Advertisment

കസേര നിലനിര്‍ത്താന്‍ വര്‍ഗ്ഗീയത പറയുന്നത് സിപിഎം സ്ഥിരം ശൈലി; ഇ.എം.എസ് മുതല്‍ പിണറായി വരെ വര്‍ഗ്ഗീയ കാര്‍ഡിറക്കിയ കമ്യൂണിസ്റ്റുകാര്‍; പണ്ട് ശബരിമല അയ്യപ്പനെ കൂട്ടുപിടിച്ചവര്‍ക്ക് ഇപ്പോള്‍ ഖുറാന്‍.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കേരളം എപ്പോഴൊക്കെ  ഭരിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അഴിമതിയിലും ആരോപണങ്ങളിലും മുങ്ങി താഴുമ്പോള്‍ രക്ഷപ്പെടാന്‍ വര്‍ഗ്ഗീയകാര്‍ഡ് ഇറക്കുന്നത് പതിവാണ്. ഒന്നാമത്തെ ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാര്‍ വരെ മത വര്‍ഗ്ഗീയത തരാതരംപോലെ ഉപയോഗിക്കുന്നത് പതിവാണ്. അധികാരം നിലനിര്‍ത്താന്‍ പച്ചയ്ക്ക് വര്‍ഗ്ഗീയത പറയുന്നതില്‍ ഇ.എം.എസിനോ, പിണറായി വിജയനോ ലേശം പോലും മടിയില്ല.

Advertisment

publive-image

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പിണറായി മന്ത്രിസഭ ഒന്നാകെ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ മതത്തെ മറയാക്കി രക്ഷപ്പെടാന്‍ കൊടിയേരിയും പിണറായിയും ശ്രമിക്കുകയാണ്. നാല് വോട്ടിനും കസേരയ്ക്കും വേണ്ടി മതത്തെ ഉപയോഗിച്ച് എന്ത് വൃത്തിക്കേട് പറയാനും ചെയ്യാനും മടിയില്ലാത്ത കൂട്ടരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. വിശുദ്ധ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണ ക്കള്ളക്കടത്ത് നടത്തിയ കേസില്‍ മന്ത്രിസഭയും പാര്‍ട്ടിയും ഒന്നാകെ അകപ്പെട്ട് നില്‍ക്കുമ്പോഴാണ് വര്‍ഗ്ഗീയത ഇളക്കിവിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മന്ത്രികസേര നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കാത്തവരാണ് കേരളത്തിലെ സിപിഎമ്മുകാരെന്ന് നിര്‍ലജ്ജം തെളിയിച്ചിരിക്കുകയാണ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മതത്തെ ആയുധമായും പരിചയായും സിപിഎം ഉപയോഗിക്കുകയാണ്. ‘ ഖുറാന്‍ വിതരണം ചെയ്യുന്നതിനെ ബിജെപി എതിര്‍ക്കുന്നത് മനസ്സിലാക്കാം. എന്നാല്‍, കോണ്‍ഗ്രസും, മുസ്ലീം ലീഗും എതിര്‍ക്കുന്നത് എന്തിനാണെന്ന’ ഹീനമായ വര്‍ഗ്ഗീയ ചോദ്യം ആദ്യമുയര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍’ അവഹേളനം ഖുറാനോടോ’ എന്ന ലേഖനം പാര്‍ട്ടി പത്രത്തിലെഴുതി വര്‍ഗ്ഗീയത ആളികത്തിച്ചു.

സര്‍ക്കാരിനെ താഴെയിറക്കാന്‍ ഖുറാനെ ഉപയോഗിക്കുന്നു വെന്നായിരുന്നു കൊടിയേരിയുടെ ആരോപണം. ഇങ്ങനെ പച്ചയ്ക്ക് വര്‍ഗ്ഗീയത പറയാന്‍ ബിജെപിക്കും, സിപിഎമ്മിനുമല്ലാതെ മറ്റാര്‍ക്കും കഴിയില്ല. മതേതര പാര്‍ട്ടിയെന്ന് കൊട്ടിഘോഷിക്കുന്ന സിപിഎമ്മാണ് ഇത്ര നീചമായ വിധത്തില്‍ വര്‍ഗ്ഗീയത പറഞ്ഞ് പരത്തുന്നത്. കേരളത്തില്‍ ബിജെപിക്ക് വളരാനും ഉയരാനും ബോധപൂര്‍വ്വം മരുന്നിട്ട് കൊടുക്കുകയാണ് പിണറായിയും കൂട്ടരും.

വിമോചന സമരക്കാലത്ത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനരോഷത്തിന് മുന്നില്‍ ആടി ഉലഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ശബരിമല അയ്യപ്പനെ കൂട്ടുപിടിച്ച് ഭരണം നിലനിര്‍ത്താന്‍ നടത്തിയ ശ്രമം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആ ശ്രമം വല്ലാതെ ചീറ്റി പോവുകയും ചെയ്തു. വര്‍ഗ്ഗീയത ഇളക്കിവിട്ട് കസേര നിലനിര്‍ത്താന്‍ ശ്രമിച്ച ഇ.എം.എസിന്റെ വൃത്തിക്കെട്ട വര്‍ഗ്ഗീയ നിലപാടിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ. ജയശങ്കര്‍ എഴുതിയ ‘ കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും’ എന്ന പുസ്തകത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനെതിരെ ക്രൈസ്തവ സംഘടനകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ഹിന്ദുക്കളുടെ പിന്തുണ തേടുകയെന്ന ഉദ്ദേശത്തോടെ ശബരിമല തീവെപ്പ് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് 1957 ഡിസംബര്‍ 12-ന് നിയമസഭയുടെ മേശപുറത്ത് വെച്ചു.

1950-ല്‍ പറവൂര്‍ ടി.കെ നാരായണപിള്ള തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചത്. ഇതേക്കുറിച്ചന്വേഷിക്കാന്‍ അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.ഐ.ജി കേശവമേനോനെ സര്‍ക്കാര്‍ നിയമിച്ചു. കൃത്യസമയത്ത് തന്നെ അദ്ദേഹം റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പക്ഷേ, അന്നത്തെ മന്ത്രിസഭ റിപ്പോര്‍ട്ടിന്മേല്‍ നടപടിയൊന്നും സ്വീകരിച്ചില്ല. പിന്നീട് വന്ന സി.കേശവന്‍, എ.ജെ ജോണ്‍, പട്ടം, പനമ്പള്ളി മന്ത്രിസഭകള്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയൊന്നും സ്വീകരിച്ചില്ല.

പക്ഷേ, ഏഴ് വര്‍ഷത്തിന് ശേഷം അധികാരത്തില്‍ വന്ന ഇ.എം.എസ് സര്‍ക്കാര്‍ തന്റെ സര്‍ക്കാര്‍ നിലയിലാ കയത്തില്‍ മുങ്ങി താഴുന്ന അവസ്ഥയില്‍ ശബരിമല തീവെപ്പ് കേസ് റിപ്പോര്‍ട്ട് ആയുധമാക്കാന്‍ തീരുമാനിച്ചു. ആ റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിന് തീവെച്ചതാരെന്ന കാര്യത്തില്‍ ഖണ്ഡിതമായ നിഗമനങ്ങളോ കണ്ടെത്തലുകളോ ഉണ്ടായിരുന്നില്ല. ക്രിസ്ത്യാനികളാണ് അമ്പലത്തിന് തീവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സംശയമുള്ള കുറേ ക്രിസ്ത്യാനികളുടെ പേരും വിവരവും കേശവമേനോന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

വെറുതെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ ബില്ലിനെതിരെ സമരം നടത്തുന്ന കത്തോലിക്കരെയും മറ്റ് ക്രിസ്ത്യന്‍ സഭകളെയും നിശബ്ദരാക്കുക, ഒപ്പം സര്‍ക്കാരിനെതിരെ തിരിഞ്ഞ് നില്‍ക്കുന്ന ഹിന്ദുക്കളെയും പ്രത്യേകിച്ച് നായര്‍ സമുദായത്തിന്റെ നേതാവായിരുന്ന മന്നത്ത് പത്മനാഭനെയും, ഈഴവ സമുദായത്തിന്റെ നേതാവായിരുന്ന ആര്‍. ശങ്കറെയും കത്തോലിക്കര്‍ക്കെതിരെ തിരിച്ച് വിടുക എന്നതായിരുന്നു

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഗൂഢലക്ഷ്യം. മന്ത്രിസഭയെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു നമ്പൂതിരിപ്പാടിന്റെ ഹീനമായ ഈ ജാതിക്കളി. കാര്‍ഷിക ബന്ധബില്ല് അവതരിപ്പിക്കുമ്പോള്‍ മന്നത്തിനെ നിശബ്ദനാക്കാനായിരുന്നു ശബരിമല അയ്യപ്പനെ കൂട്ടുപിടിച്ചത്. പക്ഷേ, തികഞ്ഞ മതേതരവാദിയായ മന്നത്ത് പത്മനാഭന്‍ ഇ.എം.എസിന്റെ ചൂണ്ടയില്‍ കൊത്തിയില്ല. അദ്ദേഹം കാര്‍ഷിക ബന്ധബില്ലിനെതിരെ സജീവമായി രംഗത്തിറങ്ങി വിമോചന സമരം നയിച്ചത് ചരിത്രമാണ്. ഇങ്ങനെ എല്ലാ കാലത്തും അധികാരം നിലനിര്‍ത്താന്‍ ഹീനവും ജുഗുപ്സാഹവുമായ തരത്തില്‍ വര്‍ഗ്ഗീയത എടുത്ത് പയറ്റുന്നവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍

Advertisment