Advertisment

എന്തിലൊക്കെ തലയിട്ടോ അതെല്ലാം ബൂമറാങ് ! കാഫിർ കളികളിൽ നാറിയപ്പോള്‍ അതൊതുക്കാന്‍ ഇറക്കിവിട്ട ഹേമ കമ്മീഷൻ റിപ്പോർട്ട് അതിനേക്കാൾ ഇരട്ടടിയായി ? ഉമ്മന്‍ ചാണ്ടിയുടെ മാനത്തിന് ഒരു വിലയുമില്ല, സിനിമാ താരങ്ങള്‍ക്ക് കൊമ്പുണ്ട് പോലും ! ഇരകളുടെ സ്വകാര്യത പോലും... ഒന്നുമറിയാത്ത കൊച്ചുകുട്ടികളല്ലെ ഇപ്പറയുന്നത് ? തിരിച്ചടികളുടെ ഒരു സംസ്ഥാന സമ്മേളനം തന്നെ - ദാസനും വിജയനും

തിരിച്ചടികളുടെ ഒരു സംസ്ഥാന സമ്മേളനമാണ് ഇന്നിപ്പോൾ കേരളത്തിലെ ഭരണകൂടത്തിനെതിരായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്

New Update
oommen chandy hema committy report

എന്തിലൊക്കെ തൊട്ടോ, എന്തിലൊക്കെ തലയിട്ടോ അതെല്ലാം ബൂമറാങ് ആയി ഭവിച്ച ഒരു ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഇത്രയും ഗതികെട്ട ഒരു ഭരണകൂടം ഒരു നാടിന്റെ ഒട്ടനവധി വളർച്ചയെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത് . 

Advertisment

തിരിച്ചടികളുടെ ഒരു സംസ്ഥാന സമ്മേളനമാണ് ഇന്നിപ്പോൾ കേരളത്തിലെ ഭരണകൂടത്തിനെതിരായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അവസാനമായി നാറിയത് കാഫിർ കളികളിൽ ആണെങ്കിലും അതിനെതിരെ പുകമറയുണ്ടാക്കുവാൻ ഇറക്കിവിട്ട ഹേമ കമ്മീഷൻ റിപ്പോർട്ട് അതിനേക്കാൾ ഇരട്ടി തിരിച്ചടിയാണ് ഈ ഭരണകൂടത്തിന് മേൽ കിട്ടാൻ പോകുന്നത്.

സ്വകാര്യത ആരുടേത് ?

ഹേമ കമ്മീഷനിൽ പറഞ്ഞിരിക്കുന്നത്, ആണുങ്ങൾക്കെതിരെ പച്ചയായി അഭിപ്രായങ്ങൾ പറഞ്ഞ നടിമാരുടെ വിവരങ്ങൾ വെളിയിൽ വിടരുത് എന്നാണെങ്കിലും ആ ലൂപ്പ് ഹോളിൽ പിടിച്ചുകൊണ്ട് ആരോപണ വിധേയരായവരുടെ ഒന്നടങ്കം പേരുകളും എന്തിനധികം കമ്മീഷൻ റിപ്പോർട്ട് വരെ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. 


റിപ്പോർട്ടിലെ പേരുകൾ എങ്ങാനും വെളിയിൽ വന്നാൽ ചിലപ്പോൾ ഒരു മന്ത്രിയും ഒരു എംഎൽഎയും അടക്കം 2016 നു ശേഷം ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി സൽക്കാരങ്ങൾ നടത്തിയ ഒട്ടുമിക്ക സിനിമാക്കാരും സ്ഥാനം പിടിച്ചേനെ. ഓരോരോ പേരുകൾ വായിച്ചുനോക്കുമ്പോഴും ഭരണക്കാര്‍ യഥാർത്ഥത്തിൽ ഞെട്ടിത്തരിക്കുകയായിരുന്നു. ഈ ഭരണത്തിൽ ഇത് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ, അതും ഏതാണ്ട് പൂർത്തീകരിച്ചു.


ചലച്ചിത്ര താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും എന്താ കൊമ്പുണ്ടോ ? ഹേമ കമ്മിറ്റി റിപോർട്ടിന്മേൽ നാലര വർഷം അടയിരുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും നിരത്തുന്ന ന്യായീകരണം കേട്ടാൽ ആരെങ്കിലും ഇങ്ങനെ ചോദിച്ചുപോയാൽ അവരെ കുറ്റം പറയാനാകില്ല. 

ന്യായീകരണം പോലും !

ലൈംഗിക ചൂഷണത്തിന് വിധേയരായവരുടെ സ്വകാര്യത സൂക്ഷിക്കുന്നതിന് വേണ്ടിയാണ് റിപോർട്ട് പുറത്തുവിടാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. പോരെങ്കിൽ മൊഴി തന്നവരുടെ സ്വകാര്യത സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് ഹേമ സർക്കാരിന് കത്ത് നൽകിയതായും മുഖ്യമന്ത്രിയുടെ ന്യായീകരണത്തിലുണ്ട്. ഇരകളുടെ പേര് ഇതിലെന്നല്ല ഒരു കേസിലും പുറത്തുവിടാറില്ല. കേസെടുത്താല്‍ പിന്നെ അവര്‍ നിര്‍ഭയമാരാണ്.


അപ്പോഴാണ് സിനിമാ താരങ്ങൾക്ക് എന്താ കൊമ്പുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത്. സോളാർ തട്ടിപ്പിനെക്കുറിച്ചും പീഡന പരാതികളെ കുറിച്ചും അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷൻെറ റിപോർട്ട് പുറത്തുവിട്ടതും പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.


എന്നാൽ ഹേമാ കമ്മിറ്റി റിപോർട്ടിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാമർശിക്കുന്ന ചൂഷകർക്ക് നൽകിയ ആനുകൂല്യം സോളാർ റിപോർട്ടിൻെറ കാര്യത്തിൽ ഉണ്ടായിരുന്നില്ല. സോളാർ പ്ളാന്റ് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ കേസുകൾ അടക്കമുളള വനിതയുടെ മൊഴിയിൽ പീഡിപ്പിച്ചെന്ന് ആരോപിക്കുന്നവരുടെ എല്ലാം പേരുവിവരങ്ങളും മറ്റും പുറത്തുവിട്ടു. 

കരിവാരിതേച്ചത് ജനകീയതയ്ക്ക് മേല്‍ 

ഇന്നേവരെ കേരളം കണ്ട ഏറ്റവും ജനകീയ മുഖമുള്ള  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുളളവരുടെ പേരുകളാണ് യാതൊരു അന്വേഷണമോ പ്രഥമ വിവരശേഖരണമോ പോലും ഇല്ലാതെ പുറത്തുവിട്ടത്. കേട്ടാല്‍ അറപ്പും വെറുപ്പും ഉളവാക്കുന്നതായിരുന്നു അതിലെ പല  വിവരങ്ങളും. ഈ മൊഴികൾ സി.പി.എം ചാനലായ കൈരളി പീപ്പീളിൽ ബ്രേക്കിങ്ങ് ന്യൂസായി എഴുതി കാണിച്ചുകൊണ്ടേയിരിക്കുകയും ചെയ്തിരുന്നു.


75 പിന്നിട്ട  ഉമ്മൻചാണ്ടിക്കെതിരെ അദ്ദേഹത്തിന് 70 പിന്നിട്ട കാലത്ത് സംഭവിച്ചതെന്ന് പറഞ്ഞു പുറത്തുവിട്ട കാര്യങ്ങള്‍ എത്ര ചീഞ്ഞ വര്‍ത്തമാനങ്ങള്‍ ആയിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടിയുടെ മാനത്തിന് ഒരു വിലയും ഇല്ലായിരുന്നോ ? അതോ മോഹന്‍ലാലും ഗണേഷ്കുമാരും മുകേഷും മണിയന്‍പിള്ള രാജുവും ദിലീപുമെല്ലാം ഉള്‍പ്പെടുന്ന സിനിമാ താരങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയെക്കാള്‍ ഒക്കെ ഉയര്‍ന്ന പരിരക്ഷ നല്കേണ്ട പ്രിവിലേജ് എന്തെങ്കിലും ഉണ്ടോ ആവോ ?


കാഫിര്‍ മാറി ഹേമ റിപ്പോര്‍ട്ട് 

കാഫിർ വിവാദം ആളിക്കത്തിയപ്പോൾ, പാർട്ടിയും സോഷ്യൽ മീഡിയ തമ്പ്രാന്മാരും പ്രതിരോധത്തിൽ ആയപ്പോൾ കേരളം പ്രതീക്ഷിച്ചിരുന്നത് ഒരു മാവോയിസ്റ്റ് വേട്ടയോ, ഒരു 'മാഷാ അള്ളാ ..' മോഡല്‍  രാഷ്ട്രീയ കൊലപാതകമോ ഒക്കെയായിരുന്നു. പക്ഷെ ഇത്തവണ കാഫിറിനെ ഹേമയാൽ ഒതുക്കുവാൻ ലഭിച്ച ഉപദേശം ആരുടേതായാലും അവർക്കൊരു നല്ല നമസ്കാരം !! ഇത്രയുംകൊണ്ട് അതവസാനിച്ചല്ലോ ... സമാധാനം !!

കാഫിറിനെ ഒതുക്കാൻ സമ്മതിക്കില്ല എന്ന ഉറച്ചനിലപാടോടെ കാഫിർ ദാസനും

കാഫിറിനാൽ ഒതുക്കപ്പെട്ടുപോയ അമ്പലമുക്കിലെ  പോരാളി വിജയനും 

Advertisment