Advertisment

കിടങ്ങൂര്‍ ഉത്സവം: ആചാരത്തനിമയില്‍ ചരിത്രപ്രസിദ്ധമായ കട്ടച്ചിറ കാവടിഘോഷയാത്ര വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു

author-image
സുനില്‍ പാലാ
New Update

പാലാ:  മദ്ധ്യകേരളത്തിലെ  അതിപുരാതനവും ഐതിഹ്യപ്പെരുമയില്‍ കീര്‍ത്തികേട്ടതുമായ കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സസവത്തോടനുബന്ധിച്ച് അഭീഷ്ടവരദായകനായ ബാലമുരുകന്റെ ഇഷ്ട വഴിപാടായ കാവടി അഭിഷേകത്തിനൊരുങ്ങി കിടങ്ങൂര്‍ ഗ്രാമവും മീനച്ചില്‍ താലൂക്കും.

Advertisment

ആറാം ഉത്സവദിനമായ വെള്ളിയാഴ്ച രാവിലെ 7നാണ്  കട്ടച്ചിറ ശ്രീമുരുക കാവടി സംഘത്തിന്റെ നേതൃത്വത്തിലുള്ള ചരിത്ര പ്രസിദ്ധമായ  കട്ടച്ചിറ കാവടിഘോഷയാത്ര കട്ടച്ചിറ കാണിക്കമണ്ഡപത്തില്‍ നിന്നാരംഭിക്കുന്നത്.

publive-image

കിടങ്ങൂര്‍ ഉത്സവത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നായി ഇതിനോടകം കട്ടച്ചിറ കാവടി ഘോഷയാത്ര മാറിക്കഴിഞ്ഞു. ഭക്തിനിര്‍ഭരമായ കാവടി ഘോഷയാത്ര നാടിന്റെ വിശാലമനസിന്റെയും സഹകരണത്തിന്റെയും മഹത്തായ അനുഷ്ഠാനമായി ചരിത്രത്താളുകളില്‍ ഇതിനോടകം ഇടം പിടിച്ചിട്ടുണ്ട്.

കിടങ്ങൂര്‍ ഉത്സവത്തോടനുബന്ധിച്ച് ആറാം ഉത്സവ നാളിൽ കട്ടച്ചിറയില്‍ നിന്നും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണ്ടു മുതലേ ക്ഷേത്രത്തിലേക്ക് ആചാരത്തനിമയോടെ കാവടിഘോഷയാത്ര നടന്നുവന്നിരുന്നുവെങ്കിലും 37 വര്‍ഷം മുന്‍പാണ് കട്ടച്ചിറയില്‍ നിന്ന് ശ്രീമുരുക കാവടി സംഘത്തിന്റെ നേതൃത്വത്തില്‍ സംയുക്തവും വിപുലവുമായി ആചാരത്തനിമ അതേപടി നിലനിര്‍ത്തി ആഘോഷപൂര്‍വ്വമുള്ള കാവടിഘോഷയാത്ര ആരംഭിച്ചത്.

വര്‍ഷങ്ങളായി കിടങ്ങൂരിന്റെ പുണ്യഭൂവില്‍, ജനബാഹുല്യം കൊണ്ട് വിസ്മയം സൃഷ്ടിച്ച കാവടി ഘോഷയാത്രയില്‍ ഓരോ വര്‍ഷവും പുതിയതായി ആയിരക്കണക്കിന് ഭക്തരാണ് അണിചേരുന്നത്.

കിടങ്ങൂരിന്റെയും പരിസരപ്രദേശങ്ങളിലെയും സമസ്ത ജനവിഭാഗങ്ങളും ഒരൊറ്റ മനസായി, മതമൈത്രിയുടെ സന്ദേശമായി അണിനിരക്കുന്ന അവാച്യമായ അനുഭൂതി കൂടിയാണ് കട്ടച്ചിറ കാവടി ഘോഷയാത്രയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കൃതിയുടെ നേര്‍പരിച്ഛേദമായും വിവിധ ദൃശ്യശ്രവ്യകലകളുടെ സമഞ്ജസമായ സമ്മേളനമായും കാവടിഘോഷടാത്ര മാറുന്നതിനൊപ്പം  നിറഭേദങ്ങളുടെ നിറസാന്നിദ്ധ്യവുമായി മാറുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ അത്യപൂര്‍വ്വമായ  12 കാവടി കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ  പ്രധാന സവിശേഷതകളില്‍ ഒന്നാണ്, അനേകം  12 കാവടികള്‍ ഒന്നിച്ചണി നിരക്കുന്നുവെന്ന പ്രത്യേകതയും  കട്ടച്ചിറ കാവടി ഘോഷയാത്രക്കുണ്ട്.

ഒപ്പം നൂറുകണക്കിന് ഒറ്റക്കാവടികള്‍ ,കൊട്ടക്കാവടി, ആട്ടക്കാവടി, പൂക്കാവടി,  കരകാട്ടം, മലബാര്‍ തെയ്യം, ഗുരുവായൂര്‍  തെയ്യം, വിവിധ  ഉത്സവ ഫ്‌ളോട്ടുകള്‍ എന്നിവയും

പഞ്ചവാദ്യം, പമ്പമേളം,ശിങ്കാരിമേളം, ചെണ്ടമേളം തുടങ്ങിയവയും താളമേള വിസ്മയം തീര്‍ക്കാനുണ്ടാവും.

കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ രാവിലെ ഏഴിനാരംഭിക്കുന്ന കാവടിഘോഷയാത്ര കിടങ്ങൂര്‍ ടൗണ്‍ചുറ്റി നാടിനാകെ പുണ്യദര്‍ശനം പകര്‍ന്ന്  ക്ഷേത്ര സന്നിധിയില്‍ പത്ത്മണിയോടെ എത്തിച്ചേരും.

പത്രസമ്മേളത്തില്‍ കാവടി സംഘം ചെയര്‍മാന്‍ ജി.വിശ്വനാഥന്‍ നായര്‍,കണ്‍വീനര്‍ അനില്‍ പാഴൂരാത്ത്, ഡോ.ബി.വേണുഗോപാല്‍,ആര്‍.വേണുഗോപാല്‍ വാലേല്‍,

എം.ഡി. ഗോപാലകൃഷ്ണന്‍ നായര്‍, പി.വി.രാജന്‍, രാജേഷ് തിരുമല, ശ്രീകുമാര്‍ പറത്താനിയില്‍,ആര്‍.പ്രകാശ് ,കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Advertisment