Advertisment

ഡാറ്റ സംരക്ഷണ ബില്‍ ലോക്‌സഭയില്‍, സംയുക്ത സമിതി കൂടുതല്‍ പരിശോധിക്കും

New Update

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനും ഇറങ്ങിപ്പോക്കിനുമിടെ ലോക്‌സഭയില്‍ അവതരിപ്പിച്ച ഡാറ്റ സംരക്ഷണ ബില്‍ കൂടുതല്‍ പരിശോധനയ്ക്കായി സംയുക്ത സമിതിക്ക് വിട്ടു. ലോക്‌സഭയില്‍നിന്ന് 20 പേരും രാജ്യസഭയില്‍നിന്ന് 10 പേരുമടങ്ങിയ സമിതി ബില്‍ വിശദമായി പരിശോധിക്കും.

Advertisment

publive-image

മന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിക്കാനൊരുങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ബില്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്ഥിരസമിതി ചര്‍ച്ച ചെയ്തശേഷം അവതരിപ്പിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, തൃണമൂല്‍ അംഗങ്ങളായ സൗഗത റോയ്, മഹുവ മൊയ്ത്ര എന്നിവര്‍ ബില്‍ അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഡാറ്റ സംരക്ഷണത്തിന് നിയമം ആവശ്യമാണെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നിയമം കൊണ്ടുവരുന്നതെന്നു മന്ത്രി പറഞ്ഞു. ബില്ലിലെ നിര്‍ദേശങ്ങള്‍ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കും. രാജ്യസുരക്ഷയ്ക്ക് അപകടമാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരം രേഖകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയുള്ളൂവെന്നു മന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

ബില്‍ ഐടി സ്ഥിരം സമിതിക്കു വിടണമെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ശശി തരൂരും ആവശ്യപ്പെട്ടു. അവതരണാനുമതി തേടി വോട്ടെടുപ്പു നടത്താനൊരുങ്ങുമ്പോഴും ടി.ആര്‍. ബാലു പ്രതിപക്ഷത്തിന്റെ വാദമുഖങ്ങള്‍ നിരത്തി. തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ശിവസേന അംഗങ്ങളും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് ബില്‍ അവതരിപ്പിക്കാനും സിലക്ട് കമ്മിറ്റിക്കു വിടാനും തീരുമാനിച്ചു. സൗഗത റോയിക്കു പകരം മഹുവ മൊയ്ത്രയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് സമ്മേളനത്തില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

bill data protection
Advertisment