Advertisment

മതനിരപേക്ഷ ജനാധിപത്യം തകര്‍ക്കാന്‍ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു: പിണറായി

author-image
സുനില്‍ പാലാ
New Update

പാലാ:  മതനിരപേക്ഷ ജനാധിപത്യം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.എന്‍. വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പാലായില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

ജനോപകാരപ്രദമായ ബദല്‍ നയത്തോടെയുള്ള ഗവണ്‍മെന്റാണ് അധികാരത്തില്‍ വരേണ്ടത്. ഉദാരവത്കരണനയം പിന്തുടരുന്ന കോണ്‍ഗ്രസും ബി.ജെ.പി.യും കോര്‍പറേറ്റുകള്‍ക്കും ശതകോടീശ്വരന്മാര്‍ക്കുമൊപ്പമാണ്. ഇവരെ കൂടുതല്‍ക്കൂടുതല്‍ വളര്‍ത്താന്‍ ഇവര്‍ മത്സരിക്കുന്നു. എന്നാല്‍ പാവപ്പെട്ടവരോടും അധ്വാനിക്കുന്നവരോടുമാണ് ബദല്‍നയം നടപ്പാക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് പ്രതിബദ്ധത.

publive-image

ബദല്‍നയം പിന്തുടരുന്നതുകൊണ്ടാണ് രാജ്യത്ത് കൂട്ടായ്മയും വികസനപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താന്‍ ഇടതുമുന്നണിക്ക് സാധിക്കുന്നത്. മലയോര, തീരദേശ ഹൈവേകളുടെ നിര്‍മ്മാണത്തിനായി പതിനായിരം കോടി രൂപാ നീക്കിവയ്ക്കാന്‍ സര്‍ക്കാരിനായതും ഒരുലക്ഷത്തില്‍പരം പേര്‍ക്ക് പട്ടയം നല്‍കാനായതും സാധാരണക്കാര്‍ക്കായി സര്‍ക്കാര്‍ ബദല്‍നയം തുടരുന്നതുകൊണ്ടാണ്.

2009 മുതല്‍ 2019 വരെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ദുരിതത്തിന്റെ കാലമായിരുന്നു. രണ്ടു സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നുവെങ്കിലും നവ ഉദാര സാമ്പത്തിക നയങ്ങള്‍ പിന്തുടർന്ന് കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുകയായിരുന്നു . ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി . പൊതു വിദ്യാഭ്യാസ രംഗത്ത് ഉണര്‍വ്വുണ്ടായി. ഇതെല്ലാം ബദല്‍ നയങ്ങളുടെ മാതൃകകളാണ്.

ഇതിനിടയില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തിരിച്ചടിയായിവന്ന പ്രളയ ദുരന്തത്തെ നമ്മള്‍ ഒറ്റക്കെട്ടായി നേരിട്ടു. ലോകത്തിന്റെ പല ഭാഗത്തും നിന്ന് ആളുകള്‍ സഹായവുമായി എത്തിയപ്പോള്‍ സഹായം സ്വീകരിക്കുന്നതിന് അനുമതി നല്കാതെ ചിലര്‍ സംസ്ഥാനത്തിനിട്ട് പാരവച്ചു. പക്ഷേ കേരള ജനത അതെല്ലാം അതിജീവിച്ചു.

പ്രളയത്തെ നമ്മള്‍ ഒറ്റക്കെട്ടായി നേരിട്ടപ്പോള്‍ അസംതൃപ്തരായ ചിലര്‍ ദുരന്തം മനുഷ്യനിര്‍മ്മിതമാണെന്ന് ആരോപിച്ചു. ഐക്യരാഷ്ട്രസമിതിയും കേന്ദ്ര ജലവിഭവ വകുപ്പിന്റെ വിദഗ്ധ സംഘവും ഐ.ഐ.ടി.സംഘവും ഉള്‍പ്പെടെ പ്രളയം പ്രകൃതിനാശമാണന്ന് വിലയിരുത്തിട്ടുണ്ട്. പ്രളയത്തെ നേരിട്ട രീതിയെ പലരും പ്രശംസിക്കുകയും ചെയ്തു. ഇതെല്ലാം സര്‍ക്കാരിനുള്ളതല്ല, ജനങ്ങള്‍ക്കുള്ള പ്രശംസയാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണിത്.

കോട്ടയത്ത് ഇടതുമുന്നണി കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് മത്സരരംഗത്തിറക്കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവംഗം ബാബു കെ. ജോര്‍ജ് അധ്യക്ഷതവഹിച്ചു.

എന്‍.സി.പി. നേതാവ് മാണി സി. കാപ്പന്‍, ഫ്രാന്‍സിസ് ജോര്‍ജ്, പി.എം. മാത്യു, സി.കെ. ജോസഫ്, ലാലിച്ചന്‍ ജോര്‍ജ്, ഔസേപ്പച്ചന്‍ തകിടിയേല്‍, ഡോ. സിന്ധുമോള്‍ ജേക്കബ്, ജോര്‍ജ് സി. കാപ്പന്‍, വി.പി. ഇബ്രാഹിം, പി.എം. ജോസഫ്, സിബി തോട്ടുപുറം, ഏഴാച്ചേരി വി.ജി. വിജയകുമാര്‍, ഷാജി കടമല, പീറ്റര്‍ പന്തലാനി, അപ്പച്ചന്‍ വെട്ടിത്താനം, ആര്‍.ടി. മധുസൂദനന്‍, ബെന്നി മൈലാടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment