Advertisment

കോവിഡ് പ്രതിരോധം: പാലാ ജനറൽ ആശുപത്രിക്ക് ജോസ് കെ മാണി എം പി 40 ലക്ഷം അനുവദിച്ചു

author-image
സുനില്‍ പാലാ
New Update

പാലാ: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിരമായി വിനിയോഗിക്കുന്നതിനായി പാലാ ജനറല്‍ ഹോസ്പിറ്റലിന് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ.മാണി എം. പി അറിയിച്ചു.

Advertisment

ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പാലാ ഹോസ്പിറ്റല്‍ സൂപ്രണ്ട് എന്നിവരുമായി ജോസ് കെ.മാണി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാലാണ് അടിയന്തിരമായി ആവശ്യമുള്ള പ്രവര്‍ത്തികള്‍ക്ക് തുക വകയിരുത്തിയത്.

ഐ സി യൂണിറ്റ്, ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍, പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണം, മാസ്‌ക്കുകള്‍, ഗ്ലൗസുകള്‍, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും.

കോട്ടയം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഐസലേഷന്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് പാലാ ജനറല്‍ ഹോസ്പിറ്റലാണ്. 18 കോടി മുതല്‍ മുടക്കി പാലാ ഹോസ്പിറ്റലില്‍ പൂര്‍ത്തിയായ പുതിയ ഒ.പി ബ്ലോക്കിലാണ് കൊറോണ ഐസലേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

മീനച്ചില്‍, കാഞ്ഞിരപള്ളി, വൈക്കം, ഇടുക്കി ജില്ലയിലെ പീരുമേട് എന്നീ താലൂക്കുകളിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് പാലാ ജനറല്‍ ഹോസ്പിറ്റലിനെയാണ്.

ആധുനിക സംവിധാനങ്ങളോട് കൂടിയ 6 കിടക്കകളുള്ള ഐ.സി യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് പ്രധാനമായും തുക അനുവദിച്ചിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അടിയന്തിരമായി ആവശ്യമുള്ളതാണ് ഐ.സി  യൂണിറ്റ്. കോവിഡ് ബാധയുള്ള രോഗികള്‍ അവര്‍ക്ക് അടിയന്തിരമായി ഐ.സി.യു ചികിത്സ ലഭ്യമാക്കേണ്ടി വരും.

നിലവിലെ സാഹചര്യത്തില്‍ പാലാ ജനറല്‍ ഹോസ്പിറ്റലില്‍ ഐ.സി.യു സൗകര്യങ്ങള്‍ ലഭ്യമല്ല. കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ശേഷവും ഈ ഐ.സി. യൂണിറ്റ് പാലാ ഹോസ്പിറ്റലില്‍ എത്തുന്ന ഹൃദയരോഗികള്‍ അടക്കമുള്ളവര്‍ക്ക് ഉപയോഗിക്കാനാവും.

കൂടാതെ 15 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകളും സ്ഥാപിക്കും. ഐ.സി.യു യൂണിറ്റിനും, ഓക്‌സിജന്‍ സിലിണ്ടുകള്‍ക്കുമായി 36 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

അഞ്ച് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വാങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നതോടെ വളരെ വേഗത്തില്‍ മതിയായ സുരക്ഷയോടെ രോഗികളുടെ താപനില അളക്കുവാന്‍ സാധിക്കും.

നിലവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും, നേഴ്‌സുമാര്‍ക്കും  സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള യൂണിറ്റുകളുടെ കുറവുണ്ട്. ആയതിനാല്‍ 200 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങളും നല്‍കും.

കൂടാതെ ആവശ്യത്തിന് മാസ്‌ക്കുകളും, ഗ്ലൗസുകളും, സാനിറ്റൈസേര്‍സും വാങ്ങുന്നതിനുമായും തുക അനുവദിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഹോസ്പിറ്റലിന് ഇവ ലഭ്യമാക്കണമെന്നും ജോസ് കെ.മാണി എം.പി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

ജില്ലയിലെ മറ്റ് ഹോസ്പിറ്റലുകളിലും ആവശ്യമുള്ള സംവിധാനങ്ങള്‍ ജില്ലാ കളക്ടറോട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

Advertisment