Advertisment

പാലാ നഗരത്തിൽ പതിനഞ്ചോളം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  പാലാ നഗരത്തിൽ ഇലയനങ്ങിയാൽ ഇനി നഗരസഭാധികൃതരും പോലീസും വിവരമറിയും. നഗരത്തിൽ അങ്ങോളമിങ്ങോളമായി സ്ഥാപിച്ചിരിക്കുന്ന പതിനഞ്ചോളം സി.സി.ടി.വി. ക്യാമറകൾ നഗര ചലനം അപ്പാടെ അതാതു നിമിഷങ്ങളിൽ ഒപ്പിയെടുത്തു കൊണ്ടിരിക്കുകയാണ്.

Advertisment

publive-image

കൊട്ടാരമറ്റത്താണ് ആദ്യ രണ്ടു ക്യാമറകൾ. തുടർന്ന് നഗരത്തിലേക്കു വരുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വലിയ പാലം, വലിയ പാലത്തിന്റെ അടിഭാഗത്ത് പഴയ ആർ.വി. പാർക്കിനോടു ചേർന്ന്, കുരിശുപള്ളി ജംഗ്ഷൻ, ടൗൺ ബസ് സ്റ്റാൻഡ്, ളാലം പാലം ജംഗ്ഷൻ, കെ.എസ്. ആർ.ടി.സി.യുടെ പ്രവേശന കവാടം, പോലീസ് സ്റ്റേഷൻ കവാടത്തിലെ ബസ് സ്റ്റോപ്പ്, മുനിസിപ്പൽ ഓഫീസിനു മുൻവശം, സിവിൽ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലാണ് ക്യാമറകൾ വെച്ചിട്ടുള്ളത്.

മുനിസിപ്പാലിറ്റിയുടെ പ്ലാൻ ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപാ ചിലവഴിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്.

സ്റ്റേഡിയം ജംഗ്ഷൻ, ടൗൺ ബസ് സ്റ്റാൻഡിന്റെ മുൻവശം എന്നിവിടങ്ങളിൽക്കൂടി ഉടൻ ക്യാമറകൾ വെയ്ക്കുമെന്ന് നഗരസഭാ ചെയർ പേഴ്സൺ ബിജി ജോജോ കുടക്കച്ചിറ പറഞ്ഞു.

മുനിസിപ്പൽ ഓഫീസിൽ ചെയർപേഴ്സന്റെ ചേംബറിലും, പോലീസ് സ്റ്റേഷനിലും മോണിട്ടറിംഗ് നടത്താം. ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ സ്ക്രീനിൽ നഗരകാഴ്ചകൾ അപ്പപ്പോൾ വന്നുകൊണ്ടിരിക്കുകയാണ്.

കുറ്റകൃത്യങ്ങൾ തടയുക, മാലിന്യം നിക്ഷേപിക്കുന്നവരെ തിരിച്ചറിയുക എന്നതിനൊപ്പം മോഷണം ഉൾപ്പെടെയുള്ള മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായാൽ എളുപ്പത്തിൽ തെളിവുകൾ ശേഖരിക്കാനും ഇനി നിയമപാലകർക്ക് കഴിയും. സൂക്ഷ്മമായ ദൃശ്യങ്ങൾ കൂടി ഒപ്പിയെടുക്കും വിധമാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുണ്ടായ ചില മദ്യപ ശല്യങ്ങൾ തൽസമയം ക്യാമറയിൽ കണ്ട പോലീസ് സത്വര നടപടികൾ സ്വീകരിച്ചിരുന്നു.

Advertisment