Advertisment

വിദേശത്ത് നിന്ന് അടക്കം എത്തി വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ ടവർ ലൊക്കേഷൻ ഇനി പൊലീസിന്, പുറത്തിറങ്ങിയാൽ പിടിവീഴും, ഉടനടി കേസും

New Update

തിരുവനന്തപുരം: വിദേശത്ത് നിന്ന് അടക്കം എത്തി വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ വീടിന് പുറത്തിറങ്ങിയാൽ ഇനി പൊലീസ് അറിയും. മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ വെച്ച് ക്വാറന്റീനിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യാനുളള സോഫ്റ്റ് വെയർ പൊലീസ് തയ്യാറാക്കിയെന്നാണ് വിവരം. ഇതിനായി വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ മൊബൈൽ സേവന കമ്പനികളിൽ നിന്നും ശേഖരിക്കാനായി സർക്കാർ പൊലീസിന് അനുമതി നൽകി.

Advertisment

publive-image

വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോടും ആരോഗ്യപ്രവർത്തകരോടും അയൽവാസികളോടും സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ചിലർ പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തിൽ നിരവധി പേർക്കെതിരെയാണ് ദിവസവും കേസെടുക്കുന്നത്.

കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മുഴുവൻ പേരുടെയും ടവർ ലൊക്കേഷൻ ശേഖരിക്കാൻ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 പ്രകാരം ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് പൊലീസിനു വ്യാഴാഴ്ച അനുമതി നൽകിയത്. 30 ദിവസത്തേക്കാണ് ടവർ‌ ലൊക്കേഷൻ ശേഖരിക്കുക. വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്ന തരത്തിൽ മറ്റൊരു ആവശ്യങ്ങൾക്കും ഇവ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി.

ക്വാറന്റീനിലുള്ളവരുടെ വാസസ്ഥലത്തെ ഒരു ഭൂവേലിക്കുള്ളിലാക്കി അവിടെ നിന്നു പുറത്തു കടന്നാൽ ഉടൻ പൊലീസിന് എസ്എംഎസ്, ഇമെയിൽ വഴി മുന്നറിയിപ്പ് എത്തിക്കുന്ന സോഫ്റ്റ്‌വെയറാണ് തയ്യാറായത്. ടവർ ലൊക്കേഷനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. ടെലികോം വകുപ്പും സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സും ചേർന്നാണ് കൊവിഡ് 19 ക്വാറന്റീൻ അലർട്ട് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ തയാറാക്കിയത്.

ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്യും. സംസ്ഥാനത്ത് 973 പേരാണ് ഇപ്പോൾ കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 1.77 ലക്ഷം പേരാണ് വീടുകളിലും ക്വാറന്റീൻ കേന്ദ്രങ്ങളിലുമായി നിരീക്ഷണത്തിലുളളത്. ചാർട്ട് ചെയ്തത് അനുസരിച്ച് വിമാനങ്ങൾ എത്തിയാൽ ഈ മാസം ഒരു ലക്ഷത്തിൽ അധികം പേരാണ് വിദേശത്ത് നിന്ന് എത്തുക.

covid 19 lock down quarantine
Advertisment