Advertisment

പുരക്കരം ഉടന്‍ അടച്ചില്ലെങ്കില്‍ 'പരേതയെ' പ്രോസിക്യൂട്ട് ചെയ്യുമെന്ന് പൂഞ്ഞാര്‍ പഞ്ചായത്ത് അധികൃതര്‍ !! 

author-image
സുനില്‍ പാലാ
Updated On
New Update

പൂഞ്ഞാര്‍:  ജപ്തിക്കും പ്രോസിക്യൂഷനും മുമ്പുള്ള അറിയിപ്പ് 'പരലോകത്തേയ്ക്ക് 'വിടാനുള്ള മാര്‍ഗ്ഗ മില്ലാത്തതിനാലാവാം കമലാക്ഷിയമ്മയുടെ കൊച്ചുമകന്‍ സുമിത്തിനാണ് നോട്ടീസ് കൈപ്പറ്റാനുള്ള 'യോഗ'മുണ്ടായത്.

Advertisment

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പത്താംവാര്‍ഡില്‍ പാതാമ്പുഴ മന്നം നെടുങ്ങാട്ട് കമലാക്ഷിയമ്മ 2012 ജൂലൈ 21-നാണ് മരിച്ചത്. ഇതു സംബന്ധിച്ചുള്ള മരണസര്‍ട്ടിഫിക്കറ്റ് ആ വര്‍ഷം ആഗസ്റ്റ് 8-ാം തീയതി പഞ്ചായത്തില്‍ നിന്ന് കൊടുത്തിട്ടുമുണ്ട്.

publive-image

കമലാക്ഷിയമ്മയുടെ പേരിലായിരുന്നു നെടുങ്ങാട്ട് വീടും വസ്തുവകകളും. ഇവര്‍ക്ക് മൂന്നുമക്കള്‍. രാധാമണി, ശാന്തകുമാരി, ഓമനകുമാരി എന്നിവര്‍. ഇപ്പോള്‍ നെടുങ്ങാട്ട് വീട്ടില്‍ താമസം ഓമനകുമാരിയും മകന്‍ സുമിത്തുമാണ്. വസ്തുവകകള്‍ മുത്തശ്ശിയുടെ പേരിലാണെങ്കിലും കൃത്യമായി പുരക്കരവും വസ്തുക്കരവും കഴിഞ്ഞവര്‍ഷം വരെ അടച്ചിരുന്നതായി സുമിത്ത് പറഞ്ഞു. ഇതിന്റെ രസീതുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

എന്നാല്‍ 2013 മുതല്‍ കമലാക്ഷിയമ്മയുടെ പേരിലുള്ള വസ്തുവിനും വീടിനും കരം അടച്ചിട്ടില്ലെന്നാണ് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വാദം. എത്രയും വേഗം കരം അടച്ചില്ലെങ്കില്‍ കമലാക്ഷിയമ്മയുടെ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തി ചെയ്യുമെന്ന് കാണിച്ച് കഴിഞ്ഞ ഫെബ്രുവരി 20- ന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് അയച്ചിരുന്നു.

publive-image

ഇത് കൈപ്പറ്റിയ സുമിത്ത്, സെക്രട്ടറിയെ ഫോണില്‍ വിളിച്ച് താന്‍ രണ്ടു കരങ്ങളും അടച്ചതായി അറിയിച്ചിരുന്നു. ക്ലറിക്കല്‍ തകരാര്‍ പറ്റിയതാണോ എന്ന് നോക്കാമെന്നും രണ്ടുദിവസത്തിനുള്ളില്‍ ആളെ വീട്ടില്‍ വിടാമെന്നും സെക്രട്ടറി അറിയിച്ചിരുന്നതായി സുമിത്ത് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് നടപടിയൊന്നുമുണ്ടായില്ല.

ഇക്കഴിഞ്ഞ മെയ് 18-ാം തീയതി പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ് വീണ്ടും ലഭിച്ചു. 15 ദിവസത്തിനുള്ളില്‍ നികുതിയും നോട്ടീസ്പടിയും കൂടി അടച്ചില്ലെങ്കില്‍ പഞ്ചായത്ത് ചട്ടപ്രകാരം കമലാക്ഷിയമ്മയുടെ ജംഗമവസ്തുക്കള്‍ ജപ്തി ചെയ്യുകയോ അല്ലെങ്കില്‍ കമലാക്ഷിയമ്മയെ പ്രോസിക്യൂട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.

മുത്തശ്ശിയുടെ പേരിലുള്ള വസ്തുവിനും വീടിനും കരം അടച്ചിട്ടും പരലോകത്തേയ്ക്ക് പോയ മുത്തശ്ശിയെ പ്രോസിക്യൂട്ട് ചെയ്യാനാണ് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് അധികാരികള്‍ നീക്കം നടത്തുന്നതെങ്കില്‍ തനിക്ക് എന്തുചെയ്യാന്‍ കഴിയും എന്നാണ് സുമിത്ത് ചോദിക്കുന്നത്.

publive-image

Advertisment