കൊച്ചി : കോണ്‍ഗ്രസ് മാറില്ലെന്നു പറഞ്ഞതാരാണ് ? അതൊക്കെ വെറുതേയായിരുന്നു. കോണ്‍ഗ്രസില്‍ പുതിയ കാഴ്ചകള്‍ക്ക് തുടക്കം. പാര്‍ട്ടിയെ സെമി കേഡറാക്കുമെന്നു പറഞ്ഞപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പോലും പുശ്ചിച്ചു തള്ളിയിരുന്നു. എന്നാല്‍ ഇന്നലെ എറണാകുളത്ത് കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പദയാത്രയുടെ സമാപനച്ചടങ്ങിലാണ് കോണ്‍ഗ്രസില്‍ ഒരിക്കലും കാണാത്ത കാഴ്ചകള്‍ കണ്ടത്.
/sathyam/media/post_attachments/hrTj6rjvRpLgYoMEfQYL.jpg)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎല്‍എമാരായ പിടി തോമസ്, കെ ബാബു, ഷാഫി പറമ്പില്‍ തുടങ്ങിയ സംസ്ഥാന നേതാക്കളൊക്കെ സ്റ്റേജിന് താഴെ സദസില്‍ ഇരുന്നു. സ്റ്റേജില്‍ സ്ഥാനം പ്രാസംഗികനു മാത്രം. ഉമ്മന്‍ചാണ്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
സാധാരണ ഉമ്മന്‍ചാണ്ടി ഉദ്ഘാടകനാണെങ്കില്‍ പല ഉപഗ്രഹങ്ങളും അദ്ദേഹത്തെ ചുറ്റിപ്പറ്റി ക്യാമറകളില്‍ പതിയാന്‍ കൂടെ നില്‍ക്കും. എന്നാല്‍ ഇതൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസും മാറ്റങ്ങളെ സ്വീകരിച്ചു എന്നു തന്നെ ഉറപ്പായും പറയാന്‍ കഴിയും.
നേരത്തെ കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായതിന് പിന്നാലെയാണ് പാര്‍ട്ടിയെ സെമി കേഡറാക്കാനുള്ള നീക്കം തുടങ്ങിയത്. പുതിയ ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിച്ച ശേഷം കോഴിക്കോട് ഡിസിസിയുടെ ആദ്യ യോഗത്തില്‍ ആ തീരുമാനം അദ്ദേഹം നടപ്പാക്കി.
/sathyam/media/post_attachments/iwWdv5PsX4ercQBhgkbZ.jpg)
വേദിയില്‍ കെ സുധാകരനടക്കം അഞ്ചു നേതാക്കള്‍. ബാക്കിയുള്ള നേതാക്കള്‍ സദസിലിരുന്നു. സദസ്സിലെ കസേരകളില്‍ രേപ്പെടുത്തിയിരുന്ന പേരും ക്രമവും അനുസരിച്ച് നേതാക്കള്‍ ഇരുന്നു. ഒരു അച്ചടക്ക ലംഘനവും ഉണ്ടായില്ല.
പുതിയ കെപിസിസി നേതൃത്വം നടത്തിയ മൂന്നു സര്‍വേകളുടെ ഫലവും മാനവശേഷി വികസന വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ടുകളും പരിശോധിച്ചാണ് കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്കുള്ള മാര്‍ഗരേഖ തയാറാക്കിയത്. ഇത് പ്രവര്‍ത്തകരിലും ആവേശമുണ്ടാക്കിയിട്ടുണ്ട്.