Advertisment

എന്‍റെ ഉപ്പ, അഥവാ നിങ്ങളുടെ ഇ. അഹമ്മദ് സാഹിബ് - ഇ അഹമ്മദിനെ അനുസ്മരിച്ച് മകന്‍ റഈസ്‌ അഹമ്മദ്

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

Advertisment

ഇ അഹ്‌മദ്‌ സാഹിബ്‌ വിടവാങ്ങിയിട്ട്‌ ഇന്നേക്ക് രണ്ട്‌ വർഷം തികയുന്നു. അഹ്‌മദ്‌ സാഹിബിന്റെ പുത്രൻ റഈസ്‌ അഹ്‌മദുമായി മസ്കറ്റിൽ വെച്ച്‌‌ സംസാരിച്ച ഇന്റർവ്വ്യൂ ഫീച്ചർ –

‘നേതാക്കന്മാരുടെ നേതാവാണ് സീതി സാഹിബ് എന്നാണ് ഉപ്പ എപ്പോഴും പറഞ്ഞിരുന്നത്.’ മസ്കത് മലപ്പുറം ജില്ലാ കെ. എം. സി. സി സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഇ. അഹ്‌മദ്‌ സാഹിബിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പുത്രൻ റഈസ് അഹ്‌മദ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌.

നേതാവാകുകയും നേതാക്കളെ വാർത്തെടുക്കുകയും ചെയ്‌ത്‌ ഹരിത രാഷ്ട്രീയത്തെ സമൃദ്ധമാക്കിയ കെ. എം. സീതി എന്ന ധിഷണാശാലി തന്നെയാണ് തന്റെ ഉപ്പയെയും സാധ്യമാക്കിയതെന്ന് സൂചിപ്പിക്കുകയായിരുന്നു റഈസ് സാഹിബ്. നിയമപഠനത്തിന് എറണാകുളം ഉപേക്ഷിച്ച് ഉപ്പ തിരുവനന്തപുരം തെരഞ്ഞെടുത്തത് സീതി സാഹിബിന്റെ സാമീപ്യം ആഗ്രഹിച്ചായിരുന്നു.

നിയമപഠനവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാനായിരുന്നു സീതി സാഹിബ് അഹ്‌മദ്‌ എന്ന എം. എസ്. എഫുകാരന് നിർദേശം നൽകിയത്. ദിവസവും ചന്ദ്രികയിലേക്ക് റിപ്പോർട്ടുകൾ ടെലിഗ്രാം ചെയ്യും, അതോടൊപ്പം ക്ലാസിൽ പോവുകയും പഠിക്കുകയും ചെയ്യും; ഇതായിത്തീർന്നു അഹ്‌മദ്‌ സാഹിബിന്റെ ദിനചര്യ.

വൈകുന്നേരങ്ങളിൽ സ്ഥിരമായി സീതി സാഹിബിന്റെ വക ഇംഗ്ലീഷ് ഭാഷാ പരിശീലനവും ഉണ്ട്! ‘ഉപ്പാനെക്കൊണ്ട് എല്ലാ ദിവസവും സീതി സാഹിബ് ദി ഹിന്ദു ദിനപത്രം ഉറക്കെ വായിപ്പിക്കും. അതിലെ വാക്കുകളും വാചകങ്ങളുമെല്ലാം ചർച്ച ചെയ്യും.’ സമുദായത്തിന് അനുഗ്രഹമായി മാറിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഇ. അഹ്‌മദിന് എവിടെ നിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കുകയായിരുന്നു റഈസ്.

കെ. എം. സീതി സാഹിബിന്റെ പിതാവ് മുസ്‌ലിം ഐക്യ സംഘത്തിന്റെ സ്ഥാപകൻ ആയിരുന്ന കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ് ഇതേ ‘ഹിന്ദു സെഷൻ’ തന്റെ പുത്രൻ സീതിക്കുവേണ്ടി കൊടുങ്ങല്ലൂരിലെ അവരുടെ വീട്ടിൽ ചെയ്തിരുന്നതായി ചരിത്രത്തിലുണ്ട്.

അതെ, സമുദായത്തെ മതേതര ആധുനികതയുടെ വെല്ലുവിളികൾ അതിജീവിക്കാൻ പ്രാപ്തമാക്കിയ നേതാക്കൾ തങ്ങൾക്ക് തുടർച്ചകളുണ്ടാക്കാൻ ബോധപൂർവം അധ്വാനിച്ചു; അതിന്റെ ഫലമായി നമുക്ക് ഒരു ഇ. അഹ്‌മദ്‌ സാഹിബ് ഉണ്ടായി!

അഹ്‌മദ്‌ സാഹിബിനെക്കുറിച്ചുള്ള കൂടുതൽ വർത്തമാനങ്ങൾ കേൾക്കാനാണ് റഈസ്‌ക്കയുടെ മസ്‌കത്തിലുള്ള വീട്ടിൽ പോയത്. ചെന്നൈ ന്യൂ കോളജിൽ നിന്ന് ബി. കോമും ലണ്ടനിൽ നിന്ന് എം. ബി. എയും പൂർത്തിയാക്കിയ റഈസ് ഒമാനിലാണ് വർഷങ്ങളായി ബിസിനസ് ചെയ്യുന്നത്. ‘മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഉപ്പയുടെ പോളിസി.

ഞങ്ങൾ എല്ലാ മക്കൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസാവസരങ്ങളാണ് ലഭിച്ചത്. വായനയും പഠനവും ഉപ്പക്ക് ഒരു ജീവിത സപര്യയായിരുന്നു. ഇംഗ്ലീഷ് ക്ലാസിക്കുകൾ എപ്പോഴും അദ്ദേഹത്തിന്റെ കൂടെ നടന്നു. രാഷ്ട്രീയം അറിവിൽ നിന്ന് ജന്മമെടുക്കണമെന്ന് അദ്ദേഹം വിചാരിച്ചു. വിദേശകാര്യ മന്ത്രിയൊക്കെ ആകുന്നതിന് എത്രയോ മുമ്പു തന്നെ ‘ഫോറിൻ അഫയേഴ്‌സ്’ പോലുള്ള ആനുകാലികങ്ങൾ അദ്ദേഹം സ്ഥിരമായി വായിക്കുമായിരുന്നു.

ആ വായനാശീലം ഞങ്ങൾ മക്കൾക്കെല്ലാവർക്കും പകർന്നുകിട്ടി. ഉപ്പ മിക്കപ്പോഴും എനിക്ക് കത്തയച്ചിരുന്നത് ഇംഗ്ലീഷിൽ ആയിരുന്നു.’ ഉജ്ജ്വലമായ ധൈഷണിക പ്രതാപമുണ്ടായിരുന്ന ഒരു രാഷ്ട്രീയ ജീവിതത്തിന്റെ അകം കാണാൻ ഭാഗ്യമുണ്ടായ റഈസ് പറഞ്ഞു.

തീരെ ചെറുപ്പത്തിൽ തന്നെ അഹ്‌മദ്‌ സാഹിബിന്റെ കൂടെ മുസ്‌ലിം ലീഗ് പ്രവർത്തനങ്ങളുടെ ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ റഈസിന് അവസരമുണ്ടായി. ലീഗ് പ്രഭാഷണങ്ങൾക്കുവേണ്ടി അഹ്‌മദ്‌ സാഹിബ് നിരന്തരം യാത്ര ചെയ്‌തിരുന്ന കാലത്ത് കുട്ടിയായ റഈസ് പല സ്ഥലങ്ങളിലും പ്രസംഗം കേൾക്കാൻ കൂടെപ്പോയി.

ഭാര്യയോടും മക്കളോടും ഒരു തിരക്കിനും തകർക്കാനാവാത്ത അതിവൈകാരികമായ ഇഴയടുപ്പം കാത്തുസൂക്ഷിച്ചിരുന്ന അഹ്‌മദ്‌ സാഹിബിന്റെ വിരൽ പിടിച്ച് മകൻ അദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങൾ കേൾക്കാൻ പോയതിൽ അത്ഭുതമൊന്നും ഇല്ലല്ലോ! ‘വയൽ വരമ്പിലൂടെ നടന്നും ജീപ്പിലും കാറിലുമെല്ലാം എന്റെ ബാല്യത്തിൽ അനേകം തവണ ഞാൻ ഉപ്പാന്റെ പ്രസംഗയാത്രയെ അനുയാത്ര ചെയ്തിട്ടുണ്ട്.

ഒരിക്കൽ ഉപ്പ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയ കുട്ടിയായ ഞാൻ വേദിയിൽ പ്രസംഗപീഠത്തിന് നേരെ മുന്നിൽ ചെന്ന് ഉപ്പയുടെ നേർക്ക് തിരിഞ്ഞുനിന്ന് പ്രസംഗം വിടർന്ന കണ്ണുകളോടെ നോക്കിനിന്നത് ഓർമയുണ്ട്. പിൽകാലത്ത് ഈ സംഭവം ഇടക്കിടെ അനുസ്‌മരിച്ച് ഉപ്പ കുടുംബസദസ്സുകളിൽ പൊട്ടിച്ചിരിക്കുമായിരുന്നു.’

എം. എൽ. എ ആയിരിക്കെ അഹ്‌മദ്‌ സാഹിബിന്റെ കൂടെ തിരുവനന്തപുരത്ത് ജീവിച്ച വർഷങ്ങൾ റഈസ് ഗൃഹാതുരതയോടെ ഓർത്തു: ‘സി. എച്ചിനെ മുഖ്യമന്ത്രിയാക്കി പ്രഖ്യാപിക്കുന്നതിന് മുമ്പ് മുന്നണിയിലെ വിവിധ കക്ഷിനേതാക്കൾ തമ്മിൽ നടന്ന ചൂടുപിടിച്ച ചർച്ചകളിൽ ഉപ്പ നിർണായക സാന്നിധ്യമായിരുന്നു.

കേരള രാഷ്ട്രീയം ഒരു മുസ്‌ലിം ലീഗുകാരനെ മുഖ്യമന്ത്രിയാക്കാനൊരുങ്ങിയ അസുലഭമായ ആ മണിക്കൂറുകളിൽ കതകിനു പുറത്ത് ഞങ്ങൾ കുട്ടികൾ ആകാംക്ഷ അടക്കിവെക്കാനാകാതെ നിന്നു.’ സി. എച്ചും അഹ്‌മദ്‌ സാഹിബും തമ്മിലുണ്ടായിരുന്ന ആത്മസൗഹൃദം വിവരിക്കാൻ റഈസിന് വാക്കുകൾ മതിയാകുന്നില്ല. മന്ത്രിമാരായി രണ്ടു പേരും തലസ്ഥാന നഗരിയിൽ താമസിക്കുന്നു.

ഇ. അഹ്‌മദിന്റെ വസതിയിൽ കൂടെക്കൂടെ സി. എച്ച്. മുഹമ്മദ് കോയ കടന്നുവരും. ‘നേരെ അടുക്കളയിലേക്കാണ് സി. എച്ച് പോവുക. ഉമ്മയോട് ഉപ്പയെക്കുറിച്ചടക്കം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കും. പാത്രങ്ങൾ അനുമതിക്ക് കാത്തുനിൽക്കാതെ തുറന്നു പരിശോധിക്കും. ഭക്ഷണം കഴിക്കും, കഴിച്ച ഭക്ഷണത്തെക്കുറിച്ച് സഹജമായ ശൈലിയിൽ നർമം കലർത്തി അഭിപ്രായങ്ങളും പറയും.

സി. എച്ചിന് ഉപ്പാന്റെ അടുത്തുണ്ടായിരുന്ന സ്വാതന്ത്ര്യം കുട്ടിയായിരിക്കെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.’ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പതിറ്റാണ്ടുകളിൽ മുസ്‌ലിം ലീഗ് വേദികളിൽ കത്തിപ്പടർന്ന രണ്ട് വിദ്യാർത്ഥി പ്രതിഭകളായിരുന്നുവല്ലോ അഹ്‌മദും മുഹമ്മദ് കോയയും. ഒരുമിച്ചുനടന്നുണ്ടായ ആ സൗഹൃദം നിയമസഭാ സഹജീവിതം വഴി കൂടുതൽ പുഷ്‌കലമായതിന്റെ നിറമുള്ള ഓർമകളാണ് റഈസ് പങ്കുവെക്കുന്നത്.

ബാഫഖി തങ്ങൾ ഇ. അഹ്‌മദ്‌ സാഹിബിന്റെ സ്നേഹഭാജനമായിരുന്നു. എല്ലാത്തിനും അഹ്‌മദിന് തങ്ങൾ വേണമായിരുന്നു. കണ്ണൂരിൽ അഹ്‌മദ്‌ സാഹിബ്‌ വെച്ച പുതിയ വീട്ടിൽ ആദ്യ സന്ദർശകനായി സൽകരിക്കപ്പെട്ടത് തങ്ങൾ തന്നെയായിരുന്നു. തങ്ങൾക്ക് മുമ്പ് ആ വീടിന് ആരെയും സ്വീകരിക്കാൻ ആകുമായിരുന്നില്ല.

‘പുതിയ വീട്ടിൽ ബാഫഖി തങ്ങൾ കയറിയത് ഹജ്ജിന് പുറപ്പെടാൻ വേണ്ടി ബോംബെക്ക് പോകുന്നതിന്‌ ഏതാനും ദിവസങ്ങൾ മാത്രം മുമ്പാണ്‌. ഞങ്ങളെ പുതിയ വീട്ടിലാക്കിയ തങ്ങൾ പക്ഷെ പിന്നെ മടങ്ങിവന്നില്ല. ആ ഹജ്ജ് യാത്രയിലാണ് ബാഫഖി തങ്ങൾ മക്കയിൽ വെച്ച് മരണപ്പെടുന്നത്.’ റഈസിന്റെ വാക്കുകൾ മുറിഞ്ഞു.

കോഴിക്കോട്ടെ വലിയങ്ങാടിയിലെ അരിപ്പീടികയിൽ നിന്ന് കേരള മുസ്‌ലിംകളുടെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഇറങ്ങിവന്ന് മാപ്പിളമാരെക്കൊണ്ട് ഹരിത പതാക മുറുകെപ്പിടിപ്പിച്ച ഇതിഹാസ നായകൻ കേരളത്തിൽ അവസാനമായി നടത്തിയ ഗൃഹസന്ദർശനത്തിന്റെ വികാരസാന്ദ്രമായ ഓർമ്മകൾ!

ഇ. അഹ്‌മദിന് അളവറ്റ ആദരവുണ്ടായിരുന്ന മറ്റൊരാൾ ബി. വി. അബ്ദുല്ലക്കോയ സാഹിബായിരുന്നു. ‘സാമ്പത്തിക ഇടപാടുകളിലും അതിന്റെ കണക്ക് സൂക്ഷിക്കുന്നതിലും ബി. വി കാത്തുസൂക്ഷിച്ചിരുന്ന കാർക്കശ്യത്തെ ഉപ്പ എപ്പോഴും പ്രശംസിക്കുമായിരുന്നു. ഒടുവിൽ ബി. വിയുടെ പൗത്രിയെ എനിക്ക് വധുവായി നിശ്ചയിച്ചു തരികയും ചെയ്തു.’ ന്യൂനപക്ഷ രാഷ്ട്രീയം സംഭാവന ചെയ്ത രണ്ടു യുഗപ്രഭാവരുടെ കുടുംബങ്ങളെ പരസ്‌പരം വിളക്കിച്ചേർത്ത കണ്ണിയായ ചാരിതാർഥ്യത്തോടെ റഈസ് സാഹിബ് പറഞ്ഞു.

‘ഇബ്‌റാഹീം സുലയ്മാൻ സേട്ട് സാഹിബുമായി ഊഷ്മളമായ ബന്ധമാണ് ഉപ്പ കാത്തുസൂക്ഷിച്ചിരുന്നത്. സേട്ട് മുസ്‌ലിം ലീഗിനോട് വിട പറഞ്ഞിട്ടും അവരുടെ വ്യക്തിബന്ധത്തിന് യാതൊരു പോറലുമേറ്റില്ല. കാണുന്നേടത്തുവെച്ചെല്ലാം ഉപ്പയോടുള്ള സ്നേഹം സേട്ട് സാഹിബ് എന്നോടും മറയില്ലാതെ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ മക്കൾ ഞങ്ങളുടെ കുടുംബവുമായി ഇപ്പോഴും ആ ബന്ധം കാത്തുസൂക്ഷിക്കുന്നു.’

ശൈലികൾ വ്യത്യസ്തമായിരുന്നുവെങ്കിലും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശബ്ദമായി പാർലമെന്റിൽ ഇടിമുഴക്കം തീർത്ത രണ്ടു മഹാരഥന്മാർ വഴിപിരിഞ്ഞപ്പോഴും നിലനിർത്തിയ പരസ്പരാദരവിന്റെ ഹൃദയാവർജ്ജകമായ അധ്യായങ്ങൾ റഈസ് അഹ്‌മദിന്റെ വാക്കുകളിലേക്ക് ആവാഹിക്കപ്പെടുന്നു.

ഒരുപക്ഷേ, ഉത്തരേന്ത്യൻ പശ്ചാത്തലമുണ്ടായിരുന്ന ഗുലാം മഹ്‌മൂദ്‌ ബനാത്‌വാലക്കും സേട്ട് സാഹിബിനും ഇടയിൽ ഒരു തനത് മലയാളി മുസ്‌ലിം ലീഗുകാരന്റെ വ്യത്യസ്തമായ വഴി പാർലമെന്റിൽ വെട്ടി എന്നതായിരിക്കും പാർലമെന്റേറിയൻ എന്ന നിലയിൽ അഹ്‌മദ്‌ സാഹിബിന്റെ ഒരു മൗലിക സവിശേഷത.

‘വീട്ടിൽ ഉപ്പ രാഷ്ട്രീയം പറയാറുണ്ടായിരുന്നോ?’ ചോദ്യം റഈസ്‌ സാഹിബിനെ ഗൗരവസ്വരക്കാരനാക്കി. ‘അതെ, പക്ഷെ അതെപ്പോഴും വേറൊരു പ്രതലത്തിൽ ആയിരുന്നു. ഒരു ഇന്റലെക്ച്വൽ പ്ലെയിനിൽ ആയിരുന്നു ഉപ്പ പൊളിറ്റിക്കൽ ഇഷ്യൂസ് ചർച്ച ചെയ്തിരുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് ഉപ്പ എന്നോട് സംസാരിച്ച കാര്യങ്ങൾ ഓർക്കുന്നു.

പള്ളി തകർക്കപ്പെട്ടപ്പോൾ അധികാരത്തിലുള്ള പാർട്ടി എന്ന നിലയിൽ കോൺഗ്രസുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കണമെന്ന് സേട്ട് സാഹിബ് ആവശ്യപ്പെടുന്നു. സാമുദായിക രാഷ്ട്രീയത്തിന് തീവ്രത പോരെന്ന് മുസ്‌ലിം ചെറുപ്പം പൊതുവിൽ ആലോചിക്കുന്നു. പക്ഷെ ഉപ്പയുടെ വീക്ഷണങ്ങൾ അടിയുറച്ചതായിരുന്നു. കോൺഗ്രസിനെ കൂടെ നിർത്തിക്കൊണ്ടുള്ള മോഡറേറ്റ് ആയ ഒരു രാഷ്ട്രീയം വഴിയല്ലാതെ ഫാഷിസത്തെ ചെറുക്കാനാകില്ലെന്ന് ഉപ്പ തീർത്തു പറഞ്ഞു.

ഇപ്പോഴുണ്ടാകുന്ന വികാരത്തള്ളിച്ച ചെറുത്തുനിൽപിനുള്ള നിലം പോലും നഷ്ടപ്പെടുത്തുമെന്നായിരുന്നു ഉപ്പയുടെ പക്ഷം. എന്നോട് ഈ വിഷയം ദീർഘമായി സംസാരിച്ചിരുന്നു. അന്ന് ഉപ്പ നിരന്തരം ചർച്ചകളിലായിരുന്നു; വിവിധ നേതാക്കളെ തന്റെ നിലപാട് ബോധ്യപ്പെടുത്താനുള്ള ചർച്ചകൾ. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ശക്തമായി ആ ലൈനിനെ പിന്തുണച്ചു. അന്ന് ദിനേനയെന്നോണം തങ്ങളും ഉപ്പയും ഫോണിലും നേരിട്ടുമെല്ലാം ദീർഘനേരം സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നു; പാതിരാവുകളിൽ പോലും.

ഇന്നിപ്പോൾ ആ നിലപാടായിരുന്നു ശരി എന്ന് എല്ലാവർക്കും ബോധ്യപ്പെടുന്നു.’ തീവ്രവാദം സമുദായത്തെ എവിടെയുമെത്തിക്കില്ലെന്ന് തിരിച്ചറിഞ്ഞ അഹ്‌മദ്‌ സാഹിബിലെ ദീർഘദർശിക്ക് കാലം നൽകിയ സമ്മതപത്രം ഉൾകൊള്ളുമ്പോൾ റഈസ്‌ക്കയുടെ മുഖത്ത് അഭിമാനബോധം തളിർക്കുന്നു. ഫാഷിസം മുടിയഴിച്ചു തുള്ളുന്ന സമകാല ഇന്ത്യയിൽ ബാബരി കത്തിനിന്ന തൊണ്ണൂറുകളുടെ തുടക്കം മുസ്‌ലിം സമുദായത്തിന് ഏറ്റവും വലിയ പാഠപുസ്തകമാണെന്ന് ആർക്കാണറിയാത്തത്?!

അഭിമാനബോധമുള്ള മുസ്‌ലിം ആയിരുന്നു അഹ്‌മദ്‌ സാഹിബ്. ഇസ്‌ലാം അദ്ദേഹത്തിന് മറച്ചുവെക്കാനുള്ളതായിരുന്നില്ല. ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഉന്നതാധികാര പദവികളിലേക്ക് നിയോഗിക്കപ്പെട്ടപ്പോഴും പരസ്യമായി തന്നെ അഹ്‌മദ്‌ സാഹിബ് തന്റെ മതനിഷ്ഠകൾ ഉയർത്തിപ്പിടിച്ചു. എന്നാൽ അതൊരിക്കലും നമ്മുടെ പൊതുമണ്ഡലത്തിന്റെ സെക്കുലർ ഫേബ്രിക്കിന് ഒരു പരുക്കും ഏൽപിച്ചില്ല.

മതബോധമുള്ള ഇന്ത്യൻ മുസ്‌ലിമിന് മാതൃകാപരമായ രാഷ്ട്രീയ ജീവിതം ഏതറ്റം വരെയും സാധ്യമാണെന്ന് തെളിയിച്ച റോൾ മോഡൽ ആയി അഹ്‌മദ്‌ സാഹിബ് മാറി. കോഴിക്കോട്ടുള്ള വെള്ളിയാഴ്ചകളിലെല്ലാം പട്ടാളപ്പള്ളിയിൽ ഭക്തിപൂർവം ജുമുഅ ഖുതുബ കേട്ടിരിക്കുന്ന ഇ. അഹ്‌മദ്‌ എന്ന കേന്ദ്രമന്ത്രി മതബോധമുള്ള ഏത് മലയാളി മുസ്‌ലിമിനെയാണ് അഭിമാനപുളകിതനാക്കാതിരുന്നിട്ടുള്ളത്!

‘അഞ്ചു നേരത്തെ നമസ്കാരങ്ങളിൽ കണിശക്കാരനായിരുന്നു ഉപ്പ. പുലർച്ചെ എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഫജ്ർ നമസ്കാരത്തിന് ശേഷം ഖുർആൻ പാരായണം ചെയ്യും. യാസീൻ, ആയത്തുൽ കുർസിയ്യ്, ആമനർറസൂലു തുടങ്ങിയവ ഉപ്പ എപ്പോഴുമെപ്പോഴും ഓതി. ആയത്തുൽ കുർസിയ്യ് ഉപ്പാന്റെ ഒദ്യോഗിക വസതികളിലടക്കം ചുമരുകളിൽ ഫ്രെയിം ചെയ്‌ത്‌ വെച്ചിരുന്നു.

ഉപ്പ നടക്കുമ്പോൾ ഒരു വശത്തുള്ള ചുമരിലേക്ക് നോക്കി ചുണ്ടനക്കുന്നതെന്താണെന്ന് പലപ്പോഴും സന്ദർശകർക്ക് മനസ്സിലായിരുന്നില്ല. അവിടെ എഴുതിവെച്ച ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുകയായിരിക്കും അദ്ദേഹം.

‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെക്കൊണ്ട് വഹിപ്പിക്കല്ലേ’ എന്നും ‘മറവിയുടെയും അബദ്ധത്തിന്റെയും പേരിൽ ഞങ്ങളെ പിടികൂടല്ലേ’ എന്നും അർഥം വരുന്ന ആമനർറസൂലുവിന്റെ ഭാഗങ്ങളെക്കുറിച്ച് ഉപ്പ എപ്പോഴും സംസാരിച്ചു. അധികാരസ്ഥാനങ്ങളിലിരുന്ന് ഉപ്പാക്ക് പ്രാർത്ഥിക്കാനുള്ളത് ആ വചനത്തിൽ ഉണ്ടായിരുന്നു. മക്കയും മദീനയുമായിരുന്നു ഉപ്പാക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ.

വിദേശയാത്രകളെല്ലാം ജിദ്ദയിൽ ഒരിടവേള ലഭിക്കുന്ന രീതിയിലാണ് വളരെ ബോധപൂർവം തന്നെ അദ്ദേഹം എപ്പോഴും ഷെഡ്യൂൾ ചെയ്തിരുന്നത്. ഹറം സന്ദർശനം ലക്ഷ്യം വെച്ചായിരുന്നു അത്. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സ്നേഹം രക്തത്തിലുണ്ടായിരുന്ന ആളാണ് ഉപ്പ.’

പടച്ചവനെയും പ്രാർത്ഥനകളെയും ഖുർആനിനെയും സത്യവിശ്വാസികളെയും മനസ്സിലേറ്റിയ ഒരാളെ കേന്ദ്രമന്ത്രിക്കസേരയിലും ഐക്യരാഷ്ട്രസഭയുടെ പ്രസംഗപീഠത്തിലും വിദേശരാജ്യങ്ങളുടെ അരമനകളിലും വരെ കൊണ്ടുചെന്നെത്തിച്ച് സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള അധികാരസ്വാധീനം വർധിപ്പിക്കുക എന്ന മുസ്‌ലിം ലീഗ് പദ്ധതിയെ സാർത്ഥകമാക്കി അഹ്‌മദ്‌ സാഹിബ് തന്റെ ഇസ്‌ലാമുമായിത്തന്നെ നടന്നു, അധികാരത്തിന്റെ സകല ഇടനാഴികളിലും!

സമുദായമായിരുന്നു അഹ്‌മദ്‌ സാഹിബിന് എല്ലാം. മുസ്‌ലിം ലീഗ് പാർട്ടിയാണ് സമുദായത്തിന്റെ അത്താണിയെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. താനല്ല, പാർട്ടിയാണ് വലുതെന്നും പാർട്ടി സമുദായത്തിന് തുണയാകാൻ നിശ്ചയിച്ച പ്രതിനിധിയെന്നതാണ് തന്റെ പ്രസക്തിയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

‘മുസ്‌ലിം ലീഗിനെ ആരെങ്കിലും വിമർശിക്കുന്നത് കേട്ടാൽ ഉപ്പ ക്ഷുഭിതനാകും. ലീഗ് സമുദായത്തിന് എന്താണെന്ന് സമർത്ഥിച്ച് അവരോട് തർക്കിക്കും. ലീഗ് ഒരുക്കിയ മണ്ണിൽ കാലൂന്നിയും വിരിച്ച പായയിൽ കിടന്നുമാണ് ഈ വിമർശകർ പോലും സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കും.’ ലീഗ് പ്രവർത്തകർ അഹ്‌മദ്‌ സാഹിബിന്റെ ആവേശമായിരുന്നു.

ജനങ്ങൾക്കിടയിൽ നിൽക്കാൻ അദ്ദേഹം ആഗ്രഹിച്ചു; പ്രോട്ടോക്കോളുകൾ അതിന് തടസ്സമാകാതിരിക്കാൻ ശ്രദ്ധിച്ചു. പതിറ്റാണ്ടുകൾ പൊതുപ്രവർത്തനം നടത്തിയ ഒരാൾക്ക് ജനങ്ങളിൽ നിന്നകന്ന് ജീവിക്കുക സാധ്യവുമാകില്ലല്ലോ! ‘ലീഗ് അണികൾ ആയിരുന്നു ഉപ്പയുടെ വൈറ്റമിൻ. ആളുകളെ കണ്ടാലല്ല, കാണാതിരുന്നാലാണ് അദ്ദേഹം ക്ഷീണിച്ചിരുന്നത്. ദീർഘമായ ജോലിക്കുശേഷവും ഏതെങ്കിലും പാർട്ടി പ്രവർത്തകർ വന്ന് സംസാരം ആരംഭിച്ചാൽ മറ്റെല്ലാം മറന്ന് അദ്ദേഹം ദീർഘനേരം ആവേശപൂർവം സംഭാഷണത്തിൽ ഏർപ്പെടുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്.’

പാർട്ടിക്കും പ്രവർത്തകർക്കും അഹ്‌മദ്‌ സാഹിബ് കൽപിച്ചിരുന്ന വില ഒരിക്കൽ റഈസിന് ശരിക്കും മനസ്സിലായി. അഹ്‌മദ്‌ സാഹിബ് ഒമാൻ സന്ദർശിക്കുന്നു. ഔദ്യോഗിക സന്ദർശനമല്ല. അൽപം വിശ്രമം നൽകാനായി റഈസ് മസ്‌കത്തിലേക്ക് കൊണ്ടുവന്നതാണ്. ‘വിശ്രമമാണല്ലോ ലക്ഷ്യം. അതുകൊണ്ട് വരുന്ന വിവരം ഞാൻ കെ. എം. സി. സി പ്രവർത്തകരെ അറിയിച്ചില്ല.

രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ട് പറയാം, അതുവരെയെങ്കിലും സന്ദർശകർ ഇല്ലാതാകുന്നത് ഉപ്പാക്ക് ആശ്വാസമായിരിക്കും എന്നേ കരുതിയുള്ളൂ. പക്ഷെ വന്നതുമുതൽ ഉപ്പ പ്രവർത്തകരെ കാണാതെ അസ്വസ്ഥനായിത്തുടങ്ങി. ഒടുവിൽ ആരെയും അറിയിച്ചിട്ടില്ലെന്നും കുറച്ചു ദിവസം കഴിഞ്ഞ് പറയാമെന്ന് കരുതിയതാണെന്നും ഞാൻ അറിയിച്ചു. പൊടുന്നനെ ഉപ്പ പ്രകോപിതനായി. എന്നെ വഴക്കു പറഞ്ഞു. എന്നെ എന്റെ ആളുകളിൽ നിന്ന് അകറ്റാനാണോ നിങ്ങളെല്ലാം നോക്കുന്നത് എന്ന് കടുപ്പിച്ച് ചോദിച്ചു.

പിന്നീടൊരിക്കലും അങ്ങനെയൊരു അബദ്ധം എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല!’ കുടുംബത്തിന്റെ താല്പര്യങ്ങൾ പാർട്ടിക്ക് തടസ്സമാകരുതെന്ന് കർക്കശമായി അഹ്‌മദ്‌ സാഹിബ് തീരുമാനിച്ചത് തന്റെ ജീവിതനിയോഗം എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാകണം. ഒരു ട്രെയിൻ ലേറ്റായാൽ മുതൽ അൽപ സമയം കറന്റ് പോയാൽ വരെ കേന്ദ്രമന്ത്രി എന്ന നിലയിൽ തന്നെ വിളിക്കുന്ന നിഷ്‍കളങ്കരായ മലപ്പുറത്തുകാരുണ്ടെന്ന് ഉപ്പ പറഞ്ഞത് റഈസിന് ഓർമയുണ്ട്. ‘അഭിമാനത്തോട് കൂടിയാണ് അദ്ദേഹം അത് പറഞ്ഞത്. ആരുടെ പ്രതിനിധിയായാണ് താൻ ഡൽഹിയിൽ നിൽക്കുന്നത് എന്ന് അദ്ദേഹത്തിന് എപ്പോഴും ഓർമയുണ്ടായിരുന്നു.’

‘മാ ശാ അല്ലാഹ്, അൽ ഹംദു ലില്ലാഹ്, പതിറ്റാണ്ടുകൾ എന്റെ ഉപ്പ ഉമ്മത്തിനെ സേവിച്ചു.’ ഒറ്റ വാചകത്തിൽ റഈസ്‌ക്കാക്ക് അഹ്‌മദ്‌ സാഹിബിനെ പരിചയപ്പെടുത്താനിഷ്ടം ഇങ്ങനെയാണ്. അതെ, ഉമ്മത്തിനെ സ്നേഹിക്കാനും സേവിക്കാനുമാണ് നമുക്ക് ആളുകളെയാവശ്യമുള്ളത്; അതിന് അധികാരവും സ്വാധീനവും ഭാഷയും നയചാതുരിയും നിയമപരിജ്ഞാനവുമെല്ലാം ഉപയോഗപ്പെടുത്താൻ കഴിയുന്ന പ്രതിഭകളെ. അഹ്‌മദ്‌ സാഹിബിന് അദ്ദേഹത്തേക്കാൾ ഉയരമുള്ള പിൻതുടർച്ചകൾ സൃഷ്ടിക്കാൻ നമുക്കാകുമോ? ആകണമെന്നാണ് കാലം നമ്മുടെ കാതിൽ വലിയ ഊക്കിൽ അടക്കം പറയുന്നത്.

‘ഉപ്പ മനസ്സിൽ ആരോടും വെറുപ്പ് കൊണ്ടുനടന്നില്ല. പറയാനുള്ളത് വെട്ടിത്തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ കോപം ഹൃദയം സുതാര്യമാണെന്നതിന്റെ തെളിവ് മാത്രമായിരുന്നു.’ പറഞ്ഞാൽ തീരുന്നതല്ല വലിയ മനുഷ്യരുടെ സ്വഭാവ സവിശേഷതകൾ. ഒരു ഫ്രെയിമിൽ വരച്ചുതീർക്കാവുന്ന ചിത്രമോ ഒരു പുറത്തിൽ പറഞ്ഞുതീർക്കാവുന്ന കഥയോ അല്ലല്ലോ അഹ്‌മദ്‌ സാഹിബിനെപ്പോലുള്ള ആളുകൾ.

അർധവിരാമങ്ങളിൽ അവസാനിക്കുന്ന ഇത്തരം ദുർബല ശ്രമങ്ങളിൽ നിന്ന് പുതിയ തലമുറയുടെ സിരകളിൽ ഒരു മിന്നായമെങ്കിലും പാഞ്ഞാൽ, അതായിരിക്കും ഈ അഭിമുഖത്തിന്റെ ബാക്കിപത്രം!

Advertisment