Advertisment

പൂത്തു വിടർന്ന ആ മഞ്ഞ കോളാമ്പിപ്പൂക്കൾ ഇനി ഒറ്റയ്ക്കല്ല. ഇവയെ ഏറ്റെടുത്ത് സംരക്ഷിക്കാൻ ഇനി പാലാ നഗരസഭയുണ്ട് കൂടെ !

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  പാലാ നഗര സൗന്ദര്യവത്ക്കരണ ഭാഗമായി കൊണ്ടു വന്ന്, പിന്നീട് ചെടിച്ചട്ടി തകർന്നതിനാൽ പാലാ മൃഗാശുപത്രി വളപ്പിൽ പട്ടിക്കൂട്ടുകൾക്കു മുന്നിൽ തള്ളിയ കോളാമ്പിച്ചെടികളെപ്പറ്റി "നട തള്ളിയവർക്ക് മുൻപിൽ മഞ്ഞപ്പട്ട് ചാർത്തി വീണ്ടും കോളാമ്പി പൂക്കൾ " എന്ന്‍ വാർത്ത വന്നിരുന്നു.

Advertisment

publive-image

ഇന്നലെ രാവിലെ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ പാലാ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ മൃഗാശുപത്രി വളപ്പിൽ തള്ളിയ പൂച്ചെടികൾ നേരിട്ട് കാണാനെത്തി. വിടർന്ന പൂക്കളുടെ സൗരഭ്യം നുകർന്നും തലോടിയും ഏറെ നേരം നിന്ന ചെയർപേഴ്സൺ പറയാതെ പറഞ്ഞു ; "പ്രിയപ്പെട്ട പൂക്കളെ നിങ്ങൾ ഒറ്റയ്ക്കല്ല , ഞങ്ങളുണ്ട് കൂടെ...

" വാർത്ത വായിച്ച ഉടൻ ഈ പൂക്കൾ ഉടൻ നേരിൽ കാണണമെന്ന ചിന്തയാണുണ്ടായത്. എന്തായാലും ഇത് ഇവിടെയിട്ട് വെറുതെ നശിപ്പിക്കില്ല. 200 ചെടിച്ചട്ടികൾ ഉടൻ വാങ്ങാനുള്ള നിർദ്ദേശം അടുത്ത നഗരസഭാ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. ഇതിന് എന്തെങ്കിലും തടസ്സമുണ്ടായാൽ, ഈ പൂച്ചെടികൾ പന്ത്രണ്ടാം മൈലിലെ ചിൽഡ്രൻസ് പാർക്കിലേക്ക് ഉടൻ മാറ്റും " -ചെയർപേഴ്സൺ വ്യക്തമാക്കി.

publive-image

തകർന്ന മുഴുവൻ ചെടിച്ചട്ടികളും മാറ്റി പുതിയവ വാങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. ആകെ 1400 ചെടിച്ചട്ടികളാണുണ്ടായിരുന്നത്. ഇവയിൽ പകുതിയോളം വണ്ടിയിടിച്ചും സാമൂഹ്യ വിരുദ്ധരായിട്ടും നശിപ്പിച്ചിട്ടുണ്ട്. മൃഗാശുപത്രി വളപ്പിൽ മാറ്റി ഒഴിവാക്കിയിട്ടിരിക്കുന്ന ചെടികൾ എത്രയും വേഗം പരിചരിച്ചെടുക്കുമെന്നും ബിജി ജോജോ പറഞ്ഞു.

ചെയർപേഴ്സൺ പറഞ്ഞു നിർത്തിയതേ ചെറിയൊരു കാറ്റു വീശി; മഞ്ഞക്കോളാമ്പി പൂക്കൾ ഒരുമിച്ച് തലയാട്ടി; നഗരസഭാധ്യക്ഷ പറഞ്ഞ കാര്യത്തോട്ട് നൂറുവട്ടം സമ്മതമാണെന്ന മട്ടിൽ. തങ്ങൾ ഒറ്റയ്ക്കല്ലല്ലോ, സഹായത്തിന് ആളുണ്ടായല്ലോ എന്ന സന്തോഷം കൊണ്ടാവാം, പൂക്കാതെ നിന്ന ചില ചെടികളിൽക്കൂടി ഇന്നലെ മഞ്ഞ മൊട്ടുകൾ വിടരാൻ തുടങ്ങിയിരുന്നു ; നന്ദിയുടെ നറുമലരായി വിടർന്ന പൂക്കൾ !

Advertisment