Advertisment

വികാരനിർഭരമായി ഈ യാത്രയയപ്പ്: കൊഴുവനാൽ ഗ്രാമപ്പഞ്ചായത്തിൽ നിന്നും സ്ഥലംമാറിപ്പോകുന്ന ജീവനക്കാരനെ കെട്ടിപ്പിടിച്ച് വിതുമ്പി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ്

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  വികാരനിർഭരമായിരുന്നൂ ഈ യാത്രയയപ്പ്; കൊഴുവനാൽ ഗ്രാമപ്പഞ്ചായത്തിൽ നിന്നും മീനച്ചിൽ ഗ്രാമപ്പഞ്ചായത്തിലേക്ക് അക്കൗണ്ടൻറായി പ്രമോഷനോടെ പോയ ശ്രീകാന്തിന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ് (തൊമ്മച്ചൻ ) നൽകിയ യാത്രയയപ്പ് .

Advertisment

പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ശ്രീകാന്തിന് ഫലകം ഉപഹാരമായി സമ്മാനിച്ചപ്പോൾ തോമസ് ജോർജ് ക്യാമറയ്ക്കു മുന്നിൽ ചിരിച്ചു നിന്നു. പക്ഷേ പെട്ടെന്ന് ചിരി മാഞ്ഞു. മിഴി നിറഞ്ഞു, ശ്രീകാന്തിനെ കെട്ടിപ്പിടിച്ച് വിതുമ്പിയ ചുണ്ടുകളോടെ ഒരു പൊന്നുമ്മ. കണ്ടു നിന്നവർ അമ്പരന്നു: പ്രസിഡന്റ് കരയുന്നോ.!

ക്യാമറകൾ എല്ലാം ഒപ്പിയെടുക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും തോമസ് ജോർജിന് നിയന്ത്രിക്കാനായില്ല;  ഒന്നു കൂടി ശ്രീകാന്തിന്റെ കൈ പിടിച്ചു കുലുക്കി യാത്ര പറഞ്ഞ തോമസ് വിതുമ്പലടക്കാനാവാതെ, തിരിഞ്ഞു നോക്കാതെ, തന്റെ ഓഫീസിനുള്ളിലേക്ക് കയറിപ്പോയി. സീറ്റിലിരുന്ന് ഏങ്ങലടിച്ചു കരഞ്ഞു.

കഴിഞ്ഞ 19 വർഷമായി കൊഴുവനാൽ പഞ്ചായത്തു മെമ്പറും 4 വർഷമായി പ്രസിഡൻറുമായി പ്രവർത്തിക്കുന്ന തോമസ് ജോർജ് പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരുമായി വളരെയടുത്ത സ്നേഹ ബന്ധത്തിലാണ്. ഇഷ്ടത്തിന്റെ ഈ ഇഴയടുപ്പമാണ് പ്രിയപ്പെട്ട ജീവനക്കാരൻ സ്ഥലം മാറി പോകുന്നതു പോലും സഹിക്കാനാവാതെ തോമസ് ജോർജ് കരയാൻ കാരണം.

publive-image

കഴിഞ്ഞ 5 വർഷമായി കൊഴുവനാൽ പഞ്ചായത്തിൽ യു.ഡി. ക്ലർക്കായിരുന്നൂ പൂഞ്ഞാർ സ്വദേശിയായ ശ്രീകാന്ത്. ഇന്നലെയാണ് മീനച്ചിൽ പഞ്ചായത്തിലേക്ക് അക്കൗണ്ടന്റായി സ്ഥലം മാറിപ്പോയത്. പ്രസിഡന്റിന്റേയും ജീവനക്കാരന്റേയും വികാരനിർഭരമായ ഈ യാത്രയയപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 

Advertisment