധികളുടെ സഹായത്തോടെ സന്ദര്‍ശകരുടെ മുമ്പില്‍ ആ സ്ഥാപനം ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്‌.

സന്ദര്‍ശകരില്‍നിന്ന്‌ ന്യായമായ പ്രവേശനഫീസ്‌ വാങ്ങുന്ന ആ സ്ഥാപനം ഇറ്റലിയിലെ വിനോദസഞ്ചാരവ്യവസായത്തിന്റെ ഒരു ഭാഗവുമാണ്‌. ആ ഡയറക്ടറോട്‌ ക്ഷമാപണപൂര്‍വ്വം ഞാനൊരു സംശയം ചോദിച്ചു:

യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഈറ്റില്ലം എന്നതു ശരിയായിരിക്കാം. ലോകനവോത്ഥാനത്തിന്റെ ഈറ്റില്ലം എന്നു പറയാമോ? ക്രിസ്‌തുവിനും അഞ്ചുനൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ ഇന്ത്യയില്‍ ബുദ്ധനെന്നൊരു മഹാത്മാവുണ്ടായിരുന്നു. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരേ ഉയര്‍ന്നുവന്ന പുതിയ ഒരു ബോധോദയവും വിപ്‌ളവബോധവുമായിരുന്നു ബുദ്ധന്‍.

മതദുഷ്‌പ്രഭുത്വത്തിനും മതജീര്‍ണ്ണതകള്‍ക്കുമെതിരായിട്ടുയര്‍ന്നുവന്നതാണല്ലോ എല്ലാ നവോത്ഥാനപ്രസ്ഥാനങ്ങളും. ആ നിലക്ക്‌ ലോകത്തിലെ ഏറ്റവും പ്രാചീന മതമെന്നറിയപ്പെടുന്ന ഹിന്ദുമതത്തിന്റെ ഭാഗമായുണ്ടായ ബുദ്ധദര്‍ശനമാണ്‌ ലോകത്തിലെ ആദ്യത്തെ നവോത്ഥാനപ്രസ്ഥാനമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.

ഡയറക്ടര്‍: നിങ്ങളീപ്പറഞ്ഞതിനോട്‌ വിയോജിക്കുന്നതില്‍ യോജിക്കുന്നുവെന്ന്‌ ബഹുമാനപുരസ്സരം അറിയിക്കട്ടെ.

അതവരുടെ സ്വദേശാഭിമാനവും മാര്‍ക്കറ്റിംഗ്‌ തന്ത്രവുമാണെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായി. എനിക്ക്‌ കേരളാമുഖ്യമന്ത്രിയുടേയും കേരളാഗവര്‍മെണ്ടിന്റെയും മുന്നില്‍ വ�ാനുള്ള നിര്‍ദ്ദേശമിതാണ്‌: കേരളത്തിലൊരു നവോത്ഥാനമ്യൂസിയം സ്ഥാപിക്കണം. അന്യനാട്ടുകാര്‍ക്കും നമ്മുടെതന്നെ പുതിയതലമുറക്കും കേരളീയനവോത്ഥാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും വ്യക്തമാക്കിക്കൊടുക്കുന്ന ഒരു മ്യൂസിയം നമുക്കുണ്ടാവണം.

മറ്റിന്ത്യന്‍സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ഒരു വ്യക്തിത്വവും അസ്‌തിത്വവും കേരളീയ നവോത്ഥാനത്തിനുണ്ട്‌. നവോത്ഥാനത്തിന്‌ തുടര്‍ച്ചയുണ്ടായി എന്നത്‌ കേരളത്തിന്റെ പ്രത്യേകതയാണ്‌. ശബരിമലയുടെ ബുദ്ധമതപശ്‌ചാത്തലം തമസ്‌കരിക്കാന്‍ സംഘടിതശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലസാഹചര്യങ്ങളില്‍ ഈ നിര്‍ദ്ദേശത്തിന്‌ സവിശേഷപ്രാധാന്യമുണ്ട്‌. മ്യൂസിയം നടത്തിപ്പില്‍ നാം പാശ്‌ചാത്യരെ കണ്ടുപഠിക്കണം.

ഷേക്‌സ്‌പിയറെ സംസ്‌കരിച്ചിരിക്കുന്ന കത്തീഡ്രല്‍ പള്ളി ഉള്‍പ്പെടെ മിക്ക പള്ളികളും ഇന്ന്‌ മ്യൂസിയങ്ങളാണ്‌-അതുപോലെതന്നെ ഒട്ടേറെ രാജകൊട്ടാരങ്ങളും. ടൂറിസം വ്യവസായത്തിന്റെ ഭാഗമെന്നനിലയില്‍ മാത്രമല്ല, ചരിത്രബോധം വളര്‍ത്തുന്നതിലും മ്യൂസിയങ്ങള്‍ക്ക്‌ ഒരു പ്രത്യേകസ്ഥാനമുണ്ട്‌.

(മുഖ്യമന്ത്രിയുടെ നാം മുന്നോട്ട്‌ എന്ന പ്രതിവാര ദൃശ്യമാധ്യമ സംവാദപരിപാടിയിലും നവോത്ഥാനമ്യൂസിയമെന്ന ആശയം ഞാന്‍ ഉന്നയിച്ചിരുന്നു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ഇത്തവണത്തെ ബജറ്റില്‍ അതിനായി പത്തുകോടി രൂപ വകയിരുത്തുകയും ചെയ്‌തിട്ടുണ്ട്‌.)

ഇതില്‍ നിന്ന്‌ നാം മനസ്സിലാക്കേണ്ടത്‌ നവോത്ഥാനത്തിന്‌ കാലദേശാദികള്‍ക്കതീതമായ രൂപഭാവങ്ങള്‍ ഇല്ല എന്നുതന്നെയാണ്‌. ഇന്ത്യയില്‍ത്തന്നെ മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തേപ്പോലെ നവോത്ഥാനപ്രസ്ഥാനത്തിന്‌ തുടര്‍ച്ചയുണ്ടായില്ല. കേരളത്തിന്റെ ഇടതുപക്ഷമനസ്സ്‌ അതിനൊരു തെളിവാണ്‌.

നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ചിട്ട മണ്ണിലാണ്‌ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ വിത്തെറിഞ്ഞതും വിളവെടുത്തതുമെന്നത്‌ ചരിത്രവസ്‌തുതയാണ്‌. ശ്രീനാരായണഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും നേതൃത്വത്തില്‍ ഉടലെടുത്ത സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങള്‍ അതതു സമുദായങ്ങളില്‍ മാത്രമല്ല, ഇതരസമുദായങ്ങളിലും ആവേശകരമായ അനുരണനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ജനസംഖ്യയില്‍ തീരെ ചെറുതെങ്കിലും കേരളത്തിന്റെ സമാൂഹ്യ-സാംസ്‌കാരികമണ്ഡലങ്ങളില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയിരുന്ന നമ്പൂതിരിസമുദായത്തിന്റെ കാര്യംതന്നെ ഉദാഹരണമായെടുക്കാം. ആയിരത്തിത്തൊള്ളായിരത്തി നാല്‌പത്തിനാലിലാണ്‌ ഇ.എം.എസ്സിന്റെ സുപ്രസിദ്ധമായ നമ്പൂതിരിയെ മനുഷ്യനാക്കാനെന്ന ഓങ്ങല്ലൂര്‍ യോഗക്ഷേമസഭയിലെ അദ്ധ്യക്ഷപ്രസംഗം. അന്നദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാനേതാക്കളിലൊരാളാണ്‌.

നമ്പൂതിരിയോട്‌ സമാൂഹ്യജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ കടന്നുവരാനാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി സഹകരിക്കണമെന്നല്ല അദ്ദേഹം അഭ്യര്‍ത്ഥിച്ചത്‌. പാട്ടവും വാരവും ദക്ഷിണയും സ്വീകരിച്ച്‌ ജീവിക്കുന്നതിനു പകരം മറ്റുള്ളവരേപ്പോലുള്ള ജീവിതവ്യാപാരങ്ങളില്‍ ഏര്‍പ്പെടണമെന്ന ആഹ്വാനമായിരുന്നു അത്‌.

അന്തര്‍ജ്ജനങ്ങളനുഭവിക്കുന്ന അസ്വാതന്ത്ര്യവും അസമത്വവും സമുദായത്തിന്റെ സത്വരശ്രദ്ധ പതിയേണ്ട വിഷയമെന്ന നിലയില്‍ അന്നദ്ദേഹം ആ പ്രസംഗത്തിലവതരിപ്പിച്ചിരുന്നു.

ചുരുക്കത്തില്‍ സമുദായത്തില്‍ നടക്കേണ്ട അടിയന്തിര പരിഷ്‌കാരങ്ങളേക്കുറിച്ചുള്ള ഒരു നവോത്ഥാനരേഖയായിരുന്നു അത്‌. യോഗക്ഷേമസഭയുടെ വാര്‍ഷികവേദികളില്‍ നിരവധി അദ്ധ്യക്ഷപ്രസംഗങ്ങളുണ്ടായിട്ടുണ്ട്‌. പക്ഷെ, ഇ.എം.എസ്സിന്റെ ഈ പ്രസംഗംപോലെ ചരിത്രവിദ്യാര്‍ത്ഥികള്‍ പഠനസാമഗ്രിയായി ഉപയോഗിച്ച മറ്റൊരു പ്രസംഗവുമില്ല.

ഇന്നെന്താണ്‌ സ്ഥിതി? പേരിനുമാത്രം ഇന്നും ഒരു യോഗക്ഷേമസഭയുണ്ട്‌. അക്കാലത്ത്‌ സുദീര്‍ഘമായ പ്രക്ഷോഭങ്ങളിലൂടെ മനുഷ്യനായിത്തീര്‍ന്ന നമ്പൂതിരിയെ വീണ്ടും നമ്പൂതിരിയാക്കാന്‍ ശ്രമിക്കുകയാണ്‌ പുതിയ യോഗക്ഷേമസഭ-നവോത്ഥാനപാതയിലെ ഒരു പിന്‍നടത്തം. ഈ ആപത്ത്‌ തിരിച്ചറിഞ്ഞ ഏതാനും നമ്പൂതിരിമാര്‍ കേരളസാഹിത്യഅക്കാദമി ഹാളിലൊരു യോഗം ചേരുകയുണ്ടായി.

നവോത്ഥാനമൂല്യങ്ങളോട്‌ പ്രതിബദ്ധതയുള്ളവരായിരുന്നു അവരെല്ലാവരും- പ്രത്യേകിച്ചൊരു രാഷ്ട്രിയപ്പാര്‍ട്ടിയിലും പെടാത്തവരുമായിരുന്നു. എം.ആര്‍.ബിയുടെ മകള്‍ മണി (ആകാശവാണി തൃശ്ശൂര്‍), കെ.പി.ജിയുടെ മകന്‍ പ്രൊ. ബാബു, പ്രസിദ്ധനടന്‍ എം.എസ്സ്‌ കൃഷ്‌ണന്‍ നമ്പൂതിരിയുടെ മകന്‍ പ്രൊ. ചന്ദ്രന്‍, ഐ.സി.പിയുടെ മകന്‍ നാരായണന്‍, എന്നിങ്ങനെ പഴയതലമുറയില്‍ പെട്ട വിപ്‌ളവകാരികളുടെ പുതിയതലമുറയിലെ പ്രതിനിധികള്‍ പലരുമവിടെ എത്തിയിരുന്നു.

അവരെയൊക്ക കാണാന്‍ കഴിഞ്ഞത്‌ ഒരാവേശവും ആനന്ദവുമായിരുന്നു. ഭാഗ്യമെന്നുപറയട്ടെ, ഈ സമ്മേളനം ഉല്‍ഘാടനംചെയ്യാനുള്ള നിയോഗവും എനിക്കായിരുന്നു. ഇ.എം.എസ്സും. വിടിയും എം.ആര്‍.ബിയും പ്രേംജിയും ആര്യാപള്ളവും ഒക്കെ ജ്വലിപ്പിച്ചു പകര്‍ന്നുതന്ന നവോത്ഥാനചൈതന്യം കെട്ടടങ്ങിയിട്ടില്ലെന്ന്‌ പ്രഖ്യാപിക്കുന്നതായി ആ സമ്മേളനം.

മറക്കുടക്കുള്ളിലെ മഹാനരകത്തില്‍ നിന്ന്‌ മോചനം നേടിയ അന്തര്‍ജ്ജനത്തിന്‌ ഒരു മടക്കയാത്രയില്ലെന്ന്‌ ആ കൂട്ടായ്‌മ വ്യക്തമാക്കി. അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌ ആനയിക്കപ്പെട്ട അന്തര്‍ജ്ജനം അരങ്ങത്തുതന്നെ പൂര്‍വ്വാധികശോഭയോടെ നിലയുറപ്പിക്കുമെന്ന വിളംബരവുമായി ആ മഹാസമ്മേളനം.

ശബരിമലയിലെ സ്‌ത്രീപ്രവേശനവിഷയത്തില്‍ യാഥാസ്ഥിതികത്വവും നവയോഗക്ഷേമസഭയും തന്ത്രിസമാജവും സ്വീകരിച്ച സ്‌ത്രീവിരുദ്ധ നിലപാടുകളാണ്‌ ഇങ്ങനെ ഒരു കൂട്ടായ്‌മ ഇപ്പോള്‍ രൂപപ്പെടാനിടയായതെന്ന്‌ തോന്നുന്നു. കേരളത്തിലെ സ്‌ത്രീശക്തിയുടെ പ്രതീകമായി ഉയര്‍ന്നുവന്ന വനിതാമതിലിനോട്‌ സമ്മേളനം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്‌തു.

ഒട്ടേറെ നമ്പൂരിശ്ശങ്കകള്‍ നിലനിര്‍ത്തിക്കൊണ്ടാണ്‌ സമ്മേളനം പിരിഞ്ഞത്‌. ഈ കൂട്ടായ്‌മക്ക്‌ ഒരു സ്ഥിരം സംവിധാനം ആവശ്യമാണോ? കേരളത്തില്‍ ആകൃതിപ്പെട്ടുവരുന്ന നവോത്ഥാനമൂല്യസംരക്ഷണപ്രസ്ഥാനവുമായി വ്യക്തികളെന്ന നിലയില്‍ സഹകരിച്ചാല്‍ മതിയോ? ഈ നവോത്ഥാനമുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുസമുദായസംഘടനകളേപ്പോലെ ഒരു സംഘടനയായി നിലനില്‍ക്കേണ്ടതുണ്ടോ?

ഈ കൂട്ടായ്‌മക്ക്‌ നേതൃത്വം കൊടുത്തവര്‍ ഈ ചോദ്യങ്ങളെ വേണ്ടത്ര ഗൗരവത്തോടെ അഭിമുഖീകരിക്കുമെന്നും അനുയോജ്യമായ തീരുമാനങ്ങളിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഒന്നുതീര്‍ച്ച: നാം ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്നുതന്നെയാണ്‌ ആനുകാലികസംഭവങ്ങള്‍ വിളിച്ചോതുന്നത്‌. ധര്‍മ്മശാസ്‌താവിനേയും നാമജപത്തേയും ഒക്കെ തെരുവിലേക്ക്‌ വലിച്ചിഴച്ച്‌ വഴിയാധാരമാക്കുന്ന പുരുഷാധിപത്യപ്രവണതകള്‍ അരങ്ങുതകര്‍ക്കുന്നതല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്‌.

കേരളീയ നവോത്ഥാനം

വീണ്ടും സംവാദവേദിയില്‍

പെണ്ണിനേ മാറ്റി നിര്‍ത്തുന്നോ-

രാചാരം നീതിയുക്തമോ?

പെണ്ണിന്റെയവകാശങ്ങള്‍

കാത്തുസൂക്ഷിച്ച കല്‌പന

നല്‍കിയല്ലോ നിരാക്ഷേപം

നീതിപീഠം സമുന്നതം

നവോത്ഥാനമഹാദര്‍ശം

വിധിയായ്‌ വന്നവേളയില്‍

പെണ്ണിന്റെയവകാശത്തില്‍

വെള്ളം ചേര്‍ക്കാന്‍ പരിശ്രമം

****************************

Advertisment