Advertisment

യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബിജെപിയുടെ ‘നവ് മത് ദാതാ’ സമ്മേളനം; ദക്ഷിണേന്ത്യയില്‍ ചുമതല ആനില്‍ ആന്റണിക്ക്

ഓരോ പരിപാടിയിലും ആയിരം യുവ വോട്ടര്‍മാരെ എത്തിക്കാനാണ് കേന്ദ്ര നേതൃത്ത്വം കേരള ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

New Update
anil antony n

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബിജെപി. ദേശീയ വോട്ടേഴ്‌സ് ദിനത്തില്‍ രാജ്യമാകെ അയ്യായിരം ഇടങ്ങളില്‍ യോഗം സംഘടിപ്പിക്കും. കേരളത്തില്‍ നൂറ്റി നാല്പത് നിയോജക മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ യുവ വൈദികരിലേക്ക് വരെ പ്രചാരണം എത്തിക്കാന്‍ ദില്ലിയില്‍ ജെ പി നദ്ദ വിളിച്ച യോഗത്തില്‍ യുവജന സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കി.

Advertisment

 കന്നി വോട്ടര്‍മാരെ പിടിക്കാന്‍ ബിജെപി ജനുവരി 24 ന് വോട്ടേഴ്‌സ് ദിനത്തില്‍ രാജ്യവ്യാപകമായി 5000 ഇടങ്ങളിലാണ് ‘നവ് മത് ദാതാ’ സമ്മേളന്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗം സംഘടിപ്പിക്കും. യുവമോര്‍ച്ചയ്ക്കാണ് സംഘാടന ചുമതല.

ഓരോ പരിപാടിയിലും ആയിരം യുവ വോട്ടര്‍മാരെ എത്തിക്കാനാണ് കേന്ദ്ര നേതൃത്ത്വം കേരള ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഒരു മണ്ഡലത്തില്‍ രണ്ട് വീതം പരിപാടികള്‍ നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി രാജ്യത്തെ 50 ലക്ഷം യുവ വോട്ടര്‍മാരിലേക്ക് പ്രചാരണമെത്തിക്കുകയാണ് ലക്ഷ്യം. അന്നേദിവസം സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രധാന്യത്തെകുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഓരോ വേദിയിലും പ്രദര്‍ശിപ്പിക്കും. ഹോളോഗ്രാം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രദര്‍ശനം സംഘടിപ്പിക്കാനാണ് ആലോചന.

കേന്ദ്രമന്ത്രിമാരുടെയും നേതാക്കളുടെയും സാന്നിധ്യമുണ്ടാകും. അനില്‍ ആന്റണിക്കാണ് ദക്ഷിണേന്ത്യയില്‍ നവ് മത് ദാതാ സമ്മേളനത്തിന്റെ ഏകോപന ചുമതല. പരിപാടിക്ക് മുന്നോടിയായി ജനുവരി 12 ന് സംവാദ സദസ്സ് ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍, ആദിവാസികള്‍, വിവിധ ജനവിഭാഗങ്ങളിലെ പ്രമുഖര്‍ എന്നിവരെ ബിജെപി നേതാക്കള്‍ സന്ദര്‍ശിക്കുന്ന പ്രചാരണത്തിനും ഈമാസം തുടക്കമിടും. ക്രൈസ്തവ വൈദിക വിദ്യാര്‍ത്ഥികളിലേക്കും പ്രചാരണം എത്തിക്കും.

anil antony
Advertisment