മകനെതിരായ അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിൻ്റെ അച്ഛൻ. മകൻ നഷ്ട്ടപ്പെട്ട കുടുംബത്തെ കോൺഗ്രസ് നേതൃത്വം വീണ്ടും കുത്തിനോവിക്കുകയാണ്.ഇരന്ന് വാങ്ങിയ മരണമെന്ന് കെ. സുധാകരൻ പറഞ്ഞതിലൂടെ കൊലയാളികൾ ആരെന്ന് വ്യക്തമാവുന്നുണ്ട്.
താൻ കോൺഗ്രസ് അനുഭാവിയായിരുന്നുവെന്നും ധീരജിൻ്റെ പിതാവ് രാജേന്ദ്രൻ വെളിപ്പെടുത്തി. ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വോട്ടും ചെയ്തിട്ടുണ്ട്. എന്നിട്ടും ആശ്വാസ വാക്ക് പറയാൻ പോലും പറയാൻ സുധാകരൻ തയ്യാറായില്ല. ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞ് മകനെ പൊതു സമൂഹത്തിൽ അപമാനിക്കാൻ ശ്രമം നടക്കുകയാണ്. മോശം പരാമർശം നടത്തിയ ഇടുക്കി ഡി സി സി പ്രസിഡൻ്റിനെതിരെ മാനനഷ്ട കേസ് നൽകിയിട്ടുണ്ടെന്നും ധീരജിൻ്റെ അച്ഛൻ പറഞ്ഞു.
ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകൻ ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണെന്നും കുടുംബത്തെ തള്ളിപറയാനില്ലെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മുൻപ് പറഞ്ഞിരുന്നു. തന്നെ പ്രതിക്കൂട്ടിൽ നിർത്താനുള്ള സിപിഐഎം ശ്രമം അമ്പരപ്പിക്കുന്നതാണ്. ധീരജിന്റെ വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഭവിഷ്യത്ത് ഓർത്താണ് പിന്തിരിയുന്നത്. സിപിഐഎം അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കൊല്ലപ്പെട്ട ധീരജെന്നാണ് സുധാകരന്റെ വാദം.
രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്തത് പോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞത് വലിയ വിവാദമായിരുന്നു. മുരിക്കാശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് വിവാദ പ്രസം​ഗം നടത്തിയത്. യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ കുത്തേറ്റാണ് ധീരജ് കൊല്ലപ്പെട്ടത്. എസ്എഫ്ഐക്കാർ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ധീരജിന്റെ ​ഗതിയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ ഇരന്നു വാങ്ങിയ മരണം എന്ന് വിവാദ പ്രസ്താവന നടത്തിയിരുന്നു.