Advertisment

കറിച്ചട്ടിയിലേക്കുള്ള യാത്രക്കിടെ ജീവിതത്തിലേക്കു നീന്തിക്കയറിയ "ആയുസി"ന്റെ അതിജീവനത്തിന് ഒരു വയസ്സ് കഴിഞ്ഞു !

author-image
സുനില്‍ പാലാ
New Update

യുസിന്റെ അതിജീവനത്തിന്റെ കഥ, കേൾക്കുന്നവർക്കെല്ലാം അത്ഭുതമാണ്. ഉഴവൂരിനടുത്ത് കൂടപ്പുലം കർത്താനാകുഴിയിൽ വീട്ടിലെ സ്വീകരണമുറിയിൽ കൊച്ചുബക്കറ്റിലെ വെള്ളത്തിൽ തുള്ളിക്കളിക്കുകയാണിന്ന് ആയുസ് .

Advertisment

കർത്താനാകുഴിയിൽ വീട്ടിലെ ഗൃഹനാഥൻ ചെത്തു തൊഴിലാളി കൂടിയായ ഹരിദാസ് കഴിഞ്ഞ വർഷം രാവിലെ 10 മണിയോടെ ഉഴവൂർ ചന്തയിൽ നിന്നും ഒരു കിലോ കായൽ മത്സ്യം വാങ്ങി പ്ലാസ്റ്റിക്ക് കൂട്ടിൽ പൊതിഞ്ഞ് വീട്ടിൽ കൊണ്ടുവന്നു.

publive-image

ഉച്ചയൂണിന് വറുക്കാൻ മീൻ വെട്ടാനായി ഹരിദാസിന്റെ ഭാര്യ മായ ഈ മീനുകളെ ചട്ടിയിലിട്ടത് 12 മണിയോടെ . വെള്ളമൊഴിച്ച് കഴുകവെ ഒരു സംശയം; ഒരു മീനിന് അനക്കമുണ്ടോ...? ഒന്നു കൂടി സൂക്ഷിച്ചു നോക്കി, ഒരു മീൻ പിടയ്ക്കുന്നു .

ഈ കുഞ്ഞുമീനിനെ മുറിക്കാൻ മനസ്സുവരാത്ത മായ, പെട്ടെന്ന് അതിനെയെടുത്ത് അടുത്തുള്ള ബക്കറ്റിലെ വെള്ളത്തിലേക്കിട്ടു. പത്തു മിനിട്ടിനുള്ളിൽ കൊച്ചു മീൻ നീന്തിത്തുടിച്ചു തുടങ്ങി;കൂടെപ്പിറപ്പുകളുടെ ജീവനറ്റ ദേഹങ്ങൾക്കൊപ്പം ഒരു തുള്ളി ജീവനുമായെത്തി ജീവിതത്തിലേക്കുള്ള നീന്തൽ .

വൈകിട്ട് സ്കൂൾ വിട്ടു വന്ന മക്കൾ ശിവരഞ്ജനും, ദേവരഞ്ജനും "മരിച്ചു ജീവിച്ച " മത്സ്യത്തെ കണ്ടപ്പോൾ അത്ഭുതം. ആയുസ് നീട്ടിക്കിട്ടിയ തങ്ങളുടെ പൊന്നോമന മീനിന് അവർ ഒരു പേരുമിട്ടു: "ആയുസ് "

ഒരിക്കൽ വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം ആയുസ് ബക്കറ്റിൽ നിന്നും നിലത്തേക്ക് പൊങ്ങിച്ചാടി. അര മണിക്കൂർ കഴിഞ്ഞ് വീട്ടുകാരെത്തുമ്പോൾ ജീവനു വേണ്ടി പിടയുകയാണവൻ. ഉടൻ പിടിച്ച് വെള്ളത്തിലിട്ടു.

പിന്നീട് മൂന്നു തവണ കൂടി ഈ ചാട്ടം ആവർത്തിച്ചെങ്കിലും "ആയുസിനെ " ദൈവം കൈവിട്ടില്ലെന്ന് മായയും മക്കളും പറയും.

ഇനിയുമുണ്ട് ഇവന്റെ അത്ഭുത കഥ; മായ, "ആയുസ്സേ " എന്നൊന്നു നീട്ടി വിളിച്ചാൽ ഇവൻ ബക്കറ്റിലെ വെള്ളത്തിനു മുകളിലേക്ക് വരും. വെള്ളത്തിലേക്ക് മായ കൈമുട്ടിച്ചാൽ കൈപ്പത്തിയിലേക്ക് ആയുസ് ചാടിക്കയറും; ഒരിക്കൽ ജീവൻ നീട്ടിത്തന്ന കയ്യിലിരുന്ന് ഇനി ജീവൻ പോയാലെന്ത് എന്ന മട്ടിൽ.

കുളിരുള്ള വെള്ളത്തിൽ നിന്നുയർത്തി മായ ഒരു ചുടു ചുംബനം സമ്മാനിക്കുമ്പോൾ ചിറകുകളൊതുക്കി ഇവൻ കുളിർ കോരി നിൽക്കും; ഒരു മീൻ ഇങ്ങനെയൊക്കെയോ'...?

കേട്ടവർ കേട്ടവർ ഒരു തവണയെങ്കിലും ആയുസ്സിനെ കാണാൻ കർത്താനാകുഴിയിൽ വീട്ടിലേക്കു ചെല്ലുകയാണ്. ആൾ തിരക്ക് കൂടിക്കൂടി എല്ലാവരുടെയും മുന്നിൽ ഇനി ആയുസിനെ ഉയർത്തിക്കാണിക്കുന്നില്ല എന്ന തീരുമാനത്തിലാണ് മായയും മക്കളും.

ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ബിസ്ക്കറ്റ് തരികളൊക്കെ കുശാലാക്കി അതി ജീവനത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കുകയാണ് ആയുസ്സ് !

Advertisment