Advertisment

കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ 'ഡെക്‌സമെതസോണ്‍'; നിര്‍ണായക കണ്ടെത്തലുമായി ഗവേഷകസംഘം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ മരുന്ന് പരീക്ഷിച്ചപ്പോള്‍ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞെന്ന് അവകാശവാദം; മരുന്നിന് വിലക്കുറവെന്നും ഗവേഷകര്‍

New Update

publive-image

Advertisment

ലണ്ടന്‍: കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ 'ഡെക്‌സമെതസോണ്‍' എന്ന മരുന്നിന് സാധിക്കുമെന്ന് യുകെയിലെ ഗവേഷകര്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

മരുന്ന് പരീക്ഷണത്തെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

28 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ മരണനിരക്ക് 35 ശതമാനവും ഓക്‌സിജന്‍ പ്രത്യേകം ആവശ്യമുള്ള രോഗികളില്‍ 20 ശതമാനവും മരണനിരക്ക് കുറഞ്ഞതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.

അങ്ങേയറ്റം സ്വാഗതാര്‍ഹമായ ഫലമാണ് ലഭിച്ചതെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പീറ്റര്‍ ഹോര്‍ബി പറഞ്ഞു. ഡെക്‌സമെതസോണ്‍ വില കുറഞ്ഞതാണെന്നും ലോകമെമ്പാടും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നും ഹോര്‍ബി പറഞ്ഞു.

ഗുരുതരാവസ്ഥയില്‍ കഴിയുന്നവരിലാണ് ഈ മരുന്ന് ഫലപ്രദമെന്നും നിരവധി ജീവനുകള്‍ ഇത് വഴി രക്ഷിക്കാന്‍ കഴിയുമെന്നും പരീക്ഷണത്തെ പിന്തുണയ്ക്കുന്ന നിക്ക് കമാക്ക് പറഞ്ഞു.

മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിനെതിരെ ഫലപ്രദമല്ലെന്ന് കണ്ടെത്തിയത് ഇതേ പഠനമാണ്.

യുകെയിലെ 11000ല്‍ അധികം ആളുകളിലാണ് പരീക്ഷണം നടത്തിയത്. ഗവേഷണങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഏജന്‍സികളും ബില്‍ ആന്‍ഡ് മെലിന്‍ഡ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങളുമാണ് സാമ്പത്തിക സഹായം നല്‍കുന്നത്.

Advertisment