Advertisment

കേരളത്തിലെ രണ്ട് മഹാ പ്രശ്നങ്ങളാണ് റോബിന്‍ ബസും ന.കേ. ബസും. ഒന്ന് മ്യൂസിയത്തില്‍ വയ്ക്കാനും മറ്റൊന്ന് അവിടെ വയ്പിക്കാനും ! നാട്ടില്‍ നിന്ന് സ്പിരിറ്റും കഞ്ചാവുമായി ബാംഗ്ലൂരും കോയമ്പത്തൂരും പോയിവരുന്ന സ്വകാര്യ ബസുകള്‍ക്ക് ഒരു കുഴപ്പവുമില്ല. നാട്ടുകാരെ സഹായിക്കാന്‍ പെര്‍മിറ്റ് എടുത്ത ബസ് അതിര്‍ത്തി കടന്നാല്‍ ആര്‍ക്കാണ് കേട് ? നമ്മുടെ തീവണ്ടികള്‍ പോകുന്നത് അങ്ങനല്ലേ ? അതോ ഉടായിപ്പുകാര്‍ക്കു മാത്രമാണോ പെര്‍മിറ്റ് - ദാസനും വിജയനും

New Update
robin bus navakerala bus

ഇന്ന് കേരളത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന രണ്ടു മഹാ പ്രശ്നങ്ങളാണ് റോബിൻ ബസ്സും ന.കേ. ബസ്സും. ഈ ബസ്സുകൾ ഇല്ലായിരുന്നെങ്കിൽ കേരളം മറ്റൊരു സ്വിറ്റ്‌ സർലാൻഡ് ആകുമായിരുന്നു എന്നാണ് കേരളത്തിലെ ഒട്ടുമിക്ക നവോത്ഥാന നായകന്മാരും നായികമാരും

ഇപ്പോൾ പ്യുപ്പാവസ്ഥയിലാണ്ടിരിക്കുന്ന സാംസ്‌കാരിക നായികാ നായകന്മാരും, മനുഷ്യനാകണം മനുഷ്യനാകണം എന്ന് മുറവിളി കൂട്ടിയിരുന്ന ന്യുജെൻ കഴുതകളും വിശ്വസിച്ചുകൊണ്ടിരിക്കുന്നത്.

Advertisment

റോബിൻ ബസ്സ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സ്പെഷ്യൽ പെർമിറ്റ് ഹൈക്കോടതി വിധിയിലൂടെ സമ്പാദിച്ചുകൊണ്ട്

ജനകീയമായ രീതിയിൽ അന്തർസംസ്ഥാന ട്രിപ്പുകൾ നടത്തിയപ്പോൾ ഇവിടെ ആർക്കാണ് ഛേദം എന്ന് മനസിലാകുന്നില്ല. 


ആയിരക്കണക്കിന് സ്വകാര്യ ബസ്സുകൾ തലസ്ഥാനത്തുനിന്നും കൊച്ചിയിൽനിന്നും തൃശൂരിൽ നിന്നും കോഴിക്കോട് നിന്നും ബെംഗളുരുവിലേക്കും കോയമ്പത്തൂരിലേക്കും മുംബൈയിലേക്കും ചെന്നൈയിലേക്കും വിമാനത്തിന്റെ യാത്രക്കൂലി വാങ്ങിക്കൊണ്ട് പറന്നിറങ്ങുമ്പോൾ ഇവിടെ ഒരു പാവപ്പെട്ട റോബിനെ ഇവരെല്ലാം ചേർന്നുകൊണ്ട് കൊല്ലാക്കൊല ചെയ്യുകയാണ്. ആര്‍ക്കോ വേണ്ടി കുരയ്ക്കുന്ന മോട്ടോര്‍ വാഹന വകുപ്പ്.


കേരളത്തിൽ ഏറ്റവുമധികം ആർഭാട ടൂറിസ്റ്റ് ബസുകൾ പെർമിറ്റ് എടുക്കുന്ന ഇരിങ്ങാലക്കുടയിലെ ബസ്സുകാർ അവരുടെ മദ്യ വ്യവസായം പരിപോഷിപ്പിക്കുവാൻ വോൾവോ ബസുകളിൽ പ്രത്യേകം അറകളുണ്ടാക്കി സ്പിരിറ്റ് കടത്തിയിരുന്ന ഒരു കാലഘട്ടത്തിൽ കണ്ണടച്ചുകൊടുത്ത പോലീസും എക്സൈസും മോട്ടോർവാഹന വകുപ്പും ഇന്നിപ്പോൾ ഒരു പാവപ്പെട്ടവന്റെ നെഞ്ചത്തേക്ക് കുതിര കയറുകയാണ്. 

വരവേൽപ്പ് സിനിമയിലെ മോഹൻലാലിനോട് ചെയ്തതിനേക്കാള്‍ ഗതികെട്ട രീതിയിലാണ് മോട്ടോർവാഹന വകുപ്പ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ നാട്ടിൽ എന്തുകൊണ്ട് രണ്ടു നിയമങ്ങളും രണ്ടുതരം പൗരന്മാരെയും സൃഷ്ടിക്കുന്നു. 

ഇവിടെ ഒരു ഭരണമുണ്ട്, ഇവിടെ ഒരു കപ്പിത്താനുണ്ട്, എന്നൊക്കെ വീമ്പിളക്കുന്നവർ നാട്ടിലെ കൊള്ളരുതായ്മകൾക്ക് മൊത്തം കുട പിടിച്ചുകൊണ്ട് നാടിന്റെ വികസനം എന്നൊക്കെ ഒരു മാതിരി മറ്റേ പ്രസംഗങ്ങൾ നടത്തി ഇവിടെ അഴിമതിക്കാർക്ക് സഹായം ചെയ്തുകൊടുക്കുകയാണ്. 

robin bus checking


പാവപ്പെട്ടവന്റെ സർക്കാർ ഇന്നിപ്പോൾ ഒരു മാതിരി ഓഞ്ഞ സർക്കാരായി മാറിയപ്പോൾ കരിമണലും മാസപ്പടിയും ഡോളർ കടത്തും, ബിരിയാണി ചെമ്പും, ലൈഫ്‌മിഷൻ കള്ളത്തരങ്ങളും, കരുവന്നൂർ മുതൽ സകലമാന സഹകരണ കൊള്ളയും മൂടി വെയ്ക്കുവാൻ ബംഗളൂരിൽ നിന്നും ഒരു ബസ്സിറക്കി അതിൽ കുറെ പാഴ്വാക്കുകളെ കയറ്റി കേരളം മൊത്തം വിലസുമ്പോൾ അവർ എന്തൊക്കെ മുൻകാലങ്ങളിൽ പ്രസംഗിച്ചുവോ, പ്രവർത്തിച്ചുവോ എല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്.


കേരളീയം പോലെ മാനവീയം പോലെ ആരും അറിയാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോകേണ്ടിയിരുന്ന ഈ ബസ്സ്‌യാത്രയെ

വിജയിപ്പിക്കുവാൻ കൂട്ടുനിൽക്കുന്നത് മുഖ്യ പ്രതിപക്ഷമായ യുഡിഎഫ് അണികളാണ്. അവരാണ് ഇക്കാര്യം കേരളജനതയെ അറിയിച്ചത്. അതായിരുന്നു എൽഡിഎഫ് കണക്കുകൂട്ടിയിരുന്നതും. 

ഇന്നിപ്പോൾ ചർച്ചകൾ ബസ്സിലെ മൂത്രപ്പുരയും ബസ്സിലെ ലിഫ്റ്റും ബസിന്റെ കറങ്ങുന്ന ബാർബർ ഷോപ്പിലെ കസേരയും ഒക്കെയാണ്. മാസപ്പടി വാങ്ങി വിലസിയവർക്ക് നന്നായി ഉറങ്ങുവാനായി. കാരണം യുഡിഎഫ് മൊത്തം ഈ ബസ്സിന്‌ പിന്നാലെ ഓടുകയാണ്. 


മരണശേഷം ഉമ്മൻചാണ്ടിയുടെ ആ യാത്ര കണ്ടു അസൂയ മൂത്ത മുഖ്യമന്ത്രി ഇന്നിപ്പോൾ ആ യാത്രയെ നിഷ്പ്രഭമാക്കുവാൻ സ്വപ്നം കണ്ട് തുടങ്ങി വെച്ച ഈ യാത്രക്കായി സർക്കാർ ജോലിക്കാരെയും ബംഗാളികളെയും തൊഴിലുറപ്പുകാരെയും എന്തിനധികം സ്‌കൂളുകളിൽ പ്രതികരിക്കാത്ത അച്ചടക്കമുള്ള കുട്ടികളെയും റോഡുവക്കുകളിൽ പൊരിവെയിലത്തു നിർത്തിക്കൊണ്ട് നിർബന്ധിത മുദ്രാവാക്യങ്ങൾ വിളിപ്പിക്കുയാണ്.


ഉമ്മൻചാണ്ടിയെ അവസാനമായി കാണുവാൻ വന്നവർ അവർ അവരുടെ ഹൃദയങ്ങളിൽ നിന്നാണ് യാത്രാമൊഴി രേഖപ്പെടുത്തിയത് എങ്കിൽ ഇന്നിവിടെ സംഘടിപ്പിക്കുന്നത് പാർട്ടി ഓഫീസിലെ ഹൃദയങ്ങളിൽ നിന്നുമാണ്. പക്ഷെ പൊട്ടന്മാരായ അണികൾക്ക് അതിനേക്കാൾ വലിയൊരു ജാഥ കണ്ടാലേ പാർട്ടിസ്‌നേഹം നിലനിൽക്കുകയുള്ളൂ. 

മരണശേഷം ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല എന്ന് മനസിലാക്കിയ നേതാക്കന്മാർ അവസാനമായി നടത്തുന്ന ഈ ജാഥകൾ പാർട്ടിയുടെ തന്നെ അവസാനജാഥയായി മാറുമെന്നാണ് കേരളത്തിൽ പൊറോട്ടയടിക്കുന്ന ബംഗാളി സഖാക്കൾ അടക്കം പറയുന്നത്. 

സ്വന്തം പാർട്ടി സെക്രട്ടറി മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അവസാന ആഗ്രഹമായിരുന്ന ആ യാത്ര, തലസ്ഥാനത്തുനിന്നും കോടിയേരി വരെ

വേണമെന്ന് കുടുംബങ്ങള്‍ പറഞ്ഞെങ്കിലും വേറെ യാത്രകളുണ്ടായിരുന്നതിനാല്‍ അത് നടന്നില്ല.

റോബിൻ ബസ്സിൽ തട്ടി സ്വന്തം ബസ്സിന്‌ കേടുപാടുകൾ സംഭവിക്കാം എന്നുള്ളത് മനസിലാക്കിയ ക്യാപ്റ്റൻ റോബിൻ ബസ്സിനെ അമ്പത്തിയാറു വെട്ടുവെട്ടിയപ്പോൾ ഇവിടെ നഷ്ടമായത് ഒരു സംസ്കാരമാണ്, ജീവിക്കാനുള്ള അവകാശമാണ്. 

robin bus reception


ഒരു ബസ്സ് വിവിധ സംസ്ഥാനങ്ങളിൽ പോയാൽ നമ്മുക്ക് എന്തിന്റെ കേടാണ്. അങ്ങനെയെങ്കിൽ തീവണ്ടികളും വിമാനങ്ങളും അതിർത്തികളിൽ തടയേണ്ടേ ? ഇവിടെയുള്ള തലച്ചോറുകൾ മുഴുവൻ ജോലിതേടി പോകുന്നത് അന്യസംസ്ഥനങ്ങളിലേക്കും അന്യ രാജ്യങ്ങളിലേക്കും മാത്രമാണ്. എന്തുകൊണ്ട് അവരെ തടയുവാൻ സർക്കാരുകൾക്ക് ആകുന്നില്ല. ജിഎസ്ടി എന്ന ടാക്സ് ഏർപ്പെടുത്തിയത് തന്നെ അതിർത്തികൾ തുറക്കപ്പെടുവാനാണ്. അല്ലാതെ അടച്ചിടുവാനല്ല. പിന്നെ ബസിനെന്താണ് പ്രത്യേകത. 


നവകേരള ബസ് മ്യുസിയത്തിൽ വെച്ചാൽ ധാരാളം സഖാക്കൾ കാണുവാൻ വരുമെന്ന് പറഞ്ഞ ബാലൻ സഖാവ്, ആ ബസ് മറിച്ചു വിറ്റാൽ ഇത്രയും മന്ത്രിമാർ കയറിയ ബസ് എന്ന നിലക്ക് നല്ല വില കിട്ടുമെന്ന് പറഞ്ഞ ബാലൻ സഖാവ് മറ്റൊരു അച്യുതാനന്ദൻ റോൾ കളിക്കുകയാണെന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയുവാനാവില്ല. 

കോൺഗ്രസുകാർ നേരിട്ടാണ് പാരകൾ പണിയുന്നത് എങ്കിൽ കമ്മ്യുണിസ്റ്റുകൾ വളരെ വളഞ്ഞ വഴികളിൽ ആണ് പാരകൾ പണിഞ്ഞു കൂട്ടുന്നത്.

എന്തായാലും ചെടിച്ചട്ടി കൊണ്ടും ഹെൽമെറ്റ് കൊണ്ടും തലക്കടിക്കുന്ന സംസ്കാരത്തിനെ ജീവൻ രക്ഷാ കവചമായി അണികൾക്ക് ഊർജ്ജം നൽകുന്നയാള്‍ ഭരിക്കുന്ന ഈ നാട്ടിൽ ആദ്യം തല്ലേണ്ടത് വോട്ടുചെയ്തു രണ്ടാമതും ഈ കസേരയിലേക്ക് എഴുന്നള്ളിച്ച ജനതയെയാണ്. 

അനുഭവിച്ചോ !!!

റോബിൻ ബസ്സിൽ കോയമ്പത്തൂരിലേക്ക് യാത്രചെയ്‌തുകൊണ്ട് സഖാവ് ദാസപ്പനും

ചെളിയിൽ പൂണ്ട നവകേരള ബസ്സിനെ വലിച്ചുകയറ്റിക്കൊണ്ട് സഖാവ് വിജയനും 

Advertisment