തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മാത്രമല്ല, ലോകത്തിലെ തന്നെ ആഘോഷങ്ങളിൽ ഒന്നാം നിരയിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ആഘോഷമാണ് തൃശൂർ പൂരം.
മറ്റുള്ള രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഓരോ തവണയും ഒന്നോ രണ്ടോ ഗിന്നസ് റെക്കോർഡുകൾ ഭേദിക്കുവാൻ സാധിക്കുന്ന 'മ്മ്‌ടെ പൂരം' അഥവാ തൃശൂർ പൂരത്തിന്റെ ആ വലുപ്പം നമുക്ക് മനസിലാകാതെ പോകുന്നതിൽ ഏറെ ദുഖമുണ്ട്.
സാധാരണ ഒളിമ്പിക്സ്, ഫിഫ, ക്രിക്കറ്റ് വേൾഡ് കപ്പ്, കോമൺവെൽത്ത്, ഏഷ്യാഡ് ഇത്യാദി സ്പോർട്സ് മാമാങ്കങ്ങളും ബെൽജിയത്തിലെ ടുമോറോ ലാൻഡ് എന്ന സംഗീത വിരുന്നും, ലണ്ടൻ കാർണിവലും ബ്രസീൽ കാർണിവലും ഒക്കെ നടത്തുന്നത് അതത് രാജ്യത്തിലെ സർക്കാരുകൾ നേരിട്ടാണ്.
തൃശൂർ പൂരം എന്നത് രണ്ടു ദേശക്കാരുടെ വീറും വാശിയും കലർന്ന ഒരുഗ്രൻ ഞെട്ടിക്കലാണ്. ഇതൊന്നും വേറെ ആരൊക്കെ കോപ്പിയടിക്കുവാൻ ശ്രമിച്ചാലും സാധിക്കാത്ത അത്രയും പ്രാധാന്യമുള്ള ഉത്സവങ്ങളാണ്.
തൃശൂർ പൂരം എന്നത് ഒരു വാശിയാണ്. തൃശൂർ പൂരം ആരംഭിക്കുന്നതിന് മുമ്പ് കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രോത്സവം ആറാട്ടുപുഴയിൽ നടന്ന ഏകദിന ഉത്സവമായിരുന്നു 'ആറാട്ടുപുഴ പൂരം'. തൃശൂർ നഗരത്തിലും പരിസരത്തുമുള്ള ക്ഷേത്രങ്ങൾ സ്ഥിരം പങ്കാളികളായിരുന്നു.
1796 -ൽ നിർത്താതെ പെയ്യുന്ന മഴ കാരണം തൃശൂർ ഗ്രൂപ്പുകളിൽ നിന്നുള്ള (പാറമേക്കാവ്, തിരുവമ്പാടി, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചക്കുളത്തുകാവ്, നെയ്തലക്കാവ്, കണിമംഗലം ക്ഷേത്രങ്ങൾ) ക്ഷേത്രങ്ങൾ ആറാട്ടുപുഴ പൂരത്തിന് വൈകിയതിനാൽ പൂരത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. നിഷേധത്തിൽ നാണക്കേടും ദേഷ്യവും തോന്നിയ നിരോധിത ക്ഷേത്രസംഘങ്ങൾ ശക്തൻ തമ്പുരാനോട് പരാതിപ്പെട്ടു.
അതേ വർഷം മെയ് മാസത്തിലെ പൂരം നാളിൽ തൃശൂർ പൂരം ഒരു ബഹുജനോത്സവമായി ആരംഭിച്ച് നിരോധനത്തെ വെല്ലുവിളിക്കാൻ അദ്ദേഹം തീരുമാനിച്ചു. വടക്കുംനാഥൻ ക്ഷേത്രത്തിലെ അധിപനായ വടക്കുംനാഥനെ (ശിവനെ) ദർശിക്കാൻ തൃശൂർ നഗരത്തിലേക്ക് അവരുടെ ദേവതകളുള്ള ക്ഷേത്രങ്ങളെ അദ്ദേഹം ക്ഷണിച്ചു.
ശക്തൻ തമ്പുരാൻ ക്ഷേത്രങ്ങളെ "പാറമേക്കാവ് വശം", "തിരുവമ്പാടി വശം" എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി നിയമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിലെ പാറമേക്കാവ് ഭഗവതി ക്ഷേത്രം, ഷൊർണൂർ റോഡിലെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രധാന പങ്കാളികളാണ് ഇവയ്ക്ക് നേതൃത്വം നൽകുന്നത്.
ഉത്സവം എന്നാൽ ഒരു ദേശത്ത് മാത്രം നടക്കുന്നതും പൂരം എന്നാൽ കുറെയധികം ദേശക്കാരുടെ ഉത്സവങ്ങൾ വന്നു ചേരുന്നതുമാണ്.
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം, ലാലൂർ ഭഗവതി ക്ഷേത്രം, അയ്യന്തോൾ ശ്രീ കാർത്ത്യായനി ക്ഷേത്രം, നെതിലക്കാവ് ഭഗവതി ക്ഷേത്രം എന്നിവരെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പും, പാറമേക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപള്ളി ശാസ്താക്ഷേത്രം,ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര - കാരമുക്ക് ഭഗവതി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം എന്നിവരെ ഉൾപ്പെടുത്തി മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കിയെടുത്തു.
ഈ ഉത്സവത്തിൻ്റെ പ്രത്യേകത എന്തെന്നാൽ, ഉത്സവത്തിൽ ഉപയോഗിക്കുന്നതെല്ലാം ആദ്യം മുതൽ എല്ലാ വർഷവും പുതുമയുള്ളതാണ്. കുടയും നെറ്റിപ്പട്ടവും എല്ലാം പുതിയവ മാത്രമേ ഓരോ തവണയും ഉപയോഗിക്കുകയുള്ളൂ.
കാലാകാലങ്ങളായി വളരെ മാന്യമായി നടന്നുപോരുന്ന നമ്മുടെ തൃശൂർപൂരം ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഫണി എന്ന് വേണേൽ പറയാം. അത്രയധികം കലാകാരൻമാർ ചേർന്നുള്ള വാദ്യമേളങ്ങളാണ് പൂരത്തിന്റെ പ്രസക്‌തി വർദ്ധിപ്പിക്കുന്നത്.
1962 ലെ ഇന്ത്യ - ചൈന യുദ്ധകാലത്ത് പൂരം ആചാരമായി നടത്തി. തുടർന്ന് കോവിഡ് കാലത്തും പൂരം ഉപേക്ഷിക്കപ്പെട്ടു. പക്ഷെ അതൊന്നുമല്ല വേദനയാക്കിയത്. കേവലം ഒരു സീറ്റിൽ ജയിക്കുവാനുള്ള വ്യഗ്രതയിൽ ഒരു വ്യക്തിയും രാഷ്ട്രീയ പാർട്ടിയും ചേർന്നുകൊണ്ട് സകലമാന തല്ലിപ്പൊളി പോലീസ് ഏമാന്മാരെ കൂട്ടുപിടിച്ചുകൊണ്ട് ഒരു പൂരം ഇല്ലാതാക്കി അല്ലെങ്കിൽ പൂരം കലക്കി എന്നത് തൃശൂർക്കാർ മറക്കുവാനിടയില്ല.
ഇന്ത്യയിൽ ഏറെ വിവാദമായ, ഏറെ മനുഷ്യരെ കുരുതി കൊടുക്കപ്പെട്ട ഒരു രാഷ്ട്രീയപാർട്ടിയെ ഭരണത്തിലെത്തിച്ച, അയോദ്ധ്യയിലും കളിച്ചത് ഒരു തൃശൂർക്കാരൻ ആയിരുന്നു. കണ്ടങ്ങളത്തിൽ കരുണാകരൻ നായർ എന്ന കെ കെ നായരുടെ കുനുഷ്ട് നീക്കങ്ങൾ അയോധ്യ രാമക്ഷേത്ര സമരത്തിന് ഊർജം പകർന്നു.
1949 ഡിസംബർ 22-23 രാത്രിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചപ്പോൾ ഫൈസാബാദിലെ ജില്ലാ മജിസ്‌ട്രേറ്റായിരുന്നു കേരളത്തിൽ നിന്നുള്ള ഐസിഎസ് (ഇന്ത്യൻ സിവിൽ സർവീസ്) ഉദ്യോഗസ്ഥൻ. ഇന്നിപ്പോൾ ആ അയോദ്ധ്യ എന്നെന്നേക്കുമായി ആ നേതാക്കളെയും രാഷ്ട്രീയ പാർട്ടിയെയും കൈവിട്ടിരിക്കുന്നു എന്നതാണ് കർമ്മഫലം.
കേരളത്തിലെ നേതാക്കൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല എന്ന് മനസിലാക്കിയ ദേശീയ നേതൃത്വം കേരളത്തിലേക്ക് ഒന്നുരണ്ടുപേരെ കെട്ടിയിറക്കുകയും തൃശൂർ എന്ന സീറ്റ് പിടിക്കുവാൻ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയുകയും, പോലീസ് മേധാവിയെ ദൂതനാക്കുകയും ചെയ്തിട്ടും എതിർ സ്ഥാനാർത്ഥികൾ പ്രതീക്ഷിച്ചതിലും കേമന്മാരാണെന്ന് മനസിലാക്കിയ നേതൃത്വം തൃശൂരിലെ രണ്ടു വലിയ കച്ചവടക്കാരോട് ദേശീയനേതൃത്വം പണമിറക്കുവാനും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മൂന്ന് തവണ വന്നുപോയിട്ടും ജയസാധ്യത കുറവാണെന്നു മനസിലാക്കിയ നേതാക്കന്മാർ പ്രാദേശിക ഗ്രൂപ്പുകളുമായി ചേർന്നുകൊണ്ട് ഒരു പൂരം കലക്കിയപ്പോൾ അല്ലെങ്കിൽ അട്ടിമറിച്ചപ്പോൾ ജയം ഉറപ്പാക്കി.
അയോദ്ധ്യയും ശബരിമലയും തിരിഞ്ഞു കൊത്തിയതുപോലെ ഇന്നിപ്പോൾ പൂരം കലക്കലും ആ പാർട്ടിയെയും ജയിച്ചയാളെയും തിരിച്ചു കൊത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് വന്നാൽ അന്ന് ജയിച്ചയാൾ എട്ടുനിലയിൽ പൊട്ടുമെന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും പൂരം കലക്കിയ പോലീസുകാർക്കും കൂട്ടുനിന്ന മുഖ്യമന്ത്രിക്കും പാർട്ടിക്കാർക്കും വോട്ടു ചെയ്ത് ജയിപ്പിച്ച തൃശൂർ മണ്ടന്മാർക്കും നന്നായറിയാം.
പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ശ്രീകൃഷ്ണനും വടക്കുന്നാഥനും കാര്യങ്ങൾ അത്ര സുഖിച്ചിട്ടില്ല എന്നത് ഇപ്പോൾ ദിനേനെ വെളിയിൽ വരുന്ന വാർത്തകളിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇനി ഏതവൻ ആയാലും തൃശൂർ പൂരത്തെ തൊട്ടുകളിക്കുവാൻ അനുവദിച്ചുകൂടാ !!!
പൂരംകലക്കികൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് തിരുവമ്പാടി ദേശക്കാരൻ ദാസനും
ഇനി കലക്കാൻ വന്നാൽ വന്ന കാലിൽ തിരിച്ചുപോകില്ലെന്ന മുന്നറിയിപ്പിൽ പാറമേക്കാവ് ദേശക്കാരൻ വിജയനും