Advertisment

കെപിസിസി പ്രസിഡണ്ടിനെ മാറ്റിയാല്‍ കോണ്‍ഗ്രസ്സിന് ഗുണമുണ്ടാകുമോ ?

New Update

publive-image

Advertisment

ഡിസംബര്‍ പത്താം തീയതി കേരളത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് പതിന്നാല് ജില്ലകളിലും എല്‍ഡിഎഫിനു മേല്‍ സമഗ്ര ആധിപത്യം നേടും എന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ അഭിമാനകരവും ആവേശ്വോജ്ജ്വലവുമായ വിജയത്തിന്റെ ഓര്‍മ്മയും,

എല്‍ഡിഎഫിനും പിണറായി സര്‍ക്കാരിനുമെതിരെ കേരളമാകെ അലയടിച്ചുകൊണ്ടിരിയ്ക്കുന്ന ജനരോഷവും തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടി വച്ചു.

പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയ, പ്രതിപക്ഷത്തെ അമ്പരിപ്പിയ്ക്കുന്ന തരത്തിലുള്ള പ്രതിപക്ഷനേതാവിന്റെ അസാമാന്യ പോരാട്ടം പിണറായി സര്‍ക്കാരിന്റെ അന്ത്യംകുറിയ്ക്കുന്നതും, സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനം തന്നെ അന്യം നിന്നുപോകുന്നതും സ്വപ്നം കണ്ടുറങ്ങി അവര്‍.

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങത്തില്ല എന്ന മട്ടില്‍ എന്നും വൈകുന്നേരങ്ങളില്‍ ചാനലുകളിലൂടെ മുഖ്യമന്ത്രി ജനങ്ങളെ അഭിമുഖീകരിയ്ക്കുന്നത് തമാശയായി അവരെടുത്തു.

ചാനലുകളായ ചാനലുകളില്‍ നിന്നെല്ലാം സിപിഎം നേതാക്കളും നിരീക്ഷകരായ സിപിഎം കാരും ഓടി ഒളിയ്ക്കുന്നതും കണ്ട് അവര്‍ ആസ്വദിച്ചു. ചാനലുകളില്‍ അക്ഷോഭ്യനായിരിയ്ക്കുന്ന ആനത്തലവട്ടത്തെ നോക്കി ഇതെന്നാ സാധനം എന്ന് പിറുപിറുത്തു.

തിരഞ്ഞെടുപ്പ് ഫലത്തിനായി അക്ഷമയോടെ കാത്തിരുന്ന ഓരോ കോണ്‍ഗ്രസ്സ്കാരന്റെയും ആശയും ആവേശവും എല്‍ഡിഎഫിന്റെ തകര്‍പ്പന്‍ വിജയപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോയി.

രാഷ്ട്രീയ എതിരാളികളുടെ അപഹാസവും പരിഹാസവും പരിധിവിട്ടതിനാലാണോ എന്നറിയില്ല, മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വേളകളില്‍ പൊതുവേദികളില്‍ ഒരിടത്തും പ്രത്യക്ഷപ്പെട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും മകനും ആരോപണവിധേയരായതും മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ നിഴലിലായതും ഇടതുപക്ഷ കോട്ടകളില്‍ പരാജയഭീതിയുടെ നിഴല്‍ പോലും വീഴ്ത്തിയില്ല. മാത്രമല്ല എല്‍ഡിഎഫിന്റെ വിജയം ഇടിമിന്നലായി യുഡിഎഫ് കോട്ടകളെ വിറപ്പിയ്ക്കുകയും ചെയ്തു.

ഇടതുമുന്നണിയുടെ വിജയം ഇടതുപക്ഷപ്രവര്‍ത്തകരുടെ പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറും ചിട്ടയായ പ്രവര്‍ത്തനവും കൊണ്ടാണ്. പാര്‍ട്ടിയാണ് അവര്‍ക്കെല്ലാമെല്ലാം. പാര്‍ട്ടിനേതൃത്വം അവര്‍ക്ക് കാണപ്പെട്ട ദൈവവും.

കെപിസിസി പ്രസിഡന്റിനെതിരെ

കോണ്‍ഗ്സ്സ്കാര്‍ക്ക് ഇല്ലാതെ പോയത് പാര്‍ട്ടിയോടുള്ള ഈ കൂറില്ലായ്മയും പാര്‍ട്ടിനേതൃത്വത്തോടുള്ള പുശ്ചവുമാണ്. പ്രത്യേകിച്ച് മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് ആയതുമുതല്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ അവലോകനയോഗത്തില്‍ മുല്ലപ്പള്ളിയ്ക്ക് എതിരെ ആഞ്ഞടിച്ചു,

രാജിയ്ക്കായി മുറവിളി കൂട്ടി. അവലോകനയോഗം ചേര്‍ന്നത് തന്നെ അദ്ദേഹത്തെ അപമാനിയ്ക്കാനായിരുന്നോ എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റത്തില്ല.

കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിപദവും 'ചില' ആള്‍ക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്ത പദവികളാണെന്ന അലിഖിതനിയമം കോണ്‍ഗ്രസ്സുകാര്‍ക്കിടയിലും യുഡിഎഫി ലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. വി.എം.സുധീരനെ കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കിയതും ഏതാണ്ട് ഇതേ ശൈലിയില്‍ തന്നെ. കെപിസിസി പ്രസിഡന്റിനെ അവഹേളിയ്ക്കുന്നവര്‍ സ്വന്തം പാര്‍ട്ടിയെ ആണ് അവഹേളിയ്ക്കുന്നതെന്ന് തിരിച്ചറിയാതെ പോകുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലെ യുപിഎ അംഗങ്ങളില്‍ ഏതാണ്ട് പകുതിയോളം അംഗങ്ങളും കേരളത്തില്‍ നിന്നാണന്ന് കോണ്‍ഗ്രസ്സിന്റെ നേതാക്കളും പ്രവര്‍ത്തകരും മറക്കരുത്, പ്രത്യേകിച്ച് ആ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നയിച്ചത് മുല്ലപ്പള്ളിയാണന്നതും.

ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പോലെ വിജയം ആവര്‍ത്തിച്ചാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി മുഖ്യമന്ത്രി പദത്തിലേയ്ക്ക് എങ്ങാനും എത്തിയേക്കുമോ എന്ന പേടി ബാധിച്ച ചില കേന്ദ്രങ്ങള്‍, പാവപ്പെട്ട, ജനസമ്മതരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിയ്ക്കല്‍ പ്രാദേശികതലത്തില്‍ ജനപ്രതിനിധികളാകാന്‍ കിട്ടുന്ന അവസരം കളഞ്ഞുകുളിച്ചു.

ഉമ്മന്‍ ചാണ്ടിയെപ്പോലെ ഫ്ലക്സിബിളായ ഉരുക്കുദണ്ഡല്ല മുല്ലപ്പള്ളി. രമേശിനെപ്പോലെ പ്രസന്നവദനനുമല്ല മുല്ലപ്പള്ളി. പാര്‍ട്ടി ഏല്‍പിച്ച ദൗത്യം നിലവിലുള്ള സംവിധാനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെക്കൊണ്ട് സാധിയ്ക്കും, സഹപ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകും എന്ന അമിതമായ ആത്മവിശ്വാസത്തില്‍ ആണ് കെപിസിസി അദ്ധ്യക്ഷപദവി ഏറ്റെടുത്തത്. അത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ അദ്ദേഹത്തിന് തോന്നുന്നുണ്ടാകും.

'എല്ലാവര്‍ക്കും സ്വീകാര്യനായ' കെപിസിസി അദ്ധ്യക്ഷന് പുറകേ പോയി മറ്റൊരു കലാപത്തിന് വാതില്‍ തുറക്കാതെ ഇപ്പോഴത്തെ പ്രസിഡന്റിനെ സഹായിയ്ക്കുന്നതാണ് നേതൃമാറ്റത്തേക്കാള്‍ അഭികാമ്യം.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും കഴിവുള്ള നേതാക്കളെയും പാര്‍ട്ടിയില്‍നിന്നും പുറത്താക്കാതെ പുറത്താക്കുന്ന, ഒതുക്കുന്ന കോണ്‍ഗ്രസ്സ് പാരമ്പര്യം ഈ പാര്‍ട്ടിയുടെ ശാപമാണെന്ന് സംസാരമുണ്ട്. കെപിസിസി നേതൃത്വത്തിനെതിരെ എഐസിസി യോട്

തങ്ങള്‍ക്ക് പറയാനുള്ളത് ഘടകകക്ഷികളെക്കൊണ്ട് 'കാര്യമായി' പറയിപ്പിയ്ക്കുന്ന തന്ത്രവും ചില നേതാക്കള്‍ പണ്ടത്തെപ്പോലെ ഇന്നും പയറ്റുന്നുണ്ട്. ഘടകകക്ഷികള്‍ ആവശ്യപ്പെട്ടാല്‍ എന്തു പറയാന്‍ പറ്റും.

പ്രതിപക്ഷനേതാവ്

യുഡിഎഫ് ന്റെയും കോണ്‍ഗ്രസ്സിന്റെയും സര്‍വ്വസൈന്യാധിപനായ രമേശ് ചെന്നിത്തല ഭരണകക്ഷിയുടെ അഴിമതിയ്ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കാന്‍ നേതാക്കള്‍ ആദ്യമൊക്കെ വിമുഖതകാട്ടി. രമേശ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങള്‍ ശരിയായിരുന്നു എന്ന് തെളിഞ്ഞിട്ടും അദ്ദേഹത്തിന് പാര്‍ട്ടിയുടെ വേണ്ടത്ര പിന്‍തുണ കിട്ടാതെ പോയോ എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു.

ശരിയായി ഹോംവര്‍ക്ക് ചെയ്യുകയും കാര്യകാരണസഹിതം സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ ജനത്തിന്റെ മുന്നില്‍ തുറന്ന് കാണിയ്ക്കുകയും ചെയ്ത പ്രതിപക്ഷനേതാവ് അനിതരസാധാരണമായ പ്രകടനത്തിലൂടെ പ്രതിപക്ഷധര്‍മ്മം നിര്‍വ്വഹിയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ്സുകാരില്‍ ആത്മവിശ്വാസം കൊണ്ടുവന്ന ഈ പോരാട്ടമാണ് കേരളാകോണ്‍ഗ്രസ്സ് പോയാലും യുഡിഎഫില്‍ ഒരു ചുക്കും സംഭവിയ്ക്കത്തില്ല എന്ന തോന്നല്‍ ചിലര്‍ക്കുണ്ടായത്.

എവിടെ അവര്‍.?

കെപിസിസി യുടെ ജംബോക്കമ്മറ്റി കണ്ടത്തിലെ നോക്കുകുത്തിയായി. മുല്ലപ്പള്ളിയെ സഹായിയ്ക്കാന്‍ വൈസ്‌ പ്രസിഡന്റ്മാര്‍, വര്‍ക്കിംഗ് പ്രസിഡന്റ്മാര്‍ ജനറല്‍ സെക്രട്ടറി മാര്‍, സെക്രട്ടറിമാര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കെപിസിസി ഭാരവാഹികളുടെ ഒരു നീണ്ടനിരതന്നെ ഉണ്ടായിരുന്നില്ലേ. ജില്ലകളുടെ ചുമതലയ്ക്ക് നിയോഗിയ്ക്കപ്പെട്ട കെപിസിസി ഭാരവാഹികള്‍ വേറെ! ജില്ലാ പ്രസിഡന്റ് മാരും ജില്ലാ ജന.സെക്രട്ടറിമാരും, ബ്ലോക്ക്,മണ്ഡലം,വാര്‍ഡ്,ബൂത്ത് നേതാക്കളും വരെ. ബൂത്ത് തലംമുതല്‍ കെപിസിസി വരെ നീണ്ടുപരന്ന്കിടക്കുന്ന വിശാലമായ പാര്‍ട്ടിശൃംഖലയുടെ കണ്ണികള്‍ പിഞ്ചിപ്പോയോ.

എന്തായിരുന്നു കെപിസിസി ഭാരവാഹികള്‍ ചുമതലയേറ്റ ജില്ലകളിലെ ഫലമെന്ന് വിശകലനം ചെയ്യേണ്ടതല്ലായിരുന്നോ. പ്രസിഡന്റിനെതിരെ ചന്ദ്രഹാസമിളക്കി വരുന്നവര്‍ക്ക് അറിയാം അദ്ദേഹത്തെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ സാധിയ്ക്കില്ല എന്ന്. അദ്ദേഹത്തോട് സഹകരിയ്ക്കാത്ത ഭാരവാഹികളെയും ഒളിഞ്ഞും തെളിഞ്ഞും പാരപണിയുന്ന ജനകീയ നേതാക്കളെയും താനൊക്കെ എന്തോ വലിയ സംഭവമാണന്ന് വിചാരിച്ച് നടക്കുന്ന നേതാക്കളെയും വിശിഷ്ടസേവനത്തിന് അവാര്‍ഡ് കൊടുത്ത് ആദരിച്ച് മാറ്റിഇരുത്തേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.

പോഷകസംഘടനകള്‍

കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്ക് പോഷകസംഘടനകളായ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്സ്, ഐഎന്‍ടിയുസി തുടങ്ങി എല്ലാ വിഭാഗവും ഉണ്ട്. പോരാത്തതിന് പ്രൊഫഷനല്‍ കോണ്‍ഗ്രസ്സും മഹിളാകോണ്‍ഗ്രസ്സും. സേവാദള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ എവിടെ എന്നറിയത്തില്ല.

കെ എസ് യു ക്കാരനും യൂത്ത് കോണ്‍ഗ്രസ്സുകാരനും പറയുന്നത് കേള്‍ക്കാന്‍ ക്ഷമയും മനസ്സും കാണിയ്ക്കുന്ന എത്ര നേതാക്കന്‍മാരുണ്ട് പാര്‍ട്ടിയില്‍. ഐഎന്‍ടിയുസി ക്കാരുടെ കാര്യം അതിലും കഷ്ടമാണ്. നാളിതുവരെ ഐഎന്‍ടിയുസി യുടെ പ്രാതിനിധ്യം നിയമസഭയിലുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണല്ലോ.

ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ സജീവമാക്കി നിലനിര്‍ത്തിപോരുന്നത് ഈ പോഷകസംഘടനകളും പ്രവര്‍ത്തകരും കൂടിയാണ്. പിന്നെ ജനങ്ങളുമായി ബന്ധമുള്ള ചില കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ചുരുക്കം ചില നേതാക്കന്‍മാരും.

ദേശീയപാര്‍ട്ടി

ആസേതുഹിമാചലവും അടക്കി വാണിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് ഓരോ ഭാരതീയന്റെയും ജീവന്റെ തുടിപ്പായിരുന്നു. ലോകത്തിന്റെ പലഭാഗത്തും അക്രമങ്ങളും വംശീയലഹളകളും ചാവേറാക്രമണങ്ങളും തുടര്‍ക്കഥകളായപ്പോഴൊക്കെ ഭാരതത്തിലെ ജനങ്ങള്‍ സുരക്ഷിതരായിരുന്നു.

ഇന്ത്യയുടെ ഗ്രാമങ്ങളില്‍ പാദമുദ്രകള്‍ പതിപ്പിച്ച് വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് എന്ന പട്ടുനൂലില്‍ കോര്‍ത്ത് ഐക്യപ്പെടുത്തി, സാമ്രാജ്യത്തിനെതിരെ പോരാടാന്‍ സജ്ജമാക്കിയ മഹാത്മജിയുടെ മാറിലേയ്ക്ക് വെടി ഉതിര്‍ത്ത് ഇന്ത്യയുടെ ആത്മാവിനെ ആദ്യം നഷ്ടമാക്കി. പിന്നീട് നാലുദശകങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് വിഘടനവാദം ആദ്യമായി ഇന്ത്യയില്‍ ഖലിസ്ഥാനായി തീ തുപ്പിയപ്പോള്‍ കോണ്‍ഗ്രസ്സിനും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടത് 'ഇന്ത്യ എന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യ'യെന്നും ലോകം ആദരിച്ച് വിളിച്ചിരുന്ന ഇന്ത്യയുടെ പ്രിയദര്‍ശിനിയെ ആയിരുന്നു.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി കണ്ടിരുന്ന ഭരണകര്‍ത്താക്കളായിരുന്നു കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്സിന്റെ എണ്ണം പറഞ്ഞ നേതാക്കളെല്ലാം പിന്നീട് അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത് ആരുടെ താല്‍പര്യം സംരക്ഷിയ്ക്കാന്‍ ആയിരുന്നു.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതും മാധവ് റാവു സിന്ധ്യ, രാജേഷ് പൈലറ്റ് തുടങ്ങിയവരുടെ അപകട മരണവും പവാറിനെയും സംഗ്മയെയും മമതയെയുമൊക്കെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും പാര്‍ട്ടിയുടെ ചിറകരിയാന്‍ പോന്നതായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണവും ഇതോടൊപ്പം ചേര്‍ത്ത് വയ്ക്കാം.കോണ്‍ഗ്രസ്സിനെ തകര്‍ക്കാതെ ഇന്തയെ തകര്‍ക്കാന്‍ പറ്റത്തില്ല എന്ന ഛിദ്രശക്തികളുടെ തിരിച്ചറിവില്‍ കോണ്‍ഗ്രസ്സ്കാര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ പ്രിയപ്പെട്ട നേതാക്കളെയായിരുന്നു.

നെഹൃകുടുംബത്തോടും കോണ്‍ഗ്രസ്സിനോടും ജനങ്ങള്‍ക്കുള്ള കൂറും സ്നേഹവും ഇന്നും നെഞ്ചേറ്റി നില്‍ക്കുന്നത് കൊണ്ടാണ് സോണിയയെയും രാഹുലിനെയും പ്രിയങ്കയെയും കോണ്‍ഗ്രസ്സ്കാര്‍ ഉറ്റുനോക്കുന്നത്.

ഇന്നും ആവേശം കെടാത്ത കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നിലനില്‍പിന്റെ,അഭിമാനത്തിന്റെ പോരാട്ടത്തില്‍ ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യണോ. ഗ്രൂപ്പാണ് പാര്‍ട്ടിയുടെ ശക്തി, പാര്‍ട്ടിയുടെ ഐക്യം എന്നൊക്കെ സ്വയം ന്യായീകരിച്ചത് ശരിയല്ല എന്ന് തിരഞ്ഞെടുപ്പുകള്‍ തെളിയിച്ചു. ഗ്രൂപ്പിലില്ലാത്തതിന്റെ പേരില്‍, അംഗീകരിയ്ക്കപ്പെടാത്ത അനേകായിരം പ്രവര്‍ത്തകരും നേതാക്കളും കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ്.

യുഡിഎഫ് പരാജയപ്പെട്ടത്

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടത് എന്തുകൊണ്ടാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ നിലനിര്‍ത്താന്‍, ജയിയ്ക്കത്തില്ല എന്ന് ഉറപ്പുള്ള വ്യക്തികളെ മത്സരിപ്പിയ്ക്കാന്‍ തീരുമാനിച്ചത് മാത്രമാണോ പരാജയകാരണമെന്ന് പറയാന്‍ പറ്റത്തില്ല.

ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ പ്രധാനമായും പ്രാദേശികവികാരമുക്തവും വ്യക്തികേന്ദ്രീകൃതവുമായതിനാല്‍ സാധാരണ വോട്ടര്‍മാരെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ അവരുടെ കണ്‍വെട്ടത്തുള്ളവരാകും. പാര്‍ട്ടിയും മുന്നണിയും ഇവര്‍ക്ക് രണ്ടാമതാണ്. ഈ വോട്ടുകളാണല്ലോ നാട്ടിലെ വോട്ടിന്റെ ജയപരാജയങ്ങളെ നിര്‍ണയിയ്ക്കുന്നത്.

യുഡിഎഫി ന്റെ ഘടകകക്ഷി ആയിരുന്ന കേരള കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയത് യൂഡിഎഫ് ന് തിരിച്ചടിയായി. പാലായും പുതുപ്പള്ളിയും തുടങ്ങി മദ്ധ്യകേരളത്തിലെ പല നിയോജകമണ്ഡലങ്ങളും യുഡിഎഫ് ന് നഷ്ടമായി. കേരളാകോണ്‍ഗ്രസ്സിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കൊടുത്തിട്ടും ജോസ് കെ.മാണിയും കൂട്ടരും മുന്നണി വിട്ടത് സമവായത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രായോഗികരാഷ്ട്രിയ നേതാക്കള്‍ക്കും ഗുണം ചെയ്തില്ല. ബിഷപ്പ്മാരും പള്ളിയും ജോസിന്റെ കൂടെയാണന്ന് തെളിയിച്ചത് യുഡിഎഫ് നെ ഞെട്ടിച്ചിട്ടുണ്ട്.

ബിജെപി യിലേയ്ക്കും മറ്റ് പ്രാദേശികപാര്‍ട്ടികളിലേയ്ക്കും കോണ്‍ഗ്രസ്സുകാര്‍ ചേക്കേറുന്നത് തടയാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനും യുഡിഎഫ് നും കഴിഞ്ഞില്ല.പോകുന്നവര്‍ പോകട്ടെ, ആരും അനിവാര്യരല്ല എന്ന അഹങ്കാര മനോഭാവം കോണ്‍ഗ്രസ്സിന്റെ അംഗബലം കുറച്ചു. ഘടകകക്ഷികളുടെ അംഗബലത്തില്‍ ശോഷണം ഉണ്ടായതുമില്ല കൂടുകയും ചെയ്തു.

അണികള്‍ ചോരാനിടയാക്കിയതിനു പിന്നില്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്‍തുണയോ പരിഗണനയോ ലഭിയ്ക്കാത്തത് കൂടി കാരണമാകുന്നുണ്ട്. സാധാരണ പ്രവര്‍ത്തകന് അല്ലങ്കില്‍ മുതിര്‍ന്ന നേതാവിന് തന്നെ ഒരു പ്രശ്നം ഉണ്ടായാല്‍ അവരെ സഹായിയ്ക്കാനായി അറച്ചും മടിച്ചും നില്‍ക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ എങ്ങനെ വിശ്വസിയ്ക്കും. പി.റ്റി.തോമസ് എംഎല്‍എ യെ, സിപിഎം സ്ഥലസംബന്ധമായ വിഷയത്തില്‍ കുരുക്കാന്‍ നോക്കിയപ്പോള്‍ ആദ്യം ഒരു നേതാവും ഓടിയെത്തിയില്ല സഹായത്തിന് എന്ന് ഓര്‍ക്കുന്നത് നന്നായിരിയ്ക്കും.

യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിതര്‍ക്കത്തില്‍ യൂഡിഎഫ് പുലര്‍ത്തിയ നിഷ്പക്ഷത, പിണറായിയെ പോലെ അവസരങ്ങള്‍ മുതലാക്കുന്ന രാഷ്ട്രീയക്കാരന്‍ വേണ്ടപോലെ കൈകാര്യം ചെയ്തത്, പിറവത്തും കോതമംഗലത്തും പുതുപ്പള്ളിയിലും യൂഡിഎഫി നെ തകര്‍ത്തു. ഉദാഹരണത്തിന് പിറവം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന പിറവം നഗരത്തിന്റെ വളര്‍ച്ചയില്‍ അഹോരാത്രം പ്രവര്‍ത്തിച്ച ജനസമ്മതനായ സാബു ജേക്കബ്ബിനെ

പോലും പള്ളിവിഷയം ബാധിച്ചു.

കോണ്‍ഗ്രസ്സിന് കാലങ്ങളായി വോട്ടു ചെയ്തിരുന്ന ഹിന്ദുക്കളായ വീട്ടമ്മമാര്‍ ബിജെപി യ്ക്ക് വോട്ട് ചെയ്യുമെന്ന് തിരിച്ചറിയാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിഞ്ഞില്ല. കൂടാതെ തിരഞ്ഞെടുപ്പ്‌ കുട്ടിക്കളിയായി കണ്ടത് യുഡിഎഫിന് തിരിച്ചടിയായി.

ക്യാംപസ് ഇലക്ഷന്‍, സഹകരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് തുടങ്ങി പാര്‍ലമെന്റ് ഇലക്ഷന്‍ വരെ തിരഞ്ഞെടുപ്പിനെ അതീവഗൗരവത്തോടെ സമീപിയ്ക്കുകയും തങ്ങളുടെ സ്ഥാനാര്‍ത്ഥി ആരുതന്നെ ആയാലും അവരെ വിജയിപ്പിച്ചെടുക്കുന്ന സിപിഎം ന്റെയും ഇടതുമുന്നണിയുടെയും നിശ്ചയദാര്‍ഢ്യവും കരുത്തും കോണ്‍ഗ്രസ്സിനില്ല.

കാല്‍ നൂറ്റാണ്ടും അരനൂറ്റാണ്ടും ജനപ്രതിനിധികളായി 'സേവനം' ചെയ്തുപോരുന്ന നേതാക്കളെ ധീരനും വീരനും കണ്ണിലുണ്ണിയും ആദര്‍ശധീരനും കേരളരാഷ്ട്രീയത്തിലെ രാഷ്ട്രീയ ഭീമാചാര്യനും എന്നൊക്കെ സ്തുതിപാടുന്നവര്‍ക്ക് മത്സരിയ്ക്കാന്‍ ത്രിതലപഞ്ചായ്ത്ത് അല്ലാതെ മറ്റൊരു തലവും കല്‍പിച്ച് അനുമതി കിട്ടത്തില്ല. കിട്ടിയാല്‍ത്തന്നെ ജനപിന്തുണ ഉള്ളവര്‍ ഗ്രൂപ്പ് വീതംവെക്കലില്‍ അയോഗ്യരാകുന്നു. ഇനി അഥവാ കിട്ടിയാല്‍ തന്നെ റിബലുകള്‍, പാരകളുമായി ഇറങ്ങും. രാഷ്ട്രീയ എതിരാളികളേക്കാള്‍ കോണ്‍ഗ്രസ്സ്കാര്‍ ഭയപ്പെടുന്നത് സ്വന്തം പാര്‍ട്ടിയിലെ എതിരാളികളെ ആണ്.

നിയമസഭാ തിരഞ്ഞെടുപ്പ്

ഏതാനും മാസങ്ങള്‍ക്കകം നടക്കാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം ഇടതുപക്ഷം തുടങ്ങിക്കഴിഞ്ഞു. തുടര്‍ഭരണം ലക്ഷ്യമാക്കി പിണറായി വിജയന്‍ നീക്കുന്ന കരുക്കള്‍ യുഡിഎഫ് പ്രതീക്ഷിയ്ക്കാത്ത തരത്തിലാകും.

ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ യുഡിഎഫ് ആശങ്കപ്പടേണ്ടതില്ല. കേരളജനതയുടെ അടുത്ത അഞ്ചു വര്‍ഷം ആര് ഭരിയ്ക്കണമെന്ന് ജനങ്ങള്‍ തീരുമാനിയ്ക്കുന്നത് ഇപ്പോഴത്തെ ഭരണം വിലയിരുത്തിയാണല്ലോ.കേരളാകോണ്‍ഗ്രസ്സ് ഉണ്ടാക്കിയ നഷ്ടം നികത്താന്‍ ഏകമനസ്സോടെ മുന്നണിയ്ക്കും അണികള്‍ക്കും കഴിഞ്ഞാല്‍ കേരളം യുഡിഎഫി നോട്

ചേര്‍ന്ന് നില്‍ക്കും.

'വന്ദ്യവയോധികരായ കോണ്‍ഗ്രസ്സിലെ യുവരക്തങ്ങള്‍' കേന്ദ്രമന്ത്രിയും എംഎല്‍എ യും സംസ്ഥാന മന്ത്രിയും പിന്നെ കിട്ടാവുന്ന പദവികളെല്ലാം കൈയടക്കിയിട്ടും അധികാര ദാഹമോഹങ്ങള്‍ തീരാതെ ''ഈ മനോഹര തീരത്ത് തരുമോ ഇനിയൊരവസരം കൂടി '' എന്ന് മൂളിപ്പാട്ടുപാടി നിയമസഭാ തിരഞ്ഞെടുപ്പ് ലാക്കാക്കി പറക്കാനാരംഭിച്ചിട്ടുണ്ട്. അധികാരത്തിലിരുന്ന അവസരങ്ങളിലൊക്കെ സാധാരണ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും അപ്രാപ്യരായിരുന്നു ഇവര്‍.

കഴിവുള്ള യുവാക്കളുടെയും മറ്റ് ജനസ്വാധീനമുള്ളവരുടെയും അവസരങ്ങള്‍ക്ക് മുകളില്‍ കപ്പക്കാലായിലെ ഇരമ്പായി മാറുന്ന ഇവരെ ഇനിയും സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചാല്‍ കോണ്‍ഗ്രസ്സ് എംഎല്‍എ മാരുടെ എണ്ണം ഒറ്റസംഖ്യയില്‍ ഒതുങ്ങും.ഓരോ നിയോജകമണ്ഡലങ്ങളിലും കഴിവുള്ള സിറ്റിംഗ് എംഎല്‍എ മാരെയും ജനങ്ങളോട് അടുപ്പമുള്ള പ്രാദേശികതലത്തില്‍ അംഗീകാരമുള്ള നേതാക്കളെയും കണ്ടെത്തി അവിടെ മത്സരിപ്പിയ്ക്കണം.

നിയമസഭാ സീറ്റിലും മറ്റും പിന്‍തുടര്‍ച്ചാവകാശം കുടുംബാംഗങ്ങളിലേയ്ക്ക് ചെല്ലുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ല. കാലങ്ങളായി പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നവരോട് കാണിയ്ക്കുന്ന ഈ നീതിനിഷേധത്തിന് ഇനി പ്രവര്‍ത്തകര്‍ നിന്നുതരാനിടയില്ല.

അടിച്ചേല്‍പിയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ അടിച്ചോടിയ്ക്കാന്‍ ജനത്തെക്കൊണ്ട് തീരുമാനം എടുപ്പിയ്ക്കരുത്. എന്നിട്ട് അതുകൂടി കെപിസിസി പ്രസിഡന്റിന്റെ കഴിവുകേടാണന്ന് പറഞ്ഞ് നടക്കാം.

congress
Advertisment