Advertisment

രാമപുരം മരങ്ങാട് റോഡിലെ വെള്ളക്കെട്ട്: സ്വകാര്യ വ്യക്തി റോഡിൽ നിന്നുള്ള ഓവ് അടച്ചതിനാലെന്ന പരാതിയുമായി പരിസരവാസികൾ. വെള്ളക്കെട്ട് വിഷയം തീർക്കാൻ പോലീസും

author-image
സുനില്‍ പാലാ
Updated On
New Update

രാമപുരം:  മരങ്ങാട് റോഡ് കണ്ടാൽ പ്രളയത്തിൽ പുഴ വെള്ളം കയറിക്കിടക്കുന്നതാണെന്ന് തോന്നും. പക്ഷേ അങ്ങിനെയല്ല, ഓട അടഞ്ഞതിനാൽ ഒന്നാന്തരം റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. വാഹനങ്ങൾക്കുമെല്ലാം ദുരിതമായ വെള്ളക്കെട്ട്.

Advertisment

publive-image

<മരങ്ങാട് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനിറങ്ങി, സ്വകാര്യ വ്യക്തി എതിർത്തതോടെ മടങ്ങുന്ന പരിസര വാസികൾ>

രാമപുരം സെൻറ് അഗസ്റ്റ്യൻസ്‌ ഫൊറോനാ പള്ളി, മാർ ആഗസ്തീനോസ് കോളജ് എന്നിവയുടെ മുന്നിലൂടെ പാലായ്ക്കുള്ള വഴിയാണിത്. ദിവസേന നൂറു കണക്കിനു വാഹനങ്ങളും ആയിരക്കണക്കിനു യാത്രക്കാരും സഞ്ചരിക്കുന്ന വഴി.

രാമപുരം കോളജ് ഹോസ്റ്റലിന് അപ്പുറം റോഡിലെ കലുങ്ക് കഴിഞ്ഞാൽ വെള്ളക്കെട്ട് തുടങ്ങുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ ഇവിടെ മുട്ടൊപ്പം വെള്ളമുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോ റിക്ഷകളും കടന്നു പോകാത്തത്ര വെള്ളം. വെള്ളം അൽപ്പം താഴ്ന്നതോടെ ഇതുവഴി ഓടിയ ചില ഓട്ടോ റിക്ഷകളാകട്ടെ പിന്നീട് തകരാറിലാവുകയും ചെയ്തു. കാൽ നടയാത്രക്കാർ മഴയിൽ ഇതു വഴി നടക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

റോഡിൽ നേരത്തേ ഉണ്ടായിരുന്ന ഓട അടഞ്ഞതോ "അടച്ചതോ" ആണ് വെള്ളക്കെട്ടുണ്ടാകാൻ കാരണം എന്നതാണ് വസ്തുത. വെള്ളം സമീപത്തെ പുരയിടത്തിലേക്ക് വാർന്ന് പോകാൻ ഒരു ഓവ് സ്ഥാപിച്ചിരുന്നെങ്കിലും അതും ഇപ്പോൾ അടഞ്ഞ അവസ്ഥയിലാണ്.

publive-image

<മരങ്ങാട് റോഡിലെ വെള്ളക്കെട്ട്>

വെള്ളക്കെട്ട് വിഷയം തീർക്കാൻ പോലീസും !

രാമപുരം:  മരങ്ങാട് റോഡിലെ വെള്ളക്കെട്ട് വിഷയം തീർക്കാൻ രാമപുരം പോലീസിന് എന്തു കാര്യം എന്നു ചോദിക്കരുത്. പ്രശ്നം രൂക്ഷമായപ്പോൾ പോലീസിനെ നാട്ടുകാർ വിളിച്ചു വരുത്തിയതാണ്.

ആ സംഭവം ഇങ്ങനെ :  റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കാകെ ബുദ്ധിമുട്ടായപ്പോൾ ഇത് ഒഴുക്കി വിടാൻ പരിസരവാസികൾ തൂമ്പകളും മറ്റു പണി ആയുധങ്ങളുമായി സ്ഥലത്തെത്തി. പരിസര വാസികൾ എന്നു പറഞ്ഞാൽ നിസ്സാരക്കാരല്ല; ഗവ. മെഡിക്കൽ ഓഫീസർ ഡോ. യശോധരൻ, രാമപുരം മാർ ആഗസ്തീനോസ് കോളജ് ബർസാർ ഷാജി ആറ്റുപുറം, അധ്യാപകനായ സോണി, രാമപുരത്തെ ബിസിനസുകാരനായ ചോലിക്കര കുട്ടിച്ചൻ എന്നിവരുൾപ്പെട്ട സംഘമാണ് റോഡ് ശുചീകരണത്തിനിറങ്ങിയത്. രാമപുരംപഞ്ചായത്ത് മെമ്പർ സെല്ലിയുടെ ഭർത്താവ് ജോർജും ഇവർക്കൊപ്പം കൂടി.

ഇവർ നടത്തിയ സ്ഥല പരിശോധനയിൽ ഒരു സ്വകാര്യ വ്യക്തി റോഡിൽ നിന്നുള്ള ഓവ് അടച്ചതാണ് പെട്ടെന്ന് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് കണ്ടെത്തി. ഇക്കാര്യം അറിയിക്കാൻ സ്വകാര്യ വ്യക്തിയുടെ വീട്ടിലെത്തിയ പഞ്ചായത്ത് മെമ്പറുടെ ഭർത്താവിനെ സ്ഥലമുടമ ആക്ഷേപിച്ച് ഇറക്കിവിട്ടു. ഇതോടെ വെള്ളക്കെട്ട് ഒഴിവാക്കൽ നടക്കില്ലെന്ന് ബോധ്യമായി. നാട്ടുകാർ പി. ഡബ്ലൂ.ഡി. അധികാരികളെ വിവരം അറിയിച്ചെങ്കിലും അവർ സ്ഥലത്തെത്തിയുമില്ല.

മധ്യസ്ഥർ പലർ ഇടപെട്ടിട്ടും വെള്ളക്കെട്ടൊഴുക്കാൻ ഓവ് തുറക്കാൻ സ്വകാര്യ വ്യക്തി തയ്യാറാകാതെ വന്നതോടെയാണ് പഞ്ചായത്ത് മെമ്പർ രാമപുരം പോലീസിന്റെ സഹായം തേടിയത്. പോലീസ് എത്തിയപ്പോഴേയ്ക്കും സ്ഥലമുടമ വീടുപൂട്ടി സ്ഥലം വിട്ടതോടെ വീണ്ടും പ്രശ്നമായി. ഈ വെള്ളക്കെട്ടിപ്പോൾ പോലീസിനും തലവേദനയായി.

റോഡിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തി തോട്ടു പുറമ്പോക്ക് കയ്യേറി കൽക്കെട്ട് നിർമ്മിക്കുകയും, റോഡിന് സമീപം മണ്ണിട്ടുയർത്തുകയും ചെയ്തതോടെയാണ് മഴ വെള്ളം ഒഴുകിപ്പോകാനുള്ള വഴിയടഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ന് പാലാ ആർ. ഡി. ഒ.യ്ക്ക് പരാതി നൽകും. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും പഴയ ഓട തെളിക്കണമെന്നും ആവശ്യപ്പെട്ട് പാലാ പി. ഡബ്ലൂ.ഡി. അധികാരികൾക്കും ഇന്ന് പരാതി നൽകുന്നുണ്ട്.

Advertisment