Advertisment

'അന്നദ്ദേഹം പറഞ്ഞത് ഇന്നുമെന്റെ കാതിൽ മുഴങ്ങുകയാണ്.. സാറാണ് എന്നിലെ കവിയെ ആദ്യം കണ്ടെത്തിയത്' - അന്ത്യാളം സ്‌കൂളിൽ പഴയ ഓർമ്മകളുമായി കവി ഏഴാച്ചേരി രാമചന്ദ്രൻ

author-image
സുനില്‍ പാലാ
Updated On
New Update

"അന്ത്യാളം സെൻറ് മാത്യൂസ് എൽ .പി . സ്കൂളിലെ ഒന്നാം ക്ലാസ്സിന്റെ ആദ്യ ദിനം. ബോർഡിൽ ചോക്ക് കൊണ്ട് "ആ" എന്ന അക്ഷരമെഴുതിയിട്ട് നീലകണ്ഠൻ നായർ സാർ എന്നോടൊരു ചോദ്യം: ഈ അക്ഷരത്തിന് എന്തിനോടെങ്കിലും സാമ്യം തോന്നുന്നുണ്ടോ?

Advertisment

അക്ഷരത്തിന്റെ കുനിപ്പും വടിവും നോക്കി ഞാൻ ഉടൻ പറഞ്ഞു; "ആനയോട് സാമ്യമുണ്ടെന്ന് ! പുഞ്ചിരിച്ച് അരികിലേക്ക് വന്ന് വലതു കൈ എന്റെ നെറുകയിൽ വെച്ച് നീലകണ്ഠൻ നായർ സാർ പറഞ്ഞു; "മോനെ നീ ഒരു കവിയാകും...! അന്നദ്ദേഹം പറഞ്ഞത് ഇന്നുമെന്റെ കാതിൽ മുഴങ്ങുകയാണ്.... സാറാണ് എന്നിലെ കവിയെ ആദ്യം കണ്ടെത്തിയത്. "

publive-image

മുന്നിൽ കൂടിയിരുന്ന കുട്ടികളെ നോക്കി പോയ കാല ഓർമ്മകൾ കോർത്തു കെട്ടുമ്പോൾ പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രന്റെ മിഴികളിൽ ഗൃഹാതുരത്വത്തിന്റെ നനവ് പടർന്നു; ഒരു വേള അദ്ദേഹം ആ പഴയ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി ആയ പോലെ........

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആവിഷ്ക്കരിച്ച "പൊതു വിദ്യാലയങ്ങൾ പ്രതിഭകളോടൊത്ത് " എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നൂ കവി.

ഇപ്പോൾ തിരുവനന്തപുരത്താണ് സ്ഥിര താമസമെങ്കിലും ഏഴാച്ചേരിയിലെ അടുത്ത ബന്ധുവീടായ മാമ്പുഴയ്ക്കൽ വീട്ടിൽ രാമചന്ദ്രൻ എത്തിയതറിഞ്ഞ് ഏഴാച്ചേരി ജി.വി. യു.പി. സ്കൂൾ, സെൻറ് ജോൺസ് എൽ.പി. സ്കൂൾ, ചിറ്റേട്ട് എൻ. എസ്. എസ്. എൽ. പി. സ്കൂൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കവിയെ കാണാനെത്തിയത്.

"പാഠപുസ്തകത്തിന് അപ്പുറത്ത് ആദ്യത്തെ പുസ്തകം വായിച്ചത് ജി.വി.യു.പി. സ്കൂളിൽ നിന്ന്. തന്നത് പ്രിയപ്പെട്ട പൊന്നമ്മ ടീച്ചർ, പുസ്തകം ആലിബാബയും 41 കള്ളന്മാരും. അവിടെ നിന്നാണ് വിശാലമായ വായനയുടെ വാതിലുകൾ തുറന്നു കിട്ടിയത് ." ഏഴാച്ചേരി കുട്ടികളോടു പറഞ്ഞു.

"എല്ലാത്തിലും സമർത്ഥരായിരിക്കാൻ കഴിയില്ല , എന്നാൽ എല്ലാവരോടും സ്നേഹത്തിലായിരിക്കാൻ നമുക്കു കഴിയും, " പുതു തലമുറയ്ക്കുള്ള ഉപദേശമായി രാമചന്ദ്രൻ പറഞ്ഞു നിർത്തി.

വിദ്യാർത്ഥികൾ പൂച്ചെണ്ടു നൽകിയാണ് പ്രിയപ്പെട്ട കവിയോടുള്ള സ്നേഹം പങ്കുവെച്ചത്.

കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കുമൊപ്പംഫോട്ടോയ്ക്ക് പോസ് ചെയ്ത കവി, കുട്ടികൾക്ക് ഓട്ടോഗ്രാഫും എഴുതി നൽകി.

രാമപുരം എ.ഇ.ഒ. എൻ. രമാദേവി, ബി.ആർ. സി. ഓഫീസർ ജി. അശോക് രാമപുരം, അധ്യാപകരായ ജലജാ വേണുഗോപാൽ, ആനിയമ്മ , റോസിലി, ജിഷ, ശ്രീനാഥ്, ഷീജ , പി.ടി.എ. പ്രതിനിധി കെ.കെ. ശാന്താറാം എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Advertisment