മുഖ്യന്‍ ചിരിക്കുന്ന പടം വൈറലാക്കാന്‍ ചിലവാക്കിയത് കോടികള്‍. മലയാളി വിദ്യാര്‍ഥികളെ കൈയ്യിലെടുക്കാന്‍ നടത്തിയ ‘സിഎം അറ്റ് ക്യാമ്പസ്’ കഴിഞ്ഞപ്പോള്‍ ആഗോള വിദ്യാര്‍ഥി സമൂഹം തന്നെ എതിരായി. കറുത്ത മാസ്ക് കണ്ടാല്‍ പോലും തനിക്കെതിരാണോ എന്നൊരു വല്ലാത്ത ചിന്ത ! ഇനി സി എം വില്ലേജ് ഓഫീസറുടെ ജോലി ചെയ്യുന്ന ജനസമ്പര്‍ക്കം തന്നെ ശരണം – കേരളത്തിന്‍റെ രാഷ്ട്രീയ കാലാവസ്ഥ മാറുമ്പോള്‍ – ദാസനും വിജയനും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 13, 2021

ലോക ചരിത്രത്തിൽ ഒരു മനുഷ്യൻ ചുമ്മാ ഒന്ന് ചിരിക്കുവാൻ മാത്രം കോടികൾ ചിലവാക്കിയ സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് ലഭിക്കുമ്പോൾ ഇന്നിപ്പോൾ കറുത്ത മാസ്കിനെ നിരോധിക്കുന്ന ആദ്യ ഭൂപ്രദേശമാണ് കേരളം . പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ജീവിതത്തിൽ വല്ലപ്പോൾ മാത്രമാണ് ചിരിച്ചുകണ്ടിട്ടുള്ളതെന്ന് പറയുന്നവര്‍ ധാരാളമാണ് കേരളത്തില്‍ .

ആ ചിരിയിൽ വരെ ഒരു ആത്മാർത്ഥത ഇല്ലെങ്കിലും അതൊന്നും മനസ്സിലാക്കാതെ അതാണ് ശരി എന്ന് പറയുവാനും ചിലര്‍ തയ്യാറാകുന്നു എന്നതാണ് സങ്കടകരം . പറയുന്നതും ചെയ്യുന്നതും ഒക്കെ നൂറു ശതമാനവും പൊള്ളയും തട്ടിപ്പും ആണെന്നറിഞ്ഞിട്ടും അതിനൊന്നും പകരം വെക്കുവാൻ മറ്റൊരാളില്ലാത്ത അവസ്ഥയും മറ്റൊരു ഗതികേടാണ് .

എതിർ പാർട്ടിയിലെ ന്യുജെൻ നേതാവ് വിദ്യാർത്ഥികളെ കാണുവാനും സംവദിക്കുവാനും കേരളത്തിന്റെ വികസന സാധ്യതകൾ ചർച്ച ചെയ്യുവാനും ക്യാംപസുകളിലേക്ക് ഇറങ്ങുന്നു എന്ന വാർത്ത കേട്ടതുമുതൽ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഉപദേശകരിൽ ഒരാൾ മുഖ്യമന്ത്രിയെയും ക്യാമ്പസിലേക്ക് ഇറക്കിവിട്ടു .

എതിരാളികളേക്കാൾ എന്നും ഒരുപടി മുന്നിലെത്തുവാൻ തീരുമാനിച്ചുകൊണ്ട് അതിനും ചിരിക്കുന്ന പടവുമായി ഒരു പോസ്റ്ററും ഇറക്കി . മുഴുവൻ പേജ് പരസ്യങ്ങളും പത്രങ്ങളിൽ സ്ഥാനം പിടിച്ചു .

കേരളത്തെ നവകേരളമാക്കുവാൻ ആദ്യത്തെ ക്യാംപസിൽ എത്തിയപ്പോൾ തന്നെ ഒരു സാധാരണ പെൺകുട്ടിയുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം പറയുവാനാകാതെ ബ്രണ്ണൻ കോളേജിലെ വടിവാൾ സഖാവ് പതറി.

അവസാനം ഇനിയൊരു ചോദ്യവുമില്ല ഉത്തരവുമില്ല എന്ന് ആക്രോശിച്ചപ്പോൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഇമേജുണ്ടാക്കുവാൻ ചിലവാക്കിയ പണം ഗോവിന്ദ ! മലയാളി വിദ്യാര്‍ഥികളെ കൈയ്യിലെടുക്കാന്‍ നടത്തിയ സംവാദം കഴിഞ്ഞപ്പോള്‍ ആഗോള വിദ്യാര്‍ഥി സമൂഹം തന്നെ എതിരായി.

‘സിഎം അറ്റ് ക്യാമ്പസ്’ ഇപ്പോൾ നടക്കുന്നത് ഒരു മാതിരി ബ്രിട്ടീഷുകാർ ഭരിക്കുന്ന സമയത്തിലേത് പോലെ , ചോദ്യങ്ങൾ ആരൊക്കെയോ എഴുതി തയാറാക്കി എസ്എഫ്ഐ അനുഭാവമുള്ള വിദ്യാർത്ഥികളെ മാത്രം ഇരുത്തിയുള്ള ഒരു മാതിരി കോവിഡ് പത്ര സമ്മേളനത്തിൽ ഉണ്ടാക്കിയ ഏകാധിപത്യ രീതിയിലാണ്.

പത്രക്കാരൊക്കെ അഴകൊഴമ്പൻമാർ ആയതുകൊണ്ട് എല്ലാ ആട്ടും തുപ്പും സഹിച്ചുകൊണ്ട് കേട്ടിരുന്നു . ആകപ്പാടെ ഒരു സ്ത്രീ മാത്രമാണ് അന്നൊക്കെ എന്തെങ്കിലും തിരിച്ചു ചോദിച്ചിരുന്നുള്ളൂ . ആ പ്രമീളയെ സോഷ്യൽ മീഡിയ പിണറായി ഭക്തർ ചവുട്ടിക്കൂട്ടുവാൻ ശ്രമിക്കുകയും ചെയ്തു .

അങ്ങേർക്ക് തോന്നുമ്പോൾ പത്ര സമ്മേളനം നടത്തുക , പത്രക്കാരെ സ്‌ക്രൂട്ടിനി ചെയ്തുകൊണ്ട് അകത്തേക്ക് കയറ്റുക , വാതിലിൽ ഗുണ്ടകളെ നിർത്തി കണ്ണുരുട്ടിക്കാണിക്കുക , അകത്തേക്ക് പത്രക്കാർ കയറുമ്പോൾ തന്നെ ഭീഷണി വാക്കുകൾ . ഇതൊന്നും ചോദിക്കുവാനും പറയുവാനും ആർക്കും സാധിച്ചിരുന്നില്ല . ആരൊക്കെയോ തിരിച്ചു ചോദ്യം ഉയർത്തിയപ്പോൾ ഇന്നത്തേക്ക് ഇത്രയും മതിയെന്നുള്ള വാക്കുകളും നമ്മൾ കേട്ടിരുന്നു .

മുഖ്യമന്ത്രി ജീവിക്കുന്ന ക്ലിഫ് ഹൌസ് ഇന്നിപ്പോൾ വൈറ്റ് ഹൌസിനേക്കാൾ കൂടുതൽ സെക്യൂരിറ്റിയിൽ ആണ് . ഒരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇങ്ങനെ പേടിക്കേണ്ട ഗതികേട് കേരളമെന്ന സംസ്ഥാനത്തിൽ വരുവാൻ കാരണമായത് ചെയ്തുകൂട്ടിയ പ്രവർത്തികൾ കൊണ്ടുമാത്രം ആകണം. അല്ലാതെ ജനങ്ങളെ ഇങ്ങനെ പേടിക്കേണ്ട കാര്യമെന്താണ് ?

മാധ്യമങ്ങളെ വിലക്ക് വാങ്ങിയും കോടികണക്കിന് രൂപ ഉപദേശികൾക്ക് വീതിച്ചു നൽകിയും ഉണ്ടാക്കിയെടുത്ത ഇമേജെല്ലാം ഒരു ഹെലികോപ്റ്ററിലും പിഎസ്‌സി ജോലിക്കാര്യത്തിലും തട്ടി തകരുമ്പോൾ കറുത്ത മാസ്കുകൾ നിരോധിച്ചുകൊണ്ടാണ് ഏകാധിപതിയുടെ പുതിയ ആഹ്വാനം .

ഇങ്ങനെ പോയാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തങ്ങൾക്ക് ഇഷ്ടമില്ലാത്ത പല ചാനലുകളും ഓൺലൈൻ മീഡിയകളും പലതും നിരോധിക്കുവാനുള്ള തന്ത്രങ്ങളും മെനയും . അല്ലെങ്കിൽ തനിക്കെതിരെ പറയുന്നവരെ ജയിലിൽ അടക്കുവാനോ അവരുടെ കുടുംബങ്ങളെ ഭീഷണി പെടുത്തുവാനോ സാദ്ധ്യതകൾ ഇല്ലാതില്ല .

മുഖ്യമന്ത്രി ചിരിക്കില്ലെങ്കിലും വെറുതെ ചിരിക്കുന്ന രണ്ടാളുകൾ അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ട് . അവരുടെ കൂടി ആവശ്യമാണ് ഈ ഭരണം നിലനിൽക്കേണ്ടതും കേസുകൾ ഒഴിവാക്കേണ്ടതും . അതിലൊരാൾ സ്വർണ്ണക്കടത്തുകാരുടെ മുഖ്യ കണ്ണിയും മറ്റെയാൾ റിവേഴ്‌സ് ഹവാലയിലൂടെ സ്വർണത്തിന്റെയും മറ്റുള്ള ഫണ്ടുകളുടെയും പണം വെളുപ്പിച്ചുകൊടുക്കലുമാണ് .

രണ്ടാളുകളുടെയും ചിരിയിൽ ആത്മാർത്ഥത ഇല്ലെന്നാണ് അവരുമായി ബന്ധപ്പെട്ട വ്യക്തികളുടെ അഭിപ്രായം .

ഒരാൾ ഉന്നത വിദ്യാഭ്യസ മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് കേരളത്തിൽ മറ്റൊരു പാരലൽ പിഎസ്‌സി രൂപീകരിച്ചയാളും മറ്റയാൾ സ്പീക്കർ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഗൾഫിൽ യൂണിവേഴ്സിറ്റി പണിയുന്നയാളും. ഇവരാണ് ഈ ഭരണം നിലനിൽക്കുവാൻ മാധ്യമങ്ങളെയും സിനിമക്കാരെയും ഒക്കെ കൂട്ടുപിടിച്ച് സർക്കാരിനെ വെളുപ്പിക്കുന്നവർ .

മുഖ്യമന്ത്രിയുടെ ക്യാംപസ് മീറ്റിങ്ങിൽ നിന്നും മാധ്യമക്കാരെ ഒഴിവാക്കി എന്നറിഞ്ഞിട്ടും ഇവരൊക്കെ വിളിച്ചു ചേർക്കുന്ന പത്ര സമ്മേളനത്തിൽ ഒരുളുപ്പും കൂടാതെ പോകുവാൻ പത്രക്കാർക്ക് യാതൊരു മടിയുമില്ല . മുതലാളിമാർക്ക് നാണമില്ലെങ്കിൽ തൊഴിലാളികൾക്കെങ്കിലും ലേശം നാണം വേണ്ടേ ?

ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ല എന്ന് റഹീമിനെപോലുള്ള സഖാക്കന്മാർ ഭീഷണിപ്പെടുത്തിയപ്പോഴും ചുണക്കുട്ടികൾ എന്നവകാശപ്പെടുന്ന ചാനലുകാർ വീണുപോയി . ഇങ്ങനെയാണ് ഈ സർക്കാരും മുഖ്യമന്ത്രീയും സർക്കാരുമായി ബന്ധപ്പെട്ടവരും ധാര്‍ഷ്ട്യക്കാരായി മാറിയത് .

മേജർ രവിയെന്ന പട്ടാളക്കാരൻ ഇക്കഴിഞ്ഞ ദിവസം പറഞ്ഞതിൽ ധാർഷ്ട്യമാണ് മുഖ്യ വിഷയമായി മനസ്സിൽ തറച്ചത് . പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ധാർഷ്ട്യം മൂന്നിരട്ടിയാവുകയായിരുന്നു . ഇതാണ് നമ്മുടെ നാടിന്റെ ഇപ്പോഴത്തെ ശാപം .

ചാനലുകളിൽ ഒരു മിമിക്രിക്കാരനും ഒരു സിനിമാലക്കാരനും ഈ ഭരണത്തിന്റെ കെടുകാര്യസ്ഥതയെയും വഴിവിട്ട നിയമനങ്ങളെയും ജനങ്ങളിൽ എത്തിക്കുവാൻ ധൈര്യം കാണിക്കുന്നില്ല .

മാറിമായക്കാർ കാണിച്ചുവെങ്കിലും മറ്റുള്ളവർ പേടിച്ചിട്ടാണോ എന്നറിയില്ല , ഒരുത്തനും മുഖ്യമന്ത്രിയെയോ മറ്റുള്ള മന്ത്രിമാരെയോ കളിയാക്കുന്നില്ല . സിനിമക്കാരിൽ ആണ്കുട്ടിയായിരുന്ന രഞ്ജിപണിക്കരെ ഫാരിസ് അബൂബക്കർ മുഖേന വിലക്കുവാങ്ങുവാൻ മുഖ്യമന്ത്രിക്കായി .

 

ബാക്കിയുള്ള സിനിമാക്കാർ എല്ലാവരും കമലിനെപ്പോലെ ഏറാൻ മൂളികൾ ആയിരിക്കുന്നു .
മമ്മുട്ടി നിയന്ത്രിക്കുന്ന ഭക്തരാണ് ഇന്നിപ്പോൾ മലയാള സിനിമയെ ഹൈജാക്ക് ചെയ്തിരിക്കുന്നത് . അവരുടെ സിനിമകളും ഇപ്പോൾ ഇലക്ഷൻ വരുവാൻ കാത്തിരിക്കുന്നു . മുഖ്യമന്ത്രിയെ മാർപ്പാപ്പയാക്കുന്ന സിനിമയാണ് മമ്മുട്ടിയുടെ റിലീസിന് തയ്യാറായിരിക്കുന്നത് . പലതും തുറന്നു പറഞ്ഞിരുന്ന സച്ചിയിപ്പോൾ ടിപി ചന്ദ്രശേഖരന്റെ കൂടെ മേലോട്ട് പോയി .

അനധികൃത നിയമനങ്ങൾ മാത്രം മതി ഈ ഭരണത്തെ ഇല്ലാതാക്കുവാൻ . ഇനിയും വിദ്യാർത്ഥികൾ മുഖ്യന് നേരെ ചോദ്യശരങ്ങൾ ഉയർത്തിയാൽ അവർ കിറ്റ് കൊടുത്തുണ്ടാക്കിയ ഈ പൊള്ളത്തരങ്ങളും മീഡിയക്കാരെ വിലക്കുവാങ്ങിയുണ്ടാക്കിയ പൊങ്ങച്ചങ്ങളും എല്ലാം മൂന്നാം പ്രളയമെന്നപോലെ ഇല്ലാതാക്കിക്കളയും .

അത്രമാത്രം കടും വെട്ടുകളാണ് ഈ ഭരണകൂടം കേരളത്തിന് സമ്മാനിച്ചിരിക്കുന്നത് .
ഇനിയും ഇവരെയൊക്കെ ഭരിക്കുവാൻ അനുവദിച്ചുകൂടാ . കേരളം മറ്റൊരു ആഫ്രിക്കയാകുവാൻ നാം സമ്മതിക്കരുത് ..

കിറ്റുകളുടെ പേരിൽ ഇനി ഇവന്മാർക്ക് വോട്ടു ചെയ്യില്ലെന്ന ശപഥത്തിൽ സഖാവായിരുന്ന ദാസനും മകളുടെ ജോലിക്കാര്യത്തിൽ മനംനൊന്തുകൊണ്ട് വിജയനും

×