Advertisment

ആ കരളുറപ്പിന് ഒരു പോറല്‍ പോലുമില്ല. പാലാക്കാരുടെ രാഷ്ട്രീയ പോരാളിയായി ലാലിച്ചന്‍ വീണ്ടും അരങ്ങത്തേക്ക് !

author-image
സുനില്‍ പാലാ
Updated On
New Update

"വികസന പ്രശ്നങ്ങളാകട്ടെ, വിമർശനങ്ങളാകട്ടെ, അതിന്റേതായ ആ രൂപത്തിലും ഭാവത്തിലും കൈകാര്യം ചെയ്യുന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതെന്ന് എല്ലാവരും മനസ്സിലാക്കണം........."

Advertisment

ഒരു വർഷം മുമ്പ് നിലച്ചുപോയ, ഒരു പക്ഷേ ഇനി തുടരാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട , പ്രസംഗം, സി.പി.എം-ന്റെ കോട്ടയം ജില്ലയിലെ തീപ്പൊരി നേതാവ് ലാലിച്ചൻ ജോർജ് വീണ്ടും പറഞ്ഞു തുടങ്ങുകയാണ്; പൊന്നുമകൾ മിലൻ പകുത്തു നൽകിയ കരളിന്റെ കരുത്തുമായി പൊതു ജന സേവനമെന്ന കർമ്മരംഗത്തേയ്ക്ക് പാർട്ടി പ്രവർത്തകരുടെ പ്രിയപ്പെട്ട "സഖാവ് ലാലിച്ചൻ" വീണ്ടും എത്തുന്നു.

publive-image

ഗുരുതരമായ കരൾ രോഗം ബാധിച്ചതിനെ തുടർന്ന് ഒരു വർഷം മുമ്പാണ് ലാലിച്ചൻ ജോർജ് ആശുപത്രിക്കിടക്കയിലായത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗമായ ഇദ്ദേഹത്തെ ബാധിച്ച ഗുരുതര രോഗം പാർട്ടിക്കും വേദനയായി. എത്ര തുക ചിലവഴിച്ചായാലും സഖാവ് ലാലിച്ചനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് തീരുമാനിച്ചത് ജില്ലയിലെ പാർട്ടി പ്രവർത്തകർ ഒന്നടങ്കമാണ്. ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ലാലിച്ചന്റെ തുടർ ചികിത്സയ്ക്കുള്ള മുഴുവൻ സഹായവുമൊരുക്കി.

publive-image

രോഗത്താൽ ദ്രവിച്ച കരൾ മാറ്റിവെയ്ക്കുക മാത്രമായിരുന്നൂ പോംവഴി.

ഫാം ഡി വിദ്യാർത്ഥിനിയായ മകൾ മിലൻ അന്ന ജോർജ്, പ്രിയപ്പെട്ട അച്ഛന് കരൾ പകുത്തു നൽകാൻ തയ്യാറായി.ചെന്നൈയിലെ ഗ്ലോബൽ ആശുപത്രിയിൽ 2018 ജൂൺ 30 ന് നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ മകളുടെ കരളിൽ പാതി ലാലിച്ചന്റെ കരളിനോടു കൂട്ടുചേർന്നു.

കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയിൽ ലോക പ്രശ്സ്തനായ ഡോ. മുഹമ്മദ് റെയ്ലയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയാണ് സി.പി. എം. ഇടപെട്ട് ലാലിച്ചന് ലഭ്യമാക്കിയത്. തുടർന്ന് ചെന്നൈയിലും, ബംഗ്ലൂരുവിലുമായി നീണ്ട വിശ്രമത്തിലായിരുന്ന ലാലിച്ചൻ ജോർജ് ഈ മാസമാദ്യമാണ് പാലാ പേണ്ടാനംവയലിലെ ഉഴുത്തുവാൽ വീട്ടിലെത്തിയത്.

publive-image

വിശ്രമ വേളകളെല്ലാം വായനയ്ക്കായി മാറ്റി വെച്ച ഈ പൊതുപ്രവർത്തകൻ ഡോക്ടർമാരുടെ അനുവാദത്തോടെ കഴിഞ്ഞ ദിവസം വീണ്ടും കർമരംഗത്തേയ്ക്കിറങ്ങി. ഭാര്യ സോളിയോടൊപ്പം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും, പാലാ ഏരിയാ കമ്മിറ്റി ഓഫീസിലുമെത്തിയ ലാലിച്ചനെ നേതാക്കളും സഹപ്രവർത്തകരും ആഹ്ലാദപൂർവ്വം വരവേറ്റു.

publive-image

സംസ്ഥാന സഹകരണ പെൻഷൻ ക്ഷേമനിധി ബോർഡ് അംഗവും, ഇടനാട് സഹകരണ ബാങ്ക് ബോർഡംഗവും കൂടിയായ ലാലിച്ചൻ ചില യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. അച്ഛൻ വീണ്ടും പൊതു രംഗത്ത് സജീവമാകുന്നതിന്റെ സന്തോഷം കാനഡയിലുള്ള മകൻ മിഥുനും മുഴുവൻ കുടുംബാംഗങ്ങൾക്കുമൊപ്പം പങ്കു വെയ്ക്കുന്നു.

Advertisment