Advertisment

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ സമർത്ഥനായ പിണറായി വിജയന്റെ മുമ്പിൽ പിടിച്ച് നിൽക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയില്ല. അമ്മാവാ എന്നെ തല്ലല്ലേ, ഞാൻ നന്നാവില്ല എന്നതാണ് കോൺഗ്രസിന്റെ സഥിതി; സി.പി.എമ്മിൽ ആളെ എത്തിച്ച് കൊടുക്കുന്ന ഏജന്റിന്റെ പണിയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ചെയ്യുന്നത്, പോയവരെല്ലാം വർഷങ്ങളോളം പാർട്ടിക്ക് വേണ്ടി പണിയെടുത്തവരാണ്; ചിന്ത തീരെയില്ലാത്ത ചിന്തൻ ശിബിരം ! തിരുമേനി എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

തിരുമേനി

Advertisment

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ഉദയ്പൂരിൽ ചിന്തൻ ശിബിരം എന്നൊരു മാമാങ്കം നടത്തി. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതിൽ പങ്കെടുത്തിരുന്നു.

publive-image

തിരഞ്ഞെടുപ്പ് ബുദ്ധി രാക്ഷസൻ പ്രശാന്ത് കിഷോറിന്റെ നിർദ്ദേശപ്രകാരമാണ് ഇത് നടത്തിയത്. തയ്യാറെടുപ്പും ഘോഷങ്ങളും കണ്ടപ്പോൾ കോൺഗ്രസ് അടിമുടി മാറാൻ പോകുകയാണെന്നു ഇന്ത്യൻ ജനത വിചാരിച്ചു.എന്നാൽ ഒന്നും സംഭവിച്ചില്ല.

പുതിയ ശക്തമായ ഒരു തീരുമാനവും എടുക്കാതെ പതിവ് പോലെ ചിന്തൻ ശിബിരവും അവസാനിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ പ്രബലരായ രണ്ട് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്തു. ഗുജറാത്തിൽ ഹാർദിക്‌പട്ടേലും പഞ്ചാബിൽ ഝാക്കറും .

ശിബിരം മുഴുവനും സോണിയ , രാഹുൽ , പ്രിയങ്ക എന്നിവരെ ചുറ്റിപ്പറ്റി നിന്നു .

സോണിയ ഗാന്ധി നടത്തിയ പ്രസംഗം കേട്ട് നേതാക്കൾ കോരിത്തരിച്ച് സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ പോവുകയും ചെയ്തു.

പ്രശാന്ത് കിഷോർ എന്ത് ഉദ്ദേശിച്ചിരുന്നോ അതിന്റെ നേർ വിപരീത ദിശയിലാണ് ശിബിരം നടന്നത്. കാതലായ മാറ്റങ്ങളെ മുമ്പിൽ കണ്ടുള്ള തീരുമാനങ്ങൾ ഉണ്ടാകും എന്ന് കരുതിയിരുന്നവർക്ക് തെറ്റി. പ്രവർത്തകർ നിരാശരായിരിക്കുന്നു.

ഇപ്പോൾ പാർട്ടി നേതൃത്വം ഒരു കോക്കസിന്റെ കൈയ്യിലാണ്.അവർ എന്തിനെയോ ഭയക്കുന്നു.

അധികാരം തിരികെ പിടിക്കണമെന്ന ആഗഹം ഈ കോക്കസിനില്ല. ഇങ്ങിനെയൊക്കെ തട്ടിയും മുട്ടിയും മുമ്പോട്ട് പോവുക. ഇപ്പോൾ കോൺഗ്രസിന്റെ ചിത്രമിതാണ്.

അവിടവിടെയായി കുറെ നേതാക്കൾ. അവരെ ചുറ്റിപ്പറ്റി കുറച്ച് സ്തുതിപാഠകരായ ഒരു വൃന്ദം .

മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കാണ് ഒഴുക്കെങ്കിൽ കേരളത്തിൽ അത് സി.പി.എമ്മിലേക്കാണ്.

കേരളത്തിൽ നിന്ന് എത്ര പേരാണ് സി.പി.എമ്മിലേക്ക് പോയത്. കെ.പി. അനിൽകുമാർ , പ്രശാന്ത്, രതികുമാർ അവസാനം പ്രഫ.കെ.വി.തോമസും. ഇവരൊന്നും പോയാൽ ഒരു ചുക്കുമില്ല എന്നാണ് കേരള നേതൃത്വം പറയുന്നത്.

സി.പി.എമ്മിൽ ആളെ എത്തിച്ച് കൊടുക്കുന്ന ഏജന്റിന്റെ പണിയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ചെയ്യുന്നത്. പോയവരെല്ലാം വർഷങ്ങളോളം പാർട്ടിക്ക് വേണ്ടി പണിയെടുത്തവരാണ്.

പോകുന്നവരെ പിടിച്ച് നിർത്തുകയല്ല മറിച്ച് പ്രോത്സാഹിപ്പിക്കുകയാണ് ഇവർ. അധികാരത്തിൽ തിരിച്ച് എത്തണമെന്ന ചിന്ത കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനുമില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധ പാർട്ടികളെ ഒന്നിച്ച് ചേർത്ത് നിർത്തിയാണ് കെ.കരുണാകരൻ യു.ഡി.എഫിനെ അധികാരത്തിൽ എത്തിച്ചത്.

യു.ഡി.എഫിൽ നിന്ന് മാറി ജോസ്.കെ.മാണി വിഭാഗം ഇടത് പാളയത്തിൽ എത്തിയപ്പോൾ അവർക്ക് വൻ വരവേൽപ് ആണ് ലഭിച്ചത്. കോൺഗ്രസ് വിട്ട് ചെല്ലുന്നവർക്കും സി.പി.എം സ്ഥാനമാനങ്ങൾ നൽകുന്നുണ്ട്. ആർ.എസ്.പി ക്കുവേണ്ടിയും ലീഗിന് വേണ്ടിയും പിണറായി വിജയൻ വല വിരിച്ചു കഴിഞ്ഞു.

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ സമർത്ഥനായ പിണറായി വിജയന്റെ മുമ്പിൽ പിടിച്ച് നിൽക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയില്ല. സ്ഥിതിഗതികൾ ഇങ്ങിനെയൊക്കെ ആണെങ്കിലും അമ്മാവാ എന്നെ തല്ലല്ലേ ഞാൻ നന്നാവില്ല എന്നതാണ് കോൺഗ്രസിന്റെ സഥിതി.

എത്ര പ്രശാന്ത് കിഷോർമാർ ഒന്നിച്ച് വന്നാലും ഇന്ത്യയിലും കേരളത്തിലും കോൺഗ്രസ് രക്ഷപെടില്ല.

Advertisment