അവാർഡ് കിട്ടിയ താരങ്ങളെക്കാൾ വലിയ അഭിനേതാക്കളാണ് 'മെസ്സിയെമ്മൽ ബോയ്സി'ലെ അബ്ദുറഹ്മാൻ 'പോറ്റി'യൊക്കെ ! കള്ള്- കഞ്ചാവ്- പെണ്ണ് കേസുകളിൽ ഹാട്രിക് അടിച്ച വേടനെ സുഖിപ്പിച്ചവർ 'തൊപ്പിയെ' കാണാതെ പോയത് അതിശയം. അടുത്ത തവണ നോക്കി വായനയ്ക്കും ഒരവാർഡ് ആകാം. ഷാഫിയുടെ തല അടിച്ചു പൊട്ടിച്ചവനും മുഖ്യമന്ത്രിയെ വെളുപ്പിക്കാനും പ്രതിപക്ഷനേതാവിനെ കറുപ്പിക്കാനും കഥകൾ മെനയുന്നവർക്കും ഇനി അവാർഡുറപ്പ് - ദാസനും വിജയനും

New Update
dasanum vijayanum

ഉണ്ണികൃഷ്ണൻ പോറ്റിയെ അവസാന ലാപ്പിൽ പുറംതള്ളിക്കൊണ്ട് കൊടുമൺ പോറ്റി നല്ല നടനുള്ള അവാർഡ് തട്ടിയെടുത്തപ്പോൾ ശബരിമലയുടെ സ്വർണ്ണപ്പാളി അടിച്ചു മാറ്റിയവന്മാർക്ക് ഉള്ളു നൊന്തുകാണും.

Advertisment

ശരിക്കും അവാർഡിനർഹത മെസ്സിയുടെ പേരിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന
അബ്‌ദുറഹ്‌മാൻ 'പോറ്റി'ക്കും അഗസ്റ്റിൻ 'പോറ്റി'മാർക്കുമാണ് . 


എന്തൊരു അഭിനയമാണ് ഇക്കഴിഞ്ഞ കുറെ കാലങ്ങളായി അവർ കേരളത്തിൽ നടത്തികൊണ്ടിരിക്കുന്നത് . ഹിന്ദി സിനിമയിലെ ഡയലോഗുകൾ പോലെ കോടിക്കൊന്നും ഒരു വിലയുമില്ലാതെയാണ് അവന്മാർ പുച്ഛിച്ചു തള്ളുന്നത് .


അതിൽ അറിഞ്ഞോ അറിയാതെയോ തലവെച്ചുകൊടുത്തിരിക്കുന്നു നമ്മുടെ താനൂർക്കാരൻ അബ്ദുറഹ്മാൻ പോറ്റി . ഇതൊക്കെ കണ്ടും കേട്ടും ഗോപാലൻ പോറ്റി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു !!!

''ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ'' നമ്മൾ പ്രതീക്ഷിച്ചിരുന്നു . മമ്മുട്ടിക്ക് ഏറ്റവും മികച്ച നടനുള്ള അവാർഡ് ഈ സർക്കാർ നൽകുമെന്ന് ഉറപ്പാക്കിയത് അതിദാരിദ്ര്യ സദസ്സിലേക്ക് പങ്കെടുക്കുവാൻ വന്നു കയറിയപ്പോഴാണ്.

1200-675-25315767-thumbnail-16x9-cmm-aspera

കൂടാതെ സർക്കാരിനെയും മുഖ്യമന്ത്രിയെയും വെളുപ്പിക്കുവാൻ അബുദാബിയിൽ വെച്ച് അരങ്ങേറുന്ന സദസ്സിലേക്കും ദുബായിലെ സദസ്സിലേക്കും കൂട്ടുകാരൻ അവാർഡുമായി എത്തുന്നതും നമ്മൾ കാണും .
എന്തൊരു പ്രഹസനമാണ് അവസാന വേളയിൽ ഈ സർക്കാർ കാണിച്ചുകൂട്ടുന്നത്.


മോഹൻലാലിന് ഫാൽക്കെ പുരസ്‌കാരം കിട്ടിയപ്പോൾ ഒരു സ്വീകരണം . ശബരിമല അയ്യപ്പന്  ആഗോള സ്വീകരണം , കൂടാതെ അതി ദരിദ്രർക്കായുള്ള മറ്റൊരു സ്വീകരണത്തിൽ മമ്മുട്ടി - മോഹൻലാൽ - കമൽ ഹസൻ എന്നിവർ , അതിൽ രണ്ടു പേര് മെല്ലെ സ്ക്രൂട്ടായി.


മെസ്സിയുടെ പേരിൽ മലബാറിൽ വോട്ട് ചോദിച്ചു ചെല്ലാൻ പറ്റാത്ത അവസ്ഥയിൽ ആയിരിക്കുന്ന ഈ സമയത്ത് അവരെ സമാധാനിപ്പിക്കുവാൻ വേണ്ടിമാത്രമാണ് മമ്മുട്ടി യിൽ തുടങ്ങി ഷംല ഹംസക്കും, ഷൗബിൽ ഷാഹിറിനും, ഷാഹിറിന്റെ മഞ്ഞുമ്മൽ ബോയ്സിനും, ഫാത്തിമക്കും,

നസ്ലിന്റെ പ്രേമലുവിനും, ഷൈജു ഖാലിദിനും, ആസിഫലിക്കും, ഫാസിൽ മുഹമ്മദിനും, സമീറ സനീഷിനും, നൗഫൽ മറിയം ബ്ലാത്തൂരിനും അവാർഡുകൾ വാരിക്കോരി കൊടുത്തത് എന്ന് സംഘ പരിവാറുകാർ പറഞ്ഞുപരത്തിയാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

55th Kerala State Film Awards Full Winners List: Mammootty Wins Best Actor  For Bramayugam, Shamla Hamza And Manjummel Boys Bag Top Honours

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ''കാഫിർ - ഒരു സ്‌ക്രീൻ ഷോട്ട് ''  എന്ന സിനിമക്ക് മലബാറിൽ ലഭിച്ച അഭൂതപൂർവമായ സ്വീകരണത്താൽ  ടീച്ചറമ്മയെ  വരെ ജനം വെട്ടി വെയിലത്തുവെച്ചതും മലബാറിലെ ലോക്സഭാ സീറ്റുകളിൽ രാഘവനെയും ഉണ്ണിത്താനെയും സുധാകരനെയും ശ്രീകണ്ഠനെയും ഒക്കെ നൂറ് കോടി ക്ലബ്ബിൽ കയറ്റിച്ചതും സജി ചെറിയാൻ മറന്നു കാണില്ല.


ഏറ്റവും തമാശയായി തോന്നിയത് ഈ പോക്കിൽ വേടനെയും സുഖിപ്പിക്കുവാൻ ഭരണാധികാരികൾ  മറന്നില്ല എന്നതാണ് . കള്ള് - കഞ്ചാവ് - പെണ്ണ് കേസുകളിൽ ഹാട്രിക് അടിച്ച വേടനെ സുഖിപ്പിച്ചാൽ ജെൻസി വോട്ടുകൾ തരപ്പെടുത്താം എന്നാരോ ഉപദേശിച്ചുകാണും.


എങ്കിൽ പിന്നെ ആ പാവം തൊപ്പിയെ കൂടി എന്തെങ്കിലും ഒരു സെക്ഷനിൽ പരിഗണിച്ചിരുന്നെങ്കിൽ  പതിനെട്ടുവയസായ എല്ലാ വോട്ടും ഇടതിന്റെ പെട്ടിയിൽ വീണേനെ . പ്രകാശ്‌രാജിൽ നിന്നും കേരളജനത ഇതുപോലെ ഒരു അവാർഡ് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ല എന്നത് തന്നെയാണ് പരക്കെയുള്ള പ്രതികരണം .

 മുഖ്യമന്ത്രി പത്രസമ്മേളനത്തിന് വരുമ്പോൾ ആരൊക്കെയോ എഴുതികൊടുക്കുന്നത് അങ്ങേരു വായിക്കുന്നതുപോലെ അവാർഡിലും ആരൊക്കെയോ എഴുതിക്കൊടുത്ത പേരുകളിൽ വോട്ടുകൾ ചെയ്യുക മാത്രമാണ് ആ പാവം പ്രകാശ്‌രാജ് ചെയ്തത് എന്ന് തോന്നുന്നു.

National awards did not deserve Mammookka, says Prakash Raj

അതിന്റെയൊക്കെ മുന്നോടിയായി മറ്റൊരു പാവം പ്രേംകുമാറിനെ കാലു മടക്കി അടിച്ചു പുറത്താക്കിക്കൊണ്ട് ഒരുപദ്രവും ഉണ്ടാക്കാത്ത റസൂൽ പൂക്കുട്ടിയെ അവരോധിച്ചപ്പോഴും വോട്ടു ബാങ്ക് തന്നെയാണ് എകെജി സെന്റർ സ്വപ്നം കണ്ടത്.


 ഷാഫിയുടെ തല അടിച്ചു പൊട്ടിക്കാൻ ഓർഡർ ഇട്ടപ്പോഴും അത് പേരാംബ്ര പോലുള്ള ഒരു ഇടതു കോട്ടയിൽ വിള്ളൽ ഏൽക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല.


 പ്രതിപക്ഷ നേതാവിനെ ഇരുപതോളം യുട്യൂബ് ചാനലുകാരെ നിരത്തി നിർത്തിക്കൊണ്ട് ഇല്ലതാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ മെസ്സിയും , പിഎംശ്രീയും , സ്വർണ്ണപ്പാളിയും തിരിച്ചുകൊത്തുമെന്ന് റിപ്പോർട്ടർ ചാനലുകാരും പിറകിൽ നിന്നുകൊണ്ട് രണ്ടുംകെട്ട കളികൾ കളിക്കുന്ന മുൻ ചാനൽ മേധാവിയും പ്രതീക്ഷിച്ചുകാണില്ല.

images (78)

ഇപ്പോഴിതാ തലസ്ഥാനത്തെ മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് എതിരാളികൾ ഞെട്ടിച്ചിരിക്കുകയാണ് !!!

അപ്പോഴാണ് ഈ വക തൊലിഞ്ഞ അവാർഡ് പ്രഖ്യാപനവും വോട്ടർമാരെ സുഖിപ്പിക്കലും കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന പെൻഷൻ പദ്ധതികളും . എല്ലായ്പ്പോഴും ചക്ക ഇട്ടാൽ മുയൽ ചാവില്ല എന്ന് മനസിലാക്കിയാൽ ഇടതിന് നല്ലത് !!!

എന്നും എപ്പോഴും ആളുകളെ പറ്റിക്കുവാനാകില്ല എന്ന മുന്നറിയിപ്പിൽ സഖാവ് ദാസനും
വേടന്റെ അവാർഡ് ഓർത്തു പരിഭവിച്ചുകൊണ്ട് വേടന്റെ സുഹൃത്ത് വിജയനും

Advertisment