Advertisment

കൊച്ചു ജൂവലിന്റെ ജീവനായി നാടൊന്നിക്കുന്നു

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  കരൂര്‍ ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡിലെ (അല്ലാപ്പാറ) ചൂരനോലിക്കല്‍കുന്നേല്‍ വീട്ടില്‍ റിനോയിയുടെ 3 വയസ്സുള്ള മകന്‍ ജൂവല്‍ റിനോയി ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ട് ചികിത്സയിലാണ്. ആകെ 4 സെന്റ് സ്ഥലവും ഒരു ചെറിയ കിടപ്പാടവും മാത്രമാണ് ആ കുടുംബത്തിനുള്ളത്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന റിനോയിയുടെ കുടുംബത്തിന് ഈ കുരുന്നിന്റെ ചികിത്സ മുന്നോട്ട് നടത്താന്‍ ആവാത്ത സ്ഥിതിയാണിപ്പോള്‍.

Advertisment

publive-image

ഏകദേശം ആയിരം രൂപയോളം ഒരു ദിവസം ചികിത്സക്കായി ചിലവാകുന്നു. ചികിത്സ നടക്കുന്നതിനാല്‍ ജോലിയ്ക്ക് പോകാന്‍ വയ്യാത്ത അവസ്ഥയാണ്. കൂടാതെ റിനോയ്ക്ക് 6 വയസ്സും 8 മാസവും പ്രായമുള്ള 2 കുട്ടികള്‍ കൂടിയുണ്ട്. ഈ സാഹചര്യത്തിലാണ് അല്ലപ്പാറ പോണാട് പ്രദേശവാസികള്‍ ഈ കുരുന്ന് ജീവന്‍ രക്ഷിക്കാന്‍ ഒരുമിക്കുന്നത്.

സെപ്തംബര്‍ 8-ന് ധനസമാഹരണ യജ്ഞം നടക്കുകയാണ്. അതിലേക്കായി ഫെഡറല്‍ ബാങ്ക് കൊട്ടാരമറ്റം ബ്രാഞ്ചില്‍ പഞ്ചായത്ത് മെമ്പര്‍ ആനിയമ്മ ജോസ്, ജൂവല്‍ സഹായനിധി കണ്‍വീനര്‍മാരായ ലിജോ ആനിത്തോട്ടം, ജിന്‍സ് കാപ്പന്‍ എന്നിവരുടെ പേരില്‍ ഒരു ജോയിന്റ് അക്കൗണ്ടും പാലാ കൊട്ടാരമറ്റം ഫെഡറല്‍ ബാങ്കില്‍ ആരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 8-ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയുള്ള സമയത്ത് കരൂര്‍ പഞ്ചായത്തിലെ പോണാട്, അല്ലപ്പാറ വാര്‍ഡുകളിലും അതിന്റെ സമീപ പ്രദേശങ്ങളിലുമാണ് ധനസമാഹരണം നടക്കുക. 6 മണിക്കൂര്‍ കൊണ്ട് 8 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

publive-image

നല്ലവരായ നാട്ടുകാരുടെയും സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും സാന്നിദ്ധ്യ സഹകരണങ്ങളാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് മെമ്പര്‍മാരായ ആനിയമ്മ ജോസ്, ജയന്‍ കൊല്ലംപറമ്പില്‍, ജൂവല്‍ സഹായനിധി കമ്മറ്റിയംഗങ്ങളായ ലിജോ ആനിത്തോട്ടം, ജിന്‍സ് കാപ്പന്‍, കെ.പി. സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

അക്കൗണ്ട് നമ്പര്‍: 19320100031385, ഫെഡറല്‍ ബാങ്ക് കൊട്ടാരമററം ബ്രാഞ്ച്, ഐ.എഫ്.സി. കോഡ്: FDRL0001932

ജൂവലിനുള്ള ആദ്യ ധനസഹായം ഇന്നലെ പാലാ പ്രസ്സ് ക്ലബ്ബ് ഹാളിൽ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ജോണി ജോസഫ് ,ജൂവൽ സഹായ നിധി കമ്മിറ്റിയംഗം ലിജോ ആനിത്തോട്ടത്തിന് സമർപ്പിച്ചു. പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ ടി.എൻ. രാജൻ, ജോസ് ചെറിയാൻ, ജെയ്സൺ, സിജി ജയിംസ്, ജോമോൻ എബ്രഹാം, സുനിൽ പാലാ തുടങ്ങിയവർ പങ്കെടുത്തു.

Advertisment