Advertisment

കാനാട്ടുപാറ വാർഡ് കൗൺസിലർ ജിജി ജോണി കൂട്ടുകാരികളെ കൂട്ടി തുന്നിയെടുത്തത് ആയിരത്തോളം മുഖാവരണങ്ങൾ. അഭിനന്ദനവുമായി വാർഡ് നിവാസികൾക്കൊപ്പം പാലാ പോലീസും പാലാ ജനറൽ ആശുപത്രി ജീവനക്കാരും

author-image
സുനില്‍ പാലാ
New Update

പാലാ:  പാലാ നഗരസഭയിലെ കാനാട്ടുപാറ വാർഡ് കൗൺസിലർ ജിജി ജോണിക്ക് ജയ് വിളിക്കാൻ ഇപ്പോൾ വാർഡ് നിവാസികൾക്കൊപ്പം പാലാ പോലീസും, പാലാ ജനറൽ ആശുപത്രി ജീവനക്കാരുമൊക്കെയുണ്ട്.  ജിജിയുടെ നന്മ മനസ്സിൽ നിന്ന് ഇഴ കോർത്തെടുത്ത മുഖാവരണങ്ങളാണ് (മാസ്ക്ക്) ഇന്ന് പാലാ പോലീസും ജനറൽ ആശുപത്രി ജീവനക്കാരുമണിയുന്നത്.

Advertisment

മഹാമാരിയോടു പൊരുതി നിൽക്കാൻ സമൂഹത്തിനൊരു കൈത്താങ്ങെങ്കിലും നൽകുകയെന്ന പ്രാർത്ഥനയോടെ കൂട്ടുകാരികളെ കൂട്ടി ജിജി ജോണി തുന്നിയെടുത്തത് ആയിരത്തോളം മുഖാവരണങ്ങളാണ്.

publive-image

പാലാ നഗരസഭയിലെ 26 കൗൺസിലർമാരിൽ 25 പേരും  ചിന്തിക്കാത്ത വേറിട്ട  കാരുണ്യവഴിയേ ജിജി നടന്നു തുടങ്ങിയത് കേവലം അഞ്ച് ദിവസം മുമ്പ് മാത്രം. വാർഡിലെ  കൂലിപ്പണിക്കും മറ്റും പോകുന്ന പാവപ്പെട്ട നൂറു പേർക്ക് സൗജന്യമായി മാസ്ക്കുകൾ വിതരണം ചെയ്യുകയായിരുന്നൂ കൗൺസിലറുടെ ആദ്യ ലക്ഷ്യം.

ഇതിനായി കൈക്കാശു മുടക്കി തുണിയും ഇലാസ്റ്റിക്കുമൊക്കെ വാങ്ങി. കൂട്ടുകാരികളായ രജനി, വൽസമ്മ, വിജി, ബിന്ദു, സതി, സുജാമ്മ എന്നിവരുടെ സഹായത്തോടെ മാസ്ക്കുകൾ തൈച്ചെടുത്തു.

ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന്. ഇതോടെ വീട്ടിലിരിക്കുന്ന വാർഡുകാർക്ക് മാസ്ക്ക് കൊടുത്തിട്ടു കാര്യമില്ലെന്നായി.

ഇതിനിടെ ജിജിയും കൂട്ടരും മാസ്ക്ക് തയ്ച്ച വിവരം സി.പി.എം. പാലാ ലോക്കൽ സെക്രട്ടറി ജയപ്രകാശ് മുഖാന്തിരം പാലാ പോലീസുമറിഞ്ഞു. എത്ര മാസ്ക്കുണ്ടെങ്കിലും തങ്ങൾക്കു തന്നേക്കൂവെന്ന പോലീസിന്റെ അഭ്യർത്ഥന ജിജിയ്ക്കും കൂട്ടുകാർക്കും സമ്മതമായി.

publive-image

ഇന്നലെ രാവിലെ സി.പി.എം. ലോക്കൽ സെക്രട്ടറി ജയപ്രകാശ്, അഡ്വ.ബാബു, ടിമിൽ തോമസ് ഒറ്റപ്ലാക്കൽ എന്നിവരോടൊപ്പമെത്തി ജിജി ജോണി മാസ്ക്കുകൾ പാലാ എസ്. ഐ. പി.ജെ.കുര്യാക്കോസിന് കൈമാറി. ഈ വിവരമറിഞ്ഞ പാലാ ജനറൽ ആശുപത്രി ആർ. എം. ഒ.ഡോ. അനീഷ് കെ. ഭദ്രൻ, ആയിരത്തോളം മാസ്ക്കുകൾ തയ്ക്കാനുള്ള തുണി, ജിജിയേയും കൂട്ടുകാരികളേയും ഏൽപ്പിച്ചു.

സാമ്പത്തികമായ പിന്നാക്കാവസ്ഥകൾക്കിടയിലും സഹജീവി സ്നേഹത്തിന്റെ മുഖാവരണങ്ങളൊരുക്കാൻ നൂറുവട്ടം സമ്മതത്തിലാണീ കൗൺസിലറും കൂട്ടുകാരികളും. "ഞങ്ങളുടെ  പ്രവർത്തി മറ്റെവിടെയെങ്കിലും ആർക്കെങ്കിലും പ്രചോദനമാകണം എന്ന പ്രാർത്ഥന മാത്രം " - ജിജി പറയുന്നു.

പാലാ നഗരസഭാ കൗൺസിലർ ജിജി ജോണിയുടെ മാതൃകാപരമായ പ്രവർത്തിയെ ചെയർപേഴ്സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസീസ് എന്നിവർ അഭിനന്ദിച്ചു.

Advertisment